തലശ്ശേരിക്കോഴികളുടെ സംരക്ഷണത്തിന് ദേശീയ അംഗീകാരം; വെറ്ററിനറി സർവകലാശാലയ്ക്ക് ഇത് അഭിമാന നിമിഷം

HIGHLIGHTS
  • കാട്ടുകോഴികളുടെ ശരീരഘടനയോട് സാമ്യമുള്ള തലശ്ശേരിക്കോഴി
thalassery-chicken
SHARE

നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക്സ് റിസോഴ്സസിന്റെ (എൻബിഎജിആർ) രേഖകൾ പ്രകാരം 19 അംഗീകൃത കോഴി ജനുസ്സുകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ ഒന്നായ കേരളത്തിന്റെ തനതു നാടൻ ജനുസാണ് തലശ്ശേരിക്കോഴികൾ.

പേര് സൂചിപ്പിക്കുന്നത് പോലെ കണ്ണൂർ ജില്ലയിലെ 'തലശ്ശേരി'യിലാണ് ഇവയുടെ ഉദ്ഭവം. പരിസര പ്രദേശങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളിലും, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും ഇവ ഒരു കാലത്തു വ്യാപകമായിരുന്നു. എന്നാൽ ഉയർന്ന ഉൽപാദനം ലക്ഷ്യമാക്കിയുള്ള സങ്കരയിനം കോഴികളുടെ വ്യാപനം ഇവയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കി. ഇത്തരത്തിൽ അന്യം നിന്ന് പോകും എന്ന വക്കിൽനിന്നും തലശ്ശേരിക്കോഴികളെ തിരിച്ചുപിടിച്ച് പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വെറ്ററിനറി സർവകലാശലയുടെ മണ്ണുത്തിയിലുള്ള എഐസിആർപി പൗൾട്രി ഫാം.

2014ലാണ് വെറ്ററിനറി സർവകലാശാല ഐസിഎആർ ധനസഹായത്തോടെ ഉയർന്ന മാതൃത്വഗുണമുള്ള കേരളത്തിലെ നാടൻ കോഴികളുടെ സംരക്ഷണം ആരംഭിച്ചത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഇടങ്ങളിൽ നിന്നും ലക്ഷണമൊത്ത നാടൻ കോഴികളെ തിരഞ്ഞെടുത്ത് ക്രോസ്സ് ബ്രീഡിങ് പൂർണമായും ഒഴിവാക്കി പെഡിഗ്രി രീതിയിൽ പ്യുർ ലൈൻ സെലെക്ഷൻ വഴി നാടൻ ഇനങ്ങളുടെ ശുദ്ധത ഒട്ടും നഷ്ടപ്പെടുത്താതെയാണ് അഞ്ച് തലമുറയ്ക്കിപ്പുറം തലശ്ശേരിക്കോഴികളുടെ ലക്ഷണമൊത്ത നല്ലൊരു മാതൃ ശേഖരം ഉണ്ടാക്കി എടുക്കാൻ സർവകലാശലയ്ക്ക്  സാധിച്ചത്.

കാട്ടുകോഴികളുടെ ശരീരഘടനയോട് സാമ്യമുള്ള തലശ്ശേരിക്കോഴികൾക്ക് പൊതുവെ കറുപ്പ് നിറമാണ്. ചില കോഴികളുടെ കഴുത്തിലും, പുറകിലും, വാലിലുമൊക്കെയായി തിളങ്ങുന്ന നീലനിറത്തിലുള്ള തൂവലുകളും കാണാം. ചില പൂവൻ കോഴികളുടെ കഴുത്തിൽ സ്വർണവും നീലയും നിറത്തിൽ ഇഴ ചേർന്നു കിടക്കുന്ന തൂവലുകൾ പ്രത്യേക ഭംഗിയാണ്. പൂവൻ കോഴികളുടെ ശരാശരി ഭാരം 1.62 കിലോയും, പിടയുടേത് 1.24 കിലോയും വരും. ഇവയുടെ തലയിൽ ചുവപ്പു നിറത്തിലുള്ള ഒറ്റപ്പൂവ് കാണാം. ചിലരുടെ പൂവിനു കറുപ്പ് കലർന്ന ചുവപ്പു നിറമാണ്. കാതുകൾക്കും ചുവപ്പ് നിറം തന്നെ. തൂവലുകളില്ലാത്തതും, കറുപ്പും, കറുപ്പ് കലർന്ന വെള്ളനിറത്തോട് കൂടിയവയുമാണ് ഇവയുടെ കാലുകൾ. കരിങ്കോഴികളോട് രൂപ സാദൃശ്യമുണ്ടെങ്കിലും ഇവയുടെ ത്വക്കിന് വെള്ള നിറമാണ്. നാടൻ രുചിയുളള ഇവയുടെ ഇറച്ചി മലബാർ മേഖലകളിൽ പ്രസിദ്ധമാണ്.

തൊടിയിലെ തീറ്റകൾ മാത്രം കൊത്തിപ്പെറുക്കി തിന്നുകൊണ്ട് വർഷത്തിൽ എൺപതോളം മുട്ടകളിടുന്ന ഇവ ഉയർന്ന മാതൃഗുണം പ്രകടിപ്പിക്കുന്നവരെന്നു പേരെടുത്തവയാണ്. എന്നാൽ സർവകലാശാല ഫാമിൽ നടന്ന പഠനങ്ങളിൽ മുഴുവൻ സമയ സാന്ദീകൃത നൽകിയും, കൃത്യമായ ശാസ്ത്രീയ പരിചരണം ഉറപ്പുവരുത്തിയും ജനുസ്സിന്റെ ശുദ്ധത നഷ്ടപ്പെടാതെതന്നെ ഇവയുടെ വാർഷിക മുട്ട ഉൽപാദനം നൂറ്റമ്പത് മുട്ടകൾക്കു മുകളിൽ എത്തിക്കാൻ സർവകലാശലയ്ക്ക് സാധിച്ചിട്ടുണ്ട്. അഞ്ചു മാസങ്ങൾക്കുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയുടെ മുട്ടയുടെ തോട് തവിട്ടു നിറത്തിലും, ഇളം തവിട്ടു നിറത്തിലുമായി കാണപ്പെടുന്നു. മുട്ടയുടെ ശരാശരി ഭാരം 42 ഗ്രാമാണ്. 

കഴിഞ്ഞ ഏഴു വർഷക്കാലമായി തലശ്ശേരിക്കോഴികളുടെ അഞ്ച് തലമുറകൾ നീണ്ട ഗവേഷണ കണ്ടെത്തലുകൾക്കൊടുവിലാണ്  2021ലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്‌- നാഷണൽ ബ്യുറോ ഓഫ് ആനിമൽ ജനറ്റിക്സ് റിസോഴ്സസിന്റെ ബ്രീഡ് കൺസെർവഷൻ അവാർഡ്  കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള എഐസിആർപി പൗൾട്രി ഫാമിനെ തേടി എത്തുന്നത്. ഡിസംബർ മാസം 23നു നടക്കുന്ന കർഷകദിന ചടങ്ങിലാണ് അവാർഡ് നൽകപ്പെടുക. ദേശീയ തലത്തിൽ നാടൻ ജനുസ്സുകളുടെ സംരക്ഷണത്തിൽ ഏർപ്പെടുകയും അവയുടെ പഠനങ്ങൾ നടത്തി വരികയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് നൽകി വരുന്ന ഈ അവാർഡ് വെറ്ററിനറി സർവകലാശാലയുടെ തലശ്ശേരിക്കോഴികളുടെ സംരക്ഷണത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അംഗീകാരമാണ്. ഒരു കാലത്തു മലബാർ മേഖലയിൽ വളരെയധികം കാണപ്പെട്ടിരുന്നതും, എന്നാൽ ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്നതുമായ തലശ്ശേരിക്കോഴികൾ സർവകലാശാലയുടെ ഈ സംരക്ഷണ പദ്ധതി മൂലം അന്യംനിന്ന് പോകാതെ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. നാളിതുവരെ ഒട്ടേറെ കർഷകർക്ക് തലശ്ശേരിക്കോഴികളുടെ കൊത്തു മുട്ടകളും, കുഞ്ഞുങ്ങളും നൽകാൻ സർവകലാശാലയുടെ മണ്ണുത്തിയിലുള്ള എഐസിആർപി ഫാമിന് സാധിച്ചിട്ടുണ്ട്.

English summary: Keralas Own Poultry Species

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA