ADVERTISEMENT

സംസ്ഥാനത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.  20 അംഗങ്ങളുള്ള സമിതിയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അധ്യക്ഷനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമാണ്. പുനഃസംഘടിപ്പിച്ച ബോര്‍ഡിന്‍റെ ആദ്യ യോഗം വ്യാഴാഴ്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റ് അനെക്സ് ഹാളില്‍ നടന്നു.

ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന എസ്‌പിസിഎ (Society for Prevention of Cruelty to Animals) മാനേജ്മെന്‍റ് കമ്മറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജില്ലാ കളക്ടറെയും ഉള്‍പ്പെടുത്തി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്ന് മന്ത്രി ബോര്‍ഡ് യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

animal-welfare-board
അനിമൽ വെൽഫെയർ ബോർഡ് യോഗം

സംസ്ഥാനത്ത് മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളിൽ മാധ്യമശ്രദ്ധയും കോടതിയുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. അതിനാൽ മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയുന്നതിനായി ആവശ്യമായ ബോധവല്‍ക്കരണം, നിയമപരമായ ഇടപെടല്‍ എന്നിവ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നുണ്ട്. നിയമപരമായ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ജില്ലകളിലും എസ്‌പിസിഎയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ നിയന്ത്രണത്തില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയുടെ അന്തിമ വിധി പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണ്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതിയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ച അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനുകളില്‍നിന്ന് താൽപര്യപത്രം ക്ഷണിച്ചു തെരുവുനായ്ക്കളില്‍ വന്ധീകരണ പദ്ധതി നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍റെ അപേക്ഷ എഡബ്ല്യുബിഐ-ക്ക് ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

കേരള ഹൈക്കോടതി വിധി പ്രകാരം തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനായി ആനിമല്‍ ഷെല്‍ട്ടര്‍, അനിമല്‍ അഡോപ്ഷന്‍, ഫീഡിങ് പോയിന്റ് എന്നിവ നടപ്പിലാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനോട് ശുപാര്‍ശ ചെയ്യുന്നതിന് യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അനധികൃത അറവ് തടയുന്നതിനും ആധുനിക അറവുശാലകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ വകുപ്പിന് നല്‍കും.

ഫ്ളാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഓമന മൃഗങ്ങളെ വളര്‍ത്തുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതി വിധി പ്രകാരം അനുവാദം നല്‍കിക്കൊണ്ട് ഉത്തരവായിട്ടുണ്ട്. ഈ വിഷയത്തില്‍ ലഭിക്കുന്ന പരാതികള്‍ കോടതി നിര്‍ദ്ദേശപ്രകാരം എസ്‌എഡബ്ല്യുബി-യില്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര നിയമങ്ങളായ പെറ്റ് ഷോപ്പ് റൂള്‍, ഡോഗ് ബ്രീഡിങ് റൂള്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പെറ്റ് ഷോപ്പ്/ ഡോഗ് ബ്രീഡിങ് ഉടമസ്ഥര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലാതലത്തില്‍ ആവശ്യമായ ബോധവല്‍ക്കരണം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പെറ്റ്ഷോപ്പ് നിയമങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം മന്ത്രി ചിഞ്ചുറാണി മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ കൗശിഗനു നല്‍കി പ്രകാശനം ചെയ്തു.

English summary: New Rules for Pet Shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com