ഒന്നര വര്‍ഷംകൊണ്ട് 800 കിലോ തൂക്കം; പോത്തുവളര്‍ത്തലില്‍ സ്വപ്ന സാക്ഷാത്കാരം

buffalo
പോത്തിനൊപ്പം തോമസ് സൈമൺ
SHARE

കോട്ടയം മെഡിക്കല്‍ കോളജിനടുത്ത് പെരുമ്പായക്കാട് ചെട്ടിയാടത്ത് വീട്ടില്‍ തോമസ് സൈമണ്‍ എന്ന 76 വയസുള്ള വിമുക്ത ഭടന്റെ മനസില്‍ എന്നും കൃഷിയും പശുവളര്‍ത്തലും ഒരു തീക്ഷ്ണ വികാരം ആയിരുന്നു. അതിര്‍ത്തി കാത്തിരുന്ന ആ ജവാന്റെ മനസില്‍ മായാത്ത ചിത്രമായി തെളിഞ്ഞുനിന്നിരുന്നത് തൊഴുത്തു നിറഞ്ഞുനില്‍ക്കുന്ന പശുക്കളും വീടിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന നെല്‍കറ്റകളും വൈക്കോല്‍ തുറുവും  ആയിരുന്നു. ഔദ്യോഗിക ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ഈ മേഖലയോടുള്ള സ്‌നേഹം കൊണ്ടു തന്നെ കാര്‍ഷിക പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വരിക്കാരാനായും കാര്‍ഷിക മേളകളിലെ സ്ഥിരസന്ദര്‍ശകനുമായും മാറി. 

2020 തുടക്കത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ചൈതന്യ കാര്‍ഷിക മേളയില്‍ എത്തിയ അദ്ദേഹത്തിന്റെ കണ്ണുകളെ ആകര്‍ഷിച്ചത് സദ്ദാം, ഹുസൈന്‍ എന്നീ രണ്ട് പോത്തിന്‍ കൂറ്റന്മാര്‍ ആയിരുന്നു. ഇവയുടെ ഉടമസ്ഥനായ ഷാനവാസിനെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തില്‍നിന്ന് 19,500 രൂപ വില നല്‍കി വാങ്ങിയ സങ്കരയിനം മുറ പോത്തിന്‍കുട്ടി വളര്‍ന്നതിലൂടെ, തന്റെ സ്വപ്ന സാക്ഷാത്കാരം നേടിയിരിക്കുകയാണ് തോമസ്. 2020 നവംബറില്‍ വാങ്ങിയ പോത്തിന്‍കുട്ടി ഒന്നര വര്‍ഷത്തിനു ശേഷം ഏകദേശം 800 കിലോയ്ക്കു മുകളില്‍ തൂക്കമുള്ള പോത്തിന്‍കൂറ്റനായി മാറിയതിലുള്ള സന്തോഷത്തിലാണ് ഇദ്ദേഹം.

പുഴയോരത്ത് താമസിക്കുന്ന ഇദ്ദേഹം പോത്തുവളര്‍ത്തലിന്റെ അനന്തസാധ്യതകള്‍ മനസിലാക്കി തന്നെയാണ് ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്. വാങ്ങുമ്പോള്‍ താരതമ്യേന ശരീരവലുപ്പം കുറവായിരുന്നെങ്കിലും ഇട വലുപ്പവും അസ്ഥിവലുപ്പവും ഒക്കെ നോക്കി തന്നെയാണ് പോത്തിന്‍ കുട്ടിയെ തിരഞ്ഞെടുത്തത്. സങ്കരയിനം മുറ ആയിരുന്നു അത്. പുഴയോരത്തുള്ള തന്റെ വീടും തീറ്റപ്പുല്‍ കൃഷിയുടെ സാധ്യതയും, അഴിച്ച് വിട്ട് മേഞ്ഞ് നടക്കാനുള്ള സാഹചര്യവും അദ്ദേഹം വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തി. 

buffalo-1

ദിവസം രണ്ടു നേരം തീറ്റ എന്നതാണ് രീതി. രാവിലെ അരകിലോ തിരിത്തീറ്റ, 100 - 200 ഗ്രാം കറിക്കടല കുതിര്‍ത്തത്, 1 കിലോ ഗോതമ്പുതവിട് എന്നിവ തീറ്റയായി നല്‍കും. പകല്‍ മുഴുവന്‍ പറമ്പിലോ പുഴയുടെ അക്കരയിലോ മേയാന്‍ വിടും. വൈകുന്നേരം 1 കിലോ പുളിയരി, കാല്‍ക്കിലോ പരുത്തിക്കുരു കുതിര്‍ത്തത്, അര കിലോ തിരിത്തീറ്റ എന്നിവയും നല്‍കും. സമീപത്തുള്ള പുഴയില്‍ ഇറക്കി ശരീരം തണുപ്പിക്കുക എന്നുള്ള ജലക്രീഡ ഒഴിവാക്കുന്നത് പുഴയില്‍ വെള്ളം ഏറുമ്പോള്‍ മാത്രമാണ്. ഈ സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ ശരീരത്ത് വെള്ളം നനച്ചു കൊടുക്കും.

കാര്യമായ രോഗങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. രണ്ടുമൂന്ന് മാസം ഇടവിട്ട് വിരമരുന്ന് നല്‍കും. തീറ്റയോടൊപ്പം ദിവസം ഒരു ഔണ്‍സ് മീനെണ്ണയും 15 ഗ്രാം ഫീഡ് അപ് യീസ്റ്റും നല്‍കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പറമ്പില്‍ തന്നെയുള്ള വാഴകൃഷിയും വിളവെടുപ്പിന് ശേഷം ഫലപ്രദമായി പ്രയോജനപ്പെടുത്തും. വാഴപ്പിണ്ടി വാഴമാണം എന്നിവ ചെറു കഷണങ്ങള്‍ ആക്കി മുറിച്ച് ഉപ്പ് ചേര്‍ത്ത് നല്‍കും.

നിക്ഷേപിച്ച പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ തന്നെ മൂന്നും നാലും ഇരട്ടി ആദായമായി കുറഞ്ഞ കാലയളവില്‍ മടക്കി ലഭിക്കാവുന്ന സംരംഭമാണ് പോത്തുവളര്‍ത്തല്‍ എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയും വിദേശത്തുള്ള രണ്ട് മക്കളും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ഈസ്റ്റര്‍, പെരുന്നാള്‍ എന്നീ ഉല്‍സവകാലമായത് കൊണ്ട് തന്നെ മോഹവിലയുമായി ഇതിനകം സൈമണെ തേടി ഒട്ടേറെ ആളുകള്‍ എത്തിയിട്ടുണ്ട്. കറുത്ത സ്വര്‍ണ്ണം തന്നെയാണ് സൈമണിന് 800 കിലോയ്ക്ക് മുകളില്‍ ശരീരഭാരമുള്ള ഈ കൂറ്റന്‍. നല്ല വര്‍ഗ്ഗ ഗുണമുള്ള പോത്തിന്‍ കുട്ടി തിരഞ്ഞെടുക്കലും, ശാസ്ത്രീയ പരിപാലന മുറകളും, വിപണി സാധ്യതയും മുതലെടുത്താല്‍ പോത്ത് വളര്‍ത്തല്‍ ആദായകരം എന്ന് തന്നെയാണ് ഈ കര്‍ഷകന്റെ അനുഭവ സാക്ഷ്യം.

ഫോണ്‍: 9747325207

English summary: Buffalo Farming in Kerala

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA