ADVERTISEMENT

ഏതൊരു മലയാളിയുടെയും ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായിരിക്കുന്നു ഒരു ചെറിയ പൂന്തോട്ടമെന്നത്. വീടിന്റെ പരിസ്ഥിതിയില്‍ സസ്യങ്ങള്‍ നിരവധി പ്രയോജനകരമായ കാര്യങ്ങള്‍ വഹിക്കുന്നു. അടുക്കളയില്‍ വളര്‍ത്താവുന്ന കറ്റാര്‍‌വാഴ, അധിക പരിചരണം ആവശ്യമില്ലാത്തതും മനോഹരമായ ആകൃതിക്കും, ജെല്ലിനും പ്രസിദ്ധമാണ്.  ലിവിങ് റൂമിലും നടുമുറ്റവുമൊക്കെ അലങ്കരിക്കുന്ന ചെടികളായ സ്നേക് പ്ലാന്‍റ്, പീസ് ലില്ലി തുടങ്ങിയ ഒട്ടേറെ ചെടികള്‍ വീട് അലങ്കരിക്കുന്നതിനുപരിയായി വായു ശുദ്ധീകരിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നു.

എങ്കിലും സാധാരണയായി വളരുന്നതും ഉപയോഗപ്രദവുമായ അത്തരം ചെടികള്‍ കുട്ടികള്‍ക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും, ഡിമെൻഷ്യ ബാധിച്ച പ്രായമായവര്‍ക്കും വിഷമയമായേക്കാം! ലോകത്ത് പതിനായിരകണക്കിന് വിഷസസ്യങ്ങളുണ്ട്. ഒരു ചെടി വിഷമാണെന്ന് പറയുന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? വിഷമുള്ളോരു ചെടി സ്പര്‍ശിക്കുകയോ ഉപഭോഗം ചെയ്യുകയോ ചെയ്താല്‍ ഉപഭോക്താവില്‍ പ്രതികൂല പ്രതികരണത്തിനു കാരണമാകുന്നുവെങ്കില്‍ ആ ചെടിയില്‍ വിഷകരമായ ചില വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കാം. 

അത്തരം ചെടികളെല്ലാം ഭക്ഷിക്കാനോ രുചിക്കാനോ ലഭ്യമാകാതെ സൂക്ഷിക്കുന്നതു നല്ലതാണ്. നിങ്ങളുടെ പ്രിയപ്പെട്ട പട്ടിയോ, പൂച്ചയോ ഇത്തരം ചെടികള്‍  ഭക്ഷിക്കുകയോ രുചിക്കുകയോ ചെയ്യുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ താഴെ പറയുന്ന ചെടികള്‍ നിങ്ങളുടെ വീട്ടില്‍നിന്നും  അകറ്റിനിര്‍ത്താന്‍ ശ്രമിക്കുക! 

lily-plant
ലില്ലി

1. ലില്ലി

വിവിധ നിറത്തിലും രൂപത്തിലും മനോഹരമായ പൂക്കൾ വിരിയുന്ന ലില്ലിച്ചെടി  വീടിനകത്തും പുറത്തും ‌വളര്‍ത്തുന്ന, എല്ലാവർക്കും പ്രിയപ്പെട്ട സീസണല്‍ ചെടിയാണ്. എന്നാല്‍ ലില്ലി ഓഫ് ദി വാലിയും  (Lily of the valley) ലാമേ ലില്ലിയും (Gloriosa or Lame lily) പൂച്ചകള്‍ക്കും പട്ടികള്‍ക്കും വിഷകരമാണ്. പൂമ്പൊടി, പുഷ്പദളങ്ങള്‍, ഇലകള്‍, ബള്‍ബുകൾ എന്നിവയുള്‍പ്പടെ ചെടിയുടെ എല്ലാ ഭാഗങ്ങളും നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടകരമാണ്. ഒരുപക്ഷേ അവ കഴിക്കുകയാണെങ്കില്‍, ദഹനനാളത്തിലെ അസ്വസ്ഥത, വിഷാദം, അനാരോക്സിയ, വിറയല്‍  എന്നിവയ്ക്ക് കാരണമാകും.

dump-cane
ഡംബ് കേനേ

2. ഡംബ് കേനേ (Dumb cane)

ഡംബ് കേനേ അല്ലെങ്കില്‍ ഡിഫെന്‍ബാച്ചിയ എന്നറിയപ്പെടുന്ന ഈ ചെടി ഫിലോ‍ഡെൻഡ്രോൺ (Philodendron) എന്ന ചെടിയുമായി അടുത്ത ബന്ധമുണ്ട്. ഡംബ് കേനേ വിഷകരമാകനുള്ള പ്രധാന കാരണം അതില്‍  അടങ്ങിയിരിക്കുന്ന ഒക്സലേറ്റ് ക്രിസ്റ്റല്‍സ് ആണ്.

നേരിട്ടു സൂര്യപ്രകാശം കിട്ടാനിടയില്ലാത്ത സ്ഥലങ്ങളില്‍ ശക്തമായി വളരുമെന്നതിനാല്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട ഈ ചെടി ലിവിങ് റൂമിലും കിച്ചെനിലും എല്ലാം ഒരു പ്രധാന താരമാണ്. പക്ഷേ നിങ്ങളുടെ പൂച്ചയെയും പട്ടിയെയും ഈ ചെടിയുടെ അടുത്തുപോകാൻ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. ഒരുപക്ഷേ വളര്‍ത്തു മൃഗങ്ങള്‍ ഈ ചെടിയുടെ ഇലകളോ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗങ്ങള്‍ ഭക്ഷിച്ചാല്‍ വിഷത്തിന്റെ ലക്ഷണങ്ങള്‍ ഉടന്‍ തന്നെ പ്രകടമാകും. തൊണ്ട വേദന, വിശപ്പിലായ്മ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍  തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

oleander-plant
അരളി

3. അരളി  (Oleander)

ഇടതൂര്‍ന്നും വേഗത്തില്‍ വളരുന്നതുമായ അരളിച്ചെടി നോര്‍ത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഒരു കുറ്റിച്ചെടിയാണ്. കാണാന്‍ വളരെ ഭംഗിയുള്ളതും പല നിറത്തിലുള്ളതുമായ പുഷ്പങ്ങള്‍ ഉള്ളതുമായ അരളിച്ചെടി പക്ഷേ വളരെ വിഷമുള്ളതിനാല്‍ അതിന്റെ തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം, കുടല്‍, കണ്ണുകള്‍ എന്നിവയെ ബാധിക്കും. കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഇലയോ മറ്റ് ഭാഗങ്ങളോ ഭക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

snake-plant
സ്നേക് പ്ലാന്റ്

4. സ്നേക് പ്ലാന്‍റ്  (Snake Plant)

കണ്ടാല്‍ വാള്‍ പോലെ കൂര്‍ത്തിരിക്കുന്നതും നടുവിൽ പച്ചയും മഞ്ഞ ബോര്‍ഡര്‍ നിറത്തോടും കൂടിയുള്ള സ്നേക് പ്ലാന്റ്, അധിക പരിപാലനം 

ആവശ്യമില്ലാത്ത ചെടി തേടുന്ന ആളുകള്‍ക്ക് പ്രിയങ്കരമാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഒരു ചെടിയാണിത്. എന്നാല്‍ സ്നേക് പ്ലാന്റിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ കഴിച്ചാല്‍ നേരിയ വിഷബാധയുണ്ടാകും. പ്രതേകിച്ച് പൂച്ചകള്‍ക്ക്. വലിയ അളവില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ  കൂടാതെ ചെടിയിലുള്ള വിഷം മൃഗങ്ങള്‍ക്ക് മരവിപ്പിക്കുന്ന പ്രതീതി ഉണ്ടാക്കുകയും അത് നാവും തൊണ്ടയും വീര്‍ക്കാനും ശ്വസന തടസത്തിന് കാരണമാകുകയും ചെയ്യും.

pothos
മണി പ്ലാന്റ്

5. മണി പ്ലാന്‍റ്  (Pothos)

മലയാളികള്‍ക്ക് പ്രത്യേകിച്ച് യാതൊരു വിശേഷണവും ആവശ്യമില്ലാത്തൊരു ചെടിയാണ് മണി പ്ലാന്റ്. ഈ ചെടി ചെറിയ തോതില്‍ മൃഗങ്ങള്‍ക്ക് 

ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. ശ്വാസം മുട്ടല്‍, വായുടെയും നാവിന്റെയും വീക്കം, ശ്വസന തടസം, വയറു വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു.

Spathiphyllum
പീസ് ലില്ലി

6. പീസ് ലില്ലി (Spathiphyllum)

പീസ് ലില്ലി അല്ലെങ്കില്‍ സ്പാത്തിഫിലത്തിന് ലില്ലി എന്നു പേരുണ്ടെങ്കിലും ലില്ലിയെസിയെ (Liliaceae) കുടുംബത്തിലെ അംഗമല്ല. പല തരത്തിലുള്ള 

പീസ് ലില്ലിയുണ്ടെങ്കിലും മോന ലോയ ലില്ലി (Mauna Loa lili) വളരെ സാധാരണയായി കാണപ്പെടുന്ന ഇന്‍ഡോര്‍ പ്ലാന്റ് ആണ്.

തണൽ ഇഷ്ടപ്പെടുന്ന സസ്യങ്ങളായതിനാല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കും സൂര്യപ്രകാശം അധികം ഏല്‍കാത്ത മുറികള്‍ക്കും അനുയോജ്യമായ ഒരു ചെടിയാണിത്. അതിനാല്‍ത്തന്നെ വായു ശുദ്ധീകരണത്തിന് ഏറ്റവും മികച്ച ചെടികളിലൊന്നാണ് പീസ് ലില്ലി. 

പൂച്ചകളുടെയും പട്ടികളുടെയും ഉള്ളില്‍ ഈ ചെടിയുടെ ഇല ചെന്നാല്‍ ചുണ്ടുകള്‍, വായ, നാക്ക് എന്നിവ വീര്‍ക്കാനും ഭക്ഷണം വിഴുങ്ങാനുള്ള  ബുദ്ധിമുട്ടും അനുഭവപ്പെടും. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

Aloe-Vera
കറ്റാർവാഴ

7. കറ്റാര്‍ വാഴ (Aloe Vera)

ഔഷധ ഗുണങ്ങള്‍ക്ക് പേരുകേട്ട കറ്റാര്‍ വാഴ, സൂര്യാതപം മുതല്‍ ചര്‍മരോഗങ്ങള്‍ വരെ ചികിത്സിക്കാന്‍ ഉപയോഗപ്രദമായ സസ്യമാണ്.  എന്നാൽ, മാംസളമായ ഇതിന്‍റെ ഇലകള്‍ പൂച്ചകള്‍ക്കും നായ്കള്‍ക്കും നേരിയ വിഷബാധ ഉണ്ടാക്കും. ഇതിനു കാരണം കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന 

anthraquinone glycocides ആണ്. ഇതുമൂലം മല വിസര്‍ജനം വർധിക്കുകയും കുടലിലെ ബാക്ടീരിയയെ ഉത്തേജിപ്പിച്ചു ശ്ലേഷ്‌മം (mucus) ഉണ്ടാകുന്നതുമൂലം വയറിളക്കത്തിനും കാരണമാകുന്നു. അതു കൂടാതെ ഛര്‍ദ്ദിയും പിരിമുറുക്കവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 

lucky-bamboo
ലക്കി ബാംബൂ

8. ലക്കി ബാംബൂ (Lucky Bamboo)

മണ്ണിലും വെള്ളത്തിലും എളുപ്പത്തില്‍ വളരുന്ന ലക്കി ബാംബൂ കാഴ്ചയില്‍ മുളപോലെ കാണുമെങ്കിലും ഒരു യഥാര്‍ഥ മുളയല്ല, എങ്കിലും തണ്ടുകള്‍ക്ക്  സമാനമായ രൂപമുണ്ട്. നേര്‍ത്ത ഇലകളും ഇളം പച്ച നിറത്തിലുള്ള തണ്ടുകളോടും കൂടിയ ഈ ചെടി അധിക പരിചരണമില്ലാതെ ലിവിങ് റൂമിലും മറ്റും നന്നായി വളർത്താം. ലക്കി ബാംബൂ പൂച്ചകള്‍ക്കും നായ്കള്‍ക്കും ദോഷകരമാണ്. ഇത് കഴിക്കുകയാണെങ്കില്‍ വയറുവേദന, അമിതമായ നീര്‍വീക്കം എന്നിവ കൂടാതെ ഹൃദയമിടിപ്പ് വര്‍ധിക്കാനും കാരണമായേക്കാം.

Philodendron
ഫിലോഡെൻഡ്രോൺ

9. ഫിലോഡെൻഡ്രോൺ (Philodendron)

അപ്പാര്‍ട്ട്‌മെന്റുകളിലും, ലിവിങ് റൂമിലും അധികം സൂര്യപ്രകാശമില്ലാത്തിടത്തും വളര്‍ത്താന്‍ എളുപ്പമുള്ള വീട്ടുചെടികളില്‍ ഒന്നാണ് ഫിലോഡെൻഡ്രോൺ. കാത്സ്യം ഓക്സലറ്റ് ക്രിസ്റ്റല്‍സ് അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണ് ഈ ചെടി.

ഈ ചെടിയുടെ ഇലകള്‍ കുട്ടികള്‍ ഭക്ഷിച്ചാല്‍ ദഹനനാളത്തിലും വായ്കകത്തും വീക്കമുണ്ടാകുന്നതായി കാണുന്നു. എന്നാല്‍ വളര്‍ത്തു മൃഗങ്ങളിൽ, പ്രതേകിച്ചു പൂച്ചകളില്‍ കൂടുതല്‍  ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാണപ്പെടുന്നു. ശരീര വേദന, മലബന്ധം, നീര് തുടങ്ങിയവ ലക്ഷണങ്ങളാണ്.

caledium-1
കലേഡിയം

‌10. കലേഡിയം (Caladium)

വിവിധ നിറങ്ങളില്‍ ചേമ്പില രൂപത്തില്‍ മലയാളികളുടെ പൂന്തോട്ടങ്ങള്‍ അലങ്കരിക്കുന്ന ഒരു ചെടിയാണ് കലേഡിയം. ആനച്ചെവിയെന്നും 

(Elephant’s ear) മാലഖയുടെ ചിറകുകള്‍ (Angels wings) എന്നൊക്കെയും കലേഡിയം അറിയപ്പെടുന്നു.

കലേഡിയം കുറഞ്ഞ വെളിച്ചത്തില്‍ നന്നായി വളരും. മാത്രമല്ല രസകരമായ പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങൾക്കും ഒരുപോലെ വിഷകരമാണ്. വായിലും, തൊണ്ടയിലും, നാക്കിലും വീക്കമുണ്ടാകുകയും ശ്വസനതടസ്സവും ആണ് മനുഷ്യരില്‍ കാണുന്ന ലക്ഷണങ്ങള്‍. ഓക്കാനം, ഛർദ്ദി, ശ്വസനതടസ്സം തുടങ്ങിയവ  പൂച്ചയിലും നായ്കളിലും കാണപ്പെടുന്നു.

അധ്യാപകനും ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് സ്കോളറും ആണ് ലേഖകൻ

English summary: 10 Plants Poisonous to Pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com