‘നാടൻപട്ടി സ്നേഹം കൊണ്ട് വിജയിക്കണമെന്നാഗ്രഹിച്ച പടം’: ഇതൊരു മേപ്പടിയാൻ മൂവി റിവ്യൂ അല്ല

meppadiyan
SHARE

പല വിവാദങ്ങളും മേപ്പടിയാൻ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിനൊപ്പമുണ്ടെങ്കിലും ചിലരെ ആകർഷിക്കുന്നത് സിനിമയിൽ നായ്ക്കൾക്കു നൽകിയിരിക്കുന്ന പ്രാധാന്യമാണ്. വിദേശ ബ്രീഡുകൾ അരങ്ങുവാഴുന്ന സിനിമാ മേഖലകളിൽ അടുത്ത കാലത്ത് നാടൻ നായ്ക്കളും ഇടംപിടിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് മേപ്പടിയാൻ എന്ന ചിത്രം. സിനിമയിലെ നായ പ്രാധാന്യത്തെക്കുറിച്ച് അരുൺ സോമനാഥൻ എഴുതിയ കുറിപ്പ് നാടൻ നായ്ക്കളെ ഇഷ്ടപ്പെടുന്നവർക്കുവേണ്ടിയുള്ളതുകൂടിയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

ഇതൊരു മേപ്പടിയാൻ മൂവി റിവ്യൂ അല്ല. 

ഇതെന്തുകൊണ്ട് മേപ്പടിയാൻ തീയേറ്ററിൽ പോയി കാണാൻ അതിന്റെ പാട്ടൊക്കെ മുൻപ് കണ്ടപ്പോഴേ തീരുമാനിച്ചു എന്നതിനേക്കുറിച്ചാണ്. അന്നൊക്കെ ഒരാഗ്രഹം ഈ സിനിമ  നല്ലതായിരിക്കണം, തീയറ്റർ ഹിറ്റ് ആകണം എന്നൊക്കെയായിരുന്നു. എന്തായാലും ഇന്നത്തെ റിവ്യൂ വന്നപ്പോൾ മികച്ച ക്ലൈമാക്സ് ഉള്ള ഒരു നല്ല സിനിമയാണെന്ന അഭിപ്രായമാണ്. നല്ല കഥയും പുതുമുഖം എന്നു തോന്നാത്ത കയ്യടക്കമുള്ള സംവിധാനവും എന്ന്.

പ്രതീക്ഷ കാത്തു. 

ഇനി എന്തുകൊണ്ട് ഈ സിനിമ വിജയിക്കണം എന്ന് ആഗ്രഹിച്ചു എന്നു ചോദിച്ചാൽ ഒരു നാടൻ പട്ടിക്ക് കൊടുത്ത സ്ക്രീൻ പ്രസൻസ് കണ്ടാണ്. വളരെ ബാലിശമായ ഒരു കാരണമായി നിങ്ങൾക്ക് തോന്നിയേക്കാം.

പക്ഷേ പട്ടികളെ ഇഷ്ടമുള്ള ഒരുവനെന്ന നിലയ്ക്ക് ബ്രീഡ് ഡോഗ്സ് അരങ്ങുവാഴുന്ന ഒരു ഇൻഡസ്ട്രിയിൽ നാടൻ പട്ടിക്ക് കിട്ടുന്ന പ്രാധാന്യം എന്നെ ആകർഷിച്ചു. ബ്രീഡ് ഡോഗ്സിനോടെന്തെങ്കിലും വിരോധമുണ്ടായിട്ടല്ല, പക്ഷേ നമ്മുടെയിടയിൽ നമ്മുടെ നാടൻ നായ്ക്കളോട് എന്തോ ഒരു അകൽച്ച, എന്തോ ഒരു പ്രാധാന്യമില്ലായ്മ ഫീൽ ചെയ്തിട്ടുണ്ട്. എന്നാൽ പല ബ്രീഡ് ഡോഗ്സും ആയി ഇടപഴകിയിട്ടുണ്ടെങ്കിലും എനിക്ക് സ്നേഹം കണ്ണുകളിലും മുഖത്തും ഏറ്റവും അധികം ഫീൽ ചെയ്തിട്ടുള്ളത് നാടൻ നായ്ക്കളിലാണ്. ചിലരൊക്കെ എന്തോ ഒരു ഫാഷൻ പോലെ പതിനായിരക്കണക്കിന് രൂപ മുടക്കി സ്റ്റാറ്റസ് സിംബൽ പോലെ നായ്ക്കളെ കൊണ്ടുനടക്കുന്നതു കാണുമ്പോൾ പരിപാലിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത, നല്ല രോഗപ്രതിരോധ ശേഷിയുള്ള, ബുദ്ധിയുള്ള നാടൻ നായ്ക്കൾക്ക് സിനിമ വഴിയോ സെലിബ്രിറ്റികൾ വഴിയോ ഒരു പരസ്യം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു.‌ 

ഭീമന്റെ വഴി ഒരു നല്ല സിനിമയാണ്. അതിൽ 'ജാക്ക്' എന്ന ഒരു നാടൻ പട്ടി നടൻ നസീർ സംക്രാന്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിനുണ്ട്. വളരെ കുറച്ചുനേരമേ ഉള്ളൂ. പിന്നീടവൻ ദിവംഗതനാകും. അതിൽ പിന്നീട് നാട്ടിലെ മാന്യനായ വ്യക്തി ആര് എന്നൊരു ചോദ്യത്തിന് നസീർ പറയുന്നൊരു ഡയലോഗുണ്ട്. 

‘ഈ നാട്ടിൽ ഒരേയൊരു മാന്യനേ ഉണ്ടാരുന്നുള്ളൂ... അതെന്റെ  ജാക്ക് ആരുന്നു...’ 

പലരും ഒരു നോട്ടവും കിട്ടാതെ വളരുന്ന തെരുവുപട്ടികളെ കണ്ട് നാടൻ പട്ടി ഒരു മാന്യനല്ല എന്ന് കരുതാറുണ്ട്. എന്നാൽ നന്നായി വളർത്തിയാൽ നാടൻ പട്ടി സാർ ഒരു മാന്യനാണ്. സ്നേഹമുള്ളവനാണ്. അതുമാത്രമോ നാടൻ പട്ടിയുമായ് ക്രോസ്സ് ആകുന്ന ബ്രീഡുകൾക്ക് ഇതുങ്ങടെ രോഗപ്രതിരോധശേഷിയും മറ്റ് ചില ആഡഡ് അഡ്വാന്റേജസും ഒക്കെക്കിട്ടി ആകെമൊത്തം കിടു ആകാറുണ്ട്. 

അങ്ങനെ നാടൻ ക്രോസ്സാണ് ഇപ്പോൾ വീട്ടിലുള്ള ജൂലിയും പിള്ളേരും. പിന്നെ ഒരു ഏലിയും. 

മേപ്പടിയാനിലെ നായകനായ ഉണ്ണി മുകുന്ദനും ഒരു ഡോഗ് ലവർ ആണ്. എനിക്കറിയാൻ കഴിഞ്ഞത് സിനിമയിലെ പോമറേനിയൻ നാടൻ ക്രോസ്സ് പട്ടിക്കുട്ടനും പുള്ളിക്കാരന്റെയാണെന്നാണ്. എന്തായാലും അവനെ ജീവിതത്തിന്റെ ഒരു ഭാഗമായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇത് നാടൻ നായകൾക്ക് ഒരു പ്രൊമോഷൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്.

നാടൻ പട്ടികളോടുള്ള അകൽച്ച ഇല്ലാതായി അതുങ്ങളെ ഏറ്റെടുത്ത് വളർത്തുന്ന സെലിബ്രിറ്റികൾ കൂടുതലാകുന്നതോടെ ഒരു പുതിയ ഡോഗ് ലവിങ് കൾച്ചർ ഇവിടെ വന്നാലോ. ചിലപ്പോൾ ബ്രീഡ് ഡോഗ്സിനെ വിൽക്കുന്ന പെറ്റ് ഇൻഡസ്ട്രിക്ക് ഒരു അടി ആയേക്കും. എങ്കിലും പെഡിഗ്രി പറഞ്ഞ് വിലയുറപ്പിക്കുന്ന ബ്രീഡ് നായകളേക്കാൾ എന്തോ ഇഷ്ടമാണ് നാടനേയും നാടൻ ക്രോസ്സുകളേയും. ഇത് ഒരുതരത്തിലും ബ്രീഡന്മാരോടുള്ള ദേഷ്യമോ അകൽച്ചയോ അല്ല എന്നും പറയട്ടെ..

കുഞ്ഞിലെ പിച്ചവയ്ക്കുന്ന പ്രായത്തിൽ അടുത്തുള്ള തോട്ടിലെ ചേറിൽ വീണ് ചാകാൻ പോയപ്പോൾ രക്ഷിച്ചത് വീട്ടിലെ നാടൻ പട്ടി ആരുന്നു. അവൻ അമ്മയുടെ മാക്സിയിൽ പോയ് കടിച്ച് വലിച്ച് ബഹളമുണ്ടാക്കി ഞാൻ വീണ സ്പോട്ട് കാണിച്ചുകൊടുത്തില്ലായിരുന്നെങ്കിൽ കുഞ്ഞിലെ അത്ര മാന്യനല്ലാത്ത ഞാൻ പടമായി ചുവരിൽ തൂങ്ങിയേനേ. ചിലപ്പോൾ അതിന്റെ ഒരു ഇഷ്ടമാരിക്കാം. അതുകൊണ്ട് വെറും നാടൻ പട്ടി സ്നേഹം കൊണ്ട് വിജയിക്കണമെന്നാഗ്രഹിച്ച പടം നല്ല റിവ്യൂ കിട്ടി തീയേറ്ററിൽ ആളെക്കയറ്റുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ഒപ്പം പട്ടിപ്രേമി ആയ ഭാര്യയോടൊപ്പം ഈ പടം തീയേറ്ററിൽ പോയി കാണാൻ പറ്റാത്ത ലേശം വിഷമവും ഉണ്ട്. ചെന്നൈയിൽ അടുത്തയാഴ്ച എന്തോ മാത്രമേ ഈ പടം റിലീസുള്ളൂ.

English summary: Indian Dogs Deserve Love Too

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA