മത്സ്യങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും തീറ്റപരിവർത്തനശേഷിക്കും വേണം പ്രോബയോട്ടിക്സ്

HIGHLIGHTS
  • രോഗവാഹികളല്ലാത്തവയും ഉപകാരികളുമായ സൂക്ഷ്മജീവകളാണ് പ്രോബയോട്ടിക്കുകൾ
tilapia-fish
SHARE

? പ്രോബയോട്ടിക്സ് എന്നാൽ എന്താണ്. എത്ര തരം ഉണ്ട്. ഇവ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്. ഇതിന്റെ പ്രവർത്തനം എങ്ങിനെ. പ്രോബയോട്ടിക്ക് എവിടെയെല്ലാം ഉപയോഗിക്കണം.  ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. - നിബിൻ, കാരയാംപറമ്പ്, അങ്കമാലി.

രോഗവാഹികളല്ലാത്തവയും ഉപകാരികളുമായ സൂക്ഷ്മജീവകളാണ് പ്രോബയോട്ടിക്കുകൾ. വിവിധ തരം ബാക്ടീരിയകൾ, ബാക്ടീരിയോഫേജുകൾ, മൈക്രോ ആൽഗേ, യീസ്റ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഒരു തരം സൂക്ഷ്മജീവികൾ മാത്രമായോ ഒന്നിലധികം സൂക്ഷ്മജീവികളെ കൂട്ടിച്ചേർത്തോ ആണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രോബയോട്ടിക്കുകൾ ഉണ്ടാക്കുന്നത്. ഇവ പ്രധാനമായും 3 തരത്തിലുണ്ട്. ഫീഡ് പ്രോബയോട്ടിക്ക്, വാട്ടർ പ്രോബയോട്ടിക്ക്, സോയിൽ പ്രോബയോട്ടിക്ക്. 

ഫീഡ് പ്രോബയോട്ടിക്കുകൾ മത്സ്യത്തീറ്റയിൽ ചേർത്താണ് നൽകുക. മറ്റുള്ളവ ജലത്തിൽ ഒഴിച്ചോ അല്ലെങ്കിൽ കുളത്തിന്റെ അടിത്തട്ടിലുള്ള മണ്ണില്‍ നേരിട്ടു ചേർത്തോ ആണ് ഉപയോഗിക്കുന്നത്. തീറ്റയിലൂടെ നൽകുന്ന പ്രോബയോട്ടിക്കുകൾ മത്സ്യങ്ങളുടെ ദഹനത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും ത്വരിതപ്പെടുത്തുകയും രോഗവ്യാപനസാധ്യത  ഇല്ലാതാക്കുകയും ചെയ്യും. ദഹനനാളങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിന് സഹായകവുമാണ്. ഇത് മത്സ്യങ്ങളുടെ ഉള്ളിലെത്തിയാൽ ഓർഗാനിക് ആസിഡുകൾ, ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, വിറ്റാമിൻ ബി 12, ഹൈഡ്രജൻ പെറോക്സൈഡ്, ആന്റിബയോട്ടിക്കുകൾ, ബാക്ടീരിയോസിൻസ്, സൈഡെറോ ഫോറുകൾ, ലൈസോസൈം എന്നിവ ഉല്‍പാദിപ്പിക്കുന്നതു വഴി അവയുടെ  ആരോഗ്യവും വളർച്ചനിരക്കും മെച്ചപ്പെടും. ലാക്ടോബാസില്ലസ്, എന്റെറോകോക്കസ്, ബാസില്ലസ്, മൈക്രോ കോക്കസ്, സ്യൂഡോമോണാസ്, എയറോമൊണാസ്, എന്ററോബാക്ടർ, സക്കാറോമൈസിസ് എന്നീ വിഭാഗത്തിൽപെടുന്നവയാണ് സാധാരണയായി മത്സ്യക്കൃഷിയിൽ ഉപയോഗിക്കുന്ന പ്രോബയോട്ടിക്കുകൾ.

സോയിൽ പ്രോബയോട്ടിക്ക് മത്സ്യാവശിഷ്ടങ്ങളും, മറ്റു ജൈവിക അവശിഷ്ടങ്ങളും വേഗത്തിൽ വിഘടിക്കുന്നതിനു സഹായിക്കുകയും കുളത്തിന്റെ അടിത്തട്ടിൽ അമോണിയ, ഹൈഡ്രജൻ സൾഫൈഡ് എന്നിവപോലുള്ള വിഷ ലിപ്ത പദാർഥങ്ങൾ രൂപപ്പെടാതെ നോക്കുകയും ചെയ്യും. കുളത്തിൽ പ്ലവകങ്ങളുടെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. ഇത്തരം കുളങ്ങളിൽ ഒക്സിജൻ വേണ്ടത്ര ഉണ്ടാകുന്നതിനാൽ മത്സ്യവളർച്ച വേഗത്തിലാകും. 

പ്രോബയോട്ടിക്ക് പൊടി രൂപത്തിലും ലായനി രൂപത്തിലും വിപണിയിൽ ലഭ്യമാണ്. കൃത്യമായ ഇടവേളകളിൽ ഇവ ഉപയോഗിച്ചാൽ മാത്രമേ വേണ്ടത്ര ഗുണം ലഭിക്കുകയുള്ളൂ. നിയതന്ത്രിത ചുറ്റുപാടിൽ ജലം അധികം മാറാതെ കൃഷിചെയ്യുകയും വേണം. അതിനാൽ ജലം ഇടയ്ക്കിടെ മാറ്റുകയോ, കയറ്റി ഇറക്കുകയോ ചെയ്യുന്ന ഇടങ്ങളിൽ ഇവ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല.  എന്നാൽ ടാങ്കുകളിലും മറ്റുമുള്ള  മത്സ്യക്കൃഷിയില്‍ പ്രോബയോട്ടിക്കുകൾ കൃത്യമായ ഇടവേളകളിൽ ഒഴിക്കുന്നതു നന്ന്.  ഇവ ടാങ്കുകളിൽ ഉണ്ടാകാനിടയുള്ള  ദോഷകാരികളായ സൂക്ഷ്മജീവികളുടെ വളർച്ച തടയുകയും, വെള്ളത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യുന്നതിനാല്‍ വിളവു വര്‍ധിക്കും. 

English summary: Use of Probiotics in Aquaculture

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA