പ്രജനനം ഒരു കല: അരുമകൾ ആദായമാകുമ്പോൾ ശ്രദ്ധിക്കാനേറെ

HIGHLIGHTS
  • മറ്റു വളർത്തുമൃഗങ്ങളിൽനിന്നു വളരെ വ്യത്യസ്‌തമാണ് നായ്‌ക്കളുടെ പ്രസവം
  • നായ്‌ക്കളിൽ എന്നതുപോലെ പൂച്ചകളിലും പ്രജനനിയന്ത്രണം അനിവാര്യം
dog
ചിത്രങ്ങൾ∙ ഡെന്നി ഡാനിയൽ
SHARE

അരുമകളെ വളർത്തി ഒടുവിൽ അത് വരുമാനമാർഗമാക്കിയവര്‍ ഒട്ടേറെയുണ്ട്. നായ്‌ക്കളെയും പൂച്ചകളെയും വളർത്തി  പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കുന്നതിലൂടെയാണ് ഇവര്‍ വരുമാനമുണ്ടാക്കുന്നത്.

പ്രജനനം ഒരു കല

സാധാരണ നായ്‌ക്കൾ എട്ടു മാസമാകുമ്പോഴേക്കും പ്രായപൂർത്തിയാകും. ഓരോ നായയുടെയും വർഗത്തിന് അനുസരിച്ച് ഇക്കാലയളവില്‍  വ്യത്യാസം വരും. പെൺനായ്‌ക്കൾ മദിലക്ഷണം കാണിച്ചുതുടങ്ങുമ്പോൾ അവരുടെ ശരീരത്തിൽ ഫിറമോൺ എന്ന പ്രത്യേക ഗന്ധം ഉൽപാദിപ്പിക്കുന്നു. ഈ ഗന്ധമാണ് ആൺനായ്‌ക്കളെ അവരിലേക്ക് ആകര്‍ഷിക്കുന്നത്. 

നായ്‌ക്കളിൽ മൂന്നാഴ്‌ചയോളം മദിലക്ഷണങ്ങൾ പ്രകടമാകും. പെൺനായ്‌ക്കളുടെ യോനിയിൽനിന്ന് ആദ്യം രക്തസ്രാവം ഉണ്ടാകും. അതു നിലയ്‌ക്കുന്നതോടെ ഇളം പിങ്ക്നിറത്തിലുള്ള കൊഴുത്ത ദ്രാവകം പുറത്തു വരും. ഈ സമയം ഇണചേരാൻ താൽപര്യം പ്രകടിപ്പിക്കുമെങ്കിലും രക്തസ്രാവം തുടങ്ങി പത്തു ദിവസത്തിനുള്ളിൽ ഇണചേർക്കാം. എന്നാൽ പെൺനായ്‌ക്കളെ ആദ്യമദിയെക്കാൾ രണ്ടാംമദിയിൽ ഇണചേർക്കുന്ന താണ് നല്ലത്.   പെൺനായയെ മുൻകൂട്ടി നിശ്ചയിച്ച ആൺനായയുടെ കൂട്ടിലേക്കു വിടുകയാണ് പതിവ്. ഈ സമയത്ത് നായ്‌ക്കൾ  പരസ്‌പരം കടികൂടാനും സാധ്യതയുണ്ട്. അതിനാൽ പ്രത്യേക ശ്രദ്ധ വേണം. കെന്നൽ ക്ലബിൽ റജിസ്‌ട്രേഷനുള്ള നായ്‌ക്കളെ തമ്മിൽ ഇണചേർക്കുന്നതാണ് ഉത്തമം. വളർത്തുമൃഗങ്ങളിൽ പിന്തുടരുന്ന കൃത്രിമ ബീജാധാനം നായ്‌ക്കളിലും അവലംബിക്കാറുണ്ട്. ഇണചേരാൻ പെൺനായ്‌ക്കൾ വിസമ്മതിക്കുക, ജനനേന്ദ്രിയങ്ങളിൽ വൈകല്യമുണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിൽ പരിഹാരമാണിത്. 

കാലാനുസൃത പ്രജനനം നടത്തുന്ന പൂച്ചകൾ ആറു മാസംകൊണ്ടു പ്രായപൂർത്തിയാകുന്നു. മദിചക്രം ആരംഭിച്ചു കഴിഞ്ഞാൽ എല്ലാ രണ്ടാഴ്‌ചയും ഇടവിട്ട് തുടർന്നുകൊണ്ടിരിക്കും. പെൺപൂച്ചകളിൽ തുടർച്ചയായി നിർത്താതെ കരച്ചിൽ, പതുങ്ങി അമർന്നുള്ള നടപ്പ്, അതിതീവ്രമായ സ്‌നേഹപ്രകടനങ്ങൾ എന്നി വയാണ് മദിലക്ഷണങ്ങൾ. പ്രജനനത്തിനായി പെൺപൂച്ചയെ ആൺപൂച്ചയുടെ കൂട്ടിലേക്കു വിടുകയാണ് ചെയ്യേണ്ടത്. നായ്‌ക്കളെപ്പോലെതന്നെ ഇവയ്ക്കും ഗർഭകാലം 60 മുതൽ 68 ദിവസംവരെയാണ്. ഒരു പ്രസവത്തിൽ ശരാശരി അഞ്ചു കുഞ്ഞുങ്ങളുണ്ടാകും.

അരുമമൃഗങ്ങളെ കൃത്യമായി നിരീക്ഷിച്ച് അവരുടെ ഭാവമാറ്റങ്ങൾ മനസ്സിലാക്കി പ്രജനനത്തിനു സന്നദ്ധരാക്കുന്നത് ഒരു കലയാണ്.

dog-1

പ്രസവിക്കുംമുമ്പേ കരുതലോടെ

ഗർഭകാലത്തു നായ്‌ക്കൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഗർഭിണിയായ അമ്മയ്‌ക്കു ലഭിക്കുന്ന പോഷണവും പരിചരണവുമാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രദാനം ചെയ്യുന്നത്. ഗർഭധാരണത്തിനു ശേഷം ഒരു മാസംവരെ സാധാരണ ഭക്ഷണം കൊടുത്താൽ മതി. എന്നാൽ അതിനു ശേഷം കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്കാവശ്യമായ പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുട്ട, പാൽ, ഇരുമ്പിന്റെ അംശം കൂടുതലുള്ള വേവിച്ച കരൾ(ഒരുകിലോ തീറ്റയ്ക്ക് ഒരു ഗ്രാം എന്ന അളവിൽ) നൽകാം. ആഹാരത്തിന്റെ അളവ് ഇരട്ടിയാക്കുകയും ധാതുലവണമിശ്രിതങ്ങൾ നൽകുകയും വേണം.

പ്രസവത്തിനടുത്ത ദിവസങ്ങളിൽ നായ്‌ക്കളുടെ മുലക്കണ്ണ് വികസിക്കുന്നതും പാൽ ചുരത്തുന്നതും കാണാം. ഈ സമയം നായ്‌ക്കൾ പ്രസവത്തിനു വേണ്ടി സ്ഥലം തേടും.  പ്രസവിക്കാൻ യോജ്യമായ ഒരു സ്ഥലം പേപ്പറും ചാക്കും ഉപയോഗിച്ച് ഒരുക്കുന്നതു നന്ന്. ആഹാരം കഴിക്കാതിരിക്കുക, പച്ചനിറത്തിലുള്ള ദ്രാവകം പുറത്തേക്കു വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പ്രസവസമയം അടുത്തുവെന്നുറപ്പിക്കാം.

ഗർഭകാലത്തും പൂച്ച മദിലക്ഷണം കാണിക്കാറുണ്ട്. സ്‌കാനിങ്ങിലൂടെ ഗർഭനിർണയം നടത്തിയതിനുശേഷം മാത്രമെ ഈ അവസരത്തിൽ വീണ്ടും ആൺപൂച്ചയുടെ അടുത്തു വിടാന്‍ പാടുള്ളൂ. 

dog-2

പ്രസവ ശുശ്രൂഷ

മറ്റു വളർത്തുമൃഗങ്ങളിൽനിന്നു വളരെ വ്യത്യസ്‌തമാണ് നായ്‌ക്കളുടെ പ്രസവം. സാധാരണ പ്രസവസമയം ആറു മണിക്കൂർവരെ ആണെങ്കിലും കുട്ടികളുടെ എണ്ണം അനുസരിച്ച് 24 മണിക്കൂർവരെ നീണ്ടുപോകാം. നായ്‌ക്കളുടെ ബ്രീഡ് അനുസരിച്ച് ഒരു പ്രസവത്തിൽ ഒന്നു മുതൽ പന്ത്രണ്ട് കുട്ടികൾവരെയുണ്ടാകാം. പ്രസവം തുടങ്ങിയാൽ ഓരോ നായ്‌ക്കുട്ടിയും ഏകദേശം അര മണിക്കൂർ മുതൽ ഒരു മണിക്കൂർവരെ ഇടവേളയിൽ പുറത്തുവരുന്നു. പ്രസവത്തിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻതന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് ഒരു ആവരണത്തിൽ പൊതിഞ്ഞ രീതിയിലാണ് ഓരോ നായ്‌ക്കുട്ടിയും പുറത്തുവരുന്നത്. ഫീറ്റൽ മെംബ്രേൻസ് എന്നറിയപ്പെടുന്ന ഈ ആവരണം നായ്തന്നെ കടിച്ചു കീറും. അല്ലെങ്കിൽ തനിയെ പൊട്ടും. അതും സംഭവിച്ചില്ലെങ്കിൽ പൊട്ടിച്ചുകൊടുക്കണം. പ്രസവശേഷം സാധരണ നായ് തന്നെ കുട്ടിയുമായുള്ള പൊക്കിൾകൊടി കടിച്ചു മാറ്റും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ശരീരത്തിൽനിന്ന് ഒരിഞ്ചു മാറ്റി നൂൽകൊണ്ട് കെട്ടിയശേഷം മുറിച്ചു വിടാവുന്നതാണ്. ഓരോ കുഞ്ഞിനും ഓരോ മറുപിള്ളയാണ്. ഓരോന്നിനൊപ്പവും  ഓരോന്നു പുറത്തു വരും. പുറത്തുവന്ന നായ്‌ക്കുട്ടിയുടെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന ദ്രാവകം പൂർണമായും തുടച്ചുകളയണം. ഈ അവസരത്തിൽ  ഹെയർ ഡ്രൈയർ ഉപയോഗിച്ചു കുട്ടിയുടെ ദേഹം ഉണക്കാവുന്നതാണ്. ദേഹം  ഉണങ്ങി എന്നുറപ്പായാൽ കുട്ടിയെ തുണി വിരിച്ച ഒരു പെട്ടിയിലേക്കു മാറ്റാം. നവജാതശിശുവിന് ഏറ്റവും പ്രധാനം അമ്മയുടെ പാലാണ്. രോഗപ്രതിരോധശേഷിയും  ഔഷധഗുണവുമുള്ള കൊളസ്‌ട്രം അടങ്ങിയ പാല്‍ അരമണിക്കൂറിനകം കുട്ടിയെ കുടിപ്പിക്കണം.  എല്ലാ കുട്ടികളും പാല്‍ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

തണുപ്പുകാലത്തു പ്രസവം നടക്കുമ്പോൾ നായ്‌ക്കുട്ടികൾക്കു കൃത്രിമച്ചൂട് ആവശ്യമാണ്. നായ്‌ക്കുട്ടികൾ കിടക്കുന്നതിനടുത്ത് ചൂടുവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വയ്‌ക്കുന്നതും വൈദ്യുത ബൾബ് ഇട്ടുകൊടുക്കുന്നതും ചൂടു നിലനിർത്താൻ സഹായിക്കും. അന്തരീക്ഷതാപം ആദ്യ 24 മണിക്കൂറിൽ 30 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കണം. അന്തരീക്ഷതാപം അളക്കുന്നതിനായി റൂം തെർമോമീറ്റർ ഉപയോഗിക്കാം. പിന്നീടു താപം ക്രമേണ കുറച്ചുകൊണ്ടുവന്ന് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഏതാണ്ട് 26 ഡിഗ്രി സെൽഷ്യസായി നിജപ്പെടുത്താം. നായ്‌ക്കുട്ടികൾ കണ്ണു തുറക്കാന്‍ രണ്ടാഴ്‌ചയെടുക്കും.

പൂച്ചയുടെ പ്രസവ ശുശ്രൂഷയും സമാനമാണ്. പ്രസവത്തിനു ശേഷം  പൂച്ചക്കുഞ്ഞുങ്ങളെ അമിതമായി കൈകാര്യം ചെയ്യരുത്.

പ്രജനന നിയന്ത്രണം

പ്രജനനം ഉദ്ദേശിക്കാത്തപക്ഷം നായ്‌ക്കളെ വന്ധ്യംകരണം നടത്താം. ഇതുകൊണ്ടു പല ഗുണങ്ങളുണ്ട്. പ്രജനനസംബന്ധമായ അക്രമസ്വഭാവങ്ങളും സ്വഭാവദൂഷ്യങ്ങളും ഒഴിവാക്കാം. വീടുവിട്ടുള്ള പോക്ക് തടയാം. മധ്യവയസ്സിനു ശേഷം വരാനിടയുള്ള ഗർഭാശയരോഗങ്ങൾ, സ്‌തനാർബുദം തുടങ്ങിയവയില്‍നിന്നു സംരക്ഷണം സാധ്യമാകും. തെരുവുനായ്‌ക്കളുടെ ക്രമാതീതമായ വർധനയ്ക്കു പ്രധാന കാരണം വീടുകളിൽ പെറ്റുപെരുകി തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്‌ക്കുട്ടികളാണ്. ഒരു പെൺപൂച്ച അവളുടെ ജീവിതകാലയളവിൽ ശരാശരി 150 കുഞ്ഞുങ്ങളെ പ്രസവിക്കും. അതിനാൽ നായ്‌ക്കളിൽ എന്നതുപോലെ പൂച്ചകളിലും പ്രജനനിയന്ത്രണം അനിവാര്യം.

English summary: Care of Breeding Bitches and their pups

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA