കഴുത്തിൽ കെട്ടിയ ശംഖ് വിഴുങ്ങി ആനക്കുട്ടി: ജീവൻ തിരിച്ചുപിടിച്ച് ഡോക്ടർമാർ

small-elephant-1
കണ്ണനും വെറ്ററിനറി ഡോക്ടർമാരും
SHARE

ആനക്കുട്ടികൾ പൊതുവേ കുസൃതിക്കാരാണ്. എന്നാൽ, ഈ കുസൃതി അൽപം കൂടിപ്പോയി ജീവനുതന്നെ ഭീഷണിയായ അവസ്ഥയാണ് കോന്നി ആനക്കൊട്ടിലിലെ ഒരു വയസുകാരനായ കണ്ണന്. ഒരു സംഘം വെറ്ററിനറി ഡോക്ടർമാരുടെ കൂട്ടായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് കണ്ണന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. അജിത് പിള്ള പറയുന്നു. ശംഖ് തൊണ്ടയിൽ കുരുങ്ങി ഭക്ഷണം ഛർദ്ദിച്ചു കളയുന്ന അവസ്ഥയായിരുന്നു കണ്ണന്. കണ്ണന്റെ ചികിത്സയെക്കുറിച്ച് ഡോ. അജിത് പിള്ള പങ്കുവച്ച കുറിപ്പ് ചുവടെ,

small-elephant
കണ്ണൻ

കുസൃതി എന്നുവച്ചാൽ ഇങ്ങനെയുണ്ടോ ഒന്ന്. എത്ര പേരുടെ അധ്വാനവും പ്രാർഥനയും കാരണമാണ് ഈ കുസൃതി ഇന്നും നിലനിൽക്കുന്നത്. രണ്ടാഴ്ച മുൻപാണ്, ഒരു വൈകുന്നേരം കോന്നി ആനക്കൊട്ടിലിൽനിന്നും ഡോ. ശ്യാമിന്റെ ആശങ്ക നിറഞ്ഞ ഒരു വിളി ഫോണിൽ എത്തുന്നത്. അവിടത്തെ ഏറ്റവും ജൂണിയർ അംഗം, ഒരു വയസ്സുള്ള കണ്ണൻ എന്ന ആനക്കുട്ടി അവന്റെ പാപ്പാൻ സ്നേഹപൂർവം കഴുത്തിൽ കെട്ടിക്കൊടുത്ത ശംഖ്‌ വിഴുങ്ങി. മാത്രമല്ല അത് കഴുത്തിൽ കുടുങ്ങി എന്തു കഴിച്ചാലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയും. ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അപകടമാകുമെന്ന് ഡോ. ശ്യാം പറഞ്ഞു. 

പിന്നെ ഒന്നും ആലോചിച്ചില്ല, ജില്ലാ വെറ്റിനറി കേന്ദ്രത്തിൽനിന്നും അന്ന് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോ. സജയ്, ഡോ. സിബി, ഡോ. റെജിൻ എന്നിവരുൾപ്പെടെ ഒരു പോക്ക് അങ്ങ് പോയി. പോകുന്ന വഴി ഞങ്ങൾ സഞ്ചരിച്ച വണ്ടിയുടെ പിന്നിൽ മറ്റൊരു വണ്ടി വന്നിടിച്ചു കുറച്ചു നേരം പോലിസ് സ്റ്റേഷനിലും ചെലവഴിക്കേണ്ടി വന്നു. എന്തായാലും വൈകിയാണെങ്കിലും കോന്നിയിലെത്തി. 

മയക്കിയ ശേഷം വായ തുറന്ന് കൈ അകത്തേക്കിട്ട് ശംഖ്‌ എടുക്കാൻ ശ്രമിച്ചെങ്കിലും കയ്യെത്തുന്നതിനപ്പുറത്തായിരുന്നു അത്. അടുത്ത വഴി ശസ്ത്രക്രിയ തന്നെ. ഒട്ടും അമാന്തിച്ചില്ല, മുന്നേ ആനയിൽ അത്തരം ഒരേ ഒരു ശസ്ത്രക്രിയ മാത്രമേ ലോകത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു എന്ന് മനസ്സിലാക്കിയിട്ടും അത് ചെയ്യാൻ എല്ലാവരും ചേർന്ന് തീരുമാനമെടുത്തു. ഡിഎഫ്ഒ ശ്യാം മോഹൻലാലും റേഞ്ച് ഓഫീസർ ജോജിയും പൂർണ പിന്തുണ നൽകി.

small-elephant-2
കണ്ണൻ വിഴുങ്ങിയ ശംഖ്

തൊണ്ടയിൽ ഉടക്കി ഇരുന്ന ശംഖ്‌ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ഓപ്പറേഷൻ വഴി ആമാശയത്തിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. മയക്കത്തിൽ നിന്നെഴുന്നേറ്റ ഉടൻ തന്നെ ചുറ്റുമുള്ളതെല്ലാം വാരി വലിച്ചു തിന്നാനും തുടങ്ങി. ഞങ്ങളുടെ അടുത്ത ആശങ്ക ഇതെങ്ങാനും ഇനി കുടലിൽ തങ്ങുമോ എന്നായിരുന്നു. എന്തായാലും ദിവസങ്ങൾ നീണ്ട മരുന്നുകൾക്കൊടുവിൽ ഇന്നലെ ആ സന്തോഷവാർത്ത കോന്നിയിൽ നിന്നും എത്തി. ആ ശംഖ്‌ പിണ്ടത്തോടൊപ്പം പുറത്തു വന്നിരിക്കുന്നു. 

ഇനിയും ഇതുപോലുള്ള കുസൃതികൾ കണ്ണൻ കാട്ടാതിരിക്കട്ടെ...

English summary: Vets work to save elephant calf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS