ADVERTISEMENT

കാലിലെയും തലയിലെയും പേശികളുടെ അനിയന്ത്രിതമായ വിറയല്‍, പിറകിൽനിന്നും മുന്നോട്ട് വ്യാപിക്കുന്ന രൂപത്തിൽ  കൈകാലുകളുടെ  ക്രമേണയുള്ള തളര്‍ച്ച, വേച്ച് വേച്ചു വീണുപോകൽ തുടങ്ങിയ ശാരീരികവിവശതകളുമായി മൃഗാശുപത്രികളിലെത്തിക്കുന്ന നായ്ക്കളുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടിയിരിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തെരുവുനായ്ക്കൾ കൂട്ടമായി ചത്തൊടുങ്ങുന്ന വാർത്തകളും വിവിധ ജില്ലകളിൽനിന്നും പുറത്തുവന്നിട്ടുണ്ട്. നായ്ക്കളിൽനിന്നും നായ്ക്കളിലേക്കു പടർന്നുപിടിക്കുന്ന രീതിയിൽ കണ്ടുവരുന്ന മേൽപറഞ്ഞ ലക്ഷണങ്ങൾ കനൈന്‍ ഡിസ്റ്റംപര്‍ എന്ന സാംക്രമിക വൈറസ് രോഗത്തിന്റേതാണ്. പാരമിക്സോ വൈറസ് കുടുംബത്തിലെ മോര്‍ബിലി വൈറസുകളാണ് (Canine morbillivirus /Canine distemper virus) കനൈന്‍ ഡിസ്റ്റംപര്‍ രോഗമുണ്ടാക്കുന്നത്. കനൈന്‍ ഡിസ്റ്റംപര്‍ നായ്ക്കളിൽ മാരകമാണെങ്കിലും മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കു പകരുന്ന ഒരു ജന്തുജന്യരോഗമല്ല. 

നായ്ക്കളെ മാത്രമല്ല ചെന്നായ, കുറുക്കന്‍ ഉൾപ്പടെ ശ്വാനവര്‍ഗ്ഗത്തിലെ മിക്ക ജീവികളെയും, മാർജാര വര്‍ഗ്ഗത്തില്‍പ്പെട്ട സിംഹമടക്കമുള്ള വലിയ ജീവികളെയും, വന്യജീവികളില്‍പ്പെട്ട മറ്റനേകം സസ്തനികളെയും ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ഡിസ്റ്റംപര്‍. ഏഷ്യൻ ആനകളിൽ പോലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. 1994ല്‍ ആഫ്രിക്കയിലെ സെരന്‍ഗിറ്റി ദേശീയ പാര്‍ക്കില്‍ ആയിരത്തില്‍പരം ആഫ്രിക്കന്‍ സിംഹങ്ങളാണ് ഡിസ്റ്റംപര്‍ വൈറസ് രോഗം പിടിപെട്ട് ചത്തൊടുങ്ങിയത്. 2018ൽ ഗുജറാത്തിലെ ഗിര്‍ വനത്തില്‍ 35ലധികം ഏഷ്യന്‍ സിംഹങ്ങളുടെ അകാലമരണത്തിന് കാരണമായതും ഡിസ്റ്റംപര്‍ രോഗം തന്നെയായിരുന്നു. രാജ്യത്തെ മൃഗശാലകളിൽ ഈ വൈറസ് രോഗത്തിനെതിരെ വലിയ ജാഗ്രതയാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ കനൈന്‍ ഡിസ്റ്റംപര്‍ രോഗം അത്ര വ്യാപകമല്ലായിരുന്നെങ്കിലും അടുത്ത കാലത്തായി വളര്‍ത്തുനായ്ക്കളില്‍ രോഗബാധ കൂടിവരുന്നതായി മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടു വർഷം മുൻപ് കൊച്ചിയിലും കൊല്ലം നഗരത്തിലും തെരുവ് നായ്ക്കൾക്കിടയിൽ ഡിസ്റ്റംപര്‍ രോഗം പൊട്ടിപ്പുറപ്പെടുകയും അനേകം നായ്ക്കൾ ചത്തൊടുങ്ങുകയും ചെയ്തിരുന്നു.

അതിവേഗം പടര്‍ന്നുപിടിക്കാനുള്ള ശേഷി ഡിസ്റ്റംപര്‍ വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ മൃഗങ്ങളുടെ ഉച്ഛ്വാസവായുവിലൂടെ പുറത്തുവന്ന് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ചെറു സ്രവകണികകൾ വഴി വായുവിലൂടെയും, രോഗം ബാധിച്ചവയുമായുള്ള നേരിട്ടോ അല്ലാതെയോയുള്ള സമ്പര്‍ക്കത്തിലൂടെയോ വളര്‍ത്തുനായ്ക്കളെ ഡിസ്റ്റംപര്‍ വൈറസുകള്‍ ബാധിക്കാം. വീടിന്റെ പരിസരങ്ങളിൽ കാണുന്ന കീരി, മരപ്പട്ടി, കുറുനരി തുടങ്ങിയ ജീവികളും, തെരുവുനായ്ക്കളും ഡിസ്റ്റംപര്‍ വൈറസിന്റെ വാഹകരാകാൻ സാധ്യത ഏറെയാണ്. ഏതു പ്രായത്തിലുമുള്ള, ഏത് ഇനത്തിൽപ്പെട്ട  നായ്ക്കളെയും ഡിസ്റ്റംപര്‍ രോഗം ബാധിക്കാമെങ്കിലും 7 ആഴ്ചയിൽ ചുവടെ പ്രായമുള്ളതും പ്രതിരോധകുത്തിവയ്പുകൾ എടുക്കാത്ത നായ്ക്കൾക്ക് ജനിക്കുന്നതുമായ കുഞ്ഞുങ്ങൾക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രതിരോധകുത്തിവയ്പുകൾ നൽകാത്ത 3 - 6 മാസത്തിനും ഇടയിൽ പ്രായമുള്ള നായ്ക്കുട്ടികളിലും പ്രായം ചെന്ന പ്രതിരോധശേഷി കുറഞ്ഞ നായ്ക്കളിലും ഉയർന്ന രോഗസാധ്യതയുണ്ട്. ഗർഭിണി ആയിരിക്കുമ്പോൾ തള്ളപ്പട്ടിയിൽ നിന്നും ഗർഭസ്ഥ നായ്കുഞ്ഞുങ്ങളിലേക്ക് രോഗം പകരാനുള്ള സാധ്യതയുമുണ്ട്.  

dog-canine-3

ഡിസ്റ്റംപര്‍ രോഗം ലക്ഷണങ്ങൾ എന്തെല്ലാം

നായ്ക്കളുടെ പ്രായവും പ്രതിരോധശേഷിയും ആരോഗ്യവും രോഗം പരത്താനുള്ള വൈറസിന്റെ ശേഷിയും അനുസരിച്ച് തീവ്രത കുറഞ്ഞ രൂപത്തിലും, അതിതീവ്രമായ രീതിയിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാം. നായ്ക്കളുടെ ശരീരത്തിലെത്തുന്ന വൈറസുകള്‍ അവയുടെ ശരീരത്തിലെ ലസികാ (ലിംഫ് ) കോശങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ ആക്രമിക്കുക. ഈ കോശങ്ങളില്‍വച്ച് അതിവേഗം വിഘടിച്ച് പെരുകുന്ന വൈറസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കണ്ണിലേക്കും ദഹനവ്യൂഹത്തിലേക്കും  ശ്വസനവ്യൂഹത്തിലേക്കും വൃക്കയിലേക്കും മൂത്രനാളിയിലേക്കും വ്യാപിക്കും. എന്തിനേറെ ക്രമേണ നാഡിവ്യൂഹത്തിലേക്കും, തലച്ചോറിലുമെല്ലാം വൈറസുകളെത്തും. 

104  ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍ പനി, ചുവന്ന്  വീങ്ങിയ  കണ്ണുകള്‍, കണ്ണില്‍നിന്നും മൂക്കില്‍ നിന്നും പഴുത്ത സ്രവമൊലിക്കല്‍, തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം, ചുമ, ശ്വസനതടസ്സം ഇവയെല്ലാമാണ്  പ്രാരംഭ ലക്ഷണങ്ങള്‍. വൈറസുകള്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്നതോടെ കാലിലെയും തലയിലെയും പേശികളുടെ അനിയന്ത്രിതമായ വിറയല്‍, വേച്ച് പോവല്‍, പിറകിൽ നിന്നും മുന്നോട്ട് വ്യാപിക്കുന്ന രൂപത്തിൽ  കൈകാലുകളുടെ  ക്രമേണയുള്ള തളര്‍ച്ച, വായില്‍ നിന്നും ഉമിനീര്‍ നിയന്ത്രണമില്ലാതെ ഒഴുകല്‍ എന്നീ ലക്ഷണങ്ങളും പ്രകടമാകും. അമിതമായി ഉമിനീരൊഴുകുന്നതു കാരണം പലപ്പോഴും ഇത് പേവിഷബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

വയറിനടിവശത്തും തുടകള്‍ക്കിടയിലും പൊള്ളലേറ്റതിനു സമാനമായ പഴുപ്പ് നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ നായ് പൊങ്ങൻ എന്ന് പ്രാദേശികമായി കനൈന്‍ ഡിസ്റ്റംപറിനെ വിളിക്കാറുണ്ട്.

രോഗത്തിൽനിന്ന് രക്ഷപ്പെട്ട നായ്ക്കളുടെ കാല്‍പ്പാദത്തിനടിവശം വീങ്ങി കട്ടിയാവുന്നതിനാല്‍  കഠിന കാല്‍പ്പാദ രോഗം (ഹാര്‍ഡ് പാഡ്) എന്ന് വിളിക്കുന്നതും കനൈന്‍ ഡിസ്റ്റംപറിനെ തന്നെയാണ്. വൈറസുകള്‍ ലിംഫ് ഗ്രന്ഥികളെ രോഗാരംഭത്തില്‍ തന്നെ ആക്രമിക്കുന്നത് നായ്ക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനും കാരണമായിത്തീരും. ഇത് വിവിധ ബാക്ടീരിയ, പ്രോട്ടോസോവ പാര്‍ശ്വാണുബാധകള്‍ക്ക് വഴിയൊരുക്കും. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോള്‍ വൈറസിനൊപ്പം ശരീരത്തില്‍ സജീവമാവുന്ന ബാക്ടീരിയല്‍ രോഗാണുക്കള്‍ ശ്വാസതടസ്സം മൂര്‍ച്ഛിക്കുന്നതിനും ന്യുമോണിയക്കും കുടല്‍ഭിത്തിയിലെ രക്തസ്രാവത്തിനുമെല്ലാം കാരണമാവും.

രോഗബാധയേറ്റാല്‍ വലിയ നായ്ക്കളില്‍ 50 ശതമാനം വരെയും നായ്ക്കുട്ടികളില്‍ 80 ശതമാനം വരെയും മരണസാധ്യതയുള്ള രോഗമാണിത്. രോഗം സംശയിച്ചാൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉടനെ വിദഗ്‌ധസേവനം തേടണം. രോഗം ബാധിച്ച നായകളെ മറ്റ് നായ്‌ക്കളുമായി സമ്പർക്കമില്ലാതെ മാറ്റിപാർപ്പിക്കുകയും വേണം. വൈറസിനെ അതിജീവിക്കുവാനുള്ള ശേഷി ചികിത്സക്കൊപ്പം നായ്ക്കളുടെ സ്വാഭാവിക പ്രതിരോധശേഷിയേയും ആശ്രയിച്ചിരിക്കും. രോഗത്തിൽ നിന്നും രക്ഷപെട്ട നായ്ക്കളിൽ സ്ഥിരമായ നാഡീസംബന്ധമായ തകരാറുകൾ കാണാറുണ്ട്.

dog-2

കനൈൻ ഡിസ്റ്റംപർ എങ്ങനെ പ്രതിരോധിക്കാം?

വീട്ടിലെ ഒരംഗത്തെപ്പോലെ കരുതി നമ്മള്‍ വളര്‍ത്തുന്ന അരുമനായ്ക്കളെ കനൈന്‍ ഡിസ്റ്റംപറില്‍ നിന്നും സുരക്ഷിതമാക്കാനുള്ള വഴി കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ തന്നെയാണ്. ഭൂരിഭാഗം പ്രതിരോധ കുത്തിവയ്പ്പുകളും ഡിസ്റ്റംപര്‍ രോഗത്തിനൊപ്പം തന്നെ എലിപ്പനി, പാര്‍വോ വൈറസ് (Parvoviral enteritis), കരൾവീക്കം (Infectious Canine Hepatitis/Canine Adenovirus 1), പാരാഇൻഫ്ലുവെൻസ തുടങ്ങി നായ്ക്കളില്‍ സാധാരണയായി കാണപ്പെടുന്ന മറ്റ് സാംക്രമിക രോഗങ്ങളെ കൂടി പ്രതിരോധിക്കാന്‍ തക്ക ശേഷി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയ ബഹു ഘടക (മള്‍ട്ടി  കംപോണന്റ്  ) പ്രതിരോധ കുത്തിവയ്പ്പുകളാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി ലഭിച്ചിട്ടുള്ള തള്ളനായ്ക്കളില്‍നിന്നും മുലപ്പാലിലൂടെ ലഭിക്കുന്ന പ്രതിരോധ ഘടകങ്ങള്‍ അഥവാ ആന്റിബോഡികള്‍ ആദ്യ കുത്തിവെയ്പ് എടുക്കുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നൽകും.

നായ്ക്കുഞ്ഞിന് 8 ആഴ്ച പ്രായമെത്തുമ്പോള്‍ സാംക്രമികരോഗങ്ങള്‍ക്കെതിരായ (മള്‍ട്ടി കംപോണന്റ് വാക്‌സീൻ ) ആദ്യ കുത്തിവയ്പ് ഡോക്ടറുടെ നിർദേശപ്രകാരം നല്‍കണം. പിന്നീട്  12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്റ്  വാക്സീന്റെ ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കാം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. ഗർഭാവസ്ഥയിൽ തന്നെ നായ്ക്കുഞ്ഞുങ്ങളിലേക്കു വൈറസ് പകരാനുള്ള സാധ്യതയുള്ളതിനാൽ പെൺ നായ്ക്കൾക്ക് ബ്രീഡിങ് നടത്തുന്നതിന് മുൻപായി വാക്സീൻ പൂർത്തിയാക്കണം.

dog-3

ഇപ്പോൾ നമ്മുടെ നാട്ടിൽ നായ്ക്കളിൽ പാർവോ, ഡിസ്റ്റംപര്‍ രോഗങ്ങൾ വ്യാപകമായി കാണുന്ന സാഹചര്യത്തിൽ നായ്ക്കുഞ്ഞിന് ആറാഴ്ച പ്രായമാവുമ്പോൾ തന്നെ പാർവോ, ഡിസ്റ്റംപര്‍ എന്നീ രണ്ട് രോഗങ്ങൾ തടയാൻ മാത്രമുള്ള പ്രത്യേക വാക്‌സീൻ നൽകുന്നത് അഭികാമ്യമാണ്‌. പ്രതിരോധ കുത്തിവയ്പുകൾ ഒന്നും യഥാവിധി നൽകാത്തതോ, കുത്തിവയ്പുകൾ നൽകിയതായി ഉറപ്പില്ലാത്തതോ ആയ നായ്ക്കൾക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങളോ, ഏതെങ്കിലും കാരണത്താൽ പ്രസവാനന്തരം മതിയായ അളവിൽ കന്നിപ്പാൽ ലഭിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളോ ആണെങ്കിൽ തീർച്ചയായും ആറ് ആഴ്ച പ്രായത്തിൽ ഡിസ്റ്റംപര്‍, പാർവോ എന്നീ രണ്ട് രോഗങ്ങൾ തടയാനുള്ള പ്രത്യേക വാക്‌സീൻ  നൽകണം. വാക്സീൻ നൽകുന്നതിന് ഒരാഴ്ചമുൻപ് നായ്ക്കളെ വിരയിളക്കേണ്ടതും പ്രധാനം.

ശ്രദ്ധിച്ചില്ലെങ്കിൽ പൊതുകെന്നലുകളിൽനിന്നും പെറ്റ് സ്റ്റോറുകളിലുംനിന്നും മൃഗാശുപത്രിപരിസരങ്ങളിൽനിന്നും തെരുവുനായ്ക്കൾ വിഹരിക്കുന്ന സ്ഥലങ്ങളിൽനിന്നുമെല്ലാം വൈറസ് പകരാൻ സാധ്യത കൂടുതലാണ്. നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍, ആശുപത്രി ടേബിളുകൾ തുടങ്ങിയവയെല്ലാം രോഗാണുമലിനമായാൽ വൈറസിന്റെ സ്രോതസ്സുകൾ ആയി മാറും. കണ്‍മുന്നിൽപ്പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ സ്വാഭാവികപ്രവണത രോഗപ്പകര്‍ച്ച എളുപ്പമാകും. രോഗപകർച്ചയുടെ ഈയൊരു സാഹചര്യം ഒഴിവാക്കാൻ പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണ്ണമാവുന്നത് വരെ നായ്ക്കുഞ്ഞുങ്ങളെ പൊതുകെന്നലുകളിലും ബോർഡിങ് ഹോമുകളിലും പാര്‍പ്പിക്കുന്നതും, മറ്റ് നായ്ക്കള്‍ക്കൊപ്പം ട്രെയിനിങ്ങിന് വിടുന്നതും പെറ്റ് സ്റ്റോറുകളിലും മറ്റും കൊണ്ടുപോവുന്നതും മഴവെള്ളത്തിലും ചെളിയിലും കളിയ്ക്കാൻ വിടുന്നതും  ഒഴിവാക്കുന്നതാണ് ഉചിതം. മൃഗാശുപത്രിയിൽ  കൊണ്ടുപോകുമ്പോൾ പരിസരങ്ങളിൽ ചുറ്റിത്തിരിയാനും  ടേബിളിലും തറയിലുമെല്ലാം നക്കാനും മണം പിടിക്കാനും വാക്സീൻ പൂർണ്ണമായും എടുത്തിട്ടില്ലാത്ത നായ്ക്കുഞ്ഞുങ്ങളെ ഒരു കാരണവശാലും അനുവദിക്കരുത്.

നായയ്ക്ക് വാക്‌സീൻ നൽകിയിട്ടും രോഗം ബാധിച്ചെന്ന് ചിലർ സംശയമുന്നയിക്കാറുണ്ട്. നിർമാണസമയം മുതൽ കുത്തിവയ്ക്കുന്നതിന് തൊട്ടുമുൻപ് വരെ  വരെ വാക്സീൻ നിർബന്ധമായും തണുപ്പ് മാറാതെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതുണ്ട്. ഈ കോൾഡ് ചെയിൻ കൃത്യമായി പാലിക്കാതെ സൂക്ഷിച്ചതിനാൽ ഫലപ്രാപ്തി നഷ്‌ടമായ വാക്സീനുകൾ വാങ്ങി കുത്തിവെയ്ക്കുന്നതും, ശരിയായ വാക്സിനേഷൻ ക്രമം പാലിക്കാത്തതുമാണ് വാക്‌സീൻ എടുത്തിട്ടും രോഗം വന്നെങ്കിൽ അതിന്റെ കാരണം. വിരബാധയും വിളർച്ചയും ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള മറ്റുരോഗങ്ങളും ബാധിച്ച് ആരോഗ്യം കുറഞ്ഞ നായ്ക്കളിൽ പ്രതിരോധകുത്തിവയ്പ് നൽകുന്നതും ഫലം കിട്ടില്ല. 

cat

ഡിസ്റ്റംപര്‍ രോഗം പൂച്ചകളെ ബാധിക്കുമോ?

നമ്മുടെ നാട്ടില്‍ പൂച്ചകളില്‍ വ്യാപകമായി കാണപ്പെടുന്ന സാംക്രമികരോഗങ്ങളിലൊന്നാണ് ഫെലൈന്‍ ഡിസ്റ്റംപര്‍ (Feline distemper). പേരില്‍ സമാനതയുണ്ടെങ്കിലും നായ്ക്കളില്‍ ഡിസ്റ്റംപര്‍  രോഗമുണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളില്‍  രോഗമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ നായ്ക്കളിൽ നിന്നും പൂച്ചകളിലേക്കു രോഗം പകരില്ല. വൈറസുകള്‍ ശ്വേതരക്താണുക്കളെ വലിയ തോതില്‍ നശിപ്പിക്കുന്നതിനാല്‍ പാന്‍ലൂക്കോപിനിയ  (Feline panleukopenia virus, FPV) എന്നും രോഗമറിയപ്പെടുന്നു. പൂച്ചകളിലെ പാർവോ രോഗം എന്നറിയപ്പെടുന്നതും ഈ രോഗം തന്നെയാണ്.  2 മാസത്തിനും 6 മാസത്തിനും ഇടയില്‍ പ്രായമുള്ള പൂച്ചക്കുട്ടികളിലാണ് രോഗസാധ്യത കൂടുതല്‍. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത പൂച്ചകളെയും രോഗം കൂടുതലായി ബാധിക്കും.  രോഗബാധയേറ്റ മറ്റ് പൂച്ചകളുമായോ, രോഗാണു മലിനമായ സാഹചര്യങ്ങളുമായോ നേരിട്ടോ അല്ലാതയോ ഉള്ള സമ്പര്‍ക്കത്തിലുടെ രോഗം പകരാം. 

ഭക്ഷണമെടുക്കാതിരിക്കല്‍, ഉയര്‍ന്ന പനി, വായില്‍ വ്രണങ്ങള്‍, ക്ഷീണം, ശരീര തളര്‍ച്ച, എന്നിവയെല്ലാമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. വൈറസുകള്‍ ശ്വസനവ്യൂഹത്തിലും ദഹനവ്യൂഹത്തിലുമെത്തുന്നതോടെ ശ്വാസതടസ്സം, ന്യൂമോണിയ, രൂക്ഷഗന്ധത്തോടു കൂടിയ രക്തം കലര്‍ന്ന വയറിളക്കം, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം, വിളര്‍ച്ച, തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഗര്‍ഭിണികളായ പൂച്ചകളുടെ  ഗര്‍ഭമലസാനും ഇടയുണ്ട്. രോഗബാധയേറ്റ പൂച്ചകളില്‍ മരണസാധ്യത  70 ശതമാനം വരെയാണ്. ഫെലൈൻ ഡിസ്റ്റംപര്‍ തടയാനുള്ള ആദ്യ വാക്സീൻ പൂച്ചകള്‍ക്ക് ആറ് - എട്ട് ആഴ്ച പ്രായമെത്തുമ്പോൾ നൽകണം. ആദ്യ കുത്തിവയ്പ്പെടുത്തതിന് നാല് ആഴ്ചയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് നൽകാം. പിന്നീട് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുകയും ചെയ്യണം. 

English summary: Distemper in Dogs: Causes, Symptoms, and Treatment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com