അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും തകർത്തെറിയുന്നത് മിണ്ടാപ്രാണികളുടെ ജീവിതം

dog
image courtesy shutterstock
SHARE

അറിവുകൾ ഏറെയുണ്ടെങ്കിലും പലപ്പോഴും കാർഷിക മേഖല അന്ധവിശ്വാസങ്ങൾക്കു പിന്നാലെയും സ‍ഞ്ചരിക്കാറുണ്ട്. വീട്ടിലേക്ക് വന്നു കയറുന്ന നായ്ക്കൾ വീടിന് കൊള്ളില്ലെന്നും വാലിന്റെ അറ്റത്ത് പുള്ളിയുള്ള നായ്ക്കളെ വളർത്താൻകൊള്ളില്ലെന്നും വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും അസുഖം വരുന്നത് ആരെങ്കിലും കണ്ണുവച്ചതുകൊണ്ടാണെന്നുമൊക്കെയുള്ള ചിന്തകൾ ഒട്ടേറെ പേരുടെ ഉള്ളിലുണ്ട്. ആരെങ്കിലും കണ്ണുവച്ചാൽ ഇല്ലാതാവുന്നതാണോ വളർത്തുമൃഗങ്ങളുടെ ആരോഗ്യം?

ഏതൊരു വളർത്തുമൃഗവും ആരോഗ്യത്തോടെയിരിക്കണമെങ്കിൽ അവയെ വളർത്തുന്ന ചുറ്റുപാടുകൾ നന്നായിരിക്കണം. കൂടും പരിസരവും ഈർപ്പരഹിതവും വായൂസഞ്ചാരം ഉള്ളതുമായിരിക്കണം. വളർത്തുന്ന പശുക്കളെയും ആടുകളെയുമെല്ലാം ആരും കാണാൻ പാടില്ലെന്ന രീതിയിൽ നാലു വശവും അടച്ചു സംരക്ഷിക്കുന്ന കർഷകരുണ്ട്. എന്നാൽ, മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന ഷെഡ്ഡിലേക്ക് ശുദ്ധമായ വായു കടക്കുന്നില്ലെങ്കിൽ അതിനുള്ളിലെ ജീവികളുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങും. കാരണം, അവയുടെ വിസർജ്യങ്ങളിൽനിന്നുള്ള അമോണിയ ഉൾപ്പെടെയുള്ള വാതകങ്ങൾ ഉള്ളിൽ നിറഞ്ഞുനിൽക്കും. അത് ശ്വസിക്കുന്നതുവഴിയാണ് ജീവികൾക്ക് അസുഖങ്ങൾ പിടിപെടുക. അതുകൊണ്ടുതന്നെ വായൂസഞ്ചാരമുള്ള ഷെഡ്ഡുകളായിരിക്കണം ഏതൊരു വളർത്തുജീവിക്കും ആവശ്യം.

rabbit

അതിവേഗം അസുഖങ്ങൾ പിടിപെടാവുന്ന ഒരു വളർത്തുമൃഗമാണ് മുയൽ. കോക്സീഡിയോസിസ്, പാസ്ചുറല്ലോസിസ്, മണ്ഡരി, പാദവൃണം തുടങ്ങിയവയാണ് പ്രധാനമായും മുയലുകൾക്ക് പിടിപെടാവുന്ന അസുഖങ്ങൾ. ഇതിൽത്തന്നെ കോക്സീഡിയോസിസ്, പാസ്ചുറല്ലോസിസ് എന്നിവ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാതെയുള്ള മരണങ്ങൾക്കു കാരണമാകും. ഇത് കണ്ണുവച്ചതുമൂലം ഉണ്ടാകുന്നതാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതുപോലെതന്നെയുള്ള തെറ്റിദ്ധാരണയാണ് അമ്മമുയൽ അതിന്റെ കുഞ്ഞുങ്ങൾക്ക് സ്വയം മുലയൂട്ടില്ല എന്നുള്ളത്. പെറ്റ് എന്ന രീതിയിൽ വളർത്തുന്നവരുടെ ഇടയിലാണ് ഇത്തരം തെറ്റിദ്ധാരണകളുള്ളത്. മുയലുകൾ പൊതുവെ രാത്രിയിലാണ് കുഞ്ഞുങ്ങൾക്കു പാൽ നൽകുക എന്നതും നായ്ക്കളെയും പൂച്ചകളെയും പോലെ സദാസമയം കുഞ്ഞുങ്ങളുടെ അടുക്കൽ കിടക്കില്ല എന്നതും പലർക്കും അറിയില്ല. വൃത്തിയുള്ള  കൂട്, വായുസഞ്ചാരം, നല്ല ഭക്ഷണം തുടങ്ങിയവയാണ് മുയലുകളുടെ ആരോഗ്യത്തിന്റെ അടിത്തറ.

നായ്ക്കൾ ആരെയും കാണാതെ വളർന്നെങ്കിൽ മാത്രമേ ശൗര്യമുള്ളവരാകൂ എന്നു കരുതുന്നവരേറെയുണ്ട്. എന്നാൽ, ആരെയും കാണാതെ ഒളിച്ചു പാർപ്പിക്കുമ്പോൾ ശൗര്യത്തേക്കാളുപരി ഭയം ആകും നായ്ക്കളിൽ രൂപപ്പെടുക. കുടുംബാംഗങ്ങളെയും അപരിചിതരെയും തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ നായ്ക്കൾ പ്രാപ്തരാകണമെങ്കിൽ എല്ലാം കണ്ടും കേട്ടും വളരാൻ അവർക്ക് കഴിയണം. അല്ലാത്തപക്ഷം എപ്പോഴും ഭയം മാത്രമേ അവരിലുണ്ടാകൂ.

പശുവിന്റെ പാലിന്റെ അളവ് പുറത്തു പറയാൻ മടിക്കുന്നവർ, പശുക്കളെ പുറത്തേക്കിറക്കാൻ മടിക്കുന്നവർ, ഫാമിലേക്ക് ആരെയും പ്രവേശിപ്പിക്കാൻ മടിക്കുന്നവർ എന്നിങ്ങനെ അബദ്ധധാരണകൾ ഏറെയുണ്ട്. അതേസമയം, രോഗാണുക്കൾ ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ മുൻകരുതൽ എന്ന രീതിയിൽ പ്രവേശനം വിലക്കുന്നതിനെ അബദ്ധധാരണ എന്നു പറയാൻ കഴിയില്ല. അതൊരു മുൻകരുതലാണ്...

വളർത്തുജീവികളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഡോ. മരിയ ലിസ മാത്യുവിന്റെ വിഡിയോ കാണാം

English summary:  Livestock Animals and Misbeliefs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA