പരിചയമില്ലാത്തിടത്ത് ഉടമയെ തേടി അലഞ്ഞു, ഒടുവിൽ വാഹനം തട്ടി മരണം: എന്തേ മനുഷ്യരിങ്ങനായി?

pet-dog
പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം വാഹനമിടിച്ച് മരണപ്പെട്ട നായ
SHARE

എന്തിന് എന്നെ ഇത്ര നാളും വളർത്തി? എന്തിനെന്നേ ഉപേക്ഷിച്ചു? ആ നായ്ക്കുട്ടി ഇങ്ങനെ ചിന്തിച്ചിരിക്കാം. കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂരിൽ വാഹനമിടിച്ച് ജീവൻ നഷ്ടപ്പെട്ട നായയുടെ ചിത്രമാണ് മുകളിലുള്ളത്. നല്ല പ്രായത്തിൽ ഉടമകളുടെ സ്നേഹവും പരിലാളയും ലഭിച്ചുവളർന്നശേഷം പെട്ടെന്നൊരു ദിനം അനാഥനായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട നായ്ക്കളിലെ ഒരു പ്രതിനിധി. സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായയെ ഉടമകൾ വഴിയിൽ ഉപേക്ഷിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിലാണ് നായ മരണപ്പെട്ടത്. പൊതുവഴി പരിചയമില്ലാത്തതുകൊണ്ടുതന്നെ വാഹനങ്ങൾ കണ്ടപ്പോൾ പരിഭ്രാന്തനാവുകയും ഇതേത്തുടർന്നുണ്ടായ പരക്കംപാച്ചിലിനൊടുവിൽ ഒരു വാഹനത്തിന്റെ അടിയിൽ ജീവൻ ഹോമിക്കേണ്ടിവരികയും ചെയ്ത ഒരു സാധു മൃഗം. ഒരു താൽപര്യത്തിന്റെ പുറത്ത് വാങ്ങുകയും താൽപര്യം കെട്ടടങ്ങിയാൽ ഉപേക്ഷിക്കുകയും ചെയ്യാനുള്ളതാണോ ഇത്തരത്തിലുള്ള ഓരോ സാധു ജീവികളും?

മനുഷ്യരുമായി ഏറ്റവുമാദ്യം ചങ്ങാത്തംകൂടിയ ജീവികളാണ് നായ്ക്കൾ. മറ്റൊരു ജീവിവർഗത്തിനുമില്ലാത്ത വൈകാരികമായ അടുപ്പം നായ്ക്കൾക്ക് തന്റെ ഉടമയോടുണ്ട്. അതുകൊണ്ടുതന്നെ ഉടമയുടെ പരിലാളനകൾ ഏറ്റുവാങ്ങി, ഉടമയ്ക്കും കുടുംബത്തിനുംവേണ്ടി ജീവിച്ച നായയ്ക്ക് പെട്ടെന്നൊരു ദിവസം അതെല്ലാം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വൈകാരികമായ ബുദ്ധിമുട്ടുകൾ നിസാരവൽകരിക്കാൻ കഴിയില്ല. ഉടമ മരണപ്പെട്ടതിനെത്തുടർന്ന് ഊണും ഉറക്കവുമില്ലാതെ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ കിടന്ന നായ അടുത്തിടെ കേരളത്തിലെ ഒട്ടേറെ മനസുകളെ പിടിച്ചുലച്ചതാണ്. അതുകൊണ്ടുതന്നെ പെട്ടെന്നൊരു ദിവസം ആരുമില്ലാതാകുമ്പോൾ ജീവിക്കാൻ കഴിഞ്ഞെന്നുവരില്ല അവർക്ക്. ഇത്തരത്തിൽ വാഹനങ്ങൾക്കടിയിലോ പട്ടിണികിടന്നോ രോഗം പിടിപെട്ടോ മറ്റു നായ്ക്കളുടെ ആക്രമണങ്ങൾകൊണ്ടോ ക്രമേണ ജീവൻ നഷ്ടപ്പെടും.

abandoned-dog-ktm
കോട്ടയം വടവാതൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ (ഫയൽ ചിത്രം)

ആരാണ് കുറ്റക്കാർ?

നായ്ക്കളെ വാങ്ങുന്നതിനു മുൻപ് അതിനെ അതിന്റെ ജീവിതകാലം മുഴുവൻ നോക്കാൻ തനിക്ക് കഴിയുമോ എന്ന് ഓരോ വ്യക്തിയും ചിന്തിച്ചിരിക്കണം. അതിനു കഴിയില്ലെന്നുണ്ടെങ്കിൽ മുളയിലെ ആ ആഗ്രഹം നുള്ളിക്കളഞ്ഞിരിക്കണമെന്ന് മൃഗക്ഷേമപ്രവർത്തകനായ ജിനേഷ് രാമചന്ദ്രൻ പറയുന്നു. നായയെ വളർത്തണമെന്നുള്ള ആഗ്രഹംകൊണ്ട് മാത്രം അവയെ മുന്നോട്ട് പരിചരിക്കാൻ കഴിയില്ല. നല്ല ഭക്ഷണം, വ്യായാമം, പരിചണം എന്നിങ്ങനെ നിത്യേന ഒട്ടേറെ കാര്യങ്ങൾ ഓരോ നായയ്ക്കും പിന്നിലുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ നിർബന്ധപ്രകാരം നായ്ക്കളെയോ മറ്റ് അരുമജീവികളെയോ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്.

കോവിഡിന്റെ തുടക്കത്തിൽ ഒട്ടേറെ പേർ നായ്ക്കളെ വാങ്ങി വളർത്തിത്തുടങ്ങി. അടച്ചിരിപ്പിന്റെ കാലത്ത് വിരസത അകറ്റാനും കുട്ടികൾക്കു കളിക്കാനുമെല്ലാമായാണ് പലരും അരുമജീവികളെ സ്വന്തമാക്കിയത്. കോവിഡ് ഇളവുകൾ ആരംഭിച്ചപ്പോൾ മുതൽ മുന്തിയ ഇനം നായ്ക്കൾ പലതും റോഡിലെത്തി. വീട്ടിൽനിന്ന് തനിയെ പുറത്തിറങ്ങിയതല്ല, ഉടമകൾ ഉപേക്ഷിച്ചതാണ്. ലാബ്രഡോർ, റോട്ട് വെയ്‌ലർ, ഡോബർമാൻ, സ്പിറ്റ്സ്, ഗോൾഡൻ റിട്രീവർ, ഡാഷ്ഹണ്ട് എന്നിങ്ങനെ തെരുവിലെത്തിയ നായ ഇനങ്ങളുടെ പട്ടിക നീളും. സ്കൂൾ കൂടി തുറന്നപ്പോൾ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം വീണ്ടും കൂടി.

dog-222
ഉടമ ഉപേക്ഷിച്ചതിനെത്തുടർന്ന് അവശനിലയിലായ നായ്ക്കൾ

എന്ത് ചെയ്യണം?

നായ്ക്കളെ വളർത്താനും വളർത്താതിരിക്കാനും അവകാശമുണ്ടെന്ന് വാദിക്കാമെങ്കിലും സമൂഹത്തോടുള്ള കടമ ഓരോ വ്യക്തിക്കുണ്ടെന്നുള്ള കാര്യം വിസ്മരിക്കാൻ കഴിയില്ല. ഇനി നായ്ക്കളെയോ മറ്റു ജീവികളെയോ ഉപേക്ഷിക്കാതിരിക്കാൻ കഴിയില്ലെങ്കിൽ അതിനും ഇന്ന് മാർഗങ്ങളേറെയുണ്ട്. ജന്തുക്ഷേമ സംഘടനകൾ ഇന്ന് മിക്ക ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. അവർക്കെല്ലാം സമൂഹമാധ്യമ കൂട്ടായ്മകളുമുണ്ട്. നായ്ക്കളെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ ഇത്തരം സംഘടനകളുടെ സഹായം തേടാവുന്നതാണ്. അതിലൂടെ ഉചിതമായ കരങ്ങളിൽ അവയെ എത്തിക്കാനും കഴിയും. തെരുവിലേക്ക് ഇറക്കിവിട്ടാൽ 75 ശതമാനവും മരണമായിരിക്കും ആ അരുമകളെ തേടിയെത്തുക.

എല്ലാറ്റിനുമുപരി, വാങ്ങുന്നതിനു മുൻപേ ചിന്തിക്കുക തനിക്ക് ഒരു നായയെ പോറ്റാനുള്ള കഴിവുണ്ടോ? അർഹതയുണ്ടോ? താൽപര്യമുണ്ടോ?  ഉണ്ടെന്ന് ഉറച്ച ബോധ്യമുണ്ടെങ്കിൽ മാത്രം അവയെ കൂടെ കൂട്ടാം. ഒരിക്കലും ചതിക്കാത്ത ചങ്കായി അവർ എപ്പോഴും കൂടെ കാണും.

English summary: Increase in number of pet dogs being abandoned

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA