ADVERTISEMENT

പൂച്ചവളർത്തൽ ഹോബി മാത്രമല്ല, വരുമാനം കൂടിയാണിപ്പോൾ പലർക്കും. ചന്തമേറിയ, ശാന്തസ്വഭാവക്കാരായ പേർഷ്യൻ ഇനങ്ങൾക്ക് വലിയ സ്വീകാര്യതയാണ്. ഇവയെ വളര്‍ത്തുന്നവര്‍  ഇവയെ ബാധിക്കാവുന്ന രോഗങ്ങളെയും പ്രതിവിധികളെയും കുറിച്ച് അറിയണം.  

നീളൻ‌ രോമങ്ങളുള്ളതിനാൽ പേർഷ്യൻ ഇനങ്ങൾക്കു ചർമരോഗങ്ങൾക്കു സാധ്യതയേറും. ഇവയിൽ പ്രധാനം ഫംഗസ് ബാധയാണ്. ‘മൈക്രോസ്പോറം കാനിസ്’ എന്ന തരം ഫംഗസ്ബാധയ്ക്കു കാരണമാകുന്നത് അവയുടെ കട്ടിയുള്ള രോമാവരണങ്ങളും, ജനിതക സവിശേഷതയുമാണ്. ഒരു വയസ്സിൽ താഴെയുള്ള പൂച്ചകളിൽ പ്രധാനമായും കഴുത്തിനു താഴെയും കാലുകളിലുമാണു ഫംഗസ്ബാധ കണ്ടുവരുന്നത്. രോഗതീവ്രതയനുസരിച്ചു രോമം കൊഴിയുക, ത്വക്ക് ചുവന്ന നിറത്തിലാകുക, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയുണ്ടാകും. ആന്റിഫംഗൽ മരുന്നുകൾ ഉപയോഗിച്ച് യഥാസമയം ചികിത്സിച്ചാൽ ഭേദമാകുമെങ്കിലും ലക്ഷണങ്ങൾ മുഴുവനായും മാറാൻ 4 ആഴ്ചയെങ്കിലും വേണ്ടിവരും.

ബാഹ്യപരാദങ്ങളായ ചെള്ള്, പേൻ തുടങ്ങിയവ പൂച്ചകളിൽ അലർജി, ചൊറിച്ചിൽ, ചർമം വരളല്‍ എന്നിവയ്ക്കു കാരണമാകാറുണ്ട്. ഫംഗസ് ബാധയുള്ള പൂച്ചകളെ മറ്റുള്ളവയിൽനിന്നു മാറ്റിപ്പാർപ്പിക്കണം. മനുഷ്യരിലേക്കും പകരാമെന്നതിനാൽ കുട്ടികൾ രോഗമുള്ള പൂച്ചകളുമായി ഇടപഴകുന്നത് ഒഴിവാക്കണം. ചർമരോഗമുള്ള  പൂച്ചകളുടെ ചെവിയിൽ വീക്കം, ദുർഗന്ധം,  ചെവി കുടയുക, തല ഒരു വശത്തേക്കു ചരിച്ചു പിടിക്കുക എന്നീ ലക്ഷണങ്ങളും കാണാം. മൂത്രാശയരോഗങ്ങൾക്കും സാധ്യത കൂടും. മൂത്രാശയക്കല്ലുകൾ, അതുമൂ ലം മൂത്രതടസ്സം, അസ്വസ്ഥത, വേദന, കുറഞ്ഞ അളവില്‍ മാത്രം മൂത്രം പോകുക, ചിലപ്പോൾ രക്തം കലർന്ന മൂത്രം എന്നിവയാണു ലക്ഷണങ്ങൾ. 2 വയസ്സിനു മുകളിലുള്ള ആൺപൂച്ചകളിലാണ് ഇത്തരം ലക്ഷണ ങ്ങൾ കൂടുതൽ കാണുന്നത്. അണുബാധ തടയുന്നതിൽ ശുചിത്വം വളരെ പ്രധാനമാണ്.

cat-persian-2

രോഗപ്രതിരോധം

ശരീരവളർച്ചയ്ക്കാവശ്യമായ പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിനുകൾ അടങ്ങിയ ഭക്ഷണം ശരിയായ അളവിൽ നൽകുക. മൂത്രാശയ രോഗങ്ങളും, ഉഷ്ണസമ്മർദവും അകറ്റാൻ ധാരാളം ശുദ്ധജലം കുടിക്കാൻ കൊടുക്കുക. ചെറിയ വ്യായാമങ്ങൾ ചെയ്യിക്കുക. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളും, പേവിഷബാധയും തടയാൻ യഥാസമയം പ്രതിരോധ കുത്തിവയ്പു നൽകുക. ആദ്യത്തെ പ്രതിരോധ കുത്തിവയ്പ് എട്ടാഴ്ച പ്രായത്തിൽ നൽകാം. മുടങ്ങാതെ വിരമരുന്നു നൽകുക. അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പർക്കം വരാതെ നോക്കുക. രോമങ്ങൾ എപ്പോഴും ചീകിയൊതുക്കി വൃത്തിയായി വയ്ക്കുക. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാനും രോമങ്ങൾ ജടകെട്ടി ദുർഗന്ധം വരാതെയിരിക്കാനും ഇത് അത്യാവശ്യമാണ്. പൂച്ചകളുടെ പരിസരശുചിത്വം ഉറപ്പു വരുത്തുക. പൂച്ചകൾ ശരീരം പതിവായി തുടച്ചു വൃത്തിയാക്കുമെങ്കിലും ഒന്നോ രണ്ടോ മാസം കൂടു മ്പോൾ കുളിപ്പിക്കുകയും ചെവിയുടെ ഉൾഭാഗം വൃത്തിയാക്കുകയും വേണം. നനഞ്ഞ പഞ്ഞിയുപയോഗിച്ചു കണ്ണുകളും വൃത്തിയാക്കണം. നഖങ്ങൾ ഉരച്ചു മൂർച്ച വരുത്തുന്ന സ്വഭാവം പൂച്ചകൾക്കുള്ളതിനാൽ തടിയിൽ കയർ ചുറ്റി സ്ക്രാച്ചിങ് പോസ്റ്റ് നൽകുന്നതു നന്ന്.  സ്നേഹസാമീപ്യംകൊണ്ട് നമുക്ക് അളവറ്റ ആശ്വാസം നൽകുന്ന അരുമകളെ ഇത്തരം പ്രതിരോധ മാർഗങ്ങളിലൂടെ രോഗങ്ങൾ വരാതെ സംരക്ഷിക്കാം.

English summary: Common Diseases of Persian Cats 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com