ഞങ്ങളുടെ ചെറുക്കന്റെ വൃക്ക തകരാറിൽ ആയിരിക്കുന്നു: ഉള്ളിലെ നീറ്റൽ മഷിയാക്കി എഴുതിയത്

HIGHLIGHTS
  • മരുന്നുകൾകൊണ്ട് അപകടകരമായ അവസ്ഥ നീട്ടിക്കൊണ്ട് പോകാൻ കഴിഞ്ഞേക്കും
pet-dog
SHARE

അരുമമൃഗങ്ങളിൽ ആന്തരികാവയവങ്ങൾ തകരാറിലാകുന്ന അവസ്ഥ ഏറിവരികയാണ്. സ്വകാര്യ പെറ്റ് ക്ലിനിക്കുകളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത്. സർക്കാർ വെറ്ററിനറി ഡിസ്പെൻസറികളിലും ജില്ലാ വെറ്ററിനിറി ആശുപത്രികളിലും അരുമകളെ ചികിത്സിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ല എന്നതുകൊണ്ടുതന്നെ സ്വകാര്യ വെറ്ററിനറി ആശുപത്രികളിലെ സേവനം തേടാനേ ഉടമകൾക്കു കഴിയൂ. നായ്ക്കളിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളിലൊന്നാണ് വൃക്കരോഗം. ചെറു പ്രായത്തിലുള്ള നായ്ക്കൾക്കു വരെ ഇപ്പോൾ വൃക്കരോഗം പിടിപെടുന്നു. തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാത്തതും ചികിത്സ ഉറപ്പാക്കാൻ കഴിയാത്തതും പല അസുഖങ്ങളെയും ഗുരുതരമാക്കുകയും ചെയ്യും. അത്തരത്തിൽ വൃക്കരോഗം പിടിപെട്ട ലാബ്രഡോർ ഇനത്തിൽപ്പെട്ട റോക്കി എന്ന തന്റെ വളർത്തുനായയെക്കുറിച്ച് പറയുകയാണ് വിശാഖ് എന്ന യുവാവ്. അവന് ഒരായുസ്സിൽ കൊടുക്കേണ്ടിയിരുന്ന സ്നേഹവും പരിചരണവും മുഴുവൻ ഞങ്ങൾ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നുവെന്നും വിശാഖ് പറയുന്നു. വിശാഖിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

പ്രിയപ്പെട്ടവരെ,

അരുമമൃഗങ്ങളോടുള്ള അചഞ്ചലമായ സ്നേഹമാണ് നമ്മളെയൊക്കെ ഒന്നിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഞാനീ പറയാൻ പോകുന്ന കാര്യം എല്ലാവരും ഉപേക്ഷ കൂടാതെ മുഴുവൻ വായിക്കണം, മറ്റുള്ളവരുമായി പങ്കുവയ്ക്കണം.

ഞങ്ങളുടെ വൈറ്റ് ലാബ്രഡോർ റോക്കി, നല്ല ക്വാളിറ്റി ഉള്ളതിനെ തന്നെ നോക്കി ദൂരെ നിന്നും കൊണ്ടുവന്നതാണ്. അവന്റെ വളർച്ചാഘട്ടങ്ങളിൽ സാധാരണ ലാബ് ഇനത്തിൽപ്പെട്ടവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെല്ലാം അവനുണ്ടായിരുന്നു, ഒന്നൊഴിച്ച്- ഭക്ഷണം കഴിക്കുവാൻ അൽപം മടി. ഇടയ്ക്കു ഭഷണമേ വേണ്ട. എങ്കിലും വ്യത്യസ്തമായ ഡോഗ് ഫുഡ്‌സും, മറ്റു വിഭവങ്ങളും ഒക്കെ കൊടുത്ത് (ചില അവസരങ്ങളിൽ ഹാൻഡ് ഫീഡിങ് വേണ്ടതായി വന്നിരുന്നു) അവന്റെ ആരോഗ്യത്തിനു കോട്ടം തട്ടാത്ത രീതിയിൽ പരിപാലിച്ചു പോരുവാൻ ഞങ്ങൾ ശ്രദ്ധ ചെലുത്തിയിരുന്നു. 

സാധാരണ ലാബുകൾ ഭക്ഷണത്തോട് അധിക താൽപര്യം വച്ചു പുലർത്തുന്നവരാണെന്ന അറിവിൽ ഞങ്ങൾ ആദ്യം കുറച്ചു ബ്രീഡർമാരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ ചില നായ്ക്കളിൽ ഇങ്ങനെ ചെറിയ ഒരു വിരക്തി ഉണ്ടാവാറുണ്ട് എന്ന മറുപടി ലഭിച്ചതിനാൽ ഞങ്ങൾ പതിവ് ഭക്ഷണ രീതികൾ തന്നെ തുടർന്നുപോന്നു. പിന്നീട് ഡോക്ടർമാരോട് അന്വേഷിച്ചപ്പോൾ ഇതേ മറുപടി തന്നെ ലഭിച്ചു (അവന്റെ ശരീരത്തിന് അത്രയേ അവശ്യമുണ്ടാവുകയുള്ളൂ). അങ്ങനെ അവനു ഒരു വയസ്സായി (ഗംഭീരമായി ഞങ്ങൾ കൊണ്ടാടി). 

ഒന്നര മാസം മുമ്പാണ് എല്ലാത്തിന്റെയും തുടക്കം. അവൻ ഭക്ഷണം കഴിക്കുന്നത് തീരെ കുറഞ്ഞു. ഇടയ്ക്ക് ശർദ്ദിയും. ഹോസ്പിറ്റലിൽ കൊണ്ടുപോയി (govt.). പരിശോധിച്ചു, പനിയുണ്ട്, കുറച്ചു ബ്ലഡ് ടെസ്റ്റ് വേണം എന്ന് പറഞ്ഞു. അടുത്തെങ്ങുമില്ല 42 കിലോമീറ്റർ പോണം, അവനോടുള്ള സ്നേഹത്തിനു മുന്നിൽ ദൂരമൊന്നും ഒന്നുമില്ലായിരുന്നു. ടെസ്റ്റ് ചെയ്തു, റിസൾട്ട് വന്നു. creatinine 2.6. (upper limit 1.3) അറിയില്ലാത്തവർക്ക് പറഞ്ഞു തരാം, കിഡ്നി സംബന്ധമായ അസുഖങ്ങൾ വന്നാൽ അതിന്റെ പ്രതിഫലനം ആണ് ഉയർന്നു നിൽക്കുന്ന creatininie levels. 

സർജൻ ആയ ഡോക്ടർ പറഞ്ഞു, കുഴപ്പമില്ല ശരി ആകും. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു വന്നു. പനിക്കുള്ള മരുന്നുകളുമായി. എന്നാൽ അവന്റെ ഭഷണരീതികൾ പഴയ പോലെ തുടർന്നു. പലപ്പോഴും ഹാൻഡ് ഫീഡിങ് ആവശ്യമായി വന്നു. ഒരു മാസത്തിനു ശേഷം, വീണ്ടും ഭക്ഷണം തീരെ വേണ്ടാണ്ടു ആയി. ഒപ്പം ശർദ്ദിയും. ഇപ്രാവശ്യം ഞങ്ങൾ വേറൊരു ഡോക്ടറെ കാണിച്ചു. പഴയ ടെസ്റ്റുകൾ ആവർത്തിച്ചു. Creatinine 9.6. ഇടിത്തീ പോലെ ഞങ്ങളാ സത്യം അറിഞ്ഞു, ഞങ്ങളുടെ ചെറുക്കന്റെ വൃക്ക തകരാറിൽ ആയിരിക്കുന്നു. ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല, മരുന്നുകൾകൊണ്ട് അപകടകരമായ അവസ്ഥ നീട്ടിക്കൊണ്ട് പോകാൻ കഴിഞ്ഞേക്കും. വീട്ടിലെ ഒരംഗത്തിനു വന്ന ഈ അവസ്ഥ ഞങ്ങൾക്ക് കനത്ത ആഘാതമായിരുന്നു. ആദ്യമേ ചികിത്സ തുടങ്ങിയിരുന്നെങ്കിൽ പ്രായത്തിന്റെ ആനുകൂല്യത്തിൽ മാറ്റങ്ങൾ ഉണ്ടായേനെ എന്നും അവർ പറഞ്ഞു. (ആദ്യത്തെ ഡോക്ടർ ശരിയാകും എന്നു പറഞ്ഞ സ്റ്റേജിൽ). തുടർന്നു ഞങ്ങൾ പൂക്കോട് വെറ്റിനറി മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും (scaning, ECG, xray, lab tests) പുതുതായി പ്രശ്‌നങ്ങൾ കണ്ടുപിടിക്കപ്പെട്ടു എന്നല്ലാതെ പ്രത്യേകിച്ചു ഗുണങ്ങൾ ഉണ്ടായില്ല. എന്നാൽ അവരും ചികിത്സ തുടങ്ങാൻ വൈകിപ്പോയി എന്ന അഭിപ്രായം ആവർത്തിക്കുകയുണ്ടായി.

ഇത്രയും പറയുവാനുള്ള കാരണം ഞാൻ രണ്ടു കാര്യങ്ങളായി ചുരുക്കാം.

1. മനുഷ്യനെപ്പോലെതന്നെ മൃഗങ്ങൾക്കും ആന്തരിക അവയവങ്ങളിൽ ചെറിയ തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ ചികിത്സിച്ചു മെച്ചപ്പെടുത്താവുന്നവ, അതിനാൽ അവരുടെ സ്ഥിരമായുള്ള ബുദ്ധിമുട്ടുകളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുക. 

2. എന്തു കാര്യങ്ങളിലും രണ്ടാമതൊരു അഭിപ്രായംകൂടി തേടുക. ഒരാൾ പറയുന്നതും വിശ്വസിച്ച് ഒരുപാട് കാലം കാത്തിരിക്കരുത്. ഒരുപാടു നല്ല ചികിത്സകൾ ഇപ്പോൾ ലഭ്യമാണ്. 

മനുഷ്യരെ പോലെ Dialysis, heart surgery, organ replacement എന്നിവ ഒക്കെ നിലവിൽ പ്രാബല്യത്തിലില്ല (ഉണ്ടെങ്കിൽ തന്നെ പ്രവർത്തികമായ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നു) എന്നതിനാൽ നേരത്തെ കണ്ടുപിടിച്ചാൽ മരുന്നുകൾ കൊണ്ട് ഒരു പരിധി വരെ അസുഖങ്ങളെ പിടിച്ചു നിർത്താം.

ഞങ്ങളുടെ റോക്കി ഇപ്പോൾ കാലൊക്കെ നീരു വെച് വീർത്തു ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചു അനങ്ങാൻ വയ്യാതെ കിടക്കുകയാണ്. ശ്വാസതടസ്സവും ഉണ്ട്. (End stage renal failure) നെഞ്ചു പിളർക്കുന്ന കാഴ്ചയാണത്. അവന് ഒരായുസ്സിൽ കൊടുക്കേണ്ടിയിരുന്ന സ്നേഹവും പരിചരണവും മുഴുവൻ ഞങ്ങൾ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നു. അപേക്ഷ ആണ്, സന്തോഷത്തോടെ അസുഖങ്ങളില്ലാത്ത , വേദനയില്ലാത്ത ലോകത്തേക്ക് യാത്രയാകാൻ എല്ലാരും പ്രാർഥിക്കുക (ഇതു പറയുമ്പോഴും എല്ലാം അറിഞ്ഞിട്ടും ഞാൻ ഒരു അദ്ഭുതത്തിൽ വിശ്വസിച്ചു പോകുന്നു) .

എഴുത്തു അൽപം നീണ്ടുപോയി എന്നറിയാം, ഉള്ളിലെ നീറ്റൽ മഷിയാക്കി എഴുതിയതാണ്, ക്ഷമിക്കുമല്ലോ. എന്റെ അനുഭവം വെളിച്ചമാക്കി എല്ലാവരും ശ്രദ്ധിക്കുകയും, മറ്റുള്ളവർക്കു പകർന്നു നൽകുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു.

ഭാവുകങ്ങൾ.

വിശാഖ്.

English summary: Chronic Kidney Disease in Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS