മലയാളിക്ക് ആടെന്നാൽ മലബാറി തന്നെ: കാരണമിതാണ്

HIGHLIGHTS
 • കേരളത്തിൽ വളർത്താൻ പറ്റിയ മികച്ച ഇനമേത്?
malabari-goat-4
SHARE

ആടിനെ പാവപ്പെട്ടവന്റെ പശുവെന്നാണ് വിശേഷിപ്പിക്കാറുള്ളത്. പരിമിതസൗകര്യങ്ങളിൽ അൽപ വിഭവങ്ങൾകൊണ്ട് ഏതൊരാൾക്കും വളർത്താമെന്നതാണ് ആടുവളർത്തലിന്റെ സാധ്യത. പശുവിനെയോ എരുമയെയോ വളര്‍ത്താൻ അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലും സാഹചര്യങ്ങളിലും പോലും ആടുകളെ വളർത്താൻ കഴിഞ്ഞേക്കാം. വളരെ പരിമിതമായ നിക്ഷേപം മതി ആടു വളര്‍ത്തല്‍ തുടങ്ങാൻ. മികച്ച പരിപാലന വിപണന തന്ത്രങ്ങളുണ്ടെങ്കിൽ സംരഭം ലാഭകരമാക്കി മാറ്റാനും കഴിയും. പരിമിതമായ സ്ഥലലഭ്യത മാത്രമുള്ള കേരളത്തിന് അനുയോജ്യമായ മൃഗസംരക്ഷണ സംരംഭമാണ് ആടു വളര്‍ത്തല്‍. പെട്ടെന്ന് പെറ്റുപെരുകുന്നതിനുള്ള കഴിവും ആടുകളെ വ്യത്യസ്തരാക്കുന്നു.

കേരളത്തിൽ വളർത്താൻ പറ്റിയ മികച്ച ഇനമേത്?

ആട് വളര്‍ത്താന്‍ തീരുമാനിച്ചാൽ ഏതിനം ആടിനെ വളര്‍ത്തണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകണം. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ ഇതരസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകര്‍ വളര്‍ത്താറുണ്ട്. കേരള വെറ്ററിനറി സർവകലാശാലയിൽ നടത്തി വരുന്ന ഗവേഷണഫലങ്ങൾ പരിശോധിച്ചാൽ മലബാറി തന്നെയാണ് മൊത്തത്തിൽ മെച്ചമെന്ന് പറയാം. വളര്‍ച്ചാ നിരക്ക്, പ്രായമനുസരിച്ചുള്ള  ശരീരഭാരം, പ്രജനന നിരക്ക്, പ്രത്യുല്‍പ്പാദനശേഷി തുടങ്ങിയ മിക്ക സ്വഭാവങ്ങളിലും കേരളത്തിന്റെ കാലാവസ്ഥയില്‍ മലബാറി ആടുകൾ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഓള്‍ ഇന്ത്യ കോ ഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ട് (എഐസിആര്‍പി) ഓണ്‍ ഗോട്ടിന്റെ പഠനങ്ങളാണ് ഇക്കാര്യം അടിവരയിട്ടു തെളിയിക്കുന്നത്.

malabari-goat

വിവിധ ഇനങ്ങളുടെ ശരീരഭാരം

വിവിധ ഇനങ്ങളുടെ  പ്രായമനുസരിച്ചുള്ള ശരാശരി ശരീരഭാരം (കിലോഗ്രാമിൽ) താഴെ പറയുന്ന വിധത്തിലാണ് കണ്ടിട്ടുള്ളത്.

 • മലബാറി

ജനന സമയം  - 2.20
മൂന്ന് മാസം     - 8.60
ആറ് മാസം.   - 14.50
ഒമ്പത് മാസം - 19.20

 • ജമുനാപാരി (ഉത്തര്‍പ്രദേശ് ) 

ജനന സമയം  - 3.41
മൂന്ന് മാസം     - 12.11
ആറ് മാസം    - 15.10
ഒമ്പത് മാസം  - 19.50

 • സിരോഹി (രാജസ്ഥാന്‍ ) 

ജനന സമയം  - 2.46
മൂന്ന് മാസം     - 13.72
ആറ് മാസം     - 19.00
ഒമ്പത് മാസം   - 21.83

 • ഓസ്മനാബാദി ( മഹാരാഷ്ട്ര)

ജനന സമയം - 2.40
മൂന്ന് മാസം    - 10.50
ആറ് മാസം  - 15.70
ഒമ്പത് മാസം - 22.70

malabari-goat-1

വിവിധ ഇനങ്ങളുടെ പാലുല്‍പ്പാദനം

 • മലബാറി

ശരാശരി കറവക്കാലം - 90 ദിവസം
ഒരു കറവക്കാലത്തെ ശരാശരി പാലുൽപാദനം (ലീറ്റര്‍) - 77

 • ജമുനാപാരി 

ശരാശരി കറവക്കാലം- 180 ദിവസം
ഒരു കറവക്കാലത്തെ  പാലുൽപാദനം (ലീറ്റര്‍) - 125                  

 • സിരോഹി 

ശരാശരി കറവക്കാലം- 150 ദിവസം
ഒരു കറവക്കാലത്തെ പാലുൽപാദനം (ലീറ്റര്‍) - 120

malabari-goat-5

ഇനങ്ങളുടെ പ്രത്യുല്‍പ്പാദന വിവരങ്ങൾ

 • മലബാറി

ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം): 244-268
ആദ്യത്തെ പ്രസവ സമയം (ദിവസം): 386 - 410
പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം): 263 - 287 

 • ജമുനാപാരി 

ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം): 686- 670
ആദ്യത്തെ പ്രസവ സമയം (ദിവസം):  820-826
പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം): 358-362

 • സിരോഹി 

ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം): 419- 475
ആദ്യത്തെ പ്രസവ സമയം (ദിവസം): 562 - 618
പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം): 420-438 

 • ഓസ്മനാബാദി  

ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം): 255-270
ആദ്യത്തെ പ്രസവ സമയം (ദിവസം) : 405-425
പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം): 280-285

മുകളിൽ കൊടുത്ത കണക്കുകൾ വിശകലനം ചെയ്താൽ മലബാറിക്കുള്ള മേൽക്കോയ്മ മനസിലാക്കാം. മുകളിൽ പറഞ്ഞ ഇനം ആടുകളുടെ ജന്മനാടുകളിൽ നടത്തിയ പഠനങ്ങളില്‍ നിന്നും പല പ്രായത്തിലുള്ള  ശരീരഭാരത്തിന്റെ താരതമ്യത്തില്‍ ജമുനാപാരിയും സിരോഹിയും ഓസ്മനാബാദിയും മലബാറി ആടുകളേക്കാള്‍ അൽപം മുന്നിലാണ്. എന്നാല്‍ ഉത്തര്‍പ്രദേശുകാരനായ ജമുനാപാരി, രാജസ്ഥാനിയായ സിരോഹി തുടങ്ങിയ ജനുസ്സുകൾക്ക് കേരളത്തിന്റെ ഈര്‍പ്പം കൂടിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി കണ്ടുവരുന്നു. തന്മൂലം കേരളത്തിൽ വളർത്തുമ്പോൾ വളര്‍ച്ചാനിരക്ക്, പാലുല്‍പ്പാദനം, രോഗപ്രതിരോധശേഷി, പ്രത്യുല്‍പ്പാദനശേഷി, തീറ്റ പരിവര്‍ത്തന നിരക്ക് എന്നിവ ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. 

ശാസ്ത്രീയമായ  രീതിയിൽ  പരിപാലിക്കപ്പെടുന്ന മലബാറി ആടുകള്‍ രണ്ടുകൊല്ലത്തില്‍ മൂന്ന് പ്രാവശ്യം പ്രസവിക്കുന്നതാണ്. 50 ശതമാനത്തിലധികം പ്രസവങ്ങളിലും രണ്ട് കുട്ടികളുണ്ടാകും.

മലബാറി ആടുകളുടെ ഓരോ പ്രസവത്തിലെയും പാലുല്‍പ്പാദന ദൈര്‍ഘ്യം കുറവാണെങ്കിലും ഈ കാലയളവിലെ മികച്ച പാലുല്‍പ്പാദനംകൊണ്ടും ഈ കുറവിനെ മലബാറി ആടുകള്‍ മറികടക്കുന്നതായി കാണക്കാക്കപ്പെടുന്നു.

പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും മലബാറി ആടുകളുടെ മേന്മകളുണ്ട്. ഏകദേശം എട്ടു മാസം പ്രായം അല്ലെങ്കില്‍ പതിനഞ്ചു കിലോഗ്രാം  ഭാരം (തൂക്കം) ആകുമ്പോള്‍ മലബാറി പെണ്ണാടുകളെ ഇണചേര്‍ക്കാവുന്നതാണ്. ഏകദേശം അഞ്ചു മാസമാണ് ആടുകളിലെ ഗര്‍ഭധാരണ സമയം. രണ്ട് പ്രസവങ്ങള്‍ക്ക് ഇടയിലെ ദൈര്‍ഘ്യം ഏകദേശം എട്ട് മാസമായി ക്രമീകരിച്ചാല്‍, രണ്ട് കൊല്ലത്തില്‍ മൂന്ന് പ്രസവം എന്ന മികച്ച നേട്ടം ലഭിക്കാം.

English summary: Why malabari is more suitable than other breeds of goat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS