ADVERTISEMENT

ചെവി തുളയ്ക്കും മാതിരിയുള്ള ശബ്ദവും എന്നാൽ ചെറിയ ശരീരവുമുള്ള ഗിനിപ്പന്നിയെ അരുമയായി വളർത്തുന്നവരേറെയുണ്ട് ഇപ്പോള്‍.  കാഴ്ചയിലുള്ള സവിശേഷതയും അധിക പരിചരണം ആവശ്യമില്ലാത്തതുമാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ഗിനിവളര്‍ത്തല്‍ പക്ഷേ, വരുമാനമാർഗമെന്നു പറയാന്‍ കഴിയില്ല. സ്ഥിരതയില്ലാത്ത വിപണിതന്നെ കാരണം. എന്നാൽ, രണ്ടായിരത്തോളം ഗിനിപ്പന്നികളെ വളർത്തുന്ന ഫാമുകളും കേരളത്തിലുണ്ട്. 

ശാസ്ത്രപരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ജീവി എന്നല്ലേ ഗിനിപ്പന്നി എന്നു കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക.  അതുതന്നെയാണ് ഇവയുടെ പ്രധാന വിപണിസാധ്യതയും. എന്നാൽ, ഇത് സ്ഥിരതയുള്ള വിപണിയല്ല. ഓർഡറുകൾക്കായി ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.

ചെറിയ ചെവിയും കൈകാലുകളും വലിയ തലയുമാണ് ഗിനിപ്പന്നികൾക്കുള്ളത്. പൂർണ വളർച്ചയെത്തിയ  ഗിനിപ്പന്നിക്ക് 500 മുതൽ 1500 വരെ ഗ്രാം തൂക്കം വരും. എങ്കിലും ആരോഗ്യരക്ഷയ്ക്കും പ്രജനനമികവിനും തൂക്കം 1000 ഗ്രാമിൽ കവിയാതെ നോക്കണം. ഇവയെ പരിപാലിക്കാൻ കുറഞ്ഞ സ്ഥലം മതി. രണ്ടടി നീളവും വീതിയും ഒരടി ഉയരവുമുള്ള കൂട്ടിൽ ഒരാണും മൂന്നു പെണ്ണും എന്ന തോതിൽ 4 എണ്ണത്തിനെവരെ പാർപ്പിക്കാം.  

guinea-pig-2

കൃത്യമായ പരിചരണവും പോഷകമ്പുഷ്ടമായ ഭക്ഷണവുമുണ്ടെങ്കിൽ 2 മാസം പിന്നിടുമ്പോൾ ഗിനിപ്പന്നികൾ പ്രായപൂർത്തിയാകും. 5 മാസം പ്രായം മുതൽ പ്രസവിച്ചുതുടങ്ങും. 68–70 ദിവസമാണ് ഗർഭകാലം. പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങൾക്കാണ്  ജന്മം നൽകുക. രോമാവൃതമായ ശരീരവും തുറന്ന കണ്ണുകളുമുള്ള കുഞ്ഞുങ്ങൾ ജനിച്ച അന്നു മുതൽ മറ്റു ഭക്ഷണങ്ങളും കഴിച്ചുതുടങ്ങും. ഒറ്റ പ്രസവത്തിൽ സാധാരണ 2–3 കുഞ്ഞുങ്ങൾ ഉണ്ടാകും. രണ്ടു മുലക്കാമ്പുകൾ മാത്രമേ ഗിന്നിപ്പന്നികൾക്കുണ്ടാകൂ. അതുകൊണ്ടുതന്നെ കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചാൽ പാൽ കിട്ടാതെ വരികയും ആരോഗ്യം കുറയുകയും ചെയ്യും. പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഇണചേരാനുള്ള കഴിവ് ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ ഏതാനും ദിവസം ആൺ ഗിനിപ്പന്നിയെ മാറ്റിപ്പാർപ്പിക്കുന്നത് അമ്മപ്പന്നിയുടെ ആരോഗ്യത്തിനു നന്ന്.

മൂന്നാഴ്ച പ്രായത്തിൽ മാതാപിതാക്കളുടെ അടുത്തുനിന്നു മാറ്റാം. ഈ സമയത്ത് കുഞ്ഞിനു ശരാശരി 50 ഗ്രാം തൂക്കമുണ്ടാകും. ലബോറട്ടറി ആവശ്യങ്ങൾക്ക് പ്രധാനമായും ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെയാണ് കമ്പനികൾ ആവശ്യപ്പെടുക. മരുന്നുകളുടെ സ്വഭാവം അനുസരിച്ച് തൂക്കത്തിൽ മാറ്റം വരും.

ഭക്ഷണം രാവിലെയും വൈകുന്നേരവും എന്ന രീതിയിൽ ദിവസം രണ്ടു നേരം മതി. ഒരു നേരം പുല്ലും ഒരു നേരം തവിട്, പിണ്ണാക്ക്, ധാന്യപ്പൊടി എന്നിവ ചേർത്തുള്ള പ്രത്യേക കൈത്തീറ്റയും. വളർച്ചയ്ക്ക് ജീവകം സി ആവശ്യമാണ്. ജീവകം സി അടങ്ങിയ സപ്ലിമെന്റുകളോ നെല്ലിക്കയോ ഭക്ഷണത്തിൽ ചേർത്തു നൽകാം. ആവശ്യാനുസരണം കുടിവെള്ളം നല്‍കണം.  

കാഴ്ചശക്തി കുറവാണെങ്കിലും മികച്ച ഘ്രാണ–കേൾവിശക്തികൾ ഉള്ളതിനാൽ അപകടസന്ദർഭങ്ങൾ അതിവേഗം തിരിച്ചറിയാന്‍ കഴിയും.  വ്യത്യസ്ത രീതിയിലുള്ള ശബ്ദങ്ങളിൽ അതു പ്രകടിപ്പിക്കുകയും ചെയ്യും. കടിക്കുകയോ മാന്തുകയോ ഇല്ല എന്നതിനാല്‍  ഫാമിലി പെറ്റ് ആയി വളർത്താം. വൃത്തിയുള്ള കൂടും നല്ല ഭക്ഷണവും നിര്‍ബന്ധം.

guinea-pig-3

എന്തുകൊണ്ട് പരീക്ഷണമൃഗം?

ആഗോളതലത്തിൽ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനകൾക്കായി ഉപയോഗിക്കുക വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള ജീവികളെയാണ്. മറ്റു നിറങ്ങളുള്ളവയെ പരിഗണിക്കാറില്ല. അതിനു ചില കാരണങ്ങളുണ്ട്.

വെളുത്ത ശരീരം: രോമംപോലെതന്നെ വെളുത്ത ശരീര(തൊലി)മാണ് ആൽബിനോ സ്വഭാവമുള്ള ഗിനിപ്പന്നികൾക്കുള്ളത്. അതുകൊണ്ടുതന്നെ മരുന്നു പരീക്ഷണങ്ങളിൽ ഇവയുടെ തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങൾ അതിവേഗം തിരിച്ചറിയാൻ ഗവേഷകർക്കു കഴിയും. മരുന്നുകളുടെ അലർജിയും പാർശ്വഫലങ്ങളും തൊലിപ്പുറത്തു പ്രകടമാകും

ചുവന്ന കണ്ണുകൾ: ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ണുകളിലും പ്രതിഫലിക്കും. കണ്ണുകളുടെ തിളക്കവും തീക്ഷ്ണതയും വ്യക്തമായി മനസിലാക്കാൻ ഇത്തരത്തിൽ ചുവന്ന കണ്ണുകളുള്ള ഗിനിപ്പന്നികളെ ഉപയോഗിച്ചാലാണ് സാധ്യമാകുക.

മുകളിൽപ്പറഞ്ഞ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പരീക്ഷണാവശ്യങ്ങൾക്കായി മുയലുകളെ ഉപയോഗിക്കുമ്പോഴും പരിഗണിക്കുന്നതെങ്കിലും തൂക്കവും പ്രധാന ഘടകമാണ്. നിശ്ചിത തൂക്കമുള്ള മുയലുകളെയും ഗിനിപ്പന്നികളെയുമാണ് കമ്പനികൾ പരീക്ഷണാവശ്യങ്ങൾക്കു വാങ്ങുക. ചർമരോഗങ്ങളോ രോമങ്ങളിൽ അഴുക്കോ ഉണ്ടാവാൻ പാടില്ല. 

എന്തിനൊക്കെ: സൗന്ദര്യവർധക വസ്തുക്കൾ, മരുന്നുകൾ, പ്രതിരോധ മരുന്നുകൾ എന്നിവ ആദ്യം പരീക്ഷിക്കുക മുയലുകളിലും ഗിന്നിപ്പന്നിപോലുള്ള ചെറു ജീവികളിലുമാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് അതിവേഗമുള്ള പ്രത്യുൽപാദനമാണ് ഇവയെ കൂടുതലായി ഉപയോഗിക്കാൻ കാരണം. 

English summary: What to Know Before Getting a Pet Guinea Pig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com