ADVERTISEMENT

അമേരിക്കൻ ബുള്ളി 1990കളിൽ ഉരുത്തിരിച്ചെടുത്ത നായയിനമാണ്. പേരുപോലെതന്നെ അമേരിക്കക്കാരാണ് ഇതിനെ വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും അക്രമകാരികളായ നായ ഇനമായ അമേരിക്കൻ പിറ്റ്ബുൾ ടെറിയറാണ് ഈയിനത്തിന്റെ അടിസ്ഥാനം. പിറ്റ്ബുൾ, അമേരിക്കൻ സ്റ്റാഫോർഡ് ഷയർ ടെറിയർ ഇനങ്ങളുടെ സങ്കരമാണ് അമേരിക്കൻ ബുള്ളി. മറ്റ് അംഗീകൃത ബുള്ളി ഇനങ്ങളും ഈ സെലക്ടീവ് ബ്രീഡിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ ഇനം രൂപംകൊണ്ടപ്പോൾ അമേരിക്കൻ പിറ്റ്ബുളിന്റെ രൂപവും ശാന്തസ്വഭാവവും കൈവന്നു. അതോടെ മികച്ച കംപാനിയൻ ഇനമായി അമേരിക്കൻ ബുള്ളി.

ഉയരം നന്നേ കുറഞ്ഞ കൈകാലുകൾ, വലിയ തല, തിളങ്ങുന്ന രോമം, നീളം കുറഞ്ഞ മുഖം എന്നിവയാണ് പ്രധാന സവിശേഷതകൾ. വ്യത്യസ്ത നിറങ്ങളിൽ ഇവയെ കാണാം. ചെവികൾ ക്രോപ് ചെയ്യുന്നത് രൂപം ഭീകരമാക്കും. 

american-bully

ആരോടും നല്ല അടുപ്പം കാട്ടുന്നതിനാല്‍ ഫാമിലി പെറ്റ് ആയി വളർത്താം.  മതിയായ വ്യായാമം ഉറപ്പാക്കാനായാൽ ഫ്ലാറ്റുകളിലും വളർത്താം. ഉയരം കുറവായതുകൊണ്ട് കൃത്യമായി വ്യായാമം ചെയ്യിച്ചില്ലെങ്കിൽ ആരോഗ്യം ക്ഷയിക്കാം. ചർമരോഗം പിടിപെടാനുള്ള സാധ്യതയേറെ.  അതുകൊണ്ടു കൂടും പരിസരവും സദാ വൃത്തിയായിരിക്കണം. 

അമേരിക്കൻ ബുള്ളിക്കു പിറ്റ്ബുളിന്റെ സ്വഭാവമാണ് ഇവയ്ക്കെന്നു തെറ്റിദ്ധരിക്കുന്നവരേറെ. കെന്നൽ ക്ലബ് ഓഫ് ഇന്ത്യ(കെസിഐ)യുടെ അംഗീകാരവുമില്ല ഈയിനത്തിന്. അതിനാൽ ഈ ബ്രീഡിന് അർഹിക്കുന്ന സ്ഥാനവും പ്രചാരവും നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി അമേരിക്കൻ ബുള്ളി റജിസ്റ്ററി ക്ലബ് രൂപം കൊണ്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ അമേരിക്കൻ ബുള്ളി ഉടമകളെയും ചേർത്തിണക്കിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്.

american-bully-1

അമേരിക്കൻ ബുള്ളി ഇനത്തോടു തോന്നിയ കൗതുകത്താൽ ഒരു കെന്നൽതന്നെ നടത്തുന്നു തിരുവനന്തപുരം പോത്തൻകോടുള്ള വി.എം. സ്റ്റാലിൻ. സോഡിയാക് എക്സോട്ടിക്സ് എന്ന കെന്നല്‍ തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയുള്ളൂവെങ്കിലും ഈ മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ പക്കല്‍   ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയവയുടെ വലിയ ശേഖരംതന്നെയുണ്ട്. 

മകനും സുഹൃത്തും കൂടി വാങ്ങിയ 4 അമേരിക്കൻ ബുള്ളികളെ ഏറ്റെടുക്കുകയായിരുന്നു സ്റ്റാലിന്‍. പഞ്ചാബിൽനിന്നു കൊണ്ടുവന്ന കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി മാതൃപിതൃശേഖരം ഉണ്ടാക്കുകയാണ് ചെയ്തത്.  

american-bully-2

ഡോ. ആദിത്യ സർദാനയുടെ ലക്‌ഷ്വറി ലൈൻ നായ്ക്കളാണ് ഇവിടെയുള്ളത്. പ്രായപൂർത്തിയായ മികച്ച നായ്ക്കൾക്ക് ലക്ഷങ്ങൾ വില വരും. പ്രായം കൂടുന്തോറുമേ ഈ ഇനത്തിന്റെ ഗുണമേന്മ തിരിച്ചറിയാൻ കഴിയുള്ളൂ.

കൃത്രിമ ബീജാധാനം 

ഉയരം കുറവായതുകൊണ്ട് സ്വാഭാവിക ഇണചേരൽ ഇവയ്ക്കു ബുദ്ധിമുട്ടാണ്. അതിനാൽ, ആൺനായയിൽനിന്ന് ബീജം ശേഖരിച്ച് പെൺനായയിൽ ആധാനം ചെയ്യുകയാണ് പതിവ്. പ്രസവം സിസേറിയൻ ആയിരിക്കും. കുഞ്ഞുങ്ങളെ പ്രത്യേകം തയാറാക്കിയ ഇൻക്യുബേറ്ററിൽ കൃത്രിമച്ചൂടു നൽകി വളർത്തിയെടുക്കുന്നു. 

ഫോൺ: 9495726916

English Summary: American Bully Dog Breed Information and video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com