നട്ടെല്ലിന് പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാതെ കുട്ടു... പക്ഷേ സംഭവിച്ചത്

kuttu
കുട്ടു
SHARE

പതിവു പോലെ ഒരു കേസ് തീർത്ത് റൂമിൽനിന്ന് പുറത്തേക്കിറങ്ങിയ ഞാൻ ഒരു നായയുടെ ദയനീയമായ കരച്ചിൽ കേട്ടാണ് ചികിത്സ നൽകുന്ന ഭാഗത്തേക്കു പോയത്. അവിടെ ഞാൻ ആദ്യമായി കുട്ടുവിനെ കാണുമ്പോൾ ജനനേന്ദ്രിയത്തിലുണ്ടായ പരിക്കിനെത്തുടർന്ന് (Penile prolapse) മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ. അസഹനീയമായ വേദനയിൽ പുളയുകയായിരുന്നു സ്പിറ്റ്സ് ഇനത്തിൽപ്പെട്ട ഒന്നര വയസുള്ള കുട്ടു. കുട്ടുവിന്റെ ശരീരത്തിൽനിന്ന് പുറത്തേക്കു വന്ന ജനനേന്ദ്രിയം സീനിയർ ഡോക്ടർ പൂർവസ്ഥിതിയിലാക്കാൻ ശ്രമിച്ചെങ്കിലും രക്തയോട്ടം കുറഞ്ഞ് ആ ഭാഗം നശിച്ച അവസ്ഥയിൽ ആയിരുന്നതിനാൽ അത് സാധിച്ചില്ല. അങ്ങനെ അദ്ദേഹം നീണ്ട ഒരു സർജറിയിലൂടെ (മൂത്രം പോകുന്നതിനായി മറ്റൊരു ഭാഗം തുറന്നു) അവന്റെ വേദനയ്ക്ക് പരിഹാരം കണ്ടെത്തി. 

ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും കുട്ടുവിനെ കാത്ത് മറ്റൊരു ദുരന്തം പിന്നാലെ ഉണ്ടായിരുന്നു. സർജറിയിൽനിന്ന് സുഖം പ്രാപിച്ചു കൊണ്ടിരുന്ന അവൻ ഒരു ദിവസം രാവിലെ എഴുന്നേൽക്കാൻ കഴിയാതെ കരച്ചിലാണെന്ന് അസിസ്റ്റന്റ് ഇന്ദ്രപാൽ ചേട്ടൻ പറഞ്ഞത് കേട്ട് നോക്കിയപ്പോൾ, ശരിയാണ് അവൻ കാലുകൾ കുത്തി എഴുന്നേൽക്കാന്‍ കഴിയാതെ കരയുകയാണ്. ‘കുറച്ചു മുൻപു വരെ നായകൾക്കൊപ്പം കുരച്ചുകൊണ്ട് ചാടിക്കളിച്ചിരുന്നതാണ്. പെട്ടെന്ന് എന്ത് പറ്റിയെന്നറിയില്ല’ ചേട്ടൻ വെപ്രാളത്തോടെ പറഞ്ഞു.

kuttu-1
കുട്ടു ഫിസിയോതെറാപ്പിക്കിടെ

പ്രാഥമിക പരിശോധന പൂർത്തിയാക്കി എന്റെ സീനിയർ അവന് സ്പൈനൽ സ്ട്രോക്ക് എന്ന കണ്ടീഷൻ ആകാം എന്ന നിഗമനത്തിൽ എത്തി. അതായത് നട്ടെല്ലിലെ ഡിസ്കുകൾ തെന്നി സുഷുമ്ന നാഡിക്ക് ക്ഷതമേൽക്കുന്ന അവസ്ഥ. അവിടുന്നങ്ങോട്ട് അവനുവേണ്ടി എല്ലാവരുടേയും കൂട്ടായ ഒരു പോരാട്ടം തന്നെയായിരുന്നു ഞാൻ കണ്ടത്. രാവിലെ ക്ലിനിക്കിൽ എത്തുമ്പോൾ തന്നെ രണ്ട് അസ്സിസ്റ്റന്റ്സും ചേർന്ന് അവനെ ഫിസിയോതെറാപ്പി ചെയ്യുന്നതാണ് കാണുക. ചിലപ്പോഴൊക്കെ സീനിയർ നേരിട്ടാവും പരിചരണം. ഇടയ്ക്ക് ഞാനും ഡോ. ഗണേഷും ഒക്കെ കൂടാറുണ്ട്. അവന്റെ ചെറിയ മാറ്റങ്ങൾ പോലും എല്ലാവരെയും ഒരുപാട് സന്തോഷിപ്പിച്ചു. 

ദിവസങ്ങൾ കഴിയുന്തോറും അവന്റെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തിൽ ഫലം കാണുന്നുണ്ടായിരുന്നു. അവൻ പതിയെ പതിയെ കാലുകൾ കുത്താൻ തുടങ്ങി. എഴുന്നേൽക്കാൻ ശ്രമിച്ചു. പതിയെ ചുവടുകൾ വെച്ചു. മെല്ലെ മെല്ലെ അവൻ കാലുകളുടെ ശക്തി വീണ്ടെടുത്തു. അങ്ങനെ 10 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം അവനെ യാത്രയാക്കുമ്പോൾ അവൻ തന്റെ ഉടമയെ കണ്ട സന്തോഷത്തിൽ തുള്ളിച്ചാടി പോകുന്നതുകണ്ട് എല്ലാവരുടെയും മുഖത്തെ പുഞ്ചിരി എന്നെ ശരിക്കും സന്തോഷിപ്പിച്ചു. 

Fibrocartilaginous embolism / Spinal stroke

നട്ടെല്ലിലെ ഡിസ്കിന്റെ ഒരു ഭാഗം അടർന്ന് സുഷുമ്ന നാഡിയിലേക്കുള്ള രക്തക്കുഴലുകളിൽ തങ്ങി നിൽക്കുകയും അതുമൂലം ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം തടയുകയും ചെയ്യുന്നു. സുഷുമ്ന നാഡിയുടെ പ്രവർത്തനങ്ങൾ ഇതുകാരണം തകരാറിലായി തളർന്നുപോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA