ADVERTISEMENT

കൊല്ലം ജില്ലയിലെ വെളിയത്തുള്ള  വിനോദ്കുമാറിന്റെ ഫാമിൽ ഇപ്പോൾ പശുക്കളെക്കാൾ പ്രാധാന്യം എരുമകൾക്കാണ്. പ്രവാസം വിട്ട് തിരിച്ചെത്തി 12 വർഷം മുൻപാണ് വിനോദ് 5 ഏക്കറിൽ സമ്മിശ്ര–സംയോജിത കൃഷിയുമായി സമ്മർലാൻഡ് ഫാം ആരംഭിക്കുന്നത്. പശു, കോഴി, താറാവ്, മത്സ്യം,  പച്ചക്കറി എന്നിവയുടെ കൃഷിയും ഉൽപന്നങ്ങള്‍ വിൽക്കാൻ സ്വന്തം ഒൗട്ട്‌ലെറ്റുമായി  മുന്നേറുന്നതിനിടയിൽ രണ്ടര വർഷം മുൻപാണ് മുറയില്‍ എത്തിയത്. 2 വർഷം പിന്നിട്ടപ്പോൾ ഹരിയാനയിൽനിന്ന് നേരിട്ട് പോത്തിനെയും എരുമയെയും വാങ്ങി സഹകർഷകർക്കു നൽകുന്ന സംരംഭകനായും മാറി വിനോദ്.   

രണ്ടാമത്തെ പ്രസവത്തിൽ ദിവസം ശരാശരി 14 ലീറ്റർ പാൽ ലഭിക്കുന്ന മുറ എരുമയുണ്ട് വിനോദിന്റെ ഫാമിൽ. 3 കാമ്പ് കറക്കുമ്പോഴാണ് ഇത്രയും. ഒരു കാമ്പ് കുഞ്ഞിനു വിട്ടുകൊടുക്കും. ഡെയറി ഫാമിൽ പശുവിൻപാലിനൊപ്പം എരുമപ്പാലും ചേർന്നതോടെ  കൊഴുപ്പു കൂടുകയും കൂടുതൽ വില ലഭിക്കുകയും ചെയ്യുന്നു.  ഉപഭോക്താക്കൾക്ക് നേരിട്ടു വിൽക്കുമ്പോൾ ലീറ്ററിന് 80–90 വിലയുണ്ട് എരുമപ്പാലിനെങ്കിലും അതിനു   വിപുലമായ  വിപണിയില്ല ഇപ്പോൾ. അതേസമയം പാൽവിഭവങ്ങൾ തയാറാക്കാൻ ബേക്കറികൾ  എരുമപ്പാല്‍ വാങ്ങുന്നുണ്ടെന്നു വിനോദ്.

ഹരിയാനയിൽനിന്ന് മുറ എരുമയെ എത്തിക്കാൻ ചെലവു കൂടും. അതിനാല്‍ മികച്ച ഉൽപാദനമുള്ള ഒന്നിനെ കേരളത്തിൽ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ചെലവാകുമെന്നു വിനോദ്.  അഞ്ചര–ആറ് മാസം പ്രായമുള്ള 50–55 പോത്തുകുട്ടികളെവരെ ഒരു കണ്ടെയ്നറില്‍ എത്തിക്കാനാവും. എന്നാല്‍ കണ്ടെയ്നറിൽ 5 പോത്തുകുട്ടികളെ നിർത്തുന്ന സ്ഥലം വേണം ഒരു എരുമയ്ക്ക്. വില കൂടാൻ അതും കാരണമാണ്.  എന്നാല്‍ തീറ്റയ്ക്കല്ലാതെ ചികിത്സയ്ക്കു പണം മുടക്കേണ്ടി വരില്ല എന്നത് എരുമയുടെ മികവായി  വിനോദ് എണ്ണുന്നു. നാടനെക്കാളും മികച്ച ആരോഗ്യവും രോഗപ്രതിരോധശേഷിയുമുണ്ട് മുറ എരുമകൾക്ക്.

vinod-buffalo
വിനോദ് പോത്തിനൊപ്പം

അരുമയായി പരിപാലിക്കുന്ന മുറപോത്തുകളായ ഭീമനും രാവണനും വിനോദിന്റെ ഫാമിലെ  കൗതുകക്കാഴ്ചകള്‍. 1200 കിലോ തൂക്കം വരുന്ന ഭീമനും 1100 കിലോയുള്ള  രാവണനും പ്രദർശനമത്സരങ്ങളിലെ താ രങ്ങളാണ്.  ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ കർഷകർക്കു കൈമാറാൻ മുറ പോത്തുകളെ ഹരിയാനയിൽനിന്നെത്തിക്കുന്നുണ്ട് വിനോദ്. കൂട്ടത്തിൽ അരുമകളായി വളർത്താൻ വാങ്ങിയതാണ്   ഭീമ,രാവണന്മാരെ.  രണ്ടിനും 3 വയസ്സ്. 

അഞ്ചര–ആറ് മാസം പ്രായമുള്ള, 100–110 കിലോ ഭാരമെത്തിയ പോത്തുകുട്ടികളെയാണ് കർഷകർ  സാധാരണ വാങ്ങുന്നത്. രണ്ടു വയസ്സാകുന്നതോടെ പോത്തിന്റെ പാൽപല്ലുകൾ പൊഴിഞ്ഞ് പുതിയവ വരും. അതോടെ വളർച്ച വേഗത്തിലാകും. ചെറിയ കുട്ടികളെ വാങ്ങുമ്പോൾ അതുവരെ എത്താനുള്ള കാത്തിരിപ്പ് അൽപം നീളും. 10–12 മാസം പ്രായമുള്ള,  200–250 കിലോ തൂക്കമെത്തിയവയെ ആണ് വാങ്ങുന്നതെങ്കിൽ വരുമാനത്തിലേക്കുള്ള ദൂരം കുറയും. അവയ്ക്കു പക്ഷേ, വിലയും കൂടും.

മുറ പോത്തിന് ഇനിയും കേരളത്തിൽ വിപണി വർധിക്കുമെന്ന കാര്യത്തിൽ വിനോദിന് സംശയമില്ല. മാംസപ്രിയരാണ് മലയാളികൾ എന്നതുതന്നെ കാരണം. കൊഴുപ്പു കുറഞ്ഞതും മുറുക്കമുള്ളതുമായ പോത്തി റച്ചിയോട് കൂടുതൽ പ്രിയമുണ്ട്. അതുകൊണ്ട് ധൈര്യമായി മുറയെ വളർത്താമെന്നും വിപണി സുരക്ഷിതമാണെന്നും വിനോദ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com