കന്നിപ്പാലിലൂടെ കടന്നുകയറും, കിടാവിന്റെ കുടല്‍ തുരന്ന് ജീവനെടുക്കും; മുളയിലെ നുള്ളണം ഈ വില്ലനെ

HIGHLIGHTS
 • പശുക്കിടാക്കളുടെ ആരോഗ്യം ക്ഷയിപ്പിച്ച് അവയുടെ ജീവനെടുക്കാൻ തക്ക അപകടകാരി
 • വിരബാധയുടെ തോതനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടും
calves
ടോക്സോകാര വിറ്റുലോറം വിരയുടെ മുട്ട (ഇൻസെറ്റിൽ)
SHARE

തന്റെ ഒരുമാസം പ്രായമെത്തിയ പശുക്കിടാവ് പെട്ടെന്ന് തളർന്നുവീണെന്ന പരിഭവവുമായാണ് ഈയിടെ ഒരു ക്ഷീരകർഷകൻ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിയത്. മരണത്തോട് മല്ലിട്ട് കിടന്നുപിടയുന്ന പശുക്കിടാവിന്റെ പരിശോധിച്ചപ്പോൾ വയറിളക്കം, വിളർച്ച ഉൾപ്പെടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ എല്ലാം പ്രകടം.  പശുക്കിടാവിന്റെ ശാസ്ത്രീയ പരിപാലനത്തിൽ സ്വീകരിക്കേണ്ട  കാര്യങ്ങൾ ഒട്ടും ശ്രദ്ധിച്ചിട്ടില്ലെന്ന് വ്യക്തം. കിടാവിന് അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ പലതുണ്ടെങ്കിലും പെട്ടെന്ന്  തളർന്നുവീണതിന്റെ കാരണം വ്യക്തമായത് കിടാവിന്റെ ചാണകം ലാബിൽ എത്തിച്ച്  പരിശോധിച്ചപ്പോഴായിരുന്നു.

കിടാവിന്റെ ചാണകത്തിൽ നിറയെ ടോക്സോകാര വിറ്റുലോറം എന്ന ഉരുളൻ വിരയും അവയുടെ മുട്ടകളുമായിരുന്നു. ചാണകത്തിൽ  ഉയർന്ന അളവിലുള്ള ഉരുളൻ വിരമുട്ടകളുടെ സാന്നിധ്യം കിടാവിന്റെ വയറ്റിനുള്ളിൽ വലിയതോതിൽ വിരയുള്ളതിന്റെ സൂചനയാണ്. പശുക്കിടാക്കളുടെ ആരോഗ്യം ക്ഷയിപ്പിച്ച് അവയുടെ ജീവനെടുക്കാൻ തക്ക അപകടകാരിയാണ് ടോക്സോകാര വിറ്റുലോറം എന്ന ഉരുളൻ വിരകൾ. പശുക്കളെയും എരുമകളെയും ബാധിക്കുന്ന ഏറ്റവും വലിയ ഉരുളൻ വിരയാണിത്. ഒരു മാസം പ്രായമെത്തിയിട്ടും പശുക്കിടാവിന്‌ ഉരുളൻ വിരകളെ തടയാനുള്ള മരുന്ന് നൽകുന്നതിൽ വന്ന ആ കർഷകന് വന്ന വീഴ്ചയായിരുന്നു വിരകളുടെ പെരുപ്പത്തിലേക്കും ഒടുവിൽ കിടാവ് തളർന്നുവീഴുന്നതിലേക്കും  നയിച്ചത്.

കന്നിപ്പാലിലൂടെ കടന്നുകയറും

ഗര്‍ഭസ്തരത്തിലൂടെയും കന്നിപാലിലൂടെയും അമ്മപ്പശുവില്‍നിന്നും കുഞ്ഞിലേക്ക് പകരാന്‍ സാധ്യതയുള്ളവയാണ് ടോക്സോകാര വിറ്റുലോറം എന്നയിനം ഉരുളന്‍ വിരകള്‍. അമ്മപ്പശുവിന്റെ ചെറുകുടലിൽവച്ച് മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ഉരുളൻ വിരയുടെ ലാര്‍വകള്‍ ചെറുകുടല്‍ ഭിത്തി തുരന്ന് പുറത്തുവരികയും രക്തം വഴി വിവിധ അവയവങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും. പിന്നീട് ഇഷ്ടവാസകേന്ദ്രങ്ങളായ അകിടിലെ ഗ്രന്ഥികളിൽ ഒളിച്ചിരിക്കുന്ന വിരകളുടെ ലാര്‍വകള്‍ പശു പ്രസവിക്കുന്നതിന് തൊട്ടുമുമ്പായി സജീവമാവുകയും കന്നിപ്പാല്‍ വഴി കിടാക്കളിലെത്തുകയും ചെയ്യും.

കന്നിപ്പാലിലൂടെ മാത്രമല്ല പ്രസവം കഴിഞ്ഞ്  3-4 ആഴ്ച വരെ വിരയുടെ ലാര്‍വകൾ പാലിലൂടെ പുറന്തള്ളി കിടാക്കളിലെത്തും. കിടാക്കള്‍ക്ക് തീറ്റയിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ ദഹനവ്യൂഹത്തില്‍ വച്ച് ഈ ആന്തരികപരാദങ്ങള്‍ വലിച്ചെടുക്കും. പോഷക ന്യൂനതയ്ക്കും, വിളര്‍ച്ചയ്ക്കും, വളര്‍ച്ചാമുരടിപ്പിനും ഇത് വഴിയൊരുക്കും. കിടാവിന് കിട്ടേണ്ട പോഷകങ്ങള്‍ കുടലിൽ വെച്ച് ഊറ്റിയെടുക്കുന്ന ഉരുളന്‍ വിരകള്‍ ചെറുകുടലില്‍ പെരുകുകയും വളര്‍ന്ന് വലുതാവുകയും ചെയ്യും. 

കിടാവിന്‌ നാലാഴ്ച  പ്രായമെത്തുമ്പോഴേക്കും കന്നിപ്പാലിലൂടെ കിടാവിന്റെ  കുടലിലെത്തിയ  വിരകള്‍ പൂർണ്ണ വളര്‍ച്ച കൈവരിക്കും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ  ഒരു ഉരുളൻ വിരയ്ക്ക് തന്നെ ഏഴ് മില്ലീമീറ്റര്‍ വീതിയില്‍ നാല്‍പത് സെന്റിമീറ്റര്‍ വരെ നീളമുണ്ടാവും. ഇത്തരം അനേകം വിരകള്‍ ചെറുകുടലില്‍ താമസമുറപ്പിച്ച് പോഷകങ്ങള്‍ വലിച്ചെടുക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഊഹിക്കാമല്ലോ ? 

വിരബാധയുടെ തോതനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടും. ചെറിയതോതിലുള്ള വിരബാധയില്‍ ഇടവിട്ടുള്ള വയറിളക്കം മാത്രമേ ശ്രദ്ധയില്‍പ്പെടൂ. രൂക്ഷമായ തോതിലുള്ള  ഉരുളൻ വിരബാധയില്‍ കുടലിലെ ശ്ലേഷ്മസ്തരങ്ങള്‍ ഇളകിപുറത്തുവരുന്ന തരത്തില്‍ രൂക്ഷമായ വയറിളക്കം, ചളിനിറത്തിലുള്ള ദുർഗന്ധത്തോട് കൂടിയ ചാണകം, നിർജലീകരണം, തീറ്റമടുപ്പ്, വയറുസ്തംഭനം, വയറുവേദന, വിളർച്ച, ക്ഷീണം കാരണം കൂടുതല്‍ സമയം തറയില്‍ തന്നെ കിടക്കല്‍, വളർച്ചമുരടിപ്പ് , തൂക്കക്കുറവ്, മെലിച്ചിൽ, വരണ്ട്  തിളക്കം കുറഞ്ഞ രോമങ്ങൾ, വയറുചാടൽ തുടങ്ങിയവ പ്രകടമാവും. 

പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു വിര തന്നെ ദിവസം ഒരു ലക്ഷത്തോളം മുട്ടകള്‍ പുറന്തള്ളും. കിടാവിന്റെ കുടലിൽ പെരുകുന്ന വിരകൾ കുടല്‍ഭിത്തിയില്‍ ക്ഷതമേല്‍പ്പിച്ച് തുരന്ന് പുറത്തുവരികയും പെരിടോണെറ്റിസ് അടക്കമുള്ള സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ക്കും കിടാവിന്റെ  അകാലമരണത്തിനും കാരണമാവുകയും ചെയ്യും. പശുക്കിടാക്കള്‍ മൂന്നു മാസം വരെയുള്ള പ്രായത്തില്‍ ചത്തുപോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഉരുളന്‍ വിരബാധയാണ്. എരുമക്കിടാക്കളില്‍ ടോക്സോകാര വിര ബാധയേറ്റുള്ള മരണം പശുക്കിടാക്കളേക്കാള്‍ കൂടുതലാണ്.  

മുളയിലേ നുള്ളണം; തടയാൻ ശ്രദ്ധിക്കേണ്ടത്

 • പശുക്കിടാവിന്‌ പത്ത് ദിവസം മുതൽ പതിനാല് ദിവസം വരെ പ്രായമെത്തുമ്പോൾ ടോക്സോകാര ഉരുളൻ വിരകളെ തടയാനുള്ള ആദ്യഡോസ് മരുന്ന്  നൽകണം. പത്താം ദിവസം നൽകുന്ന ആദ്യ ഡോസ് ഉരുളൻ വിര പ്രതിരോധ മരുന്ന് വിരയുടെ ലാർവകളെ തടയാൻ ഏറ്റവും ഫലപ്രദമായ പെറാന്റൽ പാമോയേറ്റ് എന്ന രാസഘടകം അടങ്ങിയതാവുന്നതാണ് ഏറ്റവും അഭികാമ്യം. വിപണിയിൽ ലഭ്യമായ ടീവേം, നിമോസിഡ് തുടങ്ങിയ മരുന്നുകൾ പെറാന്റൽ  അടങ്ങിയതാണ്. കിടാവിന്റെ ഭാരത്തിനനുസരിച്ച് വിരമരുന്ന് നൽകേണ്ട അളവ് നിർണയിക്കാൻ ഡോക്ടറുടെ ഉപദേശം തേടാം. തുടർന്ന് കിടാവിന്‌ ഇരുപത്തിയൊന്ന് ദിവസം പ്രായമെത്തുമ്പോൾ രണ്ടാം ഡോസ് വിരമരുന്ന് നൽകണം. ഈ ഘട്ടത്തില്‍ പൈപ്പറാസിൻ, ആല്‍ബൻഡസോള്‍, ഫെന്‍ബെന്‍ഡസോള്‍, ഓക്ഫെന്‍ഡസോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തില്‍ കിടാവിന് നല്‍കാം.
 • എരുമക്കിടാങ്ങളിൽ ഉരുളൻ വിരബാധയ്ക്ക് പശുക്കിടാങ്ങളെക്കാളേറെ സാധ്യത ഉള്ളതിനാൽ ജനിച്ച അന്ന് തന്നെ ഉരുളന്‍ വിരയെ തടയുന്ന മരുന്ന് നല്‍കാവുന്നതാണ്.
 • വിരബാധ തടയുന്നതിനായി കിടാവിന്‌ 6 മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നൽകണം. ആറുമാസം പ്രായമെത്തിയതിന് ശേഷം ചാണകം പരിശോധിച്ചോ അല്ലെങ്കിൽ മൂന്ന് മാസത്തെ ഇടവേളയിലോ കിടാക്കൾക്ക് വിരമരുന്ന് നൽകാം. 
 • രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കിടാക്കളുടെ ചാണകം പരിശോധിച്ച് കൃത്യമായ രോഗനിര്‍ണ്ണയം നടത്താം. നല്ല വിരബാധയുള്ള കിടാക്കള്‍ക്ക് വിരമരുന്നുകള്‍ നല്‍കുമ്പോള്‍ ഉരുളന്‍ വിരകള്‍ ചെറുകുടലിനുള്ളില്‍ കൂട്ടമായി ചത്തൊടുങ്ങുകയും ചെറുകുടലില്‍ തടസ്സം ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ വിരമരുന്ന് നല്‍കി 4 മണിക്കൂറിനുശേഷം 30 ഗ്രാം വീതം മഗ്നീഷ്യം സള്‍ഫേറ്റ്  (ഭേദി ഉപ്പ്) കിടാവിന് വായിലൂടെ നല്‍കുന്നത് വിരേചനക്ഷമത കൂട്ടാനും കുടലിൽ തടസ്സം ഒഴിവാക്കാനും സഹായിക്കും. വിരമരുന്ന് നൽകുന്നതിന്റെ കൂടെ തന്നെ മഗ്നീഷ്യം സള്‍ഫേറ്റ് നല്‍കുന്നത് ഒഴിവാക്കണം.
 • ഗര്‍ഭിണിപശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തില്‍ ഫെന്‍ബന്‍ഡസോള്‍, ആല്‍ബന്‍ഡസോള്‍ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന മരുന്നുകള്‍ നല്‍കിയും, പ്രസവം കഴിഞ്ഞ്  അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കിയും ടോക്സോകാര എന്ന ഉരുളന്‍ വിരകള്‍ അമ്മപശുവില്‍ നിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാം. 
 • വിരമുട്ടകള്‍ തീറ്റയില്‍ കലര്‍ന്ന മുതിര്‍ന്ന പശുക്കളിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ കിടാക്കളുടെ ചാണകം തൊഴുത്തില്‍ നിന്ന് കൃത്യമായി നീക്കം ചെയ്യണം. വിരബാധയുള്ള കിടാക്കളെ പാര്‍പ്പിച്ച തൊഴുത്തിന്റെ തറ ചാണകം നീക്കിയശേഷം ചൂടാക്കിയ വെള്ളത്തിൽ  കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം. 
 • നായ്ക്കളിലും, പൂച്ചകളിലും കാണുന്ന ടോക്സോകാര വിരകള്‍ മനുഷ്യരിലേക്ക് പകരാന്‍ ഉയര്‍ന്ന സാധ്യതയുള്ളതാണെങ്കില്‍ പശുക്കിടാക്കളില്‍ കാണുന്നയിനം ടോക്സോകാര വിരകള്‍ മനുഷ്യരെ ബാധിക്കില്ല. 
 • ഉരുളൻ വിരകളെ പോലെ കിടാക്കളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മറ്റൊരു പരാദമാണ്  കോക്സീഡിയ വിഭാഗത്തില്‍പ്പെട്ട പ്രോട്ടോസോവകൾ. പശുക്കിടാക്കളിൽ   രക്തം കലര്‍ന്ന വയറിളക്കത്തിന് കാരണമാവുന്നത് ഈ പരാദബാധയാണ്. രോഗം മൂർച്ഛിച്ചാൽ കുടലിലെ ശ്ലേഷ്മസ്തരങ്ങള്‍ ഇളകി പുറത്തുവരുന്നതായി കാണാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  ചാണകം പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി മൊട്രനിഡസോള്‍, സള്‍ഫാഡൈസീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച്  നല്‍കണം.
 • വയറിളക്കം രൂക്ഷമായ കിടാക്കൾക്ക് പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ പ്രത്യേക ലവണലായനി തയ്യാറാക്കി നൽകാം. ഒരു ലീറ്റര്‍ ഇളംചൂട് വെള്ളത്തില്‍ 5 ടീസ്പൂണ്‍ ഗ്ലൂക്കോസ് പൊടിയും 1  ടീസ്പൂണ്‍ അപ്പക്കാരവും (സോഡിയം ബൈകാര്‍ബണേറ്റ്), 1 ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ലവണലായനി തയ്യാറാക്കാം. ഇത് ദിവസം  2 മുതല്‍ 4 ലീറ്റര്‍ വീതം  കാഫ് ഫീഡിങ് ബോട്ടില്‍ ഉപയോഗിച്ച്  കിടാവിന് നല്‍കാം. ഗ്ലൂക്കോസിന് പകരമായി വീട്ടിലുപയോഗിക്കുന്ന പഞ്ചസാര (സൂക്രോസ്) ലവണലായനി തയ്യാറാക്കാന്‍ ഉപയോഗിക്കരുത്. കിടാക്കള്‍ക്ക് സൂക്രോസ് ദഹിപ്പിക്കാനുള്ള ശേഷി കുറവായതാണ് ഇതിന് കാരണം. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനൊപ്പം വയറിളക്കത്തിന്റെ അടിസ്ഥാനകാരണത്തിന് ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ തേടണം.

English summary: Control of roundworms in cattle 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA