ADVERTISEMENT

നായ്ക്കൾ എപ്പോഴും ഉടമകളുടെ അരുമകളാണ്. കുടുംബാംഗങ്ങളെപോലെ തന്നെയാണ് അവരുടെ സ്ഥാനം. പലപ്പോഴും അവയുടെ മരണം നമുക്ക് നൽകുന്ന മാനസികവേദന വളരെ വലുതാണ്. അത്തരത്തിൽ തന്റെ വളർത്തുനായ 'മകൻ' നഷ്ടപ്പെട്ട വേദന പങ്കുവയ്ക്കുകയാണ് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയും പരിഭാഷകയുമായ സംഗീത ശ്രീനിവാസൻ.

കുട്ടിക്കാലത്ത് എനിക്ക് നായ്ക്കളെ പേടിയായിരുന്നു. പേടിയിൽനിന്നും സ്നേഹത്തിലേക്കുള്ള യാത്രയിൽ ഒരുപാ‌ട് നായകളുടെ കഥകളുണ്ട്. അതിൽ ആദ്യത്തേത് അമ്മയുടെ സുഹൃത്തായ സുമംഗല‌ ടീച്ചറുടെ  വീട്ടിലെ‌  ഒരു ജർമൻ ഷെപ്പേഡ് ആണ്. കൈസർ എന്നുപേരുള്ള ഒരു പാവം നായ. പക്ഷേ, എനിക്കവനെ കാണുന്നതുപോലും പേടിയായിരുന്നു. 

ഒരിക്കൽ ടീച്ചറുടെ വീട്ടിൽ പോയപ്പോൾ ‘ഷീന ദ ക്യൂൻ ഓഫ് ജംഗിൾ’ എന്ന സിനിമ കണ്ട് ഞാൻ മതിമറന്ന് ഇരിക്കുകയായിരുന്നു. വന്യമൃഗങ്ങളോടൊപ്പം കാട്ടിൽ ജീവിക്കുന്ന ഷീന എന്ന പെൺകുട്ടിയുടെ കഥയാണ്.  ഞാനന്ന് ഏഴാം ക്ലാസ്സിലാണ്  പഠിക്കുന്നത്. മനസ്സിൽ സ്വയം ഷീനയായി ഞാനങ്ങനെ സിനിമ കാണുന്നതിനിടയിലാണ് കൈസർ എന്നോ‌ട് സ്നേഹം കൂടാൻ വന്നതും എന്നെ നക്കിയതും. പുലികളെയും  സീബ്രയെയുമൊക്കെ മെരുക്കിക്കൊണ്ടിരുന്ന എന്റെ ജീവൻ അതോടെ പോയി. പേടിച്ച് വിറച്ച് ഞാൻ സോഫയുടെ പുറകിലൂടെ മുകളിലെ മുറിയിലേക്ക് ഓടി. കതക് കുറ്റിയിട്ട് കിതച്ച് ശ്വാസം മുട്ടി ഞാൻ നിൽക്കുമ്പോഴുണ്ട്, എന്റെ നേരെ മുന്നിൽ കൈസർ!  എന്നേക്കാൾ മുന്നേ അവൻ ഓടി മുറിയിലെത്തിയിരുന്നു. അതോടെ  എന്റെ ബോധം ശരിക്കും പോയി. 

sangeetha-sreenivasan-and-pet-2
മീഹോയ്ക്ക് ഒപ്പം സംഗീത ശ്രീനിവാസൻ

ഒരു നായയുമായി ഞാൻ   ആദ്യമായി  അ‌ടുക്കുന്നത് വളരെ യാദൃച്ഛികമായാണ്. കോളജിൽ പഠിക്കുമ്പോൾ പോണ്ടിച്ചേരിയിലെ അറബിന്ദോ ആശ്രമത്തിൽ കുറച്ചുകാലം ഞാൻ നേത്രരോഗ ചികിത്സയ്ക്ക് പോയി. ആശ്രമത്തിനടുത്തായി സ്ഥിതിചെയ്യുന്ന  ആദിശക്തി തിയറ്ററിന്റെ ആർടിസ്റ്റിക് ഡിറക്ടറാണ് എന്റെ ചേട്ടൻ വിനയൻ. ചേട്ടന് അന്ന് ഏയ്ഞ്ചൽ എന്നുപേരുള്ള ഒരു ഗോൾഡൻ റിട്രീവർ ഉണ്ടായിരുന്നു. ചേട്ടൻ ഉൾപ്പെടുന്ന നാടകസംഘം രണ്ടാഴ്ചത്തേക്ക് ലണ്ടനിൽ പ്രോഗ്രാമിനു പോയപ്പോൾ, വീട്ടിൽ  ഞാനും  ഏയ്‍ഞ്ചലും മാത്രമായി. യജമാനനെ വിട്ടുനിൽക്കേണ്ടി വരുന്ന ഒരു നായയുടെ വിരഹദുഃഖവും വിഷാദവും ഞാനറിഞ്ഞത് അപ്പോഴാണ്.  പരിചരിക്കാൻ സഹായികൾ ഏറെയുണ്ടായി‌ട്ടും സങ്കടപ്പെട്ടിരിക്കുന്ന ഏയ്ഞ്ചലിനെ കണ്ട്  എനിക്കും സങ്കടമായി. ഞാൻ അവളുമായി പതുക്കെ കൂട്ടുകൂ‌ടി. ചേട്ടനും സംഘവും തിരിച്ചെത്തിയപ്പോഴേക്ക് ഏയ്ഞ്ചൽ എന്റെയും പ്രിയപ്പെട്ടവളായി . 

എയ്ഞ്ചലിനോ‌ടുള്ള ചേട്ടന്റെ സ്നേഹം തെരുവുനായ്ക്കളിലേക്കും നീണ്ടു. രോഗം ബാധിക്കുമ്പോഴും പ്രായമാകുമ്പോഴുമെല്ലാം ഉടമകൾ ഉപേക്ഷിക്കുന്ന നായ്ക്കളെയും ആരോരുമില്ലാത്ത തെരുവു നായ്ക്കളെയുമെല്ലാം ചേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ആദിശക്തിയിലെ വിശാലമായ ക്യാംപസും മനസ്സും അവർക്കായി ചേട്ടൻ  എന്നും തുറന്നു വച്ചു. പുഴുവരിക്കുന്ന അവരുടെ വ്രണങ്ങൾ ഒരു മടിയും കൂടാതെ തുടച്ച് വൃത്തിയാക്കി പരിചരിച്ചു. മലദ്വാരത്തിലെ  വിരകളെപ്പോലും അറപ്പില്ലാതെ കൈകൊണ്ട് എടുത്തു നീക്കി ചേട്ടൻ അവരെ പരിചരിക്കുന്നതു  കണ്ടാണ്  നായ്ക്കളെ സ്നേഹിക്കാൻ ഞാനും പഠിച്ചത്.  നായ്ക്കളെ അവരുടെ പേര് തന്നെ വിളിക്കണമെന്നും ചേട്ടന് നിർബന്ധമായിരുന്നു.  ഇച്ചിമ്പ, ഫരിസ്ത, ഡൂഡു തുടങ്ങി ഒരേ സമയം ഇരുപതോളം നായകളു‌ടെ വളർത്തച്ഛനായിട്ടുണ്ട്, ചേട്ടൻ.  

vinay-kumar-with-dog
സംഗീത ശ്രീനിവാസന്റെ ചേട്ടൻ വിനയ് കുമാ൪ നായയ്ക്ക് ഒപ്പം

കഴിഞ്ഞ മാസമാണ് ചേട്ടന്റെ പ്രിയപ്പെട്ട നായകളിലൊന്നായ ഡൂഡു ഞങ്ങളെ വിട്ടുപോയത്. ആദിശക്തിയിൽ നാടകപരിശീലനത്തിനു വന്നിരുന്ന  ആർട്ടിസ്റ്റുകളുടെയെല്ലാം പ്രിയങ്കരനായിരുന്നു  ഡൂഡു.  ഞങ്ങളുടെ കസിൻ രാജിയുടെ മകൻ ജാരിസിന്റെ ആഗ്രഹപ്രകാരം വാങ്ങിയ  ഒരു പോമറേനിയൻ നായക്കുട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ രാജിയും ജാരിസും പോണ്ടിച്ചേരിയിൽ നിന്ന് ഡെൽഹിയിലേക്ക് താമസം മാറി. അങ്ങനെയാണ് ഡൂഡുവിനെയും ചേട്ടൻ ഏറ്റെടുത്ത് ഓമനിച്ച് വളർത്തിയത്. ജാരിസുമായി വളരെ ഗാഢമായ അടുപ്പമുണ്ടായിരുന്ന ഡൂഡുവിനെ അവന്റെ അസാന്നിധ്യം അറിയിക്കാതെ നോക്കിയത്  ചേട്ടനായിരുന്നു. 

വിവാഹം കഴിഞ്ഞ സമയത്ത് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചേട്ടനോട് കുട്ടികളെപ്പറ്റി ചോദിക്കുമായിരുന്നു. അക്കാലത്ത് ചേട്ടൻ ഒരു നായയെ കൂട്ടിക്കൊണ്ടു വന്നു. അവന് മകൻ എന്നു പേരിട്ടു, എന്നിട്ട് ഞങ്ങളോടൊക്കെ പറഞ്ഞു, ഇതാണ്  എന്റെ മകൻ. ഇനിയെനിക്ക് വേറെ കുട്ടികളൊന്നും വേണ്ട. 

 ‘മകൻ’ ചേട്ടന്റെ മകനായി ജീവിക്കുന്നതു കണ്ടപ്പോൾ എനിക്കും സ്വന്തമായി ഒരു നായയെ വേണമെന്ന ആഗ്രഹം തോന്നി. 

സുഹൃത്ത് റോഷൻ സത്യവ്രതനോടാണ് ഞാൻ ഈ ആഗ്രഹം ആദ്യം പറഞ്ഞത്. റോഷൻ, അനാഥരായ തെരുനായ്ക്കളെയും അവരെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഒരു സന്നദ്ധസംഘടയുടെ സജീവ പ്രവർത്തകനാണ്. ഒരു നായയെ ദത്തെടുക്കാൻ റോഷൻ എന്നോ‌ട് പറഞ്ഞു. പക്ഷേ, അന്നതു നടന്നില്ല.

sangeetha-sreenivasan-and-pet
മകൻ എന്ന നായയ്ക്ക് ഒപ്പം സംഗീത ശ്രീനിവാസന്റെ മകൾ അമ്മു (ഇടത്ത്). മീഹോയ്ക്ക് ഒപ്പം സംഗീത ശ്രീനിവാസൻ (വലത്ത്)

ഏറെക്കാലത്തെ ആഗ്രഹത്തിനൊടുവിൽ മകൾ അമ്മുവിന്  ക്രിസ്മസ് സമ്മാനമായി ഞാനൊരു ലാബിനെ വാങ്ങി.. അവന് എന്തുപേരിടണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. ഒരു പാ‌ട് കാലം ചേട്ടന്റെ മകനായി ജീവിച്ച നായയുട‌െ പേരു തന്നെ ഞാൻ അവന് ഇ‌ട്ടു.   

രണ്ടു മാസം പ്രായമുള്ള ‘മകനെ​’ വീട്ടിലേക്ക് കൊണ്ടു വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അറിയുന്നത് അവന്റെ ഒരു കാലിന് ചെറിയ മു‌ടന്തുണ്ടെന്ന്. നാഡീസംബന്ധമായ പ്രശ്നമാണെന്നും അതിനാൽ  കാലിന്റെ അസുഖം മാറില്ലെന്നു  ഡോക്ടറും പറഞ്ഞു. 

തിരിച്ച് കൊടുത്ത് പുതിയതിനെ വാങ്ങാനും ഉപേക്ഷിച്ചു കളയാനും കൊന്നുകളയാനും വരെ ഉപദേശിച്ചവരുണ്ടായിരുന്നു. പക്ഷേ, രണ്ടാഴ്ച കൊണ്ട് അ​വൻ ഞങ്ങളുടെ സ്വന്തം മകനായി മാറിയിരുന്നു. മരുന്നും ചികിത്സയും സ്നേഹവും നൽകി പരിചരിച്ചപ്പോൾ പതുക്കെ അവൻ ആരോഗ്യം വീണ്ടെ‌ടുത്തു. പത്തു വർഷത്തോളം ഞങ്ങളുടെ കു‌ടുംബത്തിലൊരാളായി മകൻ ജീവിച്ചു. വളരെ പാവമായിരുന്നു അവൻ. കള്ളൻമാർ വന്നിട്ടുണ്ടെങ്കിൽ, വരൂ ഇതാണ് ബെഡ്റൂം എന്നു പറഞ്ഞ് കൂ‌ടെ കൊണ്ടുപോയി കാണിച്ചു കൊടുക്കാൻ പോലും മടിയില്ലാത്തത്രയും പാവം. 

പ്രായാധിക്യം കാരണം ആരോഗ്യം ക്ഷയിച്ച അവസാന നാളുകളിൽ ഞങ്ങളുടെയൊക്കെ മടിയിൽ തലവച്ച് കിടക്കാനായിരുന്നു മകന് ഏറെയിഷ്ടം. നായ്ക്കളെ കൂട്ടിലിട്ടു വളർത്തുന്ന രീതി വീട്ടിലില്ല.  ഏത് മുറിയിലും എപ്പോൾ വേണമെങ്കിലും കയറിയിറങ്ങാവുന്ന കുടുംബാംഗം തന്നെയായിരുന്നു മകൻ.  വീട്ടിൽ അവന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം നടുത്തളമായിരുന്നു. ഒരു ദിവസം രാവിലെ ഉറക്കമുണർന്ന ഞാൻ കാണുന്നത് ആ നടുത്തളത്തിൽ ജീവനറ്റു കിടക്കുന്ന കിടക്കുന്ന മകനെയാണ്. 

മനുഷ്യർക്ക് എന്തെങ്കിലും അസുഖം വന്നാലോ മരിച്ചുപോയാലോ ആശങ്കപ്പെടുന്നതും സങ്കടപ്പെ‌ടുന്നതും മറ്റുള്ളവർക്ക് മനസ്സിലാകും. പക്ഷേ, വളർത്തു മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. നമ്മുടെയുള്ളിലെ വേദന അതേ അർഥത്തിൽ മനസ്സിലാകണമെന്നില്ല.   

‌മകൻ മരിച്ച ദിവസം ലീവെടുത്ത് വീട്ടിലിരിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു.  പൊതുപരീക്ഷ നടക്കുന്ന സമയമായതിനാൽ എനിക്കതിന് കഴിഞ്ഞില്ല. 

തിരൂർ സെന്റ്  ജോസഫ്സ് സ്കൂളിലായിരുന്നു എനിക്ക്  പരീക്ഷാഡ്യൂട്ടി. സ്കൂളിന്റെ തൊട്ട‌ടുത്തുള്ള ദേവാലയത്തിൽ അന്നൊരു മരണാനന്തര ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. മൈക്കിലൂ‌ടെ ഒഴുകിവന്ന ചരമഗീതം കേട്ട് അന്ന് മുഴുവൻ ഞാൻ  കരഞ്ഞുകൊണ്ടേയിരുന്നു. 

മകനു ശേഷം മറ്റൊരു നായ വേണ്ട എന്നായിരുന്നു  ആദ്യം തീരുമാനിച്ചിരുന്നത്.  നായ്ക്കളുടെ സ്നേഹം അനുഭവിച്ചവർക്ക് അറിയാം അവരുടെ വേർപാ‌ട് നമ്മളെ എത്രമാത്രം തളർത്തുമെന്ന്. ഇനിയും അതുപോലൊരു അനുഭവത്തിലൂടെ കടന്നു പോകണ്ട എന്നു തീരുമാനിച്ചു. പക്ഷേ, മകൻ ഉണ്ടാക്കിയ ശൂന്യതയെ അതിജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന് വൈകാതെ തന്നെ മനസ്സിലായി. 

അങ്ങനെ, ​ഒരുപാട്  അന്വേഷിച്ച് നടന്ന് കാഴ്ചയിൽ മകനെപ്പോലെ തന്നെയുള്ള ഒരു ലാബ്രഡോർ റിട്രീവർ നായക്കുട്ടിയെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി.  അവനെയും മകൻ എന്നു പേരിട്ടു വിളിക്കാനായിരുന്നു എനിക്കിഷ്‌ടം. 

വീട്ടുമുറ്റത്ത് എപ്പോഴും കാണാവുന്ന സ്ഥലത്ത്,  മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിലാണ് മകനെ അടക്കിയിരിക്കുന്നത്.

മകാ... എന്ന് നീട്ടി വിളിച്ചാൽ എവിടെ‌ നിന്നായാലും അവൻ ഓടി വരുമായിരുന്നു. 

പുതിയ നായക്കുട്ടിയെ ആ പേരിട്ട് വിളിച്ചാൽ എന്നെന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന മകന്  ബുദ്ധിമുട്ടാവും  അതുകൊണ്ട് സ്പാനിഷ് ഭാഷയിൽ മകൻ എന്ന് അർഥം വരുന്ന  മീഹോ എന്ന പേരിടാമെന്ന്  നിർദേശിച്ചത്, മകൾ അമ്മുവാണ്. 

വീട്ടിൽ പുതുതായി ജനിച്ച ഒരു കുഞ്ഞിന്റെ പേരിടൽ ചടങ്ങ് പോലെ, ഒരു ക്രിസ്മസ് തലേന്ന് അമ്മ അവന്റെ ചെവിയിൽ  മൂന്നു തവണ4 വിളിച്ചു – മീഹോ,  മീഹോ, മീഹോ.

മീഹോ അങ്ങനെ എന്റെ  രണ്ടാമത്തെ മകനായി. 

English summary: Writer Sangeetha Sreenivasan writes about her pet dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com