ADVERTISEMENT

സംസ്ഥാനത്ത് അരുമ മൃഗങ്ങ‍ളെയും പക്ഷികളെയും വിൽക്കുന്ന സ്ഥാപനങ്ങളുടെ (പെറ്റ് ഷോപ്പുകൾ) പ്രവർത്തനത്തിനു ലൈസൻസ് നിർബന്ധമാ‍ക്കാൻ സർക്കാർ തീരുമാനിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂ‍രത തട‍യുക എന്ന ഉ‍ദ്ദേശ്യത്തോടെ 1960ൽ നടപ്പാക്കിയ പി‍സിഎ ആക്ടി(THE PREVENTION OF CRUELTY TO ANIMALS ACT)ലാണ്  പെറ്റ് ഷോപ്പ് റജിസ്ട്രേഷൻ വ്യവസ്ഥകളെ‍ക്കുറിച്ചു പരാമർശിക്കുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ക്രോഡീകരിച്ച് ‘പെറ്റ് ഷോപ്പ് നിയമങ്ങൾ’ എന്ന പേരിൽ മൃഗസം രക്ഷണവകുപ്പ് കൈപ്പുസ്തകം പുറത്തിറക്കി.

അരുമ മൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം പെരുകി‍യതും, നിയമലംഘ നം വ്യാപകമായതുമാണ് നിയമം കർശനമാക്കുന്നതിനും കാരണമെന്നു മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു. പുനഃസംഘടിപ്പിച്ച സംസ്ഥാന ജന്തു‍ക്ഷേമബോ‍ർഡ് യോഗത്തിലാണ് തീരുമാനം. 

ദേശീയ ജന്തുക്ഷേമബോർഡിന്റെ നിയന്ത്രണത്തിൽ, സംസ്ഥാന ജന്തുക്ഷേമബോർഡുകളാണ് ഓരോ സംസ്ഥാനത്തും പെറ്റ് ഷോപ്പുകളുടെ പ്രവർത്തനം  നിയമപ്രകാരമാണോ എന്നു നിരീക്ഷിക്കുന്നതും  ലൈസൻസ് നൽകുന്നതും.  താൽക്കാലികമായ സംവിധാനങ്ങളി‍ലോ, ഷെ‍ഡിലോ, നടപ്പാതയിലോ, ചെറ്റക്കുടി‍ലിലോ പെറ്റ് ഷോപ്പ് തുടങ്ങാൻ ആരെയും അനുവദിക്കില്ല. 

റജിസ്ട്രേഷൻ എങ്ങനെ?

പ്രായപൂർത്തി‍യായ, സമ്പൂർണ മാനസികാരോഗ്യമുള്ള‍, നിയമപരമായ മറ്റു വിലക്കുകൾ ഇല്ലാത്തവർക്കു മാത്രമേ റജിസ്ട്രേഷന്‍  നൽകുകയുള്ളൂ. വ്യക്തികള‍ല്ലാത്തപക്ഷം, നിയമപരമായി റജിസ്റ്റർ ചെയ്ത കോർ‍പറേഷനോ, കമ്പനിക്കോ, വ്യക്തികളുടെ സംഘടന‍യ്ക്കോ റജിസ്ട്രേഷന് അ പേക്ഷിക്കാം.  റൂൾ 2 പ്രകാരം പെറ്റ് ഷോപ്പ് ഉടമ, പെറ്റ് ഷോപ്പ് റജിസ്ട്രേഷ‍നുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിച്ചിട്ടു ണ്ടെന്ന സത്യവാങ്മൂലം സംസ്ഥാന ജന്തുക്ഷേമ ബോർഡിൽ നൽകണം. നിയമപ്രകാരം അനുവദിച്ച സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാൻ പാടില്ല. 

5000 രൂപ ഫീസ്

പെറ്റ് ഷോപ്പ് റജിസ്ട്രേഷനായി സംസ്ഥാന ജന്തു‍ക്ഷേമ ബോർഡിൽ ഫോം 1 പ്രകാരം അപേക്ഷ നൽകണം. 5000 രൂപ ഫീസ് നൽകണം. ഈ തുക തിരികെ നൽകുന്നതല്ല. ഒരു വ്യക്തിയുടെതന്നെ ഒന്നിലധികം പെറ്റ് ഷോപ്പുകൾക്ക് പ്രത്യേകം അപേക്ഷിക്കണം. 

വെറ്ററിനറി ഡോക്ടർ പരിശോധിക്കും

സബ് റൂൾ(2)പ്രകാരം സ്റ്റേറ്റ് ബോർഡിൽ അപേക്ഷ ലഭിക്കുമ്പോൾ ബന്ധപ്പെട്ട പെറ്റ് ഷോപ്പ് റജിസ്റ്റർ ചെയ്ത്, ഫോം 2 പ്രകാരമുള്ള റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഫോം 3 പ്രകാരം സ്റ്റേറ്റ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട  റജിസ്റ്റർ കടയിൽ സൂക്ഷിക്കണം. സബ് റൂൾ(5)പ്രകാരം റജിസ്ട്രേഷൻ നൽകിയ ശേഷം 3 മാസത്തിനകം സർക്കാർ സർവീസിലുള്ള, വെറ്ററിനറി ഡോക്ടർ പെറ്റ് ഷോപ്പ് പരിശോധിച്ച് സംസ്ഥാന ജന്തുക്ഷേമബോ‍ർഡിന് റിപ്പോർട്ട് നൽകും. നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നു വെന്ന് ഉറപ്പാക്കിയ ശേഷം റജിസ്ട്രേഷൻ അനുവദിക്കും. 

തെറ്റായ വിവരങ്ങൾ നൽകിയാൽ നിരാകരിക്കും

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയാൽ റജിസ്ട്രേഷൻ നിരസിക്കും. വന്യജീവി സംരക്ഷ ണനിയമപ്രകാരമോ(1972) മറ്റേതെങ്കിലും വകുപ്പു പ്രകാരമോ  മൃഗങ്ങൾക്കെതിരായ കുറ്റത്തിനു ശിക്ഷിക്ക പ്പെട്ടിട്ടുണ്ടെങ്കിൽ അപേക്ഷ പരിഗണിക്കില്ല. മുൻപ് നിയമപരമായ റജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചതും വീണ്ടും റജിസ്ട്രേഷന് അപേക്ഷിക്കാത്തതും കാരണം കട മുദ്ര വച്ചിട്ടുണ്ടെങ്കിൽ അത്തരം അപേക്ഷകളും പരിഗണിക്കില്ല. 

ലൈസൻസ് ബാധകമല്ലാത്ത കേന്ദ്രങ്ങൾ

ദേശീയ ജന്തുക്ഷേമ ബോർഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ജന്തുക്ഷേമ സംഘടനകൾ, ത‍ദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള  സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണ്ട. മൃഗക്ഷേമപ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന മറ്റ് സ്ഥാപനങ്ങൾ വിൽപന, വാങ്ങൽ, മറ്റു വാണിജ്യപ്രവർത്തനങ്ങൾ എന്നിവ നടത്താന്‍ പാടില്ല. ശാസ്ത്ര പരീക്ഷണങ്ങൾക്കായി കേന്ദ്ര മൃഗസംരക്ഷണവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ ദി പർപ്പസ് ഓഫ് കൺട്രോൾ ആൻഡ് സൂപ്പർവിഷൻ ഓഫ് എക്സ്പി‍രിമെന്റ്സ് ഓൺ ആനിമൽസ് (Committee for the Purpose of Control and Supervision of Experiments on Animals) മാർഗ നിർദേശ പ്രകാരം മൃഗങ്ങളെ വളർത്തുന്ന സ്ഥാപനങ്ങൾക്കും ലൈസൻസ് ബാധകമല്ല. 

റജിസ്ട്രേഷൻ പുതുക്കൽ

റജിസ്ട്രേഷൻ സർട്ടിഫി‍ക്കറ്റിന്റെ കാലാവധി 5 വർഷമാണ്. തുടർന്ന് വീണ്ടും അപേക്ഷ നൽകി, 5000 രൂപ ഫീസടച്ച് റജിസ്ട്രേഷൻ പുതുക്കണം. റജിസ്റ്റർ ചെയ്യാത്ത പെറ്റ് ഷോപ്പു‍കളുടെ പ്രവർത്തനം നിരോധിക്കും.  റജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് ഫോം 1 പ്രകാരമുള്ള അപേ ക്ഷ സംസ്ഥാന ജന്തുക്ഷേമ ബോർഡിൽ നൽകണം. റജിസ്ട്രേഷൻ പുതുക്കുന്നതിന് റൂൾ 4 പ്രകാരമുള്ള വ്യവസ്ഥകൾ ബാധകം. 

രേഖകൾ സൂക്ഷിക്കണം

ഫോം 5, 6, 7, 8 പ്രകാരം പെറ്റ് ഷോപ്പ് ഉടമ റജിസ്റ്ററുകൾ സൂക്ഷിക്കണം. സംസ്ഥാന ജന്തുക്ഷേമ ബോർ ഡിന്റെയോ മൃഗങ്ങളെ വാങ്ങുന്നവരുടെയോ ആവശ്യപ്രകാരം പരിശോധനയ്ക്ക് നൽകണം. ദേശീയ ജന്തുക്ഷേമബോർഡിന്റെ (AWBI) വെബ്സൈറ്റിൽ (www.awbi.in) എല്ലാ ഷെഡ്യൂളുകളുടെയും നിയമങ്ങളുടെയും പകർപ്പ് ലഭ്യമാണ്. 

Aviary, birdcage, pets, animals, Onmanorama, Manorama Online, environment, plastic, animal rights
Aviary, birdcage, pets, animals, Onmanorama, Manorama Online, environment, plastic, animal rights

അടിസ്ഥാന സൗകര്യം ഉറപ്പാക്കണം

വെള്ളം, വൈദ്യുതി എന്നിവ മുടക്കമില്ലാതെ ലഭിക്കുന്നതിനുള്ള സംവിധാനമുള്ള അടച്ചുറപ്പുള്ള കെട്ടിടത്തിലാ‍യിരിക്കണം  പ്രവർ‍ത്തിക്കേണ്ടത്. താൽക്കാലിക സംവിധാനങ്ങളി‍ലോ, ഷെ‍‍ഡിലോ, നടപ്പാതയിലോ, ചെറ്റക്കുടി‍ലിലോ  അനുവദിക്കില്ല. മൃഗങ്ങളെയും പക്ഷികളെയും സൂക്ഷിക്കുന്ന കൂട്, മുറി എന്നിവയ്ക്ക് മതിയായ വ‍ലുപ്പവും വിസ്തീർണവും വേണം. മുറിക്കുള്ളിൽ നല്ല വായുസഞ്ചാരം വേണം. ശബ്ദമ ലിനീകരണം പാടില്ല. 

അറവുശാലകളിൽനിന്നും ഇറച്ചിക്കടകളിൽനിന്നും കുറഞ്ഞത് 100 മീറ്റർ അകലം പാലിക്കണം. ഉപദ്രവകാരികളായ മൃഗങ്ങളുടെ പ്രവേശനം അനുവദിക്കരുത്. സ്മോക് ഡിറ്റക‍്ഷൻ ഉപകരണങ്ങൾ, അഗ്‍നിശമന ഉപകരണങ്ങൾ എന്നിവ വേണം. രോഗമുള്ളവയെയും രോഗം വരാ‍നിടയുള്ളവയെയും മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക ഇടം വേണം. വിൽപനയ്ക്ക് വച്ചിരിക്കുന്ന മൃഗങ്ങളുടെ ഇനം, എണ്ണം, വില എന്നിവ പ്രദർശിപ്പി ക്കണം. അമ്മയിൽനിന്നു വേർപിരിക്കാത്തതോ, പ്രായപൂർത്തിയാകാത്തതോ ആയ ഓമന മൃഗങ്ങളെയോ  പക്ഷികളെയോ വി‍ൽക്കാൻ പാടില്ല. 

പെറ്റ് ഷോപ്പിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഓരോ നായ്ക്കുട്ടിക്കും  വെറ്ററിനറി വിദഗ്ധന്റെ സഹായ ത്തോടെ മൈക്രോ ചിപ്പ് ഘടിപ്പിക്കണം. എല്ലാ പെറ്റ് ഷോപ്പിനും പ്രവർത്തനക്ഷമമായ മൈക്രോ ചിപ്പ് റീഡർ ഉണ്ടാകണം. നിയമപ്രകാരം മൈക്രോ ചിപ്പുള്ള നായ്ക്കുട്ടികളെ മാത്രമേ വിൽക്കാൻ പാടുള്ളൂ. പെറ്റ് ഷോപ്പിൽ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ഉൽ‍പന്നങ്ങൾ, മറ്റു സാമഗ്രികൾ എന്നിവ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ല.  

മൃഗങ്ങളെ വിൽക്കുമ്പോൾ അവയുടെ സ്വഭാവ വിശേഷങ്ങൾ, പെരുമാറ്റരീതി, ആഹാരക്രമം, ശ്രദ്ധിക്കേ ണ്ട  മറ്റു കാര്യങ്ങൾ എന്നിവ വിശദമാക്കിയ  ലഘുലേഖകൾ നൽകണം. പ്രായപൂർത്തിയാകാത്തവര്‍ക്ക് അരുമകളെ വിൽക്കാൻ പാടില്ല. ഓരോ മൃഗത്തിന്റെയും വി‍ൽപനയുടെ രസീത് ഫോം 4ൽ നൽകണം.  രസീതിന്റെ പകർപ്പ് കടയിൽ സൂക്ഷിക്കണം. മാസത്തിലൊരിക്കലെങ്കിലും വെറ്ററിനറി ഡോക്ടർ ഓരോ മൃഗത്തെയും പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം ഷോപ്പ് ഉടമ ഉറപ്പു വരുത്തണം. രോഗം സംശയിക്കുന്ന അവസരത്തില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കണം. 

English summary: Pet Shop - Licensing and Registration Norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com