ADVERTISEMENT

ആറ്റുനോറ്റു വളർത്തിയ താറാവുകളെ കൊന്നൊടുക്കേണ്ടിവരുന്നത് വേദനയോടെ നോക്കിനിൽക്കുകയാണ് ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ കർഷകർ. ഓരോ താറാവിനെയും പിടിച്ച് കഴുത്തൊടിച്ച് ചാക്കിൽക്കെട്ടുമ്പോൾ ഉള്ളു പിടഞ്ഞ് നോക്കിനിൽക്കാനേ കർഷകർക്ക് ആവുന്നുള്ളൂ. ഇങ്ങനെ കൊന്നൊടുക്കുന്ന താറാവുകളെ കത്തിച്ചാണ് മറവ് ചെയ്യുന്നത്. 

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ തകഴി പ​ഞ്ചായത്തിലെ പത്താം വർഡിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവുചെയ്യാനുള്ള നടപടി ഇന്നലെ വൈകുന്നേരം തുടങ്ങി. ഇന്നലെ മാത്രം 12,500 താറാവുകളെ നശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദ്രുതപ്രതികരണ സംഘമാണ് നശിപ്പിച്ചത്.

bird-flu-2
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം ആലപ്പുഴയിലെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ ധ്രുത പ്രതികരണ സംഘം താറാവുകളെ കൊന്ന് ചാക്കിലാക്കുന്നു

അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി ആലപ്പുഴയിലെ താറാവ് കർഷകരെ മാത്രമല്ല പ്രതിസന്ധിയിലാക്കുന്നത്. കോഴി, അലങ്കാരപ്പക്ഷി വളർത്തൽ മേഖലയിലൂടെ വരുമാനം നേടുന്നവരും പ്രതിസന്ധിയിലാകും. ദേശാടനപ്പക്ഷികൾ രോഗവാഹകരാകുന്നതുകൊണ്ടുതന്നെ രോഗം വരാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക പ്രായോഗികവുമല്ല. അതുകൊണ്ടുതന്നെ ദേശാടനപ്പക്ഷികൾ കൂടുതലായി എത്തുന്ന സമയങ്ങളിൾ താറാവ്, കോഴി, മറ്റു പക്ഷിവളർത്തൽ കേന്ദ്രങ്ങളിൽ ജൈവസുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിരിക്കണം.

bird-flu
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം ആലപ്പുഴയിലെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ ധ്രുത പ്രതികരണ സംഘം താറാവുകളെ കൊല്ലുന്നതിനായി തയാറെടുക്കുന്നു

വാഹകരായ ദേശാടനപ്പക്ഷികളുടെ ശ്വസനനാളത്തിലും അന്നനാളത്തിലുമെല്ലാമാണ് വൈറസുകൾ വാസമുറപ്പിക്കുക. വൈറസിന്റെ വ്യാപനത്തിലും നിലനിൽപ്പിലും പരിണാമത്തിലും എല്ലാം വലിയ പങ്കുള്ള ഇത്തരം പക്ഷികളിൽ വൈറസുകൾ രോഗമുണ്ടാക്കില്ല. എന്നാൽ, ഈ പക്ഷികളുടെ സ്രവത്തിലൂടെയും കാഷ്ഠത്തിലൂടെയും വൈറസുകൾ പുറന്തള്ളപ്പെടും. ഈ സ്രവവുമായും കാഷ്ഠവുമായും സമ്പർക്കം വരുമ്പോഴാണ് രോഗം പിടിപെടുക.  ദേശാടനപ്പക്ഷികൾ കൂടുതലായി എത്തുന്ന ജലാശയങ്ങളിൽ ഇറങ്ങുന്നതിനാലാവാം താറാവുകളിൽ രോഗം അതിവേഗം പടരുന്നത്. കൂട്ടത്തോടെയുള്ള വാസമായതിനാൽ അതിവേഗം പടരുകയും ചെയ്യും. തുടർച്ചയായി പക്ഷിപ്പനി പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ താറാവുവളർത്തൽ മേഖലതന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്കെത്തും.

നിലവിൽ കൊന്നു മറവ് ചെയ്യുന്ന 2 മാസത്തിനു മുകളിൽ പ്രായമുള്ള താറാവൊന്നിന് 200 രൂപയും അതിൽ താഴെയുള്ളതിന് 100 രൂപയും മുട്ടയ്ക്ക് 5 രൂപയും വീതം നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് ആശ്വാസമാണ്. 

bird-flu-3
ചത്തുകിടക്കുന്ന താറാവുകൾ

അതിവേഗ രോഗനിർണയത്തിന്റെ അപര്യാപ്തത

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയ്ക്കു മുകളിലായി. തിരുവല്ല മാഞ്ഞാടിയിൽ പ്രാഥമിക പരിശോധനയ്ക്കെത്തിയ സാംപിളുകൾ പിന്നീട് തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിലേക്കും അവിടെനിന്ന് ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ എത്തിയശേഷമാണ് രോഗനിർണയം നടന്നത്. ഇതിനുവന്ന കാലതാമസം രോഗവ്യാപനത്തിനു കാരണമായിട്ടുണ്ട്. അതിനാൽ, പക്ഷിപ്പനി ഭീഷണി സ്ഥിരമായുള്ള ആലപ്പുഴയിൽ അതിവേഗ രോഗനിർണയത്തിനുള്ള സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി രോഗനിർണയത്തിനുള്ള കാലതാമസം ഒഴിവാക്കാനും തന്മൂലം രോഗവ്യാപനം തടയാനും സാധിക്കും.

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താറാവും കോഴിയും കാടയും ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിൽപനയും നിർത്തിവയ്ക്കാൻ കലക്ടർ എ. അലക്സാണ്ടർ ഉത്തരവിട്ടിട്ടുണ്ട്. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് നിയന്ത്രണം.

English summary: Avian Influenza Outbreak: Culling Started in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com