നായ അൽപം എല്ല് കഴിച്ചതേയുള്ളൂ, കയറിയിറങ്ങേണ്ടിവന്നത് മൂന്ന‌് ആശുപത്രികൾ

dora-dog
SHARE

എന്നും നൽകുന്നതുപോലെ അൽപം എല്ല് ഭക്ഷണത്തിൽ നൽകിയത് മാത്രമേ ഓർമയുള്ളൂ. പിന്നീട് കയറിയിറങ്ങിയത് മൂന്ന് വെറ്ററിനറി ആശുപത്രികളാണ്. വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം മൂരിയുടെ അൽപം എല്ലുംകൂടി ചേർത്ത് നൽകിയതാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട മൂന്നു വയസുകാരി ഡോറ എന്ന എന്റെ നായയ്ക്ക് വിനയായത്. കഴിഞ്ഞ ഞായറാഴ്ച കൊടുത്ത ഭക്ഷണം വില്ലനായി എന്നറിഞ്ഞത് ചൊവ്വാഴ്ചയോടെയാണ്. നായയുടെ വയറ്റിൽനിന്ന് പോകുന്നില്ല. കക്ഷി അതിനു ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വയറ്റിൽനിന്ന് പുറത്തേക്കു പോകാത്ത അവസ്ഥ.

പൊതുവെ ചുറുചുറുക്ക് കൂടിയ ആളായതിനാൽ വെള്ളവും ഭക്ഷണവും പതിവുപോലെ കഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആൾക്ക് ക്ഷീണമുണ്ടായില്ല. വയറ്റിൽനിന്ന് പോകുന്നില്ലെന്നു തിരിച്ചറിഞ്ഞതോടെ അതിനുള്ള മരുന്ന് മൂന്നു ദിവസം നൽകി. ഭക്ഷണത്തിന്റെ അളവ് കുറച്ചു. മരുന്ന് എടുക്കുന്നതല്ലാതെ നായയ്ക്ക് ഒരു കുലുക്കവുമില്ല. വെള്ളിയാഴ്ച മുതൽ ഭക്ഷം കൊടുക്കുന്നത് നിർത്തി. മൂന്നു ദിവസം കാത്തിരുന്നിട്ടും രക്ഷയില്ലെന്നു മനസിലായതോടെ ശനിയാഴ്ച നേരെ തൊട്ടടുത്തുള്ള പഞ്ചായത്ത് (കടനാട്) വെറ്ററിനറി ഡിസ്പെൻസറിയിലേക്ക്...

ഡിസ്പെൻസറിയിൽ എത്തിയപ്പോൾ പരിമിതമായ സൗകര്യങ്ങളേയുള്ളൂ അതിനാൽ വിശദമായ പരിശോധനകൾ സാധിക്കില്ലെന്ന് ഡോക്ടർ ആദ്യം മുൻകൂർ ജാമ്യമെടുത്തു. അരുമകളുമായി ആശുപത്രിയിൽ എത്തുന്നവർക്ക് വേണ്ടത്ത പരിഗണന നൽകുന്നില്ലെന്ന പരാതികൾ വ്യാപകമായി ഉയരുന്നതുകൊണ്ടാവാം അദ്ദേഹം ആദ്യംതന്നെ അവിടുത്തെ സൗകര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. ഏതായാലും ഉള്ള സൗകര്യങ്ങളിൽ പ്രാഥമികമായുള്ള ചികിത്സ അതിവേഗംതന്നെ അദ്ദേഹം നൽകി. ഡോറയ്ക്ക് എനിമ കൊടുത്തു. 4 മണിക്കൂർ കഴിഞ്ഞും മാറ്റമില്ലെങ്കിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നിടത്ത് കൊണ്ടുപോകണം എന്നു പറഞ്ഞ് അക്കാര്യം കുറിച്ചു നൽകുകയും ചെയ്തു. 

4 മണിക്കൂർ കഴിഞ്ഞു... നായയ്ക്ക് ഒരു മാറ്റവുമില്ല... ഈ സമയത്തെല്ലാം ധാരാളം വെള്ളം കുടിപ്പിക്കുന്നുണ്ടായിരുന്നു. മാറ്റമില്ലെന്ന് കണ്ടതോടെ നേരെ 20 കിലോമീറ്റർ അപ്പുറത്തുള്ള തൊടുപുഴയിലെ ഒരു സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലേക്ക് യാത്രയായി. അവിടെത്തിയപ്പോൾ എക്സ്റേ മെഷീൻ പ്രവർത്തനരഹിതം. എത്രയും വേഗം എക്സ്റേ എടുത്ത് ചികിത്സ നൽകിയില്ലെങ്കിൽ പ്രശ്നം വഷളാകുമെന്ന് അവിടുത്തെ ഡോക്ടർ പറഞ്ഞു. അടുത്തയാത്ര വീണ്ടും 20 കിലോമീറ്റർ അകലെയുള്ള മൂവാറ്റുപുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക്...

അവിടെത്തി ഉടൻതന്നെ എക്സ്റേ എടുത്തു. എല്ല് നൽകിയത് വില്ലനായില്ലെന്ന് എക്സ്റേയിൽ തെളിഞ്ഞു. എല്ല് വയറ്റിൽ കുരുങ്ങി മുറിവ് വന്നതോ അത് കെട്ടിക്കിടക്കുന്നതോ ആകുമെന്ന് ഭയന്നിരുന്നു. മലം പുറത്തേക്കു പോകാതെ വൻകുടലിൽ തടസപ്പെട്ടിരിക്കുന്നതാണ് എക്സ്റേ എടുത്തതിലൂടെ മനസിലായത്. അത് അലിയിച്ചു കളയുകയാണ് വഴിയെന്ന് ഡോക്ടർമാർ. അതിന് ആവശ്യമായ മരുന്നുകൾ വാങ്ങി ഡോറയുമായി അവിടെനിന്നിറങ്ങി. ഇക്കാര്യം സുഹൃത്തായ ഡോ. മുഹമ്മദ് ആസിഫിനോടും പറഞ്ഞിരുന്നു. ക്ലിനിക്കിൽനിന്ന് നൽകിയ മരുന്നുകൾ കൃത്യമായി നൽകിക്കോളൂ... തിങ്കളാഴ്ചകൊണ്ട് ഫലം ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറപ്പ് ലഭിച്ചതോടെ സമാധാനമായി. 

dora
നായയുടെ വൻകുടലിൽ രൂപപ്പെട്ട ബ്ലോക്ക് വൃത്തത്തിൽ

ഒടുവിൽ, ഒരാഴ്ച നീണ്ടുനിന്ന ബുദ്ധിമുട്ടുകൾക്കൊടുവിൽ ഇന്നലെ മുതൽ വയറ്റിൽനിന്ന് പോയിത്തുടങ്ങി. ഡോറയ്ക്കു കുറച്ച് സമാധാനമായതുപോലെ തോന്നുന്നു. ഗ്ലൂക്കോസ് ചേർത്ത വെള്ളമാണ് നൽകുന്നത്. പൂർണ തോതിൽ ഭക്ഷണം എടുപ്പ് തുടങ്ങിയിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ ആൾ പഴയ ഊർജസ്വലത വീണ്ടെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

നെയ്യുടെ അളവ് കൂടിയ ഭക്ഷണവും എല്ലും വെള്ളംകുടിക്കുന്നത് കുറവായതുമാണ് ഇത്തരത്തിലൊരു അവസ്ഥയിലേക്ക് ഡോറയെ കൊണ്ടുചെന്നെത്തിച്ചത്. നമ്മുടെ ചെറിയ അശ്രദ്ധ മതി അരുമകളെ ആരോഗ്യപ്രശ്നത്തിലേക്ക് എത്തിക്കാൻ ഒപ്പം ഉടമകളെ മാനസിക ബുദ്ധിമുട്ടിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും ഇത് കൊണ്ടെത്തിക്കും. അതിനാൽ, അരുമകളുടെ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്.

English summary: Intestinal Obstruction in Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA