‘നാലു കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും’; അറിയാം ഇന്ത്യൻ ചരിത്രത്തിലെ ശ്വാനവീരനെക്കുറിച്ച്

HIGHLIGHTS
 • പതിനഞ്ചാം നൂറ്റാണ്ടിലാണ് ചരിത്രപരമായി കോമ്പൈ ജനുസ്സിന്റെ ഉദ്ഭവം
 • വേട്ടയ്ക്ക് പോകുന്നവരുടെ മുന്നേ നയിക്കാൻ കോമ്പൈ ആണ് കേമൻ
kombai-dog
കോമ്പൈ നായ്ക്കൾ (കടപ്പാട്: ഫെയ്സ്ബുക്ക്)
SHARE

ലോകത്തിലെ നായ്ക്കളുടെ ചരിത്രത്തിൽ വിവിധ ആവശൃങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യത്യസ്ത ജനുസ്സുകളെ കാണാം. സിംഹങ്ങളെ വേട്ടയാടുന്ന കൊക്കേഷൃന്‍ ഷേപ്പേഡ് മുതല്‍ കൊടും ഭീകരവാദിയെ ഒളിത്താവളത്തില്‍ കണ്ടെത്തിയ ബല്‍ജിയൻ മലിന്വ വരെ ഇതില്‍പെടും. ഇന്ത്യന്‍ ചരിത്രത്തിൽ യുദ്ധവീരന്മാരായി അറിയപ്പെടുന്നവരാണ് രാജപാളയം, കോമ്പൈ എന്നീ ജനുസ്സുകള്‍.

പതിനഞ്ചാം നൂറ്റാണ്ടിലാണ് ചരിത്രപരമായി കോമ്പൈ ജനുസ്സിന്റെ ഉദ്ഭവം. എന്നാൽ, ചില ചരിത്ര ഗവേഷകർ പറയുന്നത് ഒമ്പതാം നൂറ്റാണ്ടിലും ഈ നായ്ക്കളുടെ സാന്നിധ്യം ഉണ്ടെന്നാണ്. ചെങ്കോട്ട നായ്ക്കൾ ഇവരുടെ പൂർവിക ഗണത്തിൽ പെട്ടതാണെന്ന് ചില പഴയ തമിഴ് ഗ്രാമീണർ പറഞ്ഞു കേൾക്കപ്പെടുന്നു. ചെങ്കോട്ടയിൽ നിന്നു തേനിയിലേക്ക് (കോമ്പൈ ) കുടികയറിയ കർഷകർ അങ്ങോട്ട് കൊണ്ടുപോയത് ആണെന്ന് ഇവർ പറയുന്നു. കോമ്പൈ നായ്ക്കൾ ആ ഗ്രാമത്തിന്റെ തനത് ഇനം ആയതു കൊണ്ട് പിൽക്കാലത്ത് ആ നാട് നായയുടെ പേരിൽ അറിയപ്പെട്ടു.

കോമ്പൈ നായ്ക്കളുടെ പല്ലിന്റെ ആകൃതികൊണ്ട് (കോമ്പല്ല് ) അവയെ അങ്ങിനെ ആ പേരിൽ അറിയപ്പെട്ടു എന്നും പരാമർശമുണ്ട്. വനമേഖല ആയിരുന്ന ഈ ഭൂപ്രദേശത്തെ ജനങ്ങൾ നായാട്ടിനായും, കാർഷിക വിളകളുടെ സംരക്ഷണത്തിനായും കോമ്പൈ നായ്ക്കളെ ഉപയോഗിച്ചുപോന്നു. വനത്തിനോട് ചേർന്നുള്ള പ്രദേശമായതുകൊണ്ട് കൂടുതലും നായാടി/ആദിവാസി ആയിട്ടുള്ള ഗ്രാമീണരാണ് ഇവയെ പരിപാലിച്ചുപോന്നിരുന്നത്. കാലക്രമേണ രാമനാഥപുരം പ്രദേശത്തേക്കും ഇവ വ്യാപിച്ചു. കാട്ടുപ്രദേശങ്ങളിലും വയലോര മേഖലകളിലും, കരടി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടാനും ഇവയെ ഫലപ്രഥമായി ഉപയോഗിക്കുമായിരുന്നു. കരടികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നതുകൊണ്ട് Bear hound എന്നും ഇവർക്ക് പേരുണ്ടായിരുന്നു. ഏറ്റവും മികവുറ്റ ശൗര്യവും, കാര്യക്ഷമതയും വേഗവും ഈ നായ്ക്കളുടെ പ്രത്യേകതകളാണ്.

ബ്രിട്ടീഷുകാർക്കെതിരേയുള്ള യുദ്ധകാലത്ത് കോമ്പൈ നായ്ക്കൾ തങ്ങളുടെ ശക്തികൊണ്ടും സാമർഥ്യം കൊണ്ടും അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 18–ാം നൂറ്റാണ്ടിൽ മരുത്പാണ്ഡ്യർ പട്ടാളത്തിന്റെ ശക്തിസ്വരൂപം ആയിരുന്നു കോമ്പൈ നായ്ക്കൾ. കലയാർകോവിൽ പിടിച്ചെടുക്കാൻ വന്ന ബ്രിട്ടീഷുകാരെ വിറപ്പിച്ച മരുത് സഹോദരങ്ങളുടെ കോമ്പൈ പടയെക്കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. വെടിയുണ്ടകൾകൊണ്ടു മാത്രം യുദ്ധം ജയിച്ചെങ്കിലും ബ്രിട്ടീഷുകാർ കോമ്പൈ പല്ലുകളുടെ/ കോമ്പല്ലുകളുടെ കടിയുടെ വേദനയും അറിഞ്ഞാണ്‌ ഇവിടെ നിന്നും പോയത്.

എന്നാൽ ബ്രിട്ടീഷ് പട്ടാളം ഒന്നുകൂടി ചെയ്തു. കണ്ടു കിട്ടുന്ന നല്ല ഇനം നായ്ക്കളെ ഇവിടെ നിന്നു മറ്റു പ്രദേശത്തേക്ക് കടത്തി, ഇണങ്ങാത്ത നായ്ക്കളെ കൊല്ലാനും അവർ മടിച്ചില്ല. അവരുടെ ഉദ്ദേശം മേലിൽ ഇത്തരം ഒരു ശൗര്യമുള്ള ജനസ്സുള്ള നായകൾ ഇവിടെ ഉണ്ടാകാൻ പാടില്ല എന്നായിരുന്നു.

സ്വാതന്ത്ര്യസമരത്തിനു ശേഷം Tamilnadu Native Breed Revival Forum രൂപീകരിക്കപ്പെട്ടു. ഇതോടെ കോമ്പൈ നായ്ക്കളുടെ പ്രസിദ്ധി മറ്റു നാടുകളിലേക്ക് എത്തിപ്പെട്ടു. അന്തർപ്രജനനം (Inbreeding) കൂടാതെ ഉള്ള ഒരു ബ്രീഡിങ് സംവിധാനം സാധൂകരിക്കാൻ ഈ സംഘടന ആത്മാർഥമായി ശ്രമിച്ചു. ഇന്ന് നാം കാണുന്ന കോമ്പൈ നായ്ക്കളിൽ അവരുടെ പൂർവികരുടെ 70% വംശശുദ്ധിയേയുള്ളൂ എന്ന് വളരെ വിഷമത്തോടെ പറഞ്ഞുകൊള്ളട്ടെ. എങ്കിൽപോലും അവയുടെ ശൗര്യം ഇതാണെങ്കിൽ പൂർവികരുടെ കാര്യം എത്ര ഭയങ്കരം ആകാം!

ഇന്ന് പലയിടത്തും കോമ്പൈ ആണെന്ന വ്യാജേന നാടൻ നായ്ക്കളെ കൊടുത്തു പറ്റിക്കുന്നവരും ഒട്ടേറെയുണ്ടെന്നുള്ളത് വസ്തുതയാണ്.

കോമ്പൈ നായ്ക്കൾ മൂന്ന് തരത്തിൽ

 1. ബ്ലാക്ക് മാസ്ക് അധികമുള്ളത് അതായത് മുഖം കറുപ്പോടു കൂടിയത്
 2. ബ്ലാക്ക് മാസ്ക് കുറവുള്ളത്
 3. Brindle പുലിവര (പുലിച്ചാറയ്‌)

കോമ്പൈ നായ്ക്കളിൽ അവയുടെ ചെവിയുടെ രീതിയിലും രണ്ടു തരം ഉണ്ട്. കൂടുതലും ചെറിയ flap ear ആണെങ്കിലും, fly ear ഉള്ള കോമ്പൈ നായ്ക്കളെയും കാണാറുണ്ട്.

കോമ്പൈ നായ്ക്കളുടെ ലക്ഷണം

 • കോമ്പ പല്ലുകൾ (പുലി നഖത്തോട് സാദൃശ്യം ഉള്ളത് ).
 • മുഖത്തു കാണുന്ന കറുത്ത മാസ്ക്
 • ഇരുകണ്ണുകളുടെ മുകളിൽ കാണുന്ന കറുത്ത പാടുകൾ
 • കറുത്ത നഖങ്ങൾ
 • മുതുകിൽ കാണുന്ന ബ്ലാക്ക് ഷേഡ് (ridgeback)
 • വാലിൽ കാണുന്ന കറുത്ത ഷേഡ്.
 • ബലിഷ്ഠമായ കൈകളിലെ മസിലുകൾ
 • ചെവികളിൽ കാണുന്ന ബ്ലാക്ക് ഷേഡ്.

പൊതുവെ ഇവയുടെ രോമം ഷോർട്ട് കോട്ട് ആയിരിക്കും.

കോമ്പൈയുടെ ഘടന

 • ഉയരം :20-25 ഇഞ്ച്
 • ഭാരം : 24-28 കിലോഗ്രാം
 • ആയുസ് :14-16 വർഷം

‘നാലു കോമ്പൈ ചേർന്നാൽ ഒരു പുലി പറക്കും’ എന്ന ഒരു നാട്ടുചൊല്ല് വെറും പാണൻപാട്ടല്ല. വേട്ടയ്ക്ക് പോകുന്നവരുടെ മുന്നേ നയിക്കാൻ കോമ്പൈ ആണ് കേമൻ, മറ്റു നായ്ക്കൾ പുറകെ ആണ് ഗമിക്കാറ്. കാരണം നേതൃസ്ഥാനത്തേക്കു സ്വയം ഇവർ ഇവരെ പ്രതിഷ്ഠിക്കും, അത് മറ്റൊരു നായ എടുക്കാൻ ശ്രമിച്ചാൽ അവർ സമ്മതിച്ചു കൊടുക്കാനും പോകില്ല. മറ്റു നായ്ക്കളോടു കൂടുതൽ ഇണങ്ങി നിൽക്കാൻ ഇവ തയാറും ആകാറില്ല. ചെറുപ്പം മുതൽ പരിചിതമല്ലെങ്കിൽ അവ ഒരിക്കലും മറ്റു നായ്ക്കളോടു ഇണങ്ങില്ല.

കോമ്പൈ നായ്ക്കൾ കേരളത്തിൽ വിരളമാണെങ്കിലും ഇന്ന് ഒട്ടേറെ പേർ ഈ ബ്രീഡിനെ വളർത്താൻ തയാറായി മുന്നോട്ടു വരുന്നുണ്ട്. 

English summary: Kombai Dog Breed Information

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA