ADVERTISEMENT

നന്നായി സംസാരിക്കുന്ന, നമ്മുടെ ഒപ്പം ആയിരിക്കുന്ന, പേടിയില്ലാത്ത തത്തക്കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കാത്ത പക്ഷിസ്നേഹികൾ ഉണ്ടാവില്ല. പ്രകൃതിയിൽ അമ്മയുടെ പരിചരണത്തിൽ വളർന്നു വലുതാകുന്ന പക്ഷിക്കുഞ്ഞുങ്ങൾ ഉടമയോട് മുകളിൽപ്പറഞ്ഞപോലുള്ള അടുപ്പം കാണിക്കില്ല. അതുകൊണ്ടാണ് പലരും നന്നേ ചെറുപ്പത്തിലെ പക്ഷിക്കുഞ്ഞുങ്ങളെ അമ്മക്കിളിയുടെ അടുത്തുനിന്ന് മാറ്റി പ്രത്യേക തീറ്റ നൽകി വളർത്തുന്നത്. ഇത്തരത്തിൽ ഹാൻഡ് ഫീഡിങ് പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് വിപണിയിൽ ഏറെ പ്രിയമുണ്ട്.

എന്തുകൊണ്ട് ഹാൻഡ് ഫീഡിങ്?

മനുഷ്യനുമായി അടുപ്പമുണ്ടാക്കാൻവേണ്ടിയാണ് ചെറുപ്പം മുതൽ പക്ഷിക്കുഞ്ഞുങ്ങൾക്ക് ഹാൻഡ് ഫീഡിങ് ചെയ്യുക. നായയും പൂച്ചയുമൊക്കെ അവരുടെ ഉടമയുടെ അടുത്ത് ഭയമില്ലാതെ സമീപിക്കുന്നതുപോലെ പക്ഷികളെയും ഇണക്കിയെടുക്കാം. മാതാപിതാക്കൾ തീറ്റ നൽകി വളർത്തിയെടുക്കുന്ന പക്ഷികൾക്ക് എപ്പോഴും പ്രകൃത്യായുള്ള ജന്മവാസന ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവയെ ഇണക്കിയെടുക്കാൻ കഴിയില്ല. മാത്രമല്ല, ജന്മനാ ഉള്ള ഭയവും അവയിൽനിന്നു മാറില്ല. അതുകൊണ്ടാണ് ചെറുപ്പത്തിൽത്തന്നെ അമ്മപ്പക്ഷിയിൽനിന്നു മാറ്റി പ്രത്യേകം തീറ്റ നൽകുക.

ഹാൻഡ് ഫീഡിങ് എപ്പോൾ?

ജനിച്ച അന്നു മുതൽ വേണമെങ്കിലും ഹാൻഡ് ഫീഡ് ചെയ്യാം. എങ്കിലും കുറഞ്ഞത് 3 ആഴ്ച പ്രായമെങ്കിലും ആയ കുഞ്ഞുങ്ങളെയാണ് ഹാൻഡ് ഫീഡിങ്ങിനായി അമ്മപ്പക്ഷിയുടെ അടുത്തുനിന്ന് മാറ്റേണ്ടത്. പ്രായമേറുന്തോറും നമ്മുടെ പക്കൽനിന്ന് തീറ്റ വാങ്ങാൻ കുഞ്ഞുങ്ങൾ മടിക്കും. 

എന്താണ് ഗുണം?

ഇണക്കിയെടുക്കുക കൂടാതെ ഹാൻഡ് ഫീഡിങ്ങിന് മറ്റൊരു ഗുണംകൂടിയുണ്ട്. സാധാരണ അരുമയായി വളർത്തുന്ന തത്ത വർഗത്തിൽപ്പെട്ടതും കുരുവി വർഗത്തിൽപ്പെട്ടതുമായ പക്ഷികൾക്ക് ശരാശരി 4 കുഞ്ഞുങ്ങളെങ്കിലും ഒരു ശീലിൽ ഉണ്ടാവാറുണ്ട്. എന്നാൽ, ഈ കുഞ്ഞുങ്ങൾ എല്ലാവരെയും തീറ്റ നൽകി നന്നായി സംരക്ഷിക്കാൻ എല്ലാ മാതാപിതാക്കൾക്കും കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ ഇളയ കുഞ്ഞുങ്ങൾ ചത്തുപോകാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ശീലിലെ എല്ലാ കുഞ്ഞുങ്ങളെയും ജീവനോടെ വളർത്തിയെടുക്കാൻ ഹാൻഡ് ഫീഡിങ്ങിലൂടെ സാധിക്കും. 

എവിടെ സൂക്ഷിക്കണം?

ശരീരത്തിൽ തൂവലുകൾ വരാത്ത പ്രായത്തിലാണ് കുഞ്ഞുങ്ങളെ അമ്മപ്പക്ഷിയുടെ സംരക്ഷണയിൽനിന്ന് മാറ്റുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക ബ്രൂഡർ ഒരുക്കി നൽകണം. 24–30 ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിച്ചവേണം ബ്രൂഡ് നൽകാൻ. തൂവലുകൾ വളരുന്നതനുസരിച്ച് ബ്രൂഡറിലെ താപനില കുറയ്ക്കാം. കൃത്യമായ താപനില കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ദഹനത്തിനും സഹായിക്കും. 

എന്താണ് കൊടുക്കേണ്ടത്?

അമൃതംപൊടി, ബേബി ഫുഡുകൾ തുടങ്ങിയവ നൽകിയാൽ മതി എന്നു പറയുന്ന ചിലരുണ്ട്. അവരുടെ വാക്കുകൾ കേട്ട് അത്തരം ഭക്ഷണങ്ങൾ നൽകി വളർത്തിയാൽ പക്ഷികൾക്ക് അകാല മരണം സംഭവിക്കുമെന്നതിൽ സംശയമില്ല. കാരണം, പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തിന് ആവശ്യമില്ലാത്ത പാലുൽപന്നങ്ങളും മറ്റും അവയുടെ ദഹനവ്യവസ്ഥയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയേയുള്ളൂ.

ഇവിടെയാണ് ഹാൻഡ് ഫീഡിങ് ഫോർമുലയുടെ പ്രസക്തി. പക്ഷിക്കുഞ്ഞുങ്ങൾക്ക് അവയുടെ അമ്മപ്പക്ഷി നൽകുന്ന തരത്തിലുള്ള ഭക്ഷണമാണ് ഹാൻഡ് ഫീഡിങ് ഫോർമുലയുടെ അടിസ്ഥാന തത്വം. അതുകൊണ്ടുതന്നെ അവയ്ക്ക് മികച്ച വളർച്ചയും ആരോഗ്യവും നൽകാൻ ഈ പ്രത്യേക ഭക്ഷണത്തിനു കഴിയും. ഓരോ പക്ഷിയിനത്തിനും വ്യത്യസ്തമായ ഹാൻഡ് ഫീഡിങ് ഫോർമുലകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. 

എങ്ങനെ കൊടുക്കണം?

ഓരോ തവണ ഭക്ഷണം നൽകുമ്പോഴും ഫ്രഷ് ആയിത്തന്നെ പാകം ചെയ്തിരിക്കണം. സൗകര്യത്തിന് ഒരു തവണ പാകം ചെയ്തശേഷം പല തവണ നൽകാൻ ഉപയോഗിക്കരുത്. ചൂടാക്കിയ വെള്ളത്തിൽ ഹാൻഡ് ഫീഡിങ് ഫോർമുല കലർത്തി (ദോശമാവിനേക്കാളും കട്ടി കുറഞ്ഞ പരുവം) വേണം നൽകാൻ. 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഈ മിശ്രിതത്തിനു ചൂട് പാടില്ല. എന്നാൽ, തീരെ തണുത്തുപോകാനും പാടില്ല, അത് ദഹനത്തെ ബാധിക്കും.

 

ഹാൻഡ് ഫീഡിങ് ഫോർമുല നൽകാൻ സാധാരണ ഉപയോഗിക്കുന്നത് സിറിഞ്ച് ആണ്. ചില പക്ഷികൾക്ക് പ്രത്യേക രൂപത്തിലുള്ള സ്‌പൂണുകളും ഉപയോഗിക്കാറുണ്ട്. ഓരോ തവണയും നൽകുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിച്ചിരിക്കണം. തീറ്റ സ്വീകരിക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ തല മുകളിലേക്കും താഴേക്കും ഇളക്കുകയും ചിറകു വിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും. അതാണ് ശരിയായ തീറ്റ സ്വീകരണ രീതി. ശബ്ദമുണ്ടാക്കി ശരീരം ചലിപ്പിക്കുമ്പോൾ ശ്വാസനാളം അടഞ്ഞ് ഭക്ഷണം കണ്‌ഠസഞ്ചിയിലേക്ക് കൃത്യമായി എത്തും. ചുണ്ടുകളുടെ ഇരുവശത്തും വിരലുകൾകൊണ്ട് പിടിച്ച് സിറിഞ്ചിലൂടെ ഹാൻഡ് ഫീഡിങ് ഫോർമുല നൽകാം. ഭക്ഷണം സ്വീകരിക്കാനുള്ള പ്രവണത കാണിക്കാതെ ഭക്ഷണം നൽകാൻ ശ്രമിച്ചാൽ ഭക്ഷണം ശ്വാസനാളത്തിൽ പോകാൻ സാധ്യതയുണ്ട്. ഇത് മരണത്തിനു കാരണമാകും. കണ്‌ഠസഞ്ചി ശൂന്യമായ സമയത്ത് ഭക്ഷണം നൽകുന്നതാണ് ഏറ്റവും അനുയോജ്യം.

എപ്പോഴൊക്കെ നൽകണം?

പ്രായവും വളർച്ചാനിരക്കും അനുസരിച്ചുവേണം ഭക്ഷണത്തിന്റെ അളവും നൽകേണ്ട തവണകളും നിശ്ചയിക്കാൻ. ചെറു പ്രായത്തിൽ കൂടുതൽ തവണ തീറ്റ നൽകേണ്ടതായി വരും. പരമാവധി പകൽ സമയത്ത് തീറ്റ നൽകണം. രാത്രി പത്തു മുതൽ രാവിലെ ആറു വരെ തീറ്റ നൽകണമെന്നില്ല. രാത്രിയിൽ ദഹനത്തിന്റെ വേഗം കുറവാണെന്നതാണ് കാരണം.

എപ്പോൾ ഹാൻഡ് ഫീഡിങ് അവസാനിപ്പിക്കാം?

എപ്പോൾ അവസാനിപ്പിക്കാം എന്നു തീരുമാനിക്കുക അൽപം പ്രയാസമേറിയ കാര്യമാണ്. എങ്കിലും ശരീരത്തിൽ നന്നായി തൂവലുകൾ വന്നതിനുശേഷം ഹാൻഡ് ഫീഡിങ് അളവ് കുറച്ച് ധാന്യങ്ങളും പഴങ്ങളും നൽകി ശീലിപ്പിക്കണം. തനിയെ നന്നായി ഭക്ഷണം കഴിച്ചുതുടങ്ങിയാൽ ഹാൻഡ് ഫീഡിങ് അവസാനിപ്പിക്കാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പക്ഷികൾക്കൊ കുഞ്ഞുങ്ങൾക്കോ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഉടൻതന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചുവടെ നൽകിയിട്ടുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

  • എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുക.
  • ഉറക്കമില്ലായ്മ.
  • ഉന്മേഷക്കുറവ്, തൂങ്ങിയ ചിറകുകൾ, തല കുനിച്ചിരിക്കുക.
  • തീറ്റ സ്വീകരിക്കാൻ മടി.
  • തീറ്റ സ്വീകരിക്കുമ്പോളുള്ള പ്രതികരണമില്ലായ്മ.
  • കണ്‌ഠസഞ്ചി എപ്പോഴും നിറഞ്ഞിരിക്കുക.
  • വളർച്ചക്കുറവ്.
  • അസ്വാഭാവിക വളർച്ച.
  • കാലുകളുടെയും ചിറകുകളുടെയും സ്ഥാനവ്യത്യാസം.
  • കണ്ഠസഞ്ചിയുടെ ഭാഗത്തെ നനവ്. 

English summary: Hand feeding baby birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com