ADVERTISEMENT

പലപ്പോഴും ഉടമകൾക്ക് തലവേദന സൃഷ്ടിക്കുന്നത് നായ്ക്കളുടെ ഗർഭകാലവും പ്രസവവുമാണ്. കപടഗർഭവും ഗർഭമലസലും വിഷമപ്രസവവുമെല്ലാം നായ്ക്കളിൽ സ്വാഭാവികമായതുകൊണ്ടുതന്നെ ശ്രദ്ധയും കരുതലും അനിവാര്യമാണ്. ചെറിയൊരു അശ്രദ്ധ മതി വലിയൊരു നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ.

യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ ഗർഭകാലത്തിലൂടെ കടന്നുപോകുമ്പോഴാണ് സാറയെ ഉടമ സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിക്കുന്നത്. ആറു വയസ് പ്രായമുള്ള ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് സാറ. ഇണചേർത്ത് 55–ാം ദിവസമാണ് സ്കാൻ ചെയ്യുന്നതിനായി ക്ലിനിക്കിൽ കൊണ്ടുപോയത്. പരിശോധനയിൽ കുഞ്ഞുങ്ങളുടെ തല കാണാൻ കഴിഞ്ഞെങ്കിലും ഭ്രൂണത്തെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വളരെ ചെറുതും ആയിരുന്നു. ഹാർട്ട് ബീറ്റും കിട്ടിയില്ല. അതുകൊണ്ടുതന്നെ അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും കൊണ്ടുചെല്ലാൻ ഡോക്ടർ നിർദേശിച്ചു.  എന്നാൽ അഞ്ചു ദിവസത്തിനു ശേഷവും സമാന രീതിയിൽത്തന്നെയായിരുന്നു ഭ്രൂണം. ഒപ്പം ഗർഭാശയത്തിൽ വലിയൊരു വളർച്ചയും കാണാൻ സാധിച്ചു.

അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു. വയർ തുറന്നപ്പോൾ ഗർഭാശയത്തിൽ ട്യൂമർ കണ്ടെത്തി (ovarian carcinoma) കൂടാതെ കുഞ്ഞുങ്ങൾ മമ്മിഫൈഡ് (mummified fetus) രൂപത്തിലുമായിരുന്നു. അതായത്, വളർച്ചയുടെ 30–40 ദിവസത്തിൽ ഭ്രൂണാവസ്ഥയിൽത്തന്നെ കുഞ്ഞുങ്ങൾ ചത്തുപോയിരുന്നു. ഭ്രൂണത്തിലെ കോശങ്ങൾ അമ്മ  നായയുടെ ശരീരം വലിച്ചെടുത്തശേഷം അസ്ഥികളും തൊലിയും മാത്രമേ മമ്മിഫൈഡ് ഭ്രൂണങ്ങളിൽ ഉണ്ടായിരുന്നുള്ളൂ.

dog-mummyfied-fetus
സാറയുടെ ഗർഭാശയത്തിൽനിന്ന് നീക്കം ചെയ്ത ഗർഭാശയ ട്യൂമർ (ഇടത്ത്), മമ്മിഫൈഡ് രൂപത്തിലായ കുഞ്ഞുങ്ങൾ (വലത്ത്)

ഗർഭാശയത്തിൽ ട്യൂമർ വളർന്നതുമൂലം പ്രഗ്നൻസി ഹോർമോൺ സന്തുലിതമായിരുന്നില്ല. അതിനാലാണ് കുഞ്ഞുങ്ങൾ ഭ്രൂണാവസ്ഥയിൽത്തന്നെ ചത്തുപോയത്. നായ മറ്റു ലക്ഷണങ്ങൾ ഒന്നുംതന്നെ കാണിക്കാത്തതിനാൽ തുടക്കത്തിലേ തിരിച്ചറിയാനും കഴിഞ്ഞില്ല. 

വളർത്തുമൃഗങ്ങളിൽ നായ്ക്കളിലും പശുക്കളിലും ഗർഭാശയമുഴകൾ കൂടുതലായി കണ്ടുവരാറുണ്ട്. ഗർഭാശയം നീക്കം ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. കാരണം, ഗർഭാശയ മുഴകൾ നീക്കം ചെയ്താലും വീണ്ടും പുതിയ സ്ഥലത്ത് വരാൻ സാധ്യത ഏറെയാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. റിബു വർഗീസ് മാത്യു

പെറ്റ്‌സീ വെറ്ററിനറി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്റർ

ചിറയിറമ്പ്, പത്തനംതിട്ട

English summary: Prolonged Gestation Associated with Fetal Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com