ADVERTISEMENT

ശാസ്ത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ സംശയങ്ങൾ, സംവാദങ്ങൾ എന്നിവ സ്വാഭാവികമാണ്. ബ്രീഡിങ്ങിനെ കുറിച്ചുള്ള ചില സുഹൃത്തുക്കളുടെ സംശയങ്ങൾ പലതലങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനൊരു എഴുത്ത് അനിവാര്യമാണ്.

രണ്ടു തരത്തിലാണ് പ്രധാനമായും ബ്രീഡിങ് നടപ്പാക്കി വരുന്നത്. വളരെ എളുപ്പത്തിൽ മുട്ടയുടെ എണ്ണം കൂട്ടാൻ പണ്ടുമുതലേ ചെയ്യുന്ന എളുപ്പവിദ്യയാണ് ക്രോസ് ബ്രീഡിങ്. ഉദാഹരണത്തിന് 300 മുട്ടകളിടുന്ന ലെഗോൺ കോഴിയും 100 മുട്ടകളിടുന്ന നാടനും ക്രോസ്സ് ചെയ്താൽ 200 മുട്ടകളോളമിടുന്ന സങ്കരയിനം ലഭിക്കുന്നു. എന്നാൽ ഇതിൽ നാടന്റെ പൊതുഗുണങ്ങൾ പാതിയായി ചുരുങ്ങുന്നു. അടയിരിക്കൽ ശേഷിയൊക്കെ നഷ്ടപ്പെടുന്നു എന്ന ന്യൂനത ഉണ്ടെങ്കിലും ക്രോസ് ബ്രീഡിങ് മൂലം ഒറ്റത്തലമുറയിൽനിന്ന് പോലും ഇരട്ടിയോളം ഉൽപാദനം ലഭിക്കും എന്ന മെച്ചമാണ് പണ്ടു മുതൽക്കേ ക്രോസ്സ് ബ്രീഡിങ്ങിനെ പ്രിയങ്കരമാക്കിത്തീർത്തത്.

എന്നാൽ, വളരെയേറെ ചെലവേറിയതും ബ്രീഡിന്റെ തനിമയും ശുദ്ധതയും ഒട്ടും നഷ്ടപ്പെടുത്താതെ വളരെ സാവധാനം, തലമുറകൾ എടുത്ത് ഉൽപാദനം നേരിയ തോതിൽ വർധിപ്പിച്ച് വരുന്ന പ്രക്രിയയാണ് പ്യുയർ ലൈൻ പെഡിഗ്രി സെലക്‌ഷൻ. ഓരോ തലമുറയിലെയും ഉൽപാദനക്ഷമത കൂടിയവയെ മാത്രം അടുത്ത തലമുറയിലെ പേരെന്റ്സ് സ്റ്റോക്ക് ആയി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇറച്ചിഇനങ്ങളിൽ ഇതു ശരീര ഭാരം നോക്കി വളരെ എളുപ്പത്തിൽ ചെയ്യാമെങ്കിലും മുട്ടക്കോഴികളിൽ ഇതൽപം പ്രയാസമേറിയതാണ്. സ്വന്തം ഉൽപാദനത്തോടൊപ്പം, കുടുംബ മഹിമ, പിടകളുടെ ഉൽപാദനം നോക്കി ഗുണമേന്മയുള്ളവരുടെ സഹോദരങ്ങളെ പൂവൻ പേരെന്റ് ആക്കി സെലക്ട്‌ ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഈ പ്രക്രിയയിലൂടെ ഓരോ തലമുറയിലും ലഭിക്കുന്ന ഉൽപാദന വർധന കേവലം മൂന്നോ നാലോ മുട്ടകളാണെങ്കിലും ബ്രീഡ് തനിമ നഷ്ടപ്പെടാതിരിക്കലാണ് ഇതിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. 

മുട്ട വർധിക്കുമ്പോഴും ഓരോ കോഴികളുടെയും ഉൽപാദനം റെക്കോർഡ് ചെയ്യാൻ കൂട്ടിലിട്ടു വളർത്തുമ്പോഴും സ്വഭാവികമായും അട ഇരിക്കൽ ശേഷി കുറയും. അതുകൊണ്ട് നാടൻ ഇനങ്ങളെ ഇത്തരത്തിൽ സെലക്ട്‌ ചെയ്യുമ്പോൾ അട ഇരിക്കുന്ന സ്വഭാവത്തിനും ഒരു പ്രാധാന്യം ഈ സെലക്​ഷൻ പ്രക്രിയയിൽ നൽകേണ്ടതായിട്ടുണ്ട്. അതോടൊപ്പം യാതൊരു സെലക്‌ഷനും നടത്താതെ ഒരു കണ്ട്രോൾ ലൈൻ കൂടി നിലനിർത്തി പോരേണ്ടതുണ്ട്. ഇത് മൊത്തത്തിലുള്ള genetic gain അറിയാൻ ആവശ്യമാണ്. ഈ പ്രക്രിയയ്ക്ക്  പ്രധാനമായും വേണ്ടത് ഉയർന്ന മുതൽമുടക്കും, വർഷങ്ങൾ നീണ്ട ക്ഷമയുമാണ്. അതായത് ഇന്ന് കാണുന്ന ഗുണങ്ങളിൽ പലതും വർഷങ്ങൾക്കു മുൻപേ തുടങ്ങിയ പ്രവൃത്തിയുടെ ഫലമായിരിക്കും എന്ന് സാരം. സർവകലാശലയിൽ നിലവിലുള്ള അത്യുൽപാദന ശേഷിയുള്ള  മൂന്നൂറ്റിപ്പത്തോളം മുട്ടകളിടുന്ന ലെഗോൺ കോഴികൾ ഇത്തരത്തിൽ മുപ്പതിൽപ്പരം തലമുറകളെടുത്ത് വാർത്തെടുത്തവയാണ്. അതേ പ്രക്രിയയാണ് ഇപ്പോൾ തലശ്ശേരിക്കോഴികളിലും നടപ്പാക്കിയിരിക്കുന്നത്.

English summary:  Facts Behind New Chicken Variety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com