ADVERTISEMENT

പൂനയിൽനിന്ന് കേരളത്തിലേക്ക് എത്തിച്ച ചാൾസ് എന്ന പേർഷ്യൻ പൂച്ചയ്ക്ക് ക്ഷീണം, തീറ്റകഴിക്കാൻ മടി, ശർദ്ദി എന്ന ലക്ഷണങ്ങളുമായാണ് ഡോക്ടറുടെ അടുത്തെത്തിയത്. രക്തപരിശോധന ഉൾപ്പെടെയുള്ള പ്രാരംഭ പരിശോധനയിൽ മൈകോപ്ലാസ്മ എന്ന രോഗാവസ്ഥയാണ് കണ്ടെത്തിയത്. ഈ രോഗത്തിന് ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാൽ, അതിനു പിന്നാലെ അടുത്തൊരു രോഗലക്ഷണം ചാൾസിലുണ്ടായി. അതായത്, നെഞ്ചിലും വയറിനുള്ളിലും നീർക്കെട്ട്. 

സ്ഥിതി വഷളാകുമെന്നു കണ്ടതോടെ ഡോക്ടർ വിശദമായി ചോദിച്ചപ്പോഴാണ് ചാൾസിനെ പൂനയിൽനിന്ന് കൊണ്ടുവന്ന വ്യക്തിക്ക് കൊറോണ പിടിപെട്ടിരുന്നു എന്ന് ഉടമ പറയുന്നത്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് കൊറോണ പകർന്നത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ എഫ്ഐപി അഥവാ ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് ആണെന്ന് ഡോക്ടർമാർ അനുമാനിക്കുകയായിരുന്നു. പൂച്ചകളിൽ പിടിപെടുന്ന കൊറോണ വൈറസാണ് എഫ്ഐപി.

ഫെലൈൻ കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളായ നെഞ്ചിലും വയറിനുള്ളിലും നീർക്കെട്ട്, ക്ഷീണം, ഭക്ഷണത്തോട് വിരക്തി തുടങ്ങിയ ലക്ഷണങ്ങളെല്ലാം ചാൾസിനും ഉണ്ടായിരുന്നു. 

cat-1
നെഞ്ചിലും വയറിലും നീർക്കെട്ട്

പൂച്ചയുടെ നെഞ്ചിൽനിന്ന് ദ്രാവകം എടുത്ത് റിവാൾട്ട ടെസ്റ്റ് നടത്തി. ഫെലൈൻ കൊറോണ വൈറസ് കണ്ടുപിടിക്കുന്നതിനുള്ള ഒരു സപ്പോർട്ടീവ് ടെസ്റ്റാണ് റിവാൾട്ട. ഈ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയിരുന്നു. എഫ്ഐപിക്ക് ഇന്ത്യയിൽ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദയാവധം നൽകുക എന്നതല്ലാതെ മറ്റൊരു പോംവഴിയും മുൻപിൽ ഉണ്ടായിരുന്നില്ല. കാരണം, ഈ രോഗം മറ്റ് ആന്തരീകാവയവങ്ങളെ ബാധിച്ച് സാവധാനം മരണത്തിലേക്ക് എത്തുന്നതായിരുന്നു. അതായത്, വേദനകൾ നിറഞ്ഞ, സാവധാനമുള്ള മരണം. 

എന്നാൽ, പൂച്ചയുടെ ഉടമയ്ക്ക് അതിനെ ഉപേക്ഷിക്കാൻ മനസില്ലായിരുന്നു. മരണത്തിന് വിട്ടുകൊടുക്കാൻ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏറെ അന്വേഷിച്ച് ഉടമ തന്നെ മലേഷ്യയിൽനിന്ന് മരുന്ന് ഇവിടെ എത്തിച്ചു. ഇത്തരത്തിലൊരു ചികിത്സ കേരളത്തിൽ ആദ്യമാണ്. 7 മില്ലിയുള്ള ഒരു വയൽ മരുന്നിന് 7000 രൂപയ്ക്കു മുകളിൽ വില വരും. 5 ദിവസമാണ് ഒരു വയൽ ഉപയോഗിക്കാൻ കഴിയൂ. അങ്ങനെ  84 ദിവസത്തെ മരുന്നിന്റെ കോഴ്സ് പൂർത്തിയായതോടെ ചാൾസ്  ജീവിതത്തിലേക്ക് തിരികെ വന്നു. 

എഫ്ഐപി പിടിപെട്ടാൽ ദയാവധം നൽകുയാണ് പൊതുവെ സ്വീകരിക്കുന്ന രീതിയെന്ന് ഡോ. റിബു വർഗീസ് മാത്യു പറയുന്നു. ഇന്ത്യയിൽ മരുന്ന് ലഭ്യമല്ലാത്തതും ഇതിന് വലിയ വില വരുന്നതും പലരെയും ചികിത്സ നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയാണ്.

വിവരങ്ങൾ നൽകിയത്: ഡോ. റിബു വർഗീസ് മാത്യു, പെറ്റ്സീ വെറ്ററിനറി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്റർ, കോഴഞ്ചേരി, പത്തനംതിട്ട

English summary: Charles-The FIP Survivor

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com