ADVERTISEMENT

രണ്ടര ഏക്കർ സ്ഥലത്ത് പരിസ്ഥിതി സൗഹൃദ രീതിയിൽ മണ്ണും ചാണകവും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഷെഡ്ഡ്, പശുക്കൾക്ക് യഥേഷ്ടം മേഞ്ഞു നടക്കാൻ പ്രത്യേക സ്ഥലം, പാലുൽപന്നങ്ങൾ ഓൺലൈനിൽ വിൽപന... ഗുജറാത്തിലെ ഹരിബ ഡെയറി ഫാമിന്റെ പ്രത്യേകതകളാണിവ. പ്രവർത്തനമാരംഭിച്ചിട്ട് മൂന്നു വർഷം പിന്നിട്ടതേയുള്ളൂവെങ്കിലും മികച്ച കന്നുകാലി കർഷകനുള്ള ഗുജറാത്ത് സർക്കാരിന്റെ പുരസ്കാരം ഹരിബയുടെ ഉടമയായ വിനുഭായ് സുതാരിയയെ തേടിയെത്തിയിട്ടുണ്ട്.

എല്ലാവർക്കും സുരക്ഷിതമായ ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ സംരംഭം തുടങ്ങിയതെന്ന് വിനുഭായ് പറയുന്നു. നെയ്യും പലുപയോഗിച്ചുള്ള മിഠായികളുമാണ് പ്രധാന ഉൽപന്നങ്ങൾ. സ്വന്തം വെബ്സൈറ്റ് വഴിയാണ് വിൽപന. 250 മില്ലിക്ക് 500 രൂപ മുതലാണ് നെയ്യുടെ വില ആരംഭിക്കുക.

gir-cow-1

ഗിർ ഇനത്തിൽപ്പെട്ട പശുക്കളെ മാത്രമാണ് ഈ ഫാമിൽ പരിപാലിച്ചുപോരുന്നത്. ഗിർ ഇനം പശുക്കൾക്ക് വരണ്ട കാലാവസ്ഥ അനുയോജ്യമായതിനാൽ അത്തരത്തിലൊരു സ്ഥലത്താണ് ഫാം. 

തുറസായ സ്ഥലത്ത് പശുക്കളെ മേയാൻ വിടുന്നതു കൂടാതെ അവയ്ക്ക് വിശ്രമിക്കാൻ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ഷെഡ്ഡുകളാണ് നിർമിച്ചിട്ടുള്ളത്. മണ്ണും ചാണകവും ഇതിനായി ഉപയോഗിച്ചിരിക്കുന്നു. കൂടാതെ പശുക്കൾക്കുവേണ്ടി സംഗീതവും ഫാമിലുണ്ട്. അസുഖബാധിതരായ പശുക്കളെ പ്രത്യേകം മാറ്റിപ്പാർപ്പിക്കാൻ ക്വാറന്റൈൻ മുറികളും ഒരുക്കിയിട്ടുണ്ട്. 100 ശതമാനവും ആയുർവേദ മരുന്നുകൾ മാത്രമേ അസുഖചികിത്സയ്ക്കായി നൽകൂ.

പച്ചപ്പുല്ലാണ് പശുക്കളുടെ പ്രധാന ഭക്ഷണം. ഇതുകൂടാതെ ചോളം, ചെറുധാന്യങ്ങൾ, നിലക്കടല തുടങ്ങിയവയുടെ ഇലയും തണ്ടുകളും നൽകാറുണ്ട്. പരുത്തിക്കുരു, തേങ്ങാപ്പിണ്ണാക്ക്, ചോളം എന്നിവയും ആയുർവേദ പോഷക സപ്ലിമെന്റുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com