പോത്തുരാജാക്കന്മാരോട് കിടപിടിക്കും സുൽത്താൻ; പൊന്നുംവില കൊടുത്തു സ്വന്തമാക്കി ഇടുക്കിക്കാരൻ
Mail This Article
പോത്തുരാജാക്കന്മാര് അരങ്ങുവാണിരുന്ന കേരളത്തിലെ അരുമ വളര്‍ത്തുമൃഗങ്ങളുടെ ഇടയിലേക്ക് സുല്‍ത്താനും. മുറ ഇനം പോത്തുകളിലെ രാജാക്കന്മാരെയും സുല്ത്താന്മാരെയുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്ക് ഇടുക്കിയില്‍നിന്നുള്ള ഈ സുല്‍ത്താനെയും ഇഷ്ടപ്പെടും.
എച്ച്എഫ് ഇനത്തില്‍പ്പെട്ട സുല്‍ത്താന്‍ എന്നു വിളിക്കുന്ന മൂരിക്കുട്ടന് നാലു വയസാണ് പ്രായം. ശാന്തമായ സ്വഭാവം ആയതുകൊണ്ടുതന്നെയാണ് ഇടുക്കി രാമക്കല്‍മേട് തോവാളപ്പടി സ്വദേശി ആഷിക് അസൈനാര്‍ ഇവനെ മോഹവില നല്കി സ്വന്തമാക്കിയത്. കേരളത്തില്‍ പോത്തുകളെ അരുമയായി വ്യാപകമായി വളര്‍ത്തുന്നുണ്ടെങ്കിലും മൂരികളെ വളര്‍ത്തുന്നത് വളരെ വിരളമാണ്.
തോവാളപ്പടിയില്ത്തന്നെയുള്ള ഒരു ഫാമില്‍ ജനിച്ചു വളര്‍ന്നവനാണെന്ന പ്രത്യേകതയും സുല്‍ത്താനുണ്ട്. ഇതുവരെ വളര്‍ന്നുവന്ന ഫാമില്‍നിന്ന് പുതിയ ഉടമകളെയും താമസസ്ഥലവും ലഭിച്ചെങ്കിലും സുല്‍ത്താന്‍ ശാന്തനായിരുന്നു. കൊച്ചു കുട്ടികളോടുപോലും അടുപ്പം കാണിക്കുന്ന പ്രകൃതമാണെന്നും ഉടമകള്‍ മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. പുല്ലും പെല്ലെറ്റ് തീറ്റകളും മാത്രമാണ് സുല്‍ത്താന്റെ ഭക്ഷണം. വളര്‍ച്ചയ്ക്കുവേണ്ടി പ്രത്യേക തീറ്റയൊന്നും നല്‍കുന്നില്ല. 1800 കിലോയ്ക്ക് മുകളില്‍ തുക്കമുണ്ട് ഇപ്പോള്‍ സുല്‍ത്താന്‍.