ADVERTISEMENT

ജ്വരമുദ്രകളുടെ പകര്‍ന്നാട്ടത്തിലമര്‍ന്നുപോയ ഒരു ജനതയെ മുഴുവന്‍ ഭയവിഹ്വലതകളോടെ വീടിന്റെ അകത്തളങ്ങളിലടച്ച കോവിഡ് മഹാമാരിയുടെ മൂന്നാം തിരുമുറിവിനിടെയാണ് ഇത്തവണത്തെ ജന്തുക്ഷേമ പക്ഷാചരണം കടന്നുപോകുന്നത്. കോവിഡിന്റെ ജനിതക മാറ്റമായ ഒമൈക്രോണിന്റെ അനുരണനങ്ങള്‍ മനുഷ്യനുള്‍പ്പെടെയുള്ള സമസ്ത ജീവജാലങ്ങളും അറിയാനിരിക്കുന്നതേയുള്ളൂ. 'കോവിഡ്' എന്ന പദം ക്ലീഷെ ആയി മാറിയിട്ടുണ്ടെങ്കിലും കഴിഞ്ഞകാല കോവിഡ് കെടുതികള്‍ക്കിരയായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശാരീരിക-മാനസിക പ്രത്യാഘാതങ്ങള്‍ കനത്തതാണ്. കോവിഡിന്റെ ഭീതിതമായ വരവില്‍ മാനസിക ഉള്‍വലിയലുണ്ടാക്കിയ 'കേവ്സിന്‍ഡ്രോം' കോവിഡിന്റെ രണ്ടാം വരവിന്റെ ബാക്കിപത്രമാണല്ലോ?

ഒമൈക്രോണെന്ന കോവിഡിന്റെ മൂന്നാം തിരുമുറിവിനുശേഷം ലോകം നവസാധാരണതയിലെത്തുമെന്നും അന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക മനുഷ്യ-മൃഗ ആരോഗ്യവും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന ഏകാരോഗ്യ സങ്കല്‍പ്പനമാവുമെന്നും വിവിധ മേഖലയിലെ വിദഗ്ധരും ചിന്തകരും അഭിപ്രായപ്പെടുന്നു. മനുഷ്യ കേന്ദ്രീകൃതം മാത്രമല്ലാതെ മറ്റു ജീവജാലങ്ങളെക്കൂടി പരിഗണിക്കുന്ന ആരോഗ്യ പരിപാലന സങ്കല്‍പ്പമാണ് ഏകാരോഗ്യം. ഏകലോകം ഏകാരോഗ്യം (One World, One Health) എന്ന ആശയം വരുംകാലത്തിന്റെ അനിവാര്യതയാണെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു.

'ഈ ഭൂമി മനുഷ്യര്‍ക്കെന്നപോലെ മറ്റു ജീവജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് അവയെ സ്നേഹിക്കുക, സംരക്ഷിക്കുക' എന്ന സന്ദേശം നാടാകെ എത്തിക്കുകയും ലോക ജനതയെ കര്‍മ്മോന്മുഖരാക്കുകയുമാണ് ജന്തുക്ഷേമ പക്ഷാചരണം കൊണ്ടുദ്ദേശിക്കുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 1 വരെയുള്ള രണ്ടാഴ്ചത്തെ കര്‍മ്മപരിപാടികള്‍ക്കാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഈ വിഷയത്തിലധിഷ്ഠിതമായി വിദഗ്ധരുടെ ഓണ്‍ലൈന്‍ സെമിനാറുകള്‍, മൃഗസ്നേഹികളൊത്തുചേരുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍, മൃഗക്ഷേമ സംഘടനകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകള്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള ലൈവ് പ്രോഗ്രാമുകള്‍, സ്കൂള്‍ കുട്ടികളിലൂടെ മൃഗക്ഷേമ പ്രവര്‍ത്തന പ്രചാരണങ്ങള്‍ തുടങ്ങിയവയൊക്കെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യമുറപ്പാക്കിക്കൊണ്ട് ഈ കാലയളവില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ മെച്ചപ്പെട്ട മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ 10,000 രൂപയുടെ മൃഗക്ഷേമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

മൃഗക്ഷേമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് പെറ്റ് ഷോപ്പ് ഉടമകള്‍, ഡോഗ് ബ്രീഡേഴ്സ്, മൃഗസ്നേഹികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് വെബിനാറുകള്‍ ഓണ്‍ലൈനായി എല്ലാ ജില്ലകളിലും ഈ കാലയളവില്‍ നടത്തും. പെറ്റ് ഷോപ്പ് റൂള്‍, മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള ആക്ട്, പഞ്ചായത്ത് രാജ് ആക്ട്, നാട്ടാന പരിപാലനം എന്നിവ സംബന്ധിച്ച് ബോധവൽകരണം തുടങ്ങിയവ ഇത്തരം വെബ്നാറുകളില്‍ ഉള്‍പ്പെടുത്തും. ജില്ലാതലത്തില്‍ രണ്ട് വെബ്നാറുകളാണ് ഈ വര്‍ഷം നടത്തപ്പെടുക. മൊത്തം 5,20,000 രൂപയാണ് മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് വകയിരുത്തിയിരിക്കുന്നത്. കുടപ്പനക്കുന്ന് ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രം വഴി രണ്ടാഴ്ചത്തെ ബോധവൽകരണ പരിപാടികള്‍ക്കായി ഒരുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എത്ര ദിനാചരണങ്ങള്‍ കടന്നുപോയാലും ഇവിടെ പുതുതായി ഒന്നും സംഭവിക്കുന്നില്ല എന്നതാണ് നമ്മുടെ സംസ്കാരത്തനിമ. ജൂലൈ 6ന് ലോക ജന്തുജന്യ രോഗദിനവും സെപ്റ്റംബര്‍ 28 ലോക പേവിഷ ദിനവും ഒക്ടോബര്‍ 4ന് ലോക ജന്തുദിനവും (world animal day) ഒക്കെ നാം ആചരിക്കുമ്പോഴും അവയൊക്കെ ചേതനയറ്റ അവശേഷിപ്പുകളായി മാറുന്ന ദുരന്തവര്‍ത്തമാനകാലമാണിവിടെ. ഓരോ മൃഗങ്ങളുടെയും ക്ഷേമൈശ്വര്യത്തിനായി ഇവിടെ ദിനാചരണങ്ങളുണ്ട്. ഫെബ്രുവരി 10 ലോക പെന്‍ഗ്വിന്‍ ദിനം, മാര്‍ച്ച് 3 ലോക വന്യജീവി ദിനം, മാര്‍ച്ച് 20 ലോക കുരുവി ദിനം, ഏപ്രില്‍ 24 ലോക പരീക്ഷണശാലാ ജന്തുദിനം, ജൂലൈ 21 ലോക കടുവദിനം, ഓഗസ്റ്റ് 12 ലോക ഗജദിനം, ഡിസംബര്‍ 14 ലോക കുരങ്ങുദിനം അങ്ങിനെ 23ലധികം ലോകദിനങ്ങള്‍. പക്ഷേ, ദിനാചരണങ്ങളൊക്കെ കേവലം ഔപചാരികമായ ആചാരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

dog-1

ലോക ജന്തുജന്യ രോഗദിനമായ (World Zoonoses Day) ജൂലൈ 6ന് മുടക്കംവരാതെ നാം ആചരിക്കാറുണ്ടെങ്കിലും റാബീസ് ഇന്നും ഭീദിതമായി തുടരുന്നു. മനുഷ്യരില്‍ കാണുന്ന 60 ശതമാനത്തോളം പകര്‍ച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വര്‍ഷംതോറും 250 കോടി പേരില്‍ ജന്തുജന്യരോഗങ്ങള്‍ കാണപ്പെടുകയും 27 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്യുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള ആശങ്ക ഏറ്റവുമധികമുള്ളത് മനുഷ്യനും വളര്‍ത്തുമൃഗങ്ങളുമായുള്ള ദൃഢമായ സഹവര്‍ത്തിത്തമാണ്. മനുഷ്യന്‍ ആദ്യമായി മെരുക്കി വളര്‍ത്താന്‍ ആരംഭിച്ച മൃഗം നായയാണ്. നായകളുടെ അനുപമവും നിര്‍ലോപവും അസൂയാവഹവുമായ സ്നേഹവായ്പ് ലോകപ്രസിദ്ധമാണല്ലോ. ‘മനുഷ്യനെ ഒരിക്കലും പട്ടിയെന്ന് വിളിക്കരുത്. അത് നായകള്‍ക്ക് ഒരപമാനമാണ്’ എന്നതാണ് പാടിപ്പതിഞ്ഞ ശീല്. ലോകത്തില്‍ ആദ്യമായി മൃഗാശുപത്രികള്‍ സ്ഥാപിച്ച രാജ്യം ഇന്ത്യയാണ്. ജന്തുക്ഷേമത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന രാജ്യവും മറ്റൊന്നല്ല. ജന്തുക്ഷേമത്തിനായി ഇവിടെ ഒരു ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും അനുബന്ധ മൃഗക്ഷേമ സംഘടനകളും പ്രവര്‍ത്തിച്ചുവരുന്നു. മൃഗക്ഷേമവും അവയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടാന്‍ Prevention of Cruelty to Animals (PCA) Act 1960, Wild Life Protection Act 1972 , വംശവര്‍ധനയ്ക്കെതിരേയുള്ള (ABC) Animal Birth Control Rules 2001& 2010, ആന പരിപാലന നിയമം 2007, ഇന്ത്യന്‍ ശിക്ഷാനിയമം 428, 429, ആനിമല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ റൂള്‍സ് 1978,  ലൈവ്സ്റ്റോക്ക് ഫാമുകള്‍ക്ക് അനുവാദം നല്‍കുന്ന കേരള പഞ്ചായത്തിരാജ് റൂള്‍സ് 2012, 2017ലെ കന്നുകാലി ചന്ത നിയന്ത്രണ റൂള്‍സ്, നായ പ്രജനന നിയന്ത്രണവും വില്‍പ്പനയും റൂള്‍സ്, 2018 ലെ ഓമന മൃഗ ഷോപ്പ് റൂള്‍സ് അങ്ങിനെ എത്രയേറെ മൃഗക്ഷേമ നിയമങ്ങള്‍ ഇവിടെ നിലനിന്നിട്ടും എന്തേ മനുഷ്യന്‍ ഇത്ര നിഷ്ഠൂരനാകുന്നു. പട്ടിയെ കഴുത്തില്‍ കുരുക്കിട്ടു കെട്ടിത്തൂക്കി പൈശാചികവും മൃഗീയവുമായി അടിച്ചുകൊല്ലുന്ന രംഗം കണ്ട് ഒരു ജനത ഒന്നാകെ സ്തംഭിച്ചുപോയ ഈ നാട്ടില്‍ നാം ഓരോരുത്തരും അങ്ങു ജീവിച്ചുപോവുകയാണ്, ഭീരുക്കളെപ്പോലെ. മദ്യം, മയക്കുമരുന്നിന് വഴിമാറുന്ന ഈ ഭ്രാന്തന്‍ തുരുത്തില്‍ നമ്മുടെ ഭാഷകള്‍ക്കും പ്രവര്‍ത്തികള്‍ക്കും രൂപാന്തരം വന്നിരിക്കുന്നു.

അമിത ഭാരം വലിപ്പിക്കുക, വാഹനങ്ങളില്‍ ഉരുക്കളെ ക്രമാതീതമായി കുത്തിനിറയ്ക്കുക, തിളച്ച ടാറുരുകുന്ന റോഡുകളിലൂടെ ആനകളെ ബഹുദൂരം നടത്തുക, കോഴിയങ്കം, മരമടി, ജെല്ലിക്കെട്ട്, കോഴികളെ തലകീഴായി കെട്ടി യാത്രചെയ്യുക തുടങ്ങി എത്രയോ ക്രൂരതകള്‍ ഇപ്പോഴും അരങ്ങുതകര്‍ക്കുന്നു.

ഒരു ദേശത്തിന്റെ മഹത്വവും ധാർമിക ഉന്നമനവും വിലയിരുത്തുന്നത് അവരുടെ മൃഗങ്ങളോടുള്ള പെരുമാറ്റത്തിലൂടെയാണ് എന്ന് ഒരിക്കല്‍ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ധർമച്യുതി സംഭവിച്ച ഒരു ലോകത്തില്‍ എന്ത് നിയമങ്ങളുണ്ടായിട്ടെന്തുകാര്യം. പക്ഷേ, ജന്തുക്ഷേമശാസ്ത്രം പുതുനാമ്പിടുന്ന ശാസ്ത്ര സത്യമായി മാറിക്കഴിഞ്ഞു (Emerging Animal Welfare Science). രാജ്യത്തിന്റെ ശാസ്ത്രീയവും രാഷ്ട്രീയവും പൊതു സ്വീകാര്യതയുമായ കാര്യങ്ങള്‍ക്ക് മൃഗക്ഷേമം ആദ്യ പരിഗണനയര്‍ഹിക്കുന്നു. ഒരു മൃഗത്തിന്റെ ഭൗതികവും മാനസികവുമായ നില അത് ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന പാരസ്പര്യത്തില്‍ നിലകൊള്ളുന്നു എന്നതാണ് സത്യം. മൃഗക്ഷേമത്തിന്റെ നിലവാരം അതിന്റെ ആഹാരം, പാര്‍പ്പിടം, ആരോഗ്യം, അഭിലഷണീയമായ പെരുമാറ്റം എന്നിവയാണ്. മനുഷ്യ-മൃഗ സഹവര്‍ത്തിത്തത്തിന്റെ അടിസ്ഥാന ശിലകള്‍ ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സ്വയംപര്യാപ്തത, പരിസര മലിനീകരണം തുടങ്ങി മൃഗങ്ങളേയും മനുഷ്യരേയും ഒരേപോലെ ബാധിക്കുന്ന പരിസ്ഥിതിമാനമുള്ള വെല്ലുവിളികളെ നേരിടാന്‍ ഏകാരോഗ്യ സങ്കല്‍പ്പനത്തിനാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇണകളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയത് കണ്ട് 'മാനിഷാദ' എന്ന് വിലപിക്കുവാന്‍ നമുക്ക് പുതിയ വാല്മീകിമാര്‍ പുനര്‍ജനിക്കാതെ വയ്യ.

(മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറാണ് ലേഖകൻ)

English summary: Animal Welfare and Human-Animal Interactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com