കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ അരുമമൃഗങ്ങളോട് കരുതൽ വേണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന ഒരു കൂട്ടം കൊറോണ വൈറസുകളിൽ ഒന്നു മാത്രമാണ് കോവിഡ് 19. എന്നാൽ, ഇവ മൃഗങ്ങൾക്ക് വരില്ല എന്നു പറയാനാകില്ല. കോവിഡ് രോഗികളായ ഉടമകളുമായി അടുത്തിടപഴകുന്ന നായ്ക്കളിലും പൂച്ചകളിലും രോഗം പിടിപെട്ടിട്ടുമുണ്ട്. എന്നാൽ, രോഗം പിടിപെട്ട മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
നിലവിൽ മൃഗങ്ങളിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ കോവിഡ് രോഗം കാണിക്കുന്നില്ലെങ്കിലും ഭാവിയിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ലെന്ന് ഐവിഎ ആലപ്പുഴയ്ക്കുവേണ്ടി ഡോ. സംഗീത് നാരായണൻ പറയുന്നു. അതുകൊണ്ടുതന്നെ കൊറോണ ബാധിതരും കുടുംബാംഗങ്ങളും കുറച്ചു നാളത്തേക്ക് അരുമകളുമായി അടുത്തിടപെഴകാതിരിക്കുന്നത് അവയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നല്ലതാണ്. നായ്ക്കൾക്കോ പൂച്ചകൾക്കോ പനി, മൂക്കിൽനിന്ന് സ്രവം എന്നിവ കണ്ടാൽ തൊട്ടടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.
English summary: What You Should Know about COVID-19 and Pets