ADVERTISEMENT

നായപ്രേമികളുടെ പിന്തുണ പിടിച്ചുവാങ്ങി 777 ചാര്‍ളി എന്ന ചിത്രം പ്രദര്‍ശനം തുടരുകയാണ്. നായുടെയും ഉടമയുടെയും ബന്ധം പറയുന്ന സിനിമ കണ്ണു നിറയാതെ കാണാന്‍ കഴിയില്ലെന്നാണ് നായപ്രേമികള്‍ പറയുന്നത്. ഇതിനിടെ ഇങ്ങനെയൊന്നും ഒരു സിനിമ എടുക്കരുതെന്ന് പറയുകയാണ് കോഴിക്കോട് സ്വദേശിയായ അഖിലേഷ് മേനോന്‍ എന്ന യുവാവ്. 'സിനിമയല്ലേ. സിനിമയായിട്ട് കാണാൻ പറ്റുന്നപോലെ എടുത്തൂടെ ദുഷ്ടന്മാരെ...'  എന്നും അദ്ദേഹം ചോദിക്കുന്നു. അഖിലേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ

ചാർളി777 കണ്ടു. അതിന്റെ അണിയറപ്രവർത്തകരോട് ഒന്നേ പറയാനുള്ളൂ. ഇങ്ങനെയൊന്നും ഒരു സിനിമ എടുക്കരുത്. സിനിമയല്ലേ. സിനിമയായിട്ട് കാണാൻ പറ്റുന്നപോലെ എടുത്തൂടെ ദുഷ്ടന്മാരെ... സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേ സങ്കടം ചെറുതായി വന്നുതുടങ്ങിയിരുന്നു. ആൾക്കാരെ ഇടയിൽ കിടന്ന് മോങ്ങി മാനം പോവുന്ന കാര്യം ഓർത്തപ്പോൾ ഉള്ള സങ്കടം ഇരട്ടിയായി, പിന്നെ എല്ലാവരുടെയും കണ്ണിൽ നോക്കിയപ്പോൾ അൽപം ആശ്വാസം ആയി. ആദ്യമായിട്ടാ ഒരു സിനിമയ്ക്ക് പോയിട്ട് കാശ് മുതലായ സന്തോഷം കാണിക്കാൻ പറ്റാതെ, എന്നാൽ നിറഞ്ഞ കണ്ണൊന്ന് തുടയ്ക്കാൻ പെടാപ്പാട് പെട്ട് ഇറങ്ങിപൊരുന്നേ. എന്തായാലും ഇതിന്റെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞേ പറ്റൂ. അതെന്താന്ന് ചോദിച്ചാൽ, ആ സിനിമ കാണൂ എന്നാണ് ഉത്തരം. എന്നാലും ഇനി ഒരു തവണ കാണാൻ എനിക്ക് മനസ്സില്ല.

ഒരുപക്ഷേ എന്റടുത്തുള്ളതും ചാർളി, ഒരേ ഇനവും, അതേ നിറവും ഒക്കെ ആയതുകൊണ്ടാണോ എന്നറിയില്ല, എവിടെയൊക്കെയോ വല്ലാതെ കണക്ട് ആയപോലെ. സിനിമയിൽ അവൻ കാണിക്കുന്ന കുസൃതികളും, ആ സ്നേഹപ്രകടനവും എല്ലാം ഇവിടെയുള്ളവനിൽ നിന്നും എന്നും അനുഭവിച്ചുപോരുന്നതാണ്. സിനിമ തുടങ്ങി അൽപം കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു പ്രാർഥനയെ ഉണ്ടായിരുന്നുള്ളു. കണ്ണ് നിറയുന്നത് ആരും കാണല്ലേ എന്ന്. അനുസരണയില്ലാത്ത കണ്ണുകളോട് എന്ത് പറയാൻ. അതുപോലെ സിനിമയുടെ ഓരോ രംഗങ്ങളും കാണുമ്പോൾ മനസ്സിൽ ഇവിടെയുള്ളവന്റെ മുഖം നിറഞ്ഞ് നിൽക്കുവായിരുന്നു. ഇന്റർവെൽ ആയപ്പോൾ ഭാര്യ ഐസ് ക്രീം വേണമെന്ന് പറഞ്ഞതേ അവൾക്ക് ഓർമ്മയുള്ളൂ, ചങ്ക് കലങ്ങി നിക്കുന്നവന്റെ കണ്ണ് കണ്ടപ്പോഴേക്കും അവൾക്ക് കാര്യം പിടികിട്ടി. അവസാനത്തെ രംഗങ്ങളിൽ എത്തിയപ്പോഴേക്കും തൊണ്ടയെല്ലാം വറ്റിവരണ്ടിരുന്നു. എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ഒരു മൂകതയായിരുന്നു. പിന്നെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും വീട്ടിലെത്തി ചാർളിയെ കാണണം. പുറത്തേക്ക് വന്നപ്പോൾ കോരിച്ചൊരിയുന്ന മഴ. പക്ഷെ അതൊന്നും എനിക്കൊരു തടസമല്ലായിരുന്നു. അങ്ങനെ വല്ല്യ ബുദ്ധിമുട്ടില്ലാതെ വീട്ടിലെത്തി. ഇന്ന് ആ സിനിമ കണ്ട് തിരിച്ച് വീട്ടിലേക്ക് വന്നതിനെക്കുറിച്ചൊർത്തപ്പോൾ കുറേ സംശയങ്ങൾ. വരുന്ന വഴിയിൽ ഒത്തിരി വാഹനങ്ങളും, തിരക്കും, കുറേ വളവുകളും, കയറ്റവും, ഇറക്കവും, ഹമ്പുകളുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ എവിടെയും ഞാൻ വളച്ചതായും, ഹമ്പിൽ കയറിയതായും ഓർക്കുന്നില്ല.  ആ രണ്ട് കഥാപാത്രങ്ങൾ അത്രമാത്രം മനസിനകത്ത് തറഞ്ഞുകയറി എന്ന് വേണമെങ്കിൽ പറയാം. ഇത്തവണത്തെ മികച്ച അഭിനയത്തിനുള്ള അംഗീകാരം ആ പഞ്ഞിക്കെട്ടിന് കൊടുക്കണം. ഒരു ഡയലോഗ് പോലുമില്ലാതെ വെറും ഭാവങ്ങൾ മാത്രം വിതറി മനുഷ്യന്റെ കണ്ണും മനസ്സും നിറച്ചു കളഞ്ഞില്ലേ..

AKHILESH-CHARLIE
അഖിലേഷ് തന്റെ വളർത്തുനായ ചാർളിക്കൊപ്പം

ശരിക്കും ഈ സിനിമ നായക്കുട്ടികളോട് താല്പര്യമില്ലാത്തവരാണ് കാണണ്ടത്. ഒരുപാട് നല്ല മാറ്റങ്ങൾ വരും. അതുപോലെ ഈ സിനിമ കണ്ടതിന്റെ പേരിൽ ആരും ഒന്നിനേം എടുത്തു വളർത്തല്ലേ. സിനിമയിൽ കാണുന്നപോലെ ആവണമെന്നില്ല ഒന്നും. അപ്പോൾ ആരും കാണാതിരിക്കരുത് ഈ സിനിമ. വെറും സങ്കടം മാത്രമല്ല, സന്തോഷിക്കാനും ഒത്തിരിയുണ്ട്, അവസാനിക്കുന്നതും സന്തോഷത്തിൽ തന്നെയാണ്. സ്വന്തമായി ഒന്നിനെ വളർത്തുന്നവർക്ക് കണക്ട് ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ ആ സിനിമയ്ക്കകത്തുണ്ട്. സർവോപരി നല്ലൊരു സന്ദേശവും സിനിമ കൺവേ ചെയ്യുന്നുണ്ട്.അപ്പൊ ഒരിക്കൽക്കൂടി ഇതിന്റെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.

അഖിലേഷ്

English summary: '777 Charlie': A pawsome film with a wave of emotions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com