ADVERTISEMENT

നാടൻ കോഴിയാണ് രജനിയുടെ ഭാഗ്യചിഹ്നം. ഇന്ദ്രപ്രസ്ഥത്തിൽനിന്നു തൃശൂർ മനിശ്ശേരിയിൽ, പ്രശസ്തമായ വരിക്കാശ്ശേരി മനയ്ക്കു സമീപമുള്ള ഗ്രാമീണഭവനത്തിലേക്കു വിവാഹിതയായി വന്നപ്പോൾ തുടങ്ങിയതാണ് അവയുമായുള്ള ചങ്ങാത്തം. തുടക്കം അയൽവീട്ടിൽനിന്നു വാങ്ങിയ 3 കോഴിക്കുഞ്ഞുങ്ങളില്‍. അവ വളര്‍ന്ന് അടയിരുന്നപ്പോൾ കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം 10, 20, 80, 300 എന്നിങ്ങനെ പെരുകി. എന്നാൽ ഒന്നിനെയും  വിറ്റില്ല രജനി. ആദ്യകാലങ്ങളിൽ അയൽവീടുകളിൽ കുറെയെണ്ണത്തിനെ  നൽകി. ബാക്കിയുള്ളവയെ സ്വന്തം ശേഖരത്തിലേക്കു  കൂട്ടി. ഒരു ഘട്ടത്തിൽ രണ്ടായിരത്തിലേറെ നാടൻകോഴികൾ ഇവിടെയുണ്ടായിരുന്നു. 

വിദൂരസ്ഥലങ്ങളിൽനിന്നു നാടൻ കോഴിക്കുഞ്ഞുങ്ങളെ തേടി ആളുകളെത്തിയപ്പോഴാണ് ഈ രംഗത്തെ വരുമാനസാധ്യത രജനി തിരിച്ചറിഞ്ഞത്.  മണ്ണുത്തി ഹാച്ചറിയിൽ അവയെ തേടി എത്തുന്നവർക്ക്  ആവശ്യാനുസരണം നാടൻ കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന സംരംഭകയായി രജനി വളരുകയായിരുന്നു. ഇന്നും ഈ രീതി തുടരുന്നു.  ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ഹാച്ചറിയിൽതന്നെ വിറ്റുതീർക്കാൻ ശ്രമിക്കും.  ബാക്കി വരുന്നവയെ വീട്ടിൽ കൊണ്ടുവന്നു വളർത്തും. കോഴിക്കുഞ്ഞുങ്ങളുടെ വിൽപനയോ സീസണോ നോക്കാതെ പരമാവധി മുട്ടകൾ വിരിയിച്ചു കോഴിക്കുഞ്ഞുങ്ങളാക്കുന്നതുമൂലം ഫാമില്‍ കോഴി കളുടെ എണ്ണം കൂടിവരികയാണ്. ഒക്ടോബറിൽ മഴക്കാലം അവസാനിക്കുന്നതു വരെ ഈ  പ്രവണത തുട രുമെന്ന് രജനി. വിവിധ പ്രായത്തിലുള്ള നാടൻ കോഴികൾ അപ്പോൾ ഫാം നിറയെയുണ്ടാവും. ഒക്ടോബർ മുതൽ  മാർച്ച് വരെ കോഴികൾക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറും.  

poultry-rejani-2
രജനി നാടൻ കോഴികളുമായി

അസ്സൽ നാടൻകോഴികൾ മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ 100 കോഴികളിൽനിന്നു ദിവസേന ശരാശരി 16 മുട്ട വീതമേ ലഭിക്കാറുള്ളൂ. നാടൻ കോഴികൾക്ക് പാലക്കാട് ജില്ലയിൽ പ്രീമിയം വിലയാണ് ലഭിക്കുന്നത്. ഒരു ദിവസം പ്രായമായവയ്ക്ക് 35 രൂപയും 2 മാസം പ്രായമായവയ്ക്ക് 150 രൂപയും. പൂജ ആവശ്യങ്ങൾക്ക് നാടൻ കോഴിയെ മാത്രമേ ഉപയോഗിക്കാറുള്ളൂ.  ഇത്രയധികം കോഴികളെ മാസങ്ങളോളം തീറ്റ നൽകി വളർത്തുന്നതിന്റെ ലാഭനഷ്ടമൊന്നും ആദ്യവർഷങ്ങളിൽ ചിന്തിച്ചിരുന്നില്ല. എന്നാൽ ഏതാനും വർഷങ്ങളായി നാടൻകോഴി വിൽപനയിലൂടെ മികച്ച ആദായമാണ് കിട്ടുന്നത്. പ്രതിമാസം 40,000 രൂപ ഇപ്പോൾ ലഭിക്കുന്നുണ്ട്.  പ്രതിവർഷ ഉൽപാദനം കുറവാണെങ്കിലും തീറ്റച്ചെലവില്ലാതെ മുട്ട ലഭിക്കാൻ നാടൻകോഴികൾ തന്നെയാണ് നല്ലതെന്ന് രജനി പറയുന്നു. മുട്ടയ്ക്കും മാംസത്തിനും പോഷക ഗുണം കൂടുമെന്ന മെച്ചവുമുണ്ട്. 30 നാടൻകോഴികളെ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ മാത്രം നൽകി വളർത്താമെന്നാണ് രജനിയുടെ കണക്ക്. 30 കോഴികളിൽനിന്ന് ദിവസേന 5–6 മുട്ട  മുടങ്ങാതെ കിട്ടും. 

poultry-rejani-3
കൊത്തിപ്പെറുക്കിനടക്കാൻ സുരക്ഷയൊരുക്കിയ സ്ഥലം

വശങ്ങളിലും മുകളിലും വല കെട്ടി പൂർണമായി മറച്ച 35 സെന്റ് തൊടിയിലാണ് രജനിയുടെ കോഴിക്കൂടുകൾ. കോഴികൾ മറ്റു പറമ്പുകളിലേക്കു പോകാതിരിക്കാനും  കാട്ടുമൃഗങ്ങളുടെയും നായ്ക്കളുടെയും ആ ക്രമണത്തിൽനിന്ന് അവയെ രക്ഷിക്കാനും ഇതുവഴി സാധിക്കും.  വിലയുടെ കീഴിൽ 3 ഷെഡുകളും ചെറുതും വലുതുമായ 4 കൂടുകളുമുണ്ട്. അടയിരിക്കുന്ന കോഴികൾക്കും കോഴിക്കുഞ്ഞുങ്ങൾക്കുമൊക്കെ കൂടിനുള്ളിലാണ് ഇടം.  മാതൃ പിതൃശേഖരത്തെ കലർപ്പുണ്ടാകാതെ ഷെഡിൽ പ്രത്യേകം മാറ്റിപാർപ്പിച്ചിരിക്കുന്നു.  മറ്റുള്ളവയെ വലയക്കുള്ളിൽ അഴിച്ചുവിടും.  മോശം അരിയും ഗോതമ്പുമൊക്കെയാണ് തീറ്റയായി നൽകുക. കൂടാതെ പുല്ലും കാർഷികാവശിഷ്ടങ്ങളുമൊക്കെ നൽകുന്നതിനാൽ തീറ്റച്ചെലവ്  പരിധിവിടാതെ നോക്കാൻ കഴിയുന്നുണ്ട്. 

poultry-rejani-1
കോഴികൾ മാത്രമല്ല താറാവുകളും

കൊത്തുമുട്ട ഉൽപാദനത്തിനു പുറമേ കോഴിക്കാഷ്ഠം വിൽപനവഴിയും ഇവർ വരുമാനം നേടുന്നു. നാടൻ കോഴിക്കാഷ്ഠത്തിനു കൃഷിക്കാർക്കിടയിൽ താൽപര്യം കൂടുതലാണ്. ചാക്കിന് 220 രൂപയാണ് വില.  ടർക്കി, താറാവ്, ഗിനി എന്നിവയെയും  വളർത്തുന്നുണ്ട്.  ഇവയുടെ കുഞ്ഞുങ്ങളും  വില്‍പനയ്ക്കു തയാര്‍. ‌

ഫോൺ: 9074121918

English summary: Success Story of a Woman Poultry Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com