പ്രശ്നം കണ്ടെത്താൻ വയർ തുറന്നപ്പോൾ ഡോക്ടർമാർ ഞെട്ടി; ബ്ലാക്കി ജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നു

HIGHLIGHTS
  • ചെറുകുടലിൽനിന്ന് വൻകുടലിലേക്കുള്ള വാൽവ് പ്രവർത്തിക്കുന്നില്ലായിരുന്നു
dog-surgery-1
ബ്ലാക്കിയുടെ ഉദരഭാഗത്തിന്റെ എക്സ്‌ റേ
SHARE

എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഭക്ഷണമെടുപ്പ് കുറയ്ക്കുക എന്നതാണ് മിക്ക ജീവികളുടെയും രീതി. അത് മത്സ്യങ്ങളാണെങ്കിലും മൃഗങ്ങളാണെങ്കിലും ഒന്നുതന്നെ. എന്നാൽ, ആന്തരികമായ അസുഖങ്ങളുടെ യഥാർഥ അവസ്ഥ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വിദഗ്ധ പരിശോധനാ സംവിധാനങ്ങളുടെ സഹായം ആവശ്യമായി വരും. എക്‌സ് റേയിലും അൾട്രാ സൗണ്ടിലും പൂർണമായും വ്യക്തമാകാത്ത രോഗാവസ്ഥ തിരിച്ചറിയാൻ ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ടി വന്ന നായയാണ് ബ്ലാക്കി. ഏഴു വയസുള്ള ഇന്ത്യൻ സങ്കര ഇനത്തിൽപ്പെട്ട നായയാണ് ബ്ലാക്കി.

എന്തു കഴിച്ചാലും അൽപം കഴിയുമ്പോൾ ശർദ്ദിച്ചു കളയുന്നു എന്നതായിരുന്നു ബ്ലാക്കിയുടെ രോഗലക്ഷണം. അതുപോലെ വയറ്റിൽനിന്ന് പുറത്തേക്ക് പോകുന്നുമില്ല. വയർ വീർത്തിരിക്കുകയും ചെയ്യുന്നു. വയറ്റിൽ എന്തെങ്കിലും നീർക്കെട്ടോ, ഗ്യാസോ അതല്ലെങ്കിൽ കുടലുകളിൽ എന്തെങ്കിലും പ്രശ്നമോ ഉണ്ടാകും എന്ന് ഡോക്ടർമാർ അനുമാനിച്ചു. ഇതേത്തുടർന്ന് എക്‌റേ എടുത്തപ്പോൾ കുടലുകൾക്ക് അസാധാരണ വലുപ്പം ശ്രദ്ധയിൽപ്പെട്ടു. നാളുകൾക്ക് മുൻപ് കഴിച്ച ഭക്ഷണവും, ഗ്യാസുമെല്ലാം കുടലിനുള്ളിലുണ്ടായിരുന്നു.

പ്രശ്നം എന്താണെന്ന് വ്യക്തമായി അറിയുന്നതിന് ബേരിയം എക്‌സ്റേ എടുത്തു. ബേരിയം പൗഡർ കുടിപ്പിച്ചിട്ട് എടുക്കുന്നതാണിത്. കുടിപ്പിക്കുന്ന ബേരിയും വായിലൂടെ പ്രവേശിച്ച് ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും വൻകുടലിലൂടെയും കടന്ന് മലദ്വാരത്തിലൂടെ പുറത്ത് പോവേണ്ടതാണ്. എന്നാൽ, മൂന്നു മണിക്കൂർ ആയപ്പോഴേക്ക് ബ്ലാക്കി അത് മുഴുവൻ ശർദ്ദിച്ചു കളഞ്ഞു. അതുകൊണ്ടുതന്നെ യഥാർഥ പ്രശ്നം കണ്ടെത്താനായില്ല. അൾട്രാസൗണ്ടിലും ഇത്രയൊക്കെ കാര്യങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ.

dog-surgery-2
അസാധാരണ രീതിയിൽ വികസിച്ച ചെറുകുടൽ

ഇതേത്തുടർന്ന് ശസ്ത്രക്രിയ നടത്തി പ്രശ്നം എന്താണെന്ന് കണ്ടെത്തി ചികിത്സിക്കാമെന്ന് ഡോക്ടർമാർ തീരുമാനിച്ചു. അനസ്തേഷ്യ നൽകി മയക്കിയശേഷം കുടൽ പുറത്തെടുത്തപ്പോഴാണ് യഥാർഥ പ്രശ്നം കണ്ടെത്താൻ കഴിഞ്ഞത്. ചെറുകുടലിൽനിന്ന് വൻകുടലിലേക്കുള്ള വാൽവ് പ്രവർത്തിക്കുന്നില്ലായിരുന്നു എന്നതായിരുന്നു ബ്ലാക്കിയുടെ പ്രശ്നം. അതുകൊണ്ടുതന്നെ ചെറുകുടലിൽനിന്ന് ഭക്ഷണം വൻകുടലിലേക്ക് പോവാതെ തടസപ്പെട്ടു കിടക്കുകയായിരുന്നു. ചെറുകുടലിന്റെയും വൻകുടലിന്റെയും ഇടയിലുള്ള ഭാഗം തുറന്ന് വാൽവ് വികസിപ്പിക്കുന്ന (valve widening surgery) ശസ്ത്രക്രിയ ചെയ്ത് പ്രശ്നം പരിഹരിച്ചു.

dog-surgery
ചെറുകുടലിനും വൻകുടലിനും ഇടയിലുള്ള വാൽവ് ശസ്ത്രക്രിയയ്ക്കു ശേഷം

ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസം പിന്നിട്ടു. ബ്ലാക്കി നല്ല രീതിയിൽ ഭക്ഷണം എടുക്കുന്നുണ്ടെന്ന് മാത്രമല്ല കൃത്യമായി വയറ്റിൽനിന്ന് പോകുന്നുമുണ്ട്. എന്നാൽ, മരുന്നുകളും ബ്ലാക്കി എടുക്കുന്നുണ്ട്. കാരണം, നാളുകളായി ചെറുകുടലിൽ ഭക്ഷണപദാർഥങ്ങൾ കിടന്നിരുന്നതിനാൽ അത് ഇരട്ടിയോളം വികസിച്ച് വൻകുടലിന് സമമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറുകുടലിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ല. ഇതിനുള്ള മരുന്നുകളാണ് ഇപ്പോൾ ബ്ലാക്കിക്ക് നൽകിക്കൊണ്ടിരിക്കുന്നത്. വൈകാതെ ബ്ലാക്കി പൂർണാരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. റിബു വർഗീസ് മാത്യു

പെറ്റ്‌സീ വെറ്ററിനറി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്റർ (Petsee Veterinary Clinic and Diagnostic Centre)

ചിറയിറമ്പ്, കോഴഞ്ചേരി, പത്തനംതിട്ട

English summary: Valve Widening Sugery in Pet Dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA