നിങ്ങളിൽ ചിലരെങ്കിലും മുട്ട ഉപയോഗിക്കാനായി പൊട്ടിച്ചപ്പോൾ ഉണ്ണിയുടെ മുകളിലായി ചെറിയ രക്തബിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടൊ? ഇതാണോ മനേക ഗാന്ധി പറഞ്ഞ ആർത്തവരക്തം ചിന്തിയ മുട്ടകൾ എന്ന് ഒരാൾ സംശയവും ചോദിച്ചു. ഇത് കണ്ടും കേട്ടും ഭയന്നിട്ടുള്ളവർക്കായാണ് ഈ ചെറു കുറിപ്പ്.
മുട്ടയിട്ടു തുടങ്ങുന്ന പ്രായത്തിലെ കോഴികളിലോ, മുട്ടയുൽപാദനം കഴിയാറായ കോഴികളിലോ അപൂർവമായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് മുട്ടയുടെ ഉണ്ണിയിൽ കാണപ്പെടാറുള്ള രക്തബിന്ദുക്കൾ. മുട്ട രൂപീകരണ വേളയിൽ അണ്ഡത്തിലോ, അണ്ഡവ്യൂഹത്തിലോ ഉള്ള ചെറു രക്തക്കുഴലുകളിലുണ്ടാകുന്ന മുറിവുകൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം രക്തബിന്ദുക്കളുള്ള മുട്ടകൾ ബീജസങ്കലനം നടന്നതാവണമെന്ന് യാതൊരു നിർബന്ധവുമില്ല! കോഴികൾക്ക് അനുഭവപ്പെടുന്ന സമ്മർദ്ദം മൂലവും വിറ്റാമിൻ എ, ഡി എന്നിവയുടെ അഭാവം മൂലവും ഇത് സംഭവിച്ചേക്കാം.
വെള്ള മുട്ടയിടുന്ന കോഴികളിൽ വളരെ അപൂർവമായി മാത്രം (0.5% താഴെ) കാണപ്പെടുന്ന ഈ അവസ്ഥ തവിട്ടു നിറമുള്ള മുട്ടകളിടുന്ന കോഴികളിൽ വളരെ അധികമാണെന്ന് (18% വരെ) റിപ്പോർട്ടുകളുണ്ട്. ഒന്നാം ദിവസം കാൻഡ്‌ലിങ് (candling) നടത്തുന്നത് മുഖേന രക്തബിന്ദുക്കളുള്ള മുട്ടകൾ ഒരു പരിധി വരെ ഒഴിവാക്കാനാകും. രക്തബിന്ദുക്കളുള്ള മുട്ടകൾ മറ്റേത് മുട്ടകൾ പോലെയും പാകം ചെയ്‌താൽ ഭക്ഷ്യയോഗ്യമാണെന്ന് യുഎസ്‌ഡിഎ (United States Department of Agriculture), എഗ് സേഫ്റ്റി ബോർഡ് എന്നീ ഏജൻസികൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. എങ്കിലും ഇത്തരം മുട്ടകൾ കണ്ടാൽ കഴിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കത്തിയോ സ്പൂണോ ഉപയോഗിച്ച് രക്ത ബിന്ദു അടർത്തി മാറ്റിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
English summary: Is it safe to eat eggs with blood spots?