ADVERTISEMENT

കുറച്ചുകാലം മുൻപാണ്. അന്ന് ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. വീടിന്റെ പിന്നിൽ ബാത്റൂമിനോട് ചേർന്നുള്ള ചായ്പ്പിൽ വല്ലാത്ത ദുർഗന്ധം. അമ്മ പോയി നോക്കിയപ്പോൾ ഒരു പട്ടിയാണ്. ജർമൻ ഷെപ്പേഡ് ക്രോസ് ബ്രീഡ് ആണ്. കടിക്കും എന്നുറപ്പുള്ളതുകൊണ്ട് അമ്മ ഒച്ച വച്ച് ഓടിക്കാൻ ശ്രമിച്ചു. പോകുന്ന മട്ടില്ല. പാട്ടയിൽ അടിച്ചു ശബ്ദം ഉണ്ടാക്കി നോക്കി. കിടന്നിടത്തുനിന്ന് അനങ്ങുന്നു പോലുമില്ല. നേരം വെളുക്കുമ്പോഴേക്കും പൊയ്ക്കോളും എന്ന ധാരണയിൽ ഞങ്ങൾ കിടന്നു. എന്നാൽ രാവിലെ നോക്കിയപ്പോഴും കക്ഷി അവിടെതന്നെയുണ്ട്.

പിന്നീടാണ് മനസിലായത്, ആൾ ആകെ അവശനാണ്. എഴുനേറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥ. മുൻകാലിൽ ഉടലിനോട് ചേരുന്ന ഭാഗത്ത്‌ ഒരു വലിയ മുറിവുണ്ട്. അതിൽനിന്നും ഈച്ചയാർക്കുന്നു. പഴുപ്പ് നിറഞ്ഞ ആ മുറിവിൽ നിന്നുമാണ് ദുർഗന്ധം വരുന്നത്. അടുത്തേക്ക് പോകണ്ട എന്ന്‌ അമ്മ പറഞ്ഞെങ്കിലും എന്തോ വിഷമം തോന്നി. ഒരു വിധം ധൈര്യം സംഭരിച്ച് കുറച്ചു വെള്ളം അടുക്കലേക്ക് വച്ചു കൊടുത്തു. അത് കുടിച്ചു. പിന്നെ കുറച്ച് ബിസ്കറ്റ് നൽകി. മുഴുവൻ കഴിച്ചില്ല എന്നാണ് ഓർമ. കാരണം മുറിവിലെ വേദന അത്രത്തോളം ഉണ്ടായിരുന്നു. സ്വതവേ പട്ടികളെ പേടിയായതിനാൽ ഈ പട്ടിയെ എങ്ങനെ ഓടിക്കും എന്ന ചിന്തയിലയുരുന്നു അമ്മ. എന്നാലും വെള്ളം, ബിസ്ക്കറ്റ് ഒക്കെ കൊടുക്കാൻ തന്നു...

മുറിവിൽ മരുന്ന് വയ്‌ക്കണം. എന്നാൽ എന്ത് മരുന്ന്, എങ്ങനെ കൊടുക്കണം എന്നൊന്നും ധാരണയില്ല എനിക്ക്. മനുഷ്യരുടെ ശരീരത്തിൽ മുറിവുണ്ടാകുമ്പോൾ ഇടുന്ന നിയോസ്‌പോറിൻ പൗഡർ ഇട്ടുകൊടുത്തു. അതെന്നെ കടിച്ചില്ല. പിന്നെ മെഡിക്കൽ ഷോപ്പിലെ പരിചയക്കാരൻ ചേട്ടൻ മൃഗങ്ങളുടെ മുറിവിൽ ഇടുന്ന ചില മരുന്നുകൾ പറഞ്ഞു തന്നു. അതെല്ലാം വാങ്ങി ഒരു കൈ അകലത്തിൽനിന്ന് മുറിവിൽ ഇട്ടു. മുറിവ് ഉണങ്ങുമ്പോഴേക്കും ദുർഗന്ധം മൂലം അടുത്ത വീട്ടുകാർ വരെ കാര്യം അറിഞ്ഞു.

അങ്ങനെയാണ് കുറച്ച് അടുത്തുള്ള വീട്ടിൽ വളർത്തിയിരുന്ന പട്ടിയാണ് എന്നറിഞ്ഞത്‌. മുറിവ് പഴുത്തപ്പോൾ, ദുർഗന്ധം വന്നപ്പോൾ ഉപേക്ഷിച്ചതാണ്. സൈക്കിൾ ചവിട്ടി ആ വീട്ടിൽ പോയി കാര്യം പറഞ്ഞു. പട്ടി എന്റെ വീട്ടിൽ ഉണ്ട്. മുറിവുണങ്ങുന്നുണ്ട് കൂട്ടിക്കൊണ്ട് പോകണം എന്ന് പറഞ്ഞു. ‘നല്ലവനായ ആ ഉടമ’ വാതിൽ കൊട്ടിയടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

4,5 ദിവസം കഴിഞ്ഞപ്പോൾ മുറിവ് ഉണങ്ങിയ പട്ടിയുമായി ആ വീടിന്റെ മുന്നിൽ ചെന്നു. ഇതെന്റെ പട്ടിയല്ല എന്ന്‌ അയാൾ തീർത്തു പറഞ്ഞു. എന്നാൽ യജമാനസ്നേഹമുള്ള ആ പട്ടി അയാളെ കണ്ടതും വാലാട്ടി, കുരച്ചു. തന്നെ ഒരു ദയയുമില്ലാതെ ഉപേക്ഷിച്ചയാളെ കണ്ടപ്പോൾ അവളുടെ കണ്ണിൽ സന്തോഷം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പട്ടി തന്റെയല്ല എന്ന് പറഞ്ഞടച്ച വാതിൽ പിന്നീട് ഒരിക്കലും ആ പട്ടിക്ക് മുന്നിൽ തുറന്നില്ല. മറ്റു വഴികൾ ഒന്നും ഇല്ലാത്തതിനാൽ എനിക്ക് അവളെ അവിടെ വിട്ടിട്ട് പോരേണ്ടി വന്നു (അന്ന് വീടിനു ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. പട്ടിയെ വളർത്താൻ അതുകൊണ്ടു തന്നെ ആരും സമ്മതിക്കുമായിരുന്നില്ല).

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പാലക്കാട് പഠിക്കാൻ ചേരുന്നതു വരെ ഇറക്കി വിട്ട വീടിന്റെ ഗേറ്റിനു പുറത്ത് കാവൽ കിടക്കുന്ന മെലിഞ്ഞ ആ പട്ടിയെ ഞാൻ കാണാറുണ്ടായിരുന്നു. പിന്നീട് എപ്പോഴോ അവൾ വണ്ടിയിടിച്ച് മരിച്ചെന്ന് അമ്മ ഹോസ്റ്റലിലേക്ക് വിളിച്ചപ്പോൾ എന്നോട് പറഞ്ഞു. 

പറഞ്ഞു വന്നത് ഇതാണ്, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജീവികളാണ് അവരോട് കാണിക്കുന്ന ക്രൂരത പോലും മറക്കാൻ മനസുള്ളവരാണ്. ഊട്ടിയില്ലെങ്കിലും കൊലയ്ക്ക് കൊടുക്കരുത്.

English summary: What to do if you find a lost or abandoned dog?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com