പന്നികളെ കൊന്നൊടുക്കി നീലച്ചെവിയൻ: പന്നിവളർത്തൽ മേഖലയ്ക്ക് പുതിയ ഭീഷണി

HIGHLIGHTS
  • പന്നികളിൽ മാരകം, മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമല്ല
  • രോഗപ്രതിരോധത്തിന് വഴി ജൈവസുരക്ഷ മാത്രം
pig-1
SHARE

വയനാട് ജില്ലയിൽ മാനന്തവാടിക്കടുത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പന്നിഫാമിൽ ഒരാഴ്ച മുൻപാണ് അജ്ഞാതമായ ഒരു രോഗം പൊട്ടിപ്പുറപ്പെട്ടത്. പനിയും ശ്വാസമെടുക്കുന്നതിനുള്ള കഠിനമായ പ്രയാസവും തളർച്ചയും നീലിച്ച ചെവികളും വീർത്തുവീങ്ങിയ കീഴ്ത്താടിയുമെല്ലാമായിരുന്നു രോഗം ബാധിച്ച പന്നികൾ പ്രകടിപ്പിച്ച ലക്ഷണങ്ങൾ. കുഞ്ഞുങ്ങളും മുതിർന്നവയും ഉൾപ്പടെ പ്രായ, ലിംഗ ഭേദമന്യേ‌‌‌‌ പന്നികളെയെല്ലാം രോഗം ബാധിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവയിൽനിന്ന് അതിവേഗം മറ്റുള്ള പന്നികളിലേക്കു രോഗം പടർന്നു. ലക്ഷണങ്ങൾ കാണിച്ച് ഓരോ ദിവസവും പത്തും പതിനഞ്ചും വീതം പന്നികൾ ചത്തുവീണു. ആന്റിബയോട്ടിക് മരുന്നുകൾ ഉൾപ്പെടെ ചെയ്തങ്കിലും രോഗത്തെ പിടിച്ചു നിർത്താനായില്ല. രോഗബാധയെത്തുടർന്ന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഫാമിൽനിന്ന് ചത്തൊടുങ്ങിയ പന്നികളുടെ എണ്ണം നൂറിലധികമാണ്. ഫാമിലെ സ്റ്റോക്കിൽ ഭൂരിഭാഗത്തെയും അജ്ഞാതരോഗം തുടച്ചു നീക്കി. അപ്രതീക്ഷിതമായി വന്ന രോഗബാധ കർഷകനുണ്ടായ സാമ്പത്തികനഷ്ടവും എറെ.

ചത്ത പന്നികളെ ഒടുവിൽ വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് അജ്ഞാത രോഗത്തിന്റെ കാരണം തിരിച്ചറിഞ്ഞത്. മാരക വൈറസ് രോഗമായ പിആർആർഎസ്  അഥവാ പോര്‍സൈന്‍ റിപ്രൊഡക്ടീവ്  ആന്‍ഡ് റെസ്പിരേറ്ററി സിന്‍ഡ്രോം (Porcine reproductive and respiratory syndrome/PRRS) ആയിരുന്നു പന്നികളുടെ ജീവനെടുത്തത്. രോഗം ബാധിക്കുന്ന പന്നികളുടെ ചെവികൾ നീലനിറത്തിൽ വ്യത്യാസപ്പെടുന്നത് പ്രധാന ലക്ഷണം ആയതിനാൽ നീലച്ചെവിയൻ രോഗം (Blue ear disease) എന്ന് പൊതുവെ വിളിക്കപ്പെടുന്ന രോഗമാണിത്. ക്ലാസിക്കൽ സ്വൈൻ ഫീഫർ അഥവാ പന്നിപ്പനി കഴിഞ്ഞാൽ പന്നിവളർത്തൽ മേഖലയിൽ ഏറ്റവും ഭീഷണി ഉയർത്തുന്നതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായ രോഗവും നീലച്ചെവിയൻ വൈറസ് രോഗം തന്നെ.

തീവ്രരൂപത്തിലോ ലക്ഷണങ്ങൾ പ്രകടമാവും മുമ്പേ തന്നെ പന്നികളുടെ മരണം സംഭവിക്കുന്ന അതിതീവ്രരൂപത്തിലോ രോഗം പന്നികളെ ബാധിക്കാം. വൈറസിന്റെ ജനിതകസ്വഭാവവും തീവ്രതയും, വൈറസ് ബാധിക്കുന്ന പന്നികളുടെ പ്രായവും എല്ലാം അനുസരിച്ച് രോഗതീവ്രതയിൽ വ്യത്യാസങ്ങൾ കാണാം. തീവ്രരൂപത്തിലുള്ള രോഗബാധയാണ് വയനാട്ടിലെ ഈ ഫാമിൽ കണ്ടെത്തിയത്. പന്നികൾക്ക് സ്വാഭാവിക പ്രതിരോധ ശേഷി നൽകുന്ന ശ്വേതരക്താണുക്കളെ വൈറസുകൾ നശിപ്പിക്കുന്നതിനാൽ പാർശ്വണുബാധകൾക്കും സാധ്യത ഉയർന്നതാണ്. ഇത് രോഗലക്ഷണങ്ങളും മരണനിരക്കും തീവ്രമാക്കും. പിആർആർഎസ് വൈറസിനൊപ്പം കോർണിബാക്റ്റീരിയം എന്ന ബാക്ടീരിയകളുടെ സാന്നിധ്യവും വയനാട്ടിലെ ഈ ഫാമിൽ രോഗം ബാധിച്ച് ചത്ത പന്നികളിൽ കണ്ടെത്തിയിരുന്നു. രോഗം ഫാമിലെത്തിയ വഴി ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  

നീലച്ചെവിയൻ രോഗം പന്നികളിൽ  മാരകം, മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമല്ല 

കേരളത്തിൽ പന്നിവളർത്തൽ മേഖലയിൽ അത്ര വ്യാപകമല്ലാതിരുന്ന ഈ രോഗം അടുത്ത കാലത്താണ് വ്യാപകമാവാൻ തുടങ്ങിയത്. 2017ല്‍ കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍നിന്നാണ് ഈ രോഗം കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടർന്ന് കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിലെ പന്നിഫാമുകളിൽ മുൻപും പലപ്പോഴായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. തണുപ്പ് കാലത്തായിരുന്നു രോഗബാധകളിൽ ഏറെയും സംഭവിച്ചത്. ആർട്ടറി വൈറിഡേ (Arteriviridae) കുടുംബത്തിലെ ആർട്ടറി വൈറസുകളാണ് പിആർആർഎസ് രോഗമുണ്ടാക്കുന്നത്. രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ പന്നികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും പിആർആർഎസ്  പടരുന്നത്. രോഗംബാധിച്ചവയോ, രോഗവാഹകരോ ആയ പന്നികളുടെ വിസര്‍ജ്യങ്ങള്‍,  സ്രവങ്ങള്‍, ശുക്ലം, മൂത്രം എന്നിവയിലെല്ലാം ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. ഫാമിലെത്തുന്ന തൊഴിലാളികൾ വഴിയും വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽനിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം. വായുവിലൂടെയും രോഗം പടരാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച പെണ്‍പന്നികള്‍ക്കുണ്ടാകുന്ന പന്നിക്കുഞ്ഞുങ്ങള്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ പോലും  രോഗവാഹകരായി പ്രവര്‍ത്തിച്ച് രോഗസംക്രമണം നടത്താനിടയാക്കും.   

പോര്‍സൈന്‍ റിപ്രൊഡക്ടീവ് ആന്‍ഡ് റെസ്പിരേറ്ററി സിന്‍ഡ്രോം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ രോഗം പ്രധാനമായും രണ്ട് തരത്തിലാണ് പന്നികളില്‍ പ്രകടമാവുന്നത്. വലിയ പെണ്‍പന്നികളില്‍ ജനനേന്ദ്രിയ സംബന്ധമായരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ചെറിയ പന്നികളിലും പന്നിക്കുഞ്ഞുങ്ങളിലും ശ്വാസകോശ രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. രോഗത്തിന്റെ ജനനേന്ദ്രിയ  (റിപ്രൊഡക്ടീവ്)  വകഭേദത്തില്‍ വന്ധ്യത, ഗര്‍ഭം അലസല്‍, ചാപിള്ളകളെ പ്രസവിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പെണ്‍പന്നികളില്‍ കാണപ്പെടുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന രോഗബാധ  താരതമ്യേന പ്രായം കുറഞ്ഞ പന്നികളിലാണ് കൂടുതലായും കാണപ്പെടുന്നത്. തീവ്രവൈറസ് ബാധിച്ചാൽ ഒരാഴ്ചക്കകം പന്നികൾ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ശ്വാസമെടുക്കാനുള്ള കഠിനമായ പ്രയാസം, ശക്തമായ പനി, വിറയൽ, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, പന്നികളുടെ തൊലിപ്പുറത്ത് ചുവന്ന തിണർപ്പുകൾ,നീലിച്ച ചെവികൾ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. പ്രത്യേകിച്ച്  രോഗലക്ഷണങ്ങള്‍  ഒന്നും തന്നെ പ്രകടമാക്കാതെ തന്നെ ചെറിയ പന്നികൾ ചത്തൊടുങ്ങുന്നതും ഈ രോഗത്തിന്‍റെ പ്രത്യേകതയാണ്. 

രോഗം ബാധിച്ച പന്നികളിൽ അവയുടെ പ്രായം, വൈറസിന്റെ തീവ്രത എന്നിവ അനുസരിച്ച് മരണനിരക്ക് 100 ശതമാനം വരെയാവാം. അതിതീവ്രമായ വൈറസ്ബാധയില്‍ ഒരു രോഗലക്ഷണവുമില്ലാതെ തന്നെ പന്നികള്‍ കൂട്ടമായി ചത്തുവീഴുന്നതും കണ്ടുവരാറുണ്ട്. ആണ്‍പന്നികളിലും പ്രായപൂര്‍ത്തിയെത്തുന്ന പെണ്‍പന്നികളിലും പനിയും തുടര്‍ന്നുള്ള തീറ്റമടുപ്പുമാണ് സാധാരണ ലക്ഷണങ്ങള്‍. രക്തത്തിലെ ശ്വേതാണുക്കളില്‍ വൈറസ് പെരുകുന്നതുമൂലം ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയുകയും കുരലടപ്പൻ, കോർണിബാക്റ്റീരിയം തുടങ്ങിയ പാർശ്വണുബാധകൾക്ക്  ഇടയാക്കുകയും ചെയ്യും. രോഗലക്ഷണങ്ങളിലൂടെയും, ചത്ത പന്നികളുടെ പോസ്റ്റ് മോർട്ടം പരിശോധനയിലൂടെയും പിസിആർ, സിറോളജി അടക്കമുള്ള നൂതന ലബോറട്ടറി വിദ്യകളിലൂടെയും രോഗനിർണയം നടത്താം. ഇതിനുള്ള സൗകര്യങ്ങൾ മൃഗസംരക്ഷണവകുപ്പിന്റെ മേഖലാ തല ലാബുകളിലും വെറ്ററിനറി കോളേജുകളിലും ഉണ്ട്. രോഗനിയന്ത്രണത്തിനു കൃത്യമായ രോഗനിർണയം അതീവപ്രാധാന്യം അർഹിക്കുന്നു. പന്നികളിൽ അതീവമാരകം ആണെങ്കിലും ഈ രോഗം മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമല്ലെന്നത് ആശ്വാസകരമാണ്.

രോഗപ്രതിരോധത്തിന് വഴി ജൈവസുരക്ഷ മാത്രം

പോര്‍സൈന്‍ റിപ്രൊഡക്ടീവ് ആന്‍ഡ് റെസ്പിരേറ്ററി സിന്‍ഡ്രോം തടയുന്നതിനുള്ള പ്രതിരോധ വാക്സീനുകള്‍ ചില വിദേശ രാജ്യങ്ങളില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍  ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ഫാമിൽ സ്വീകരിക്കുന്ന കർശനമായ ജൈവസുരക്ഷാ മാർഗങ്ങൾ മാത്രമാണ് രോഗം തടയാനുള്ള ഒരേയൊരു മാർഗം. രോഗവ്യാപനം പ്രധാനമായും നടക്കുന്നത് രോഗബാധിതരോ രോഗവാഹകരോ ആയ പന്നികളെ കൊണ്ടുവരുന്നതിലൂടെയാണെന്നതിനാല്‍ രോഗം തടയുന്നതിന് പുതിയ മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ അതീവകരുതൽ വേണ്ടതുണ്ട്. രോഗബാധിതരോ രോഗവാഹകരോ ആയ പന്നികൾ രോഗബാധയ്ക്കു ശേഷം 60 ദിവസം വരെ രോഗലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ രോഗാണുക്കളെ വഹിക്കുന്നതിനും സ്രവങ്ങളിലൂടെയും വിസര്‍ജ്യങ്ങളിലൂടെയും മറ്റു പന്നികള്‍ക്ക് രോഗബാധയുണ്ടാക്കുന്നതിനും സാധിക്കുമെന്നതിനാല്‍ പുതിയതായി കൊണ്ടുവരുന്ന പന്നികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി അവയെ 60 ദിവസം വരെ പ്രത്യേകം പാര്‍പ്പിച്ചശേഷം മാത്രമേ മറ്റു പന്നികൾക്കൊപ്പം മുഖ്യഫാമിൽ ഉൾപ്പെടുത്താവു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധിതരോ രോഗവാഹകരോ ആയ ആണ്‍പന്നികളുടെ ശുക്ലത്തില്‍ 90 ദിവസംവരെ രോഗാണുക്കള്‍ കാണുമെന്നതിനാല്‍ രോഗബാധയുള്ളതോ പുതിയതായി കൊണ്ടുവന്നവയോ ആയ ആണ്‍പന്നികളെ 90 ദിവസത്തിന് ശേഷം മാത്രമേ ഇണചേര്‍ക്കുന്നതിനോ കൃത്രിമബീജസങ്കലനത്തിനായോ ഉപയോഗിക്കുവാൻ  പാടുള്ളൂ. ഈ നിർദേശങ്ങൾ പന്നികർഷകരെ സംബന്ധിച്ച് ഏറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണെങ്കിൽ പോലും പിആർആർഎസ് പോലെ ഫാമിനെ ഒന്നടങ്കം നശിപ്പിച്ചു കളയാൻ പ്രാപ്തിയുള്ളതും വാക്സീനുകൾ നിലവിൽ ലഭ്യമല്ലാത്തതുമായ  വൈറസുകളെ ഒരുപരിധിവരെയെങ്കിലും അകറ്റി നിർത്താൻ ക്വാറന്റൈൻ എന്നതിനേക്കാൾ മികച്ച ഒരു മാർഗം ഇല്ല.

പന്നികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന വാഹനങ്ങള്‍, തീറ്റപ്പാത്രങ്ങള്‍, കുടിവെള്ളപ്പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം അണുനാശിനികളുപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കണം. പിഗ് ഫാമുകളിൽ അനാവശ്യ സന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും കവാടത്തിലും വീര്യമുള്ള പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയോ ബ്ലീച്ച് ലായനിയോ അലക്കുകാര ലായനിയോ ഫിനോൾ ലായനിയോ വിപണിയിൽ ലഭ്യമായ മറ്റ് അണുനാശിനികളോ  നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്  ക്രമീകരിക്കാം. ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയർ നനഞ്ഞ് വാഹനങ്ങളെയും ഫാമിൽ പ്രവേശിപ്പിക്കണം. ഫൂട്ട് ബാത്ത് ടാങ്കിന് മതിയായ ആഴം ഉറപ്പാക്കാനും ടാങ്കിൽ നിറയ്ക്കുന്ന അണുനാശിനി ലായനി ഓരോ ദിവസവും മാറ്റി പുതിയ ലായനി നിറയ്ക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ 3 ശതമാനം ലായനി, 4 ശതമാനം അലക്കുകാര ലായനി തുടങ്ങിയവ ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചെലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനികളാണ്. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് നല്ലതാണ്. ഹോട്ടൽ -മാർക്കറ്റ് -അറവുശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾ നന്നായി വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി  ഇടപഴകരുത്.  ഈ കരുതലുകൾ പിആർആർഎസിനെ മാത്രമല്ല മറ്റ് രോഗങ്ങളെയും ഫാമിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും.

പന്നികളിൽ കൂട്ടമായി ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങളോപെട്ടന്നുള്ള കൂട്ടമരണമോ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ രോഗനിർണയം അതീവ പ്രാധാന്യം അർഹിക്കുന്നു. കൃത്യസമയത്ത്  രോഗനിർണയം നടത്തുന്നതിൽ വരുന്ന വീഴ്ച സാമ്പത്തികനഷ്ടം പതിന്മടങ്ങാകും. ഫാമിൽ പോര്‍സൈന്‍ റിപ്രൊഡക്ടീവ് ആന്‍ഡ് റെസ്പിരേറ്ററി സിന്‍ഡ്രോം കണ്ടെത്തിയാൽ ഷെഡ്ഡിലെ പന്നികളെ പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ വഴി. വൈറസ് അതീവ മാരകവും വ്യാപനനിരക്ക് കൂടുതലും ആയതിനാൽ ചികിത്സകൾ പലപ്പോഴും ഫലം കാണണമെന്നില്ല. പന്നികളെ പാർപ്പിച്ച ഷെഡ്ഡുകൾ  ഫിനോള്‍, ഫോര്‍മലിന്‍ തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം. തുടർന്ന് ഫാം അടച്ചിടുകയും രോഗഭീഷണി ഒഴിവായെന്നുറപ്പുവരുത്തിയശേഷം മാത്രം വീണ്ടും തുറക്കുകയും ചെയ്യുന്നത് രോഗത്തെ തടയാൻ സഹായിക്കും. ഫാമുകളില്‍ പുതിയ പന്നികളെ  മൊത്തമായി കൊണ്ടുവരികയും പിന്നീട് മൊത്തമായി വിറ്റഴിക്കുകയും ചെയ്യുന്ന രീതി കർഷകർക്ക് സ്വീകരിക്കാവുന്നതാണ്. പുതിയ പന്നികളെ വിദഗ്ധ സഹായത്തോടെ രോഗാണുബാധ കണ്ടുപിടിക്കുന്നതിനുള്ള സ്ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കുന്നതും ഉചിതമാവും. ജൈവസുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നതിലുള്ള കണിശതയും പന്നികളിൽ അസ്വാഭാവിക ലക്ഷണങ്ങളും രോഗങ്ങളും കാണുമ്പോൾ സ്വയം ചികിത്സകൾക്ക് മുതിരാതെ ഉടനെ വിദഗ്ധസേവനം തേടാനുള്ള ജാഗ്രതയും കരുതലും ഓരോ കർഷകനും വേണ്ടതുണ്ട്.

English summary: Porcine reproductive and respiratory syndrome 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA