ഞങ്ങളെയും ദത്തെടുക്കൂ... നാടൻ നായ്ക്കൾക്ക് പ്രാധാന്യം നൽകി അഡോപ്ഷൻ ഡ്രൈവ്

adoption
SHARE

നായ മനുഷ്യന്റെ സന്തത സഹചാരി ആണ്. അനാദികാലം മുതൽ അവൻ മനുഷ്യനോടൊപ്പം വാലാട്ടി നടന്നു. മനുഷ്യനോട് ആദ്യം ഇണങ്ങിയതും നായ്ക്കൾ തന്നെ. വിശ്വസ്ത വളർത്തുമൃഗമായും അരുമയായും കരുതലായും അവൻ കൂടെ നിന്നു. എന്നാൽ തെരുവിൽ അലയുന്ന നായ്ക്കൾ പ്രശ്നക്കാരും മനുഷ്യജീവന് ഭീഷണിയും ആകുന്നു. നഗരവൽക്കരണവും മാലിന്യക്കൂമ്പാരങ്ങളും തെരുവുനായ്ക്കളെ സൃഷ്ടിക്കുന്നു എന്നതാണ് വാസ്തവം. ആഹാരം കിട്ടാതെവരുമ്പോൾ ഇവർ അക്രമശീലരാവുന്നു. ഒപ്പം റോഡപകടങ്ങൾ, പേവിഷബാധ വ്യാപനം എന്നിവയ്ക്കും കാരണമാകുന്നു.

തെരുവുനായ്ക്കളെ പിടികൂടി വിഷം കൊടുത്ത് കൊല്ലുന്ന രീതി പ്രാകൃതമായതുകൊണ്ടും പ്രതിഷേധവും നിയമങ്ങളും കാരണം ജനന നിയന്ത്രണ പദ്ധതികൾ 1990 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കാൻ തുടങ്ങി. എന്നാൽ മുതിർന്ന നായ്ക്കളെ പിടികൂടുന്നതിനുള്ള പ്രയാസം തുടർന്നുള്ള താമസമൊരുക്കൽ എന്നിവ കടമ്പകളായി. ഇതിനുള്ള പരിഹാരമാണ് END അഥവാ Early Neutering in dogs. ചെറുപ്രായത്തിലേ നായ്ക്കുട്ടികൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി അവയെ പുനരധിവസിപ്പിക്കുന്നു.

ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര മൃഗാശുപത്രി ഇത്തരം പ്രവർത്തനങ്ങളിലൂടെ മാതൃക ആവുകയാണ്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ ജില്ലാ ഘടകം, പീപ്പിൾ ഫോർ നേച്ചർ എന്ന സന്നദ്ധ സംഘടനയും ഒന്നിച്ചാണ് നവംബർ 30ന് നായ കുട്ടികളെ ദത്തെടുക്കൂ Adopt Dont shop എന്ന ദത്തെടുക്കൽ പദ്ധതി നടപ്പിലാക്കിയത്. 10 ആൺ നായക്കുട്ടികളേയും 9 പെൺ നായ്കുട്ടികളെയും ആയിരുന്നു ദത്തു നൽകാൻ ഒരുങ്ങിയത്. മികച്ച ജന്തുക്ഷേമ പ്രവർത്തകനുള്ള ജില്ലാതല അവാർഡ് ജേതാവായ വയലാർ സ്വദേശി സജീവിന്റെ ശ്രമഫലമായാണ് തെരുവിൽ ഉപേക്ഷിക്കപ്പെടേണ്ടിയിരുന്ന ഈ നായക്കുട്ടികളെ കണ്ടെത്തി പരിപാലിച്ച് കണിച്ചു കുളങ്ങര മൃഗാശുപത്രിയിൽ എത്തിക്കപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പം സീനിയർ വെറ്ററിനറി സർജൻ ഡോ. ജോർജ് വർഗീസ്, ഡോ. ലക്ഷ്മി, ഡോ. ലിയാൻഡ, ഡോ. ഐശ്വര്യ എന്നിവരുടെ ശസ്‌ത്രക്രിയാ വൈദഗ്‌ധ്യത്താലുമാണ് ഈ വന്ധ്യംകരണ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കിയത്.

adoption-1

എന്താണ് END?

ചെറുപ്രായത്തിൽ നായക്കുട്ടികളിൽ നടത്തുന്ന വന്ധ്യംകരണ ശസ്ത്രക്രിയയാണിത്. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി ലോകരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളതും ഇതുതന്നെയാണ്. 6 മുതൽ 12 ആഴ്ച പ്രായമുള്ളതോ ഒന്നര മാസം മുതൽ 3 മാസം വരെ പ്രായമുള്ളതോ ആയ നായക്കുട്ടികളെ ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാം. തികച്ചും ലളിതമായ ശസ്ത്രക്രിയ. നായക്കുട്ടിയുടെ തൂക്കം രേഖപ്പെടുത്തിയതിനു ശേഷം മയക്കുന്നതിന് മരുന്ന് ഇൻജക്ഷൻ ആയി നൽകുന്നു. പെൺ നായക്കുട്ടികളിൽ ഗർഭധാരണം തടയുന്നതിനുള്ള ശസ്ത്രക്രിയയും ആൺ നായക്കുട്ടികളിൽ വാസക്ടമിയും ആണ് ചെയ്യുന്നത്. ചെറുപ്രായത്തിൽ നടത്തുന്ന ശസ്ത്രക്രിയ ആയതുകൊണ്ടുതന്നെ ലളിതവും ഫലപ്രദവുമാണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കുറഞ്ഞ കാലയളവ് നിരീക്ഷണം, ചെറുപ്രായത്തിൽ മുറിവ് പെട്ടെന്ന് ഉണങ്ങും, തുടർ പരിചരണം എളുപ്പം എന്നിവ ഇത്തരത്തിലുള്ള ശസ്ത്രക്രിയയുടെ മേന്മകളാണ്.

ഇപ്രകാരം ആണും പെണ്ണുമായി 19 നായക്കുട്ടികളേയാണ് വന്ധീകരിച്ചത്. പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പും നൽകിയിട്ടുണ്ട്. 2 നായ്ക്കുട്ടികൾക്ക് ഇതിനോടകം പുതിയ അവകാശികൾ ആയി. 3 നായ്ക്കുട്ടികൾക്കായി ബുക്കിങ്ങും ഉണ്ട്. ഇനിയുള്ളവർ ദത്തെടുക്കലിനായി സുമനസുകളെ കാത്തിരിക്കുന്നു. നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ച് തെരുവുനായ്ക്കൾ ആക്കി മാറ്റുന്നതിൽ നമ്മൾ പൊതുജനങ്ങൾക്കും പങ്കുണ്ട്. തെരുവുനായ്ക്കളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നമുക്ക് ഒഴിവാക്കാം. പകരം ചെറുപ്രായത്തിൽ വന്ധ്യംകരണ ശസ്ത്രക്രിയയും പ്രതിരോധ കുത്തിവയ്പ്പും നടത്തിയ കുഞ്ഞു നായ്ക്കളെ നമുക്ക് ദത്തെടുത്ത് വളർത്താം. സമൂഹത്തിന് ബാധ്യത ആവാതെ ജീവന് ഭീഷണി ആവാതെ ഇവ നമുക്കും വീടിനും നല്ല കാവൽക്കാർ ആയി വളരട്ടെ.

കൂടുതൽ വിവരങ്ങൾക്ക്: സജീവ് 9567509029

English summary: Stray Dog Adoption in Kerala

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA