കണ്ടാല്‍ പേടി തോന്നുമെന്നേയുള്ളൂ, പാവങ്ങളാ: ഭയം വേണ്ട അമേരിക്കന്‍ ബുള്ളിയോട്

HIGHLIGHTS
  • ദക്ഷിണേന്ത്യയിലെ ആദ്യ അമേരിക്കന്‍ ബുള്ളി ക്ലബ് കേരളത്തില്‍
  • മാറ്റിനിര്‍ത്തപ്പെടുന്ന ഒരു നായവിഭാഗമാണ്
american-bully-1
ചിത്രങ്ങൾക്ക് കടപ്പാട് അമേരിക്കൻ ബുള്ളി ക്ലബ്
SHARE

ഒറ്റ നോട്ടത്തില്‍ ആരും ഒന്നു ഭയക്കും. മസിലും പെരുപ്പിച്ചുള്ള ആ നില്‍പ്പും, അസാമാന്യ വലുപ്പമുള്ള തലയും രൂക്ഷമായ നോട്ടവും മാത്രം മതി അമേരിക്കന്‍ ബുള്ളി എന്ന ഈ ബ്രീഡിനെ അടുത്തറിയാത്തവരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍. എന്നാല്‍, കാഴ്ചയില്‍ മാത്രമേ ഈ ഭീകരത്വമുള്ളൂ, ഏറ്റവും വിശ്വസ്തനായ കംപാനിയന്‍ നായ്ക്കളുടെ കൂട്ടത്തിലാണ് അമേരിക്കന്‍ ബുള്ളിയെന്ന ഈ ബ്രീഡിന്റെ സ്ഥാനം. പേര് പോലെ തന്നെ ആള്‍ വിദേശിയാണ്. 1990കളില്‍ അമേരിക്കയിലാണ് ഇത്തരമൊരു ബ്രീഡിന്റെ തുടക്കം. ഒന്നരയടി ഉയരവും മസില്‍ വിരിച്ചുള്ള നില്‍പ്പുമായി ഇന്ന് കേരളത്തിലെ നായപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് കക്ഷി. പിറ്റ് ബുള്‍ ഇനം നായ്ക്കളോടുള്ള രൂപസാദൃശ്യം കൊണ്ടുതന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ബ്രീഡാണ് അമേരിക്കന്‍ ബുള്ളി. അമേരിക്കന്‍ ബുള്ളികള്‍ അപകടകാരികളാണെന്നും അവയെ വളര്‍ത്താന്‍ കഴിയില്ലെന്നുമൊക്കെയുള്ള അബദ്ധധാരണകളാണ് പ്രചരിക്കുന്നത്. 

american-bully

എന്നാല്‍, ഈ തെറ്റിദ്ധാരണകള്‍ക്ക് വിരാമമിടുക, അമേരിക്കന്‍ ബുള്ളിയെന്ന ബ്രീഡിന് അര്‍ഹിക്കുന്ന സ്ഥാനവും പ്രചാരവും നേടിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൊച്ചി ആസ്ഥാനമായി കേരളത്തിലെ ആദ്യത്തെ അമേരിക്കന്‍ ബുള്ളി ക്ലബ് ആയ 'അമേരിക്കന്‍ ബുള്ളി റജിസ്റ്ററി ക്ലബ്' (ABRC) രൂപം കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ അമേരിക്കന്‍ ബുള്ളി ക്ലബ് കൂടിയാണ് ABRC . തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള കേരളത്തിലെ എല്ലാ അമേരിക്കന്‍ ബുള്ളി ഉടമകളെയും ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഒരു ക്ലബ് രൂപീകരിച്ചിരിക്കുന്നത്. നാളിതുവരെ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അമേരിക്കന്‍ ബുള്ളി ഉടമകളുടെ കൂട്ടായ്മ ഒരു അംഗീകൃത ക്ലബ്ബിന്റെ ഫോര്‍മാറ്റിലേക്ക് മാറുമ്പോള്‍ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും നിരവധിയാണ്. 

american-bully-4

'നിലവില്‍ കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത, KCI  ഷോകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ലാത്ത, മാറ്റിനിര്‍ത്തപ്പെടുന്ന ഒരു നായവിഭാഗമാണ് അമേരിക്കന്‍ ബുള്ളികള്‍. അമേരിക്കന്‍ ബുള്ളി മാത്രമല്ല, പിറ്റ്ബുള്ളും ഈ ഗണത്തിലാണുള്ളത്. അമേരിക്കന്‍ ബുള്ളി എന്നത് ഒരു എക്‌സോട്ടിക്ക് ബ്രീഡാണ്. അതുപോലെ തന്നെ നല്ലൊരു കംപാനിയന്‍ ഡോഗുമാണ്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ ഒരു ക്ലബ് രൂപീകരിക്കുമ്പോള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത് അമേരിക്കന്‍ ബുള്ളി എന്ന ബ്രീഡിന് കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കുക, ഷോകളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കുക, ബ്രീഡിനെപ്പറ്റി പ്രചാരത്തിലിരിക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റുക എന്നതൊക്കെയാണ്. ഇതിനായി സെമിനാറുകളും ക്ലാസുകളും പദ്ധതിയിടുന്നുണ്ട്' അമേരിക്കന്‍ ബുള്ളി റജിസ്റ്ററി ക്ലബ് സെക്രട്ടറി അഡ്രിന്‍ പറയുന്നു. 

അമേരിക്കന്‍ ബുള്ളി റജിസ്റ്ററി ക്ലബ് അംഗത്വത്തിലൂടെ നായ്ക്കള്‍ക്ക് പാരന്റ് ലൈനേജ് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുക, ഉടമകള്‍ക്ക് അംഗത്വ കാര്‍ഡ് നല്‍കുക, ഒരു വര്‍ഷത്തെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്  എന്നിവയൊക്കെയാണ് ലഭിക്കുന്നത്. പാര്‍വോ വൈറസ് ബാധ വരെ ഉള്‍പ്പെടുത്തിയാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്. 

american-bully-2

ആരാണ് യഥാര്‍ഥത്തില്‍ അമേരിക്കന്‍ ബുള്ളികള്‍ ?

1990കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ പിറവികൊണ്ട ഒരു നായ വിഭാഗമാണ് അമേരിക്കന്‍ ബുള്ളികള്‍. പല ബ്രീഡുകളുടെ സങ്കരമാണ് അമേരിക്കന്‍ ബുള്ളികള്‍ എന്നതിനാല്‍ത്തന്നെയാണ് ഈ ബ്രീഡിന് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്തത്. എന്നാല്‍, ഇപ്പോള്‍ അമേരിക്കന്‍ ബുള്ളികള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ അര്‍ഹിക്കുന്ന സ്ഥാനം തങ്ങളുടെ നായ്ക്കള്‍ക്ക് ലഭിക്കണം എന്നാണ് അമേരിക്കന്‍ ബുള്ളി ഉടമകളും പറയുന്നത്. മറ്റ് നായ് വിഭാഗങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ ബുള്ളികള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്. 

വളര്‍ത്തുന്ന ഉടമകളുടെ ആവശ്യം, വീട്ടിലെ സ്ഥലപരിമിതി, പരിചരിക്കാനുള്ള കഴിവ് എന്നിവയെല്ലാം കണക്കിലെടുത്ത് പല വലുപ്പത്തിലുള്ള അമേരിക്കന്‍ ബുള്ളികളെ വാങ്ങാന്‍ കഴിയും. സ്റ്റാന്‍ഡേര്‍ഡ് സൈസ്, പോക്കറ്റ് സൈസ്, മൈക്രോ മിനി, എക്‌സ് എല്‍ അങ്ങനെ പല സൈസുകളില്‍ ഈ നായവിഭാഗം ലഭ്യമാണ്. മറ്റേതു നായ വിഭാഗമാണെങ്കിലും ഒരേ സൈസില്‍ മാത്രമാണ് നായ്ക്കള്‍ ഉണ്ടാകുകയുള്ളൂ. ഇത്തരത്തില്‍ വളര്‍ത്തുന്നവ്യക്തിയുടെ താല്‍പര്യം അനുസരിച്ച് ഏതു വലുപ്പത്തില്‍ വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരേയൊരു ബ്രീഡ് അമേരിക്കന്‍ ബുള്ളിയാണ്. കുട്ടികളുമായി വേഗത്തില്‍ കളിത്തോഴരാകുന്ന അമേരിക്കന്‍ ബുള്ളി സൗകര്യാര്‍ഥം വീടിനകത്തും പുറത്തുമായി വളര്‍ത്താവുന്ന ഇനമാണ്.

ശക്തമായ രൂപവും സൗഹൃദമില്ലാത്ത മുഖവും ഉണ്ടെങ്കിലും വിശ്വസ്തനും മാന്യനും ശാന്തനുമാണ് അമേരിക്കന്‍ ബുള്ളികള്‍. കുട്ടികളുമായും മറ്റു വളര്‍ത്തുമൃഗങ്ങളുമായും നന്നായി ഇണങ്ങുന്നവരാണ് അമേരിക്കന്‍ ബുള്ളികള്‍. ശരീരത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാല്‍ ചെറുതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ശരീരംഭാരം വേഗത്തില്‍ കൂടുന്ന ഇനമാണ് അമേരിക്കന്‍ ബുള്ളി. അതുകൊണ്ടു തന്നെ ദിവസവും വ്യായാമം ചെയ്യിപ്പിക്കണം. അമേരിക്കന്‍ ബുള്ളി ഇനത്തില്‍ തന്നെ നാലു വകഭേദങ്ങളുണ്ട്. ക്ലാസിക്, എക്സ്എല്‍, പോക്കറ്റ്, മൈക്രോ. ശരീര വലുപ്പവും ഉയരവും അനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്. 

american-bully-5

ഉയരമാണ് ക്വാളിറ്റി നിര്‍ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം. അമേരിക്കന്‍ ബുള്ളി നായക്കുഞ്ഞുങ്ങള്‍ക്ക് 60,000 മുതല്‍ മൂന്നുലക്ഷം വരെയാണ് വില. ഇന്ത്യയില്‍ പഞ്ചാബിലാണ് അമേരിക്കന്‍ ബുള്ളിയെ കൂടുതലും ലഭിക്കുന്നത്. പഞ്ചാബിലെ വിശ്വസ്തരായ ബ്രീഡര്‍മാരില്‍നിന്നും ഗുണമേന്മയുള്ള ഇനം നോക്കിയാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്. ഒറ്റ ലിറ്ററില്‍ ശരാശരി 4-8 കുഞ്ഞുങ്ങളാണ് അമേരിക്കന്‍ ബുള്ളിക്കു പിറക്കുന്നത്. എട്ടു മുതല്‍ 12 വര്‍ഷം വരെ ആയുസുള്ള ഇവ അമേരിക്കയില്‍ ഡോഗ് ഫൈറ്റിംഗ് മത്സരത്തില്‍ നമ്പര്‍ വണ്ണായ പിറ്റ്ബുള്‍, ബുള്‍ മാസ്റ്റിഫ് എന്നിവയുടെ സങ്കര ഇനമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ബ്രീഡുകളില്‍നിന്നും ശൗര്യം കുറച്ച് അക്രമവാസനയില്ലാത്ത വിധം മനുഷ്യരുമായി വേഗത്തില്‍ സൗഹൃദമാകും വിധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബുദ്ധിശക്തിയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ബുള്ളികള്‍. ഇവയ്ക്ക് അമേരിക്കന്‍ കെന്നല്‍ ക്ലബിന്റെ അംഗീകാരവുമുണ്ട്.

English summary: American Bully Dog Breed Information and Pictures

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA