അടുത്തടുത്ത രണ്ട് പ്രസവങ്ങളിൽ എരുമയ്ക്ക് ഗർഭപാത്രം പ്രസവാനന്തരം പുറത്തായിപ്പോയെങ്കിലും അവസരോചിതമായ ഇടപെടൽകൊണ്ട് ആ വലിയ എരുമക്കുട്ടനെ രണ്ടു പ്രാവശ്യവും രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം പ്രിയപ്പെട്ട സുഹൃത്തുക്കളോട് പങ്കു വയ്ക്കുന്നു.
ഇക്കഴിഞ്ഞ ആഴ്ച(10/07/22 )യാണ് ആൽബി എന്ന പ്രിയപ്പെട്ട കർഷകന്റെ എരുമയ്ക്ക് രണ്ടാമത്തെ പ്രാവശ്യവും ഈ ദുരവസ്ഥ ഉണ്ടായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പൂർണ ഗർഭിണി ആയിരുന്ന അവസ്ഥയിലേ ഗർഭപാത്രം പുറത്തേക്കു തള്ളുന്ന അവസ്ഥയിലായിരുന്നു , ആഹാരം കഴിക്കുന്നതിലും മടുപ്പ് ഉണ്ടായിരുന്നു, മെലിഞ്ഞും തുടങ്ങിയിരുന്നു. പ്രസവിക്കാൻ വൈകുന്തോറും എരുമയുടെ ആരോഗ്യനില വഷളായി വരുന്നു നല്ല ശരീര ഭാരവും, പാലും ലഭിക്കുന്നതുമായ വിലപിടിപ്പുള്ളതുമായ എരുമയെ രക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും ഡോക്ടർ സ്വീകരിക്കണമെന്ന് ഉടമസ്ഥന്റെ അഭ്യർഥനയും. എന്തായാലും പ്രസവം നടക്കാനുള്ള ഇൻജെക്ഷൻ കൊടുക്കാൻ തീരുമാനിച്ചു അല്ലെങ്കിൽ ആ എരുമ ആൽബിക്കു നഷ്ടമാകും എന്ന് മനസ്സ് മന്ത്രിച്ചു. അപ്രകാരം ശനിയാഴ്ച ആയതിനുള്ളതും, ക്ഷീണം അകറ്റാനുള്ളതുമായ മരുന്നുകൾ നൽകി.
തൊട്ടടുത്ത ദിവസം (ഞായറാഴ്ച) ഏറ്റവും പ്രിയപ്പെട്ട ശ്രീകുമാർ സാറിന്റെ മകന്റെ കല്യാണത്തിനു പങ്കെടുക്കേണ്ടതിനാൽ നേരത്തേ ഫീൽഡിൽ പോയി എമർജൻസി കേസുകൾ നോക്കി വീട്ടിലെത്തി കുളിച്ച് വീട്ടിൽനിന്ന് രണ്ട് മണിക്കൂർ ഡ്രൈവ് വേണ്ടുന്ന വർക്കലയ്ക്കടുത്തുള്ള പാലാച്ചിറ എന്ന സ്ഥലത്തേക്ക് മഴ കൂടി കണക്കിലെടുത്ത് കാറിൽ അതിവേഗത്തിൽ പാഞ്ഞു. യാത്രാമധ്യേ എരുമ പ്രസവലക്ഷണങ്ങൾ കാണിക്കുന്നതായി ആൽബി ചേട്ടന്റെ ഫോൺ കാൾ. ആകെ ടെൻഷൻ. എങ്കിലും ശുഭപ്രതീക്ഷ കൈവിടാതിരിക്കാനും അത്യാവശ്യം വേണ്ട നിർദേശങ്ങളും നൽകി. യാത്രാമധ്യേ തന്നെ എരുമക്കുഞ്ഞ് പുറത്ത് വന്നതിയ അദ്ദേഹം അറിയിച്ചു. പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ഫോണിലൂടെ നിർദേശം നൽകിക്കൊണ്ടിരുന്നു. കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയാണെന്ന് പറഞ്ഞ് അടുത്ത ഫോൺ. ആകെ ഒരു വിഷമാവസ്ഥ. മുൻ പ്രസവത്തിലെ ദുരന്തം ഒഴിവാക്കാനായി എരുമയുടെ പുറം ഭാഗം ഉയർത്തി കിടത്താൻ പ്രായോഗിക നിർദേശങ്ങൾ നൽകി.
മുഹൂർത്ത സമയം ജസ്റ്റ് മിസ്സ്. പതിവ് തെറ്റിച്ചില്ല എന്ന് അടുത്തറിയുന്ന സുഹൃത്തുക്കൾ. സദ്യ ഉണ്ണുന്നതിനിടയ്ക്കു തന്നെ ഏരുമ അസഹനീയമായി അണയ്ക്കുന്നതായും എന്തൊക്കെ ചെയ്തിട്ടും എണീക്കുന്നില്ലെന്നും അടുത്ത ഫോൺ. എന്റെ അവസ്ഥ അറിയിച്ചപ്പോൾ ഞായറാഴ്ച ആയതിനാൽ അവിടെ ആരെയും കിട്ടാനില്ല എന്നും, ക്ഷമിക്കാനും അദ്ദേഹം പറഞ്ഞു. എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടാകുമെന്ന് ധൈര്യം ആൽബി ചേട്ടനു പകർന്നു നൽകി.
നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച് ശ്രീകുമാർ സാറിനെയും കണ്ടിട്ട് എത്രയും വേഗം അവിടുന്ന് തിരിച്ചു. യാത്രാ മധ്യേ അടുത്ത ഫോൺ പുറം ഭാഗം ഉയർത്തി വച്ചിരുന്നിട്ടും ഗർഭപാത്രം പൂർണമായും പുറത്ത് വന്നെന്ന്.
അവിടുന്ന് പാഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മോനോട് സിനിമ കാണിക്കാൻ കൊണ്ടുപോകാം എന്ന് പറഞ്ഞതും അവൻ നേരത്തെ റെഡി ആയി ഇരിക്കുന്നതും കണ്ടത്. ഒന്നും പറയാനില്ല അവനോട് കാര്യം പറഞ്ഞപ്പോൾ കണ്ണുനീർ ഒഴുകുന്നത് മാത്രം കാണാം മറുപടി ഇല്ല. എന്തായാലും അവനോടും കാറിൽ കേറാൻ പറഞ്ഞ് ആൽബി ചേട്ടന്റെ വീട്ടിലേക്കു യാത്ര തുർന്നു. സമയത്തെയും, ആരോഗ്യത്തെയും വെല്ലുവിളിച്ച് ഓടിക്കൊണ്ടേയിരിക്കുന്ന ജീവിതം. മാനസികാവസ്ഥ ഞാൻ പറയാതെ എല്ലാവർക്കും മനസ്സിലാകുമെന്ന് കരുതുന്നു.
ഒറ്റ ദിവസം അതു വരെ ഓടിത്തീർത്തത് 190 കിലോമീറ്റർ കടന്നു. പിന്നെയും ബാക്കി. മുമ്പേ ഉള്ള നടുവേദന ഒരു വശത്ത് അലട്ടുന്നുണ്ട്. ഒന്നും ചിന്തിക്കാൻ സമയമില്ല ആൽബി ചേട്ടന്റെ വീട്ടിൽ എത്തി. എരുമയുമായി മല്ലിടാൻ തയ്യാറായി സഹായത്തിനുള്ളത് ആകെ കറവക്കാരനായ ശിവൻ ചേട്ടനാണ്. അദ്ദേഹവുമായി എനിക്കുള്ള ആത്മബന്ധമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്.
ഇതേ ടീമാണ് മുമ്പും ഈ എരുമയെ രക്ഷിച്ചതെന്നുള്ളത് ഒരു പ്രതീക്ഷയായി മനസ്സിലുണ്ട്. പ്രാഥമിക കാര്യങ്ങൾ അദ്ദേഹത്തെ മുന്നേ ഞാൻ പഠിപ്പിച്ചിരുന്നു. ആ ധൈര്യത്തിൽ മറുപിള്ള എല്ലാം മാറ്റി സകല ശക്തിയുമെടുത്ത് ശ്രദ്ധാപൂർവം ഗർഭപാത്രം അകത്താക്കാനുള്ള ശ്രമം തുടങ്ങി. എകദേശം 900 കിലോ തൂക്കം വരുന്ന എരുമ തിരിച്ചു തള്ളുന്ന ശക്തി താങ്ങാൻ കഴിഞ്ഞില്ല എന്നുള്ളതും സത്യം. സകല ദൈവങ്ങളെയും വിളിച്ച് തിരികെ തള്ളിക്കൊണ്ടിരിക്കെ മനസ്സിൽ ശത്രുവിനു പോലും ഈ അവസ്ഥ വരുത്തരുതെന്ന് മന്ത്രിക്കുന്നുമുണ്ടായിരുന്നു. അത്രക്കു ക്ഷീണിച്ചവശനായി വിയർത്തു ചോരയിൽ കുളിച്ച്, ഹൃദയം നിലച്ചു പോകുമെന്ന അവസ്ഥ വരെ എത്തി. തൊഴുത്തിൽ കിടന്നു പോകും എന്ന് തോന്നി. ശിവൻ ചേട്ടന്റെയും സഹായം എനിക്ക് ലഭിക്കേണ്ട അവസരത്തിൽ കിട്ടുന്നുണ്ടായിരുന്നു.
കഴിഞ്ഞതവണ ഇതേ പ്രശ്നം ഉണ്ടായെങ്കിൽ ഇവളെ വിറ്റു കളയാൻ പാടില്ലായിരുന്നോ എന്നു കൂടിനിന്നവരുടെ ചോദ്യം? ഉടമയുടെ മറുപടി എന്നെ രോമാഞ്ചമുണ്ടാക്കി ‘തന്റെ മക്കൾക്ക് സുഖമില്ലാതായാൽ വിറ്റു കളയുമോ’. കൂടാതെ, ഡോക്ടർ രക്ഷപ്പെടുത്തി തരുമെന്നും.
സമയം കഴിയുന്തോറും ഗർഭപാത്രം വീർക്കുന്നുമുണ്ട്. മനസ്സിൽ ടെൻഷനും കൈകളിൽ ക്ഷീണവും കാലിൽ മസിലും പിടിക്കുന്നു. ആ അവസരത്തിൽ എവിടുന്ന് അറിയാത്ത ഒരു ശക്തി ഇരച്ചുകയറി ആ ജീവൻ ഞങ്ങൾ തിരിച്ചു പിടിച്ചു. എന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച ശിവൻ ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. വളരെ പ്രയാസപ്പെട്ട് സ്റ്റിച്ചൊക്കെ ഇട്ടു .

പിന്നീടുള്ള വെല്ലുവിളി എണീക്കാൻ പറ്റാതെ കിടക്കുന്ന അവസ്ഥയിൽ നിന്നും അവളെ ഉയർത്തുക എന്നുളളതായിരുന്നു അതും വളരെ വിജയകരമായി നമ്മൾ കൈകാര്യം ചെയ്തു.
അതു കഴിഞ്ഞ് അവിടുന്ന് കുളിച്ചിട്ട് മോനെ നോക്കിയപ്പോൾ അവിടത്തെ കുട്ടികളുമായി കളിക്കുന്നു.
അവനെയും കാറിൽ കയറ്റി നൂറേ നൂറിൽ തീയറ്ററിൽ പതിവു പോലെ അവിടെയും ലേറ്റ്. എന്തായാലും എത്തിപ്പെട്ടു എന്നുള്ളതിൽ ഞാൻ കൃതാർഥനായി. മോന് സനാക്സ് മേടിച്ചു കൊടുക്കാനും ഒച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോഴുമാണ് ആ എയർ കണ്ടിഷനിൽ ഉറക്കത്തിൽ നിന്ന് ഞാൻ ഉണർന്നത്. എല്ലാം കഴിഞ്ഞപ്പോൾ സിനിമ ഇഷ്ടപ്പെട്ടു എന്ന് മോൻ പറഞ്ഞപ്പോൾ സമാധാനമായി വീട്ടിലേക്ക്.
മടക്കയാത്രയിൽ മോന്റെ ഒരു ചോദ്യം, പുറത്തു വന്ന ഗർഭപാത്രം ഉള്ളിലാക്കുന്നതിന് ഇത്രയും സമയമെടുക്കുമോ അച്ഛാ? എന്ന് എന്താല്ലേ? അടുത്ത ദിവസവും കൃത്യമായി ജോലിക്ക്. ദേഹമൊന്നും വേദനിക്കാത്ത അമാനുഷികനല്ലേ. ഇതിനിടയിൽ വരുന്ന പരിഭവക്കാരെ എങ്ങനെ തൃപ്തിപ്പെടുത്തുമെന്നറിയാതെ...

14/07/22 അതിരാവിലെ ഞാൻ ഉറക്കം എണീക്കുന്നതിനു മുന്നേ ലാലി കാട്ടുവിള എന്ന എന്റെ പഞ്ചായത്തിലെ ക്ഷീര കർഷകൻ വീട്ടുപടിക്കൽ തന്റെ പശുവിന്റെ ഗർഭപാത്രം പ്രസവാനന്തരം പുലർച്ചെ പൂർണ്ണമായും പുറത്തായി എത്തണം എന്നുപറഞ്ഞ് എത്തുന്നത്. പെട്ടെന്ന് ഒന്നു ടെൻഷനായി കാരണം രാവിലെ ജില്ലാ ഓഫീസറുടെ മീറ്റിങ് ഉണ്ട് പഴയ ശരീര വേദന മാറിയിട്ടില്ല. എങ്ങനെയെന്ന് അറിയില്ല എങ്കിലും ഞാൻ എത്തിക്കൊള്ളാം എന്നും അദ്ദേഹത്തോട് വീട്ടിൽ പോയിക്കൊള്ളാൻ നിർദേശിക്കുകയും ചെയ്ത് മിനിട്ടുകൾക്കുള്ളിൽ തയ്യാറായി അമ്മയുടെ സ്നേഹ വായ്പോട് കൂടെയുള്ള ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് അച്ഛന്റെ ഉപദേശവും ‘സൂക്ഷിച്ച് വണ്ടി ഓടിക്കണം, മീറ്റിംഗിന് കുറച്ചു താമസിച്ചാലും കുഴപ്പമില്ല നിന്നെ മനസ്സിലാക്കാൻ കഴിയുന്ന ജില്ലാ ഓഫീസറാണ് ഉള്ളതെന്നും’.
യാത്രയിൽ എത്ര വേഗത്തിലായാലും, രാത്രിയിലാണേലും ഉറക്കം വരാതിരിക്കാനും ഉപകരിക്കുന്നത് ഡോ. അഭിലാഷ് ആർ, പെരുങ്കുഴി വെറ്ററിനറി സർജൻ അയച്ചു തന്ന ഭക്തിഗാനങ്ങളാണ്. എത്രയും വേഗം ലാലിയുടെ വീടെത്തി. എന്റെ വണ്ടിക്ക് കയ്യും കാലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്നെ തല്ലി കൊന്നേനെ. അദ്ദേഹത്തിന്റെയും കൂടി സഹായത്തോടെ തൊഴുത്തിൽ കിടന്ന് മുൻ വിവരിച്ച പോലൊക്കെ ആ ഗർഭപാത്രവും പൂർവസ്ഥിതിയിലാക്കി. ക്ഷീണിച്ച് അവശനായി ....

സുഹൃത്തുക്കളെ ഈ സമയത്തെ ഒരു ഫീൽ വരച്ചുകാട്ടാൻ അക്ഷരാർഥത്തിൽ പ്രയാസമാണ്. ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു. രണ്ടു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതും, കർഷകന്റെ മുഖത്ത് ചിരിപടർത്താൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. ഇത്രയൊക്കെയല്ലേ ഈ ജീവിതത്തിൽ ബാക്കി കാണുകയുള്ളൂ. അവിടുന്ന് മീറ്റിങ്ങിനെത്തിയപ്പോഴും ലേറ്റ്. തിരക്കെല്ലാം കഴിഞ്ഞ് പിറ്റേന്നു രാത്രി വളരെ ലേറ്റ് ആയും ആ പശുവിന് ചെറിയ ഒരു ക്ഷീണം കാണുന്നു എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വൈകിയും ലാലിയുടെ വീട്ടിൽ എത്തി പശുവിനു വേണ്ട ചികിത്സ നൽകിയിരുന്നു. അതും സുഖം പ്രാപിച്ചു വരുന്നു.
ഫീൽഡിലുള്ള ഒട്ടുമിക്ക വെറ്ററിനറി ഡോക്ടർമാരുടെയും അവസ്ഥ ഇതാണ്. മറ്റുള്ളവർ പറയുന്നില്ല, ഞാൻ തുറന്നു പറഞ്ഞു. അത്ര മാത്രം.
English summary: Managing Prolapses in Cows