ദിവസങ്ങൾക്കകം ചത്തത് പതിനായിരത്തോളം താറാവുകൾ: വിറങ്ങലിച്ച് ആലപ്പുഴയിലെ കർഷകർ

HIGHLIGHTS
  • പക്ഷിപ്പനിയായാലും ബാക്ടീരിയ ആയാലും കർഷകർ നഷ്ടം പേറണം
  • പലപ്പോഴും പക്ഷിരോഗങ്ങൾ പടരുന്നത് ദേശാടനപ്പക്ഷികളിൽനിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്
bird-flu-duck1
SHARE

മഴയിൽ കൃഷിനാശം, രോഗബാധയിൽ താറാവുകളുടെ കൂട്ടക്കുരുതി – സാമ്പത്തികമായി ആലപ്പുഴയിലെ കർഷകരുടെ നടുവൊടിയുകയാണ്. അതിപ്പോൾ ആവർത്തിക്കുന്ന ദുരന്തവുമാകുന്നു. പുറക്കാട്ട് കഴിഞ്ഞ ദിവസം ഒൻപതിനായിരത്തോളം താറാവുകൾ ദിവസങ്ങൾക്കകം ചത്തു. പക്ഷിപ്പനിയെന്നു സംശയിക്കുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 2014, 2016 വർഷങ്ങളിൽ താറാവുകളെ കൊന്നതു പക്ഷിപ്പനിയാണ്. 2018ലെ പ്രളയവും ഒഴുക്കിക്കൊണ്ടുപോയി അനേകം താറാവുകളെ. ഇക്കൊല്ലം ജനുവരിയിൽ പക്ഷിപ്പനി മൂലവും മേയിൽ ബാക്ടീരിയബാധ മൂലവും ഒട്ടേറെ താറാവുകൾ ചത്തു. 

കാരണം പക്ഷിപ്പനിയായാലും ബാക്ടീരിയ ആയാലും കർഷകർ നഷ്ടം പേറണം. യഥാസമയം ഇൻഷുറൻസ് തുക പോലും കിട്ടുന്നില്ലെങ്കിലും അവർ വീണ്ടും താറാവുകളെ വിരിയിച്ചിറക്കുന്നു. ഓണമോ ക്രിസ്മസോ വരുമ്പോഴെങ്കിലും ഒന്നിച്ചു കിട്ടുന്ന വരുമാനത്തിലാണ് അവരുടെ പ്രതീക്ഷ. കുട്ടനാട്ടിൽ മാത്രം താറാവു കർഷകരും തൊഴിലാളികളുമായി രണ്ടായിരത്തോളം പേരുണ്ട്. മുട്ടയ്ക്കൊപ്പം മാംസത്തിനും നല്ല വിപണിയുണ്ടായിരുന്നതാണ് ഇത്രയേറെ ആളുകളെ ആകർഷിച്ചത്. എന്നാൽ, തിരിച്ചടികൾ ആവർത്തിച്ചുവന്നതോടെ പലരും രംഗം വിട്ടു.

നഷ്ടങ്ങളുടെ ചരിത്രം

രണ്ടു തവണ പക്ഷിപ്പനി വ്യാപിച്ചപ്പോൾ കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ചത്തത് ലക്ഷക്കണക്കിനു താറാവുകളാണ്. തുടക്കം 2014ൽ. അന്നത്തെ നഷ്ടത്തിന്റെ ദുരിതം മറികടക്കാൻ കഴിയാത്ത കർഷകരുണ്ട്. രോഗം ബാധിച്ചു ചത്തവ കൂടാതെ രോഗം വ്യാപിക്കാതിരിക്കാൻ കൊന്നൊടുക്കിയവയുടെ എണ്ണവും വലുതാണ്. 2018ലെ പ്രളയത്തിലും ഒട്ടേറെ താറാവുകൾ ചത്തു.

2020 മാർച്ചിൽ താറാവുകളും മറ്റും കൂട്ടത്തോടെ ചത്തെങ്കിലും കാരണം പക്ഷിപ്പനിയല്ലെന്നു കണ്ടെത്തിയിരുന്നു. റെയ്മറല്ല എന്ന ബാക്ടീരിയ ആയിരുന്നു കാരണം. ചില താറാവുകൾക്കു കരൾ രോഗവും ബാധിച്ചിരുന്നു. തീറ്റയിലെ ഫംഗസാണു കാരണമെന്നും കണ്ടെത്തി. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ കണ്ടുതുടങ്ങിയ രോഗബാധ ജനുവരിയോടെ പതിനായിരക്കണക്കിനു താറാവുകളെയും കോഴികളെയും നശിപ്പിച്ചു. കൈനകരി തോട്ടുവാത്തലയിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതോടെയാണ് ഇക്കൊല്ലത്തെ തിരിച്ചടി തുടങ്ങിയത്. കരുവാറ്റ, കരുമാടി, തകഴി, നെടുമുടി, പള്ളിപ്പാട് പഞ്ചായത്തുകളിലും വ്യാപിച്ചത് പക്ഷിപ്പനിയാണെന്നു പിന്നീട് സ്ഥിരീകരിച്ചു. എച്ച്5എൻ8 എന്ന വൈറസിനെയാണ് കണ്ടെത്തിയത്. തുടർന്ന് 49,958 പക്ഷികളെയും 32,550 മുട്ടകളും 5,070 കിലോഗ്രാം തീറ്റയും നശിപ്പിച്ചു.

മേയിൽ ഇ കോളി, പാസ്ചുറെല്ല എന്നീ ബാക്ടീരിയകൾ ബാധിച്ചാണ് താറാവുകൾ ചത്തതെന്ന് കണ്ടെത്തിയിരുന്നു. അന്ന് തലവടിയിൽ 2 കർഷകരുടേതായി നഷ്ടമായത് 1500ൽ ഏറെ താറാവുകളെയാണ്.

bird-flu-3

പ്രതിരോധം ദുർബലം

താറാവുകൾക്കുള്ള പ്രതിരോധ മരുന്നുകള്‍ ഉൽപാദിപ്പിക്കുന്നത് തിരുവനന്തപുരം പാലോട് മൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലെ സ്ഥാപനത്തിലാണ്. കേരളത്തിന് മൊത്തം ആവശ്യമുള്ള മരുന്ന് ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് അറിയുന്നത്. കൂടുതൽ സൗകര്യങ്ങളും ഗവേഷണ, പരിശോധനാ സംവിധാനവും ആവശ്യമാണ്.

തിരുവല്ല മഞ്ഞാടിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ പ്രാഥമിക പരിശോധനയേ നടത്താനാകൂ. പലപ്പോഴും വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിലേക്ക് അയയ്ക്കുന്നു. ഇതു കാരണം പലപ്പോഴും പരിശോധനാഫലം കിട്ടാൻ വൈകുന്നു.

കടലാസിലെ കുട്ടനാടൻ ബ്രാൻഡും ഇൻഷുറൻസും

കുട്ടനാടൻ താറാവുകൾ മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലെത്തിക്കുമെന്ന് 7 വർഷം മുൻപ് മൃഗക്ഷേമ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. അതു തുടക്കത്തിലേ പാളി. കുട്ടനാട് പാക്കേജിലും നേരത്തെ താറാവുകൾക്കു വിപണി പ്രഖ്യാപിച്ചു. ജില്ലാതല ഉദ്ഘാടനവും നടത്തിയെങ്കിലും പിന്നെയൊന്നും സംഭവിച്ചില്ല. പള്ളിപ്പാട്, ചെന്നിത്തല, കൈനകരി, മുഹമ്മ എന്നിവിടങ്ങളില്‍ ആദ്യ യൂണിറ്റുകൾ എന്നായിരുന്നു പ്രഖ്യാപനം. താറാവുകൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുമെന്നു സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ചതിന്റെയും ഭാവി ഇങ്ങനെ തന്നെ. ഇപ്പോഴും ഇൻഷുറൻസ് ആനുകൂല്യങ്ങൾ കിട്ടാൻ കർഷകർക്കു പെടാപ്പാടാണ്.

bird-flu-duck

പടരുന്നത് ദേശാടനപ്പക്ഷികളിലൂടെ...

പലപ്പോഴും പക്ഷിരോഗങ്ങൾ പടരുന്നത് ദേശാടനപ്പക്ഷികളിൽനിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുട്ടനാടൻ പാടങ്ങളിലും ജലാശയങ്ങളിലും അവ ധാരാളമായി എത്തുന്നുണ്ട്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്കു രോഗം പടരുന്നതു സ്രവങ്ങൾ വഴിയാണ്. പക്ഷികൾ അടുത്തിടപഴകുമ്പോൾ രോഗം പതിന്മടങ്ങ് വേഗത്തിൽ പടരും. രോഗാണു സാന്നിധ്യമുള്ള തീറ്റ, തൂവലുകൾ, പക്ഷിക്കൂട് എന്നിവ വഴിയും പടരും.

ഭാഗ്യം, മനുഷ്യരിലെത്തിയില്ല

ജനുവരിയിൽ കണ്ടെത്തിയ എച്ച്5എൻ8 വൈറസിന് വകഭേദങ്ങളുണ്ടെന്നും അപൂർവമായി മനുഷ്യരിലേക്കു പടരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞിരുന്നു. ഭാഗ്യംകൊണ്ട് മനുഷ്യരെ ബാധിച്ചില്ല. ബാധിച്ചാൽ മരണനിരക്ക് 60% വരെയാണ്. രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളെയും ചുട്ടുകൊന്ന് കുഴിച്ചുമൂടുകയാണ് (കള്ളിങ്) ഇപ്പോൾ ചെയ്യുന്ന പ്രതിവിധി. രോഗബാധയേറ്റ പക്ഷികളുമായും ചുറ്റുപാടുമായും അടുത്ത സമ്പർക്കമുണ്ടാകാതെ മനുഷ്യരും ശ്രദ്ധിക്കണം. ഇത്തരം വൈറസ് ബാധയ്ക്ക് ഇന്ത്യയിൽ വാക്സീനില്ലെന്നതാണ് സ്ഥിതി.

സ്വന്തം ചികിത്സ വേണ്ട

പലപ്പോഴും കർഷകർ സ്വന്തം നിലയ്ക്കു പ്രയോഗിക്കുന്ന നിയമവിരുദ്ധമായ മരുന്നുകൾ ദോഷകരമാകുമെന്നു വെറ്ററിനറി വിദഗ്ധർ പറയുന്നു. ഇവ മനുഷ്യർക്കും ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.

പക്ഷിപ്പനി ലക്ഷണങ്ങൾ

  • മന്ദത, ചലനത്തിലെ ആലസ്യം, തീറ്റയോട് വിമുഖത, ക്ഷീണം, നീലനിറമാർന്ന കൊക്കും പൂവും, മൂക്കിലൂടെ രക്തസ്രാവം, വയറിളക്കം, ശ്വാസതടസ്സം.
  • മുട്ടത്തോടിന്റെ കനം കുറയും. മുട്ടകൾ എണ്ണത്തിൽ വല്ലാതെ കുറയും.
  • കടുത്ത ന്യുമോണിയ ബാധയാണ് അന്തിമഫലം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കൂട്ടമായി ചത്തൊടുങ്ങും.

English summary: Duck farmers in Kerala in deep trouble due to bird flu outbreak

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA