ADVERTISEMENT

ഞാനവളെ കുവീന്ന് വിളിച്ചുകൊണ്ട് ശക്തിയായി കുലുക്കി. അവൾ വളരെ പതുക്കെ കണ്ണു തുറന്നു. പതിയെ തലപൊക്കി എന്നെ നോക്കി. കുറച്ചു നേരം അങ്ങനെ തന്നെ നോക്കി. അപ്പോൾ ഞാൻ ചോദിച്ചു.

‘എന്താണ്. നിനക്കെന്നെ അറിയാമോ?’

അവളങ്ങനെ തന്നെ എന്നെയും നോക്കി കിടന്നു. അപ്പോൾ സാബു സാർ പോക്കറ്റിൽ നിന്ന് പെഡിഗ്രിയുടെ മൂന്നാല് കഷ്ണങ്ങൾ അവളുടെ മുഖത്തിന് മുന്നിലേക്ക് വച്ചു കൊടുത്തു. അവൾ അത് മണത്തിട്ട് കിടന്നു. അപ്പോൾ സാബുസാർ പറഞ്ഞു 

‘കഴിച്ച് ശീലമില്ലാത്തത് കൊണ്ടാവും’

ഞാൻ കുറച്ച് നേരം തടവിക്കൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ തലയുയർത്തി ഞങ്ങളുടെ മുഖത്തേക്കു നോക്കി മൂളി. ഞാൻ ‘വാടാ’ എന്നു പറഞ്ഞ് വിളിച്ചു. ഞങ്ങളെ രണ്ടു പേരെയും നോക്കിത്തന്നെ കിടക്കുകയാണ്. അപ്പോൾ സാബുസാർ പറഞ്ഞു. 

‘അജിത്തിവിടെ നില്ല് ഞാൻ പോയി കുറച്ച് വെള്ളമെടുത്തിട്ട് വരാം’

ഞാനവളുടെ അടുത്ത് ഇരുന്നു. അവളുടെ രോമങ്ങളിൽ മുഴുവനും ചെളി പറ്റിയിരിക്കുന്നു. ശരീരത്തുകൂടി നിറയെ ഉറുമ്പുകൾ ഓടുന്നു. ഞാനവളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഉന്തി നിന്ന വാരിയെല്ലുകളുടെ ഇടയിൽ എന്റെ വിരലുകൾ ചെറുതായമർന്നപ്പോൾ അവൾ മൂളി. അവളുടെ രോമത്തിൽ പുറകിൽനിന്ന് മുന്നിലേക്ക് കയ്യോടിച്ചപ്പോൾ ശരീരത്തിലെ ചെളിയുടെ ശകലങ്ങൾ തെറിച്ചു പോയി. അവൾ കണ്ണുകൾ ചെറുതാക്കി എന്റെ മുഖത്തേക്ക് നോക്കി. ഞാൻ 'എന്താടാ' എന്ന് ചോദിച്ചു അതിന് മറുപടിയെന്നോണം കുവിയെന്റെ ശരീരത്തോട് ചാരി നിന്നു. കവിളിൽ പിടിച്ചും, തലയിൽ തലോടിയും, താടി പിടിച്ച് പൊക്കിയും ഞാൻ ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അതിന് മറുപടിയായി ഇടക്കിടെ ഓരോ നീണ്ട മൂളലുകൾ വന്നു. അപ്പോൾ ഒരു കുപ്പിവെള്ളവും ഗ്ലൂക്കോസും ഒരു പാത്രവുമായി സാബുസാറും എബിനും കയറി വന്നു. സാബുസാർ ചോദിച്ചു.

kuvi

‘ആഹാ ആളെഴുന്നേറ്റോ?’

എഴുന്നേറ്റു പക്ഷേ നല്ല ക്ഷീണമുണ്ട്....

ഞാൻ പറഞ്ഞു.

സാബുസാർ ഒരു പാത്രത്തിൽ ഇത്തിരി ഗ്ലൂക്കോസിട്ട് വെള്ളമൊഴിച്ച് അവളുടെ മുന്നിൽ വച്ചു. അവളതിൽ നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി. ഞാനതിൽ വിരലിട്ട് നല്ല പോലെ ഇളക്കിയിട്ട് അവളുടെ വായുടെ അടുത്തേക്കടുപ്പിച്ചു. ആദ്യം അതിൽ മണപ്പിച്ചു പിന്നീട് മൂക്ക് മുട്ടിച്ചു. പതിയെ അത് നക്കിക്കുടിച്ചു തുടങ്ങി, അതു ക്രമേണ വേഗത്തിലാക്കി. വായിൽനിന്ന് താടിയിലേക്ക് ഒലിച്ചിറങ്ങിയ വെള്ളം തറയിൽ മുഴുവൻ ഇറ്റി വീണു. ഞാൻ ബാക്കിയുണ്ടായിരുന്ന വെള്ളവും ഒഴിച്ചു കൊടുത്തു. അവളതും മുഴുവനും കുടിച്ചു. അപ്പോൾ സുനിൽ ഓടി വന്നു പറഞ്ഞു.

‘അവിടെ ഡിവൈഎസ്പി വന്നു. നമ്മളെയെല്ലാവരെയും കാണണമെന്ന് പറഞ്ഞു.’

ഡ്യൂട്ടി ഡീറ്റേയ്ൽ ചെയ്യാനാണെന്നു തോന്നുന്നു...

ഞാനവളെയൊന്ന് കെട്ടിപ്പിടിച്ച ശേഷം അവിടെ നിന്നെഴുന്നേറ്റ് പോയി. കുറച്ചു നടന്നതിനു ശേഷം തിരിഞ്ഞു നോക്കിയപ്പോൾ അവിടെനിന്ന് ഞങ്ങളെ നോക്കി ഉറക്കെ മൂളുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു.

‘കരയണ്ട ഞാൻ പോയിട്ടിപ്പോൾ വരാം’

kuvi-dog-part-2

ഞങ്ങളവിടെ ചെന്നപ്പോൾ രക്ഷാപ്രവർത്തകരും, ഓഫീസർമാരും, അഡ്വഞ്ചർ ക്ലബ്ബുകാരുമൊക്കെ നിൽക്കുന്നുണ്ട്. സബ് കലക്ടർ എല്ലാവർക്കും നിർദ്ദേശങ്ങൾ കൊടുക്കുന്നു. 

‘എല്ലാവരും ആഹാരം കഴിച്ചോ? ആഹാരം കഴിച്ചില്ലെങ്കിൽ ആഹാരം കഴിച്ചിട്ട് എല്ലാവരും വരൂ...’

അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തകർക്കുവേണ്ടി താൽക്കാലികമായി തുടങ്ങിയ മെസ്സുണ്ടവിടെ. ഞങ്ങൾ അങ്ങോട്ടേക്ക് പോകാൻ നടന്നപ്പോൾ തിങ്ങി നിൽക്കുന്ന രക്ഷാപ്രവർത്തകർക്കിടയിലൂടെ സാബു സർ കുവിയെ കണ്ടു. സാബുസാർ പറഞ്ഞു.

‘കുവിയല്ലെ അത്’

സാബുസാർ പറഞ്ഞത് കേട്ട് മിക്കവരും അങ്ങോട്ട് നോക്കി. അവളവിടെ റോഡിലിറങ്ങി വന്നിട്ട് അവിടെ നിൽക്കുന്നവരുടെ മുഖത്തൊക്കെ നോക്കി നടന്നു വരുന്നു.

‘അത് നമ്മളെ തിരയുന്നതാകുമോ?’ ഞാൻ ചോദിച്ചു.

എന്നിട്ട് ഞാൻ ആൾകൂട്ടത്തെ വകഞ്ഞു മാറ്റി വെളിയിൽ വന്ന് കുവീന്ന് വിളിച്ചു. അവളെന്റെ ശബ്ദം കേട്ടിടത്തേക്ക് വെട്ടിത്തിരിഞ്ഞ് നോക്കി. എന്നിട്ട് എന്റടുത്തേക്കോടി വന്നു. ഞാൻ ഒരു കാൽമുട്ട് നിലത്തൂന്നി ഇരുന്നു. തല താഴ്ത്തി, ചെവികൾ താഴ്ത്തി, എന്റെ ശരീരത്തിനുള്ളിലേക്ക് അവളുടെ ശരീരം കൊണ്ട് വന്നു. ഞാനവളുടെ തലയിൽ തലോടി. അപ്പോൾ സിഐ സാർ ചോദിച്ചു

kuvi

‘ആഹാ നീയതിനെയും വളച്ചോ..?’

ഞാനദ്ദേഹത്തിന്റെ മുഖത്തു നോക്കി ചിരിച്ചു. എന്നിട്ട് എഴുന്നേറ്റ് ആഹാരം കഴിക്കാൻ മെസ്സിലേക്ക് പോകാനൊരുങ്ങിയപ്പോൾ കുവിയേയും വിളിച്ചു. അവൾ എന്റെ പിറകേ വന്നു. പഴകിയ പടിക്കെട്ടുകളിറങ്ങി താഴേക്ക് ചെന്നു. പഴയ ഒരു കെട്ടിടത്തിന് സൈഡിലെ മുറിയിൽ താൽകാലികമായി തുടങ്ങിയ ഒരു മെസ്. മെസ്സിന് മുന്നിൽ എല്ലാവരാലും ചവിട്ടിക്കുഴച്ച ഒരു ചെളിക്കണ്ടം. ഇടയ്ക്കിടയ്ക്കാരൊക്കെയൊ ശ്രദ്ധിച്ച് നടക്കണം എന്ന് വിളിച്ച് പറയുന്നുണ്ട്. 

ഞാൻ മെസ്സിനുള്ളിൽ കയറി എന്താ കഴിക്കാനുള്ളതെന്ന് ചോദിച്ചു. ചപ്പാത്തിയും മുട്ടക്കറിയുമാണുള്ളതെന്ന മറുപടിയും വന്നു. ചൂടോടെ ചുട്ട് ഇടുന്നതിൽനിന്ന് ഒരു ചപ്പാത്തിയെടുത്ത് കടിച്ച് നോക്കി. സാദാ കടിയിൽ മുറിയില്ലെന്ന് മനസ്സിലാക്കി നല്ല പോലെ മുറുക്കി കടിച്ചുവലിച്ച്. തല പോയി ഭിത്തിയിലിടിക്കാഞ്ഞത് ദൈവാധീനം, മുട്ടക്കറിയിൽ നോക്കിയപ്പോൾ മുട്ടയുള്ളത് കൊണ്ട് മാത്രം മുട്ടക്കറിയെന്ന് തോന്നിക്കുന്ന മുട്ടക്കറിയുടെ യാതൊരു വിധ മുഖഛായയുമില്ലാത്ത കറി. പരാധീനതകളിൽ നല്ല മനസ്സുകൾ പടുത്ത ഒരു മെസ്സാണത്. ചെല്ലുന്ന സ്ഥലത്തൊന്നും യാതൊരുവിധ അനുകൂല സാഹചര്യങ്ങളും ഉണ്ടാകില്ലെന്നും എല്ലാ വിധ പ്രതികൂല സാഹചര്യങ്ങളിലും പരാതികളൊന്നും കൂടാതെ ജോലി ചെയ്യണമെന്ന് മനസ്സും ശരീരവും പാകപ്പെടുത്തിയെടുത്ത ആ മഹത്തായ പരിശീലനമുറകൾക്ക് ആയിരം നന്ദി പറഞ്ഞുകൊണ്ട് കിട്ടിയ ഭക്ഷണം പാത്രത്തിലാക്കി മെസ്സിന് വെളിയിലിറങ്ങി. 

ഭക്ഷണം എടുത്തപ്പോൾ കാത്ത് നിൽക്കുന്നയാൾക്ക് മറക്കാതെ അധികം ഒരു മുട്ട കൂടി എടുത്തിരുന്നു. കൽപടിയിൽ പറ്റിയിരുന്ന ചെളി ഷൂസ് കൊണ്ട് വടിച്ച് മാറ്റിയിട്ട് നിലത്ത് കിടന്ന ഒരു ഡിസ്പോസിബൾ പ്ലേറ്റ് കമഴ്ത്തിയിട്ട് അതിലിരുന്ന് ഭക്ഷണം കഴിക്കാനാരംഭിച്ചപ്പോൾ കുവിയും ഓടിയെത്തി. അവൾക്ക് വേണ്ടി കരുതിയിരുന്ന മുട്ട അവൾക്ക് പല കഷ്ണങ്ങളാക്കി പൊട്ടിച്ചിട്ട് കൊടുത്തു. കുവിയത് ആർത്തിയോടെ മുഴുവനും കഴിച്ചിട്ട് എന്നെ നോക്കിക്കൊണ്ടു നിന്നു. ഞാൻ ഒരു ചപ്പാത്തിയെടുത്ത് കീറിയിട്ട് കൊടുത്ത്. അവളതും ആർത്തിയോടെ തിന്നിട്ട് വീണ്ടും മുഖത്തേക്ക് നോക്കി നിന്നു. ഞാൻ മെസ്സിൽ പോയി മൂന്ന് ചപ്പാത്തി കൂടി എടുത്തു. മുട്ട നോക്കിയപ്പോൾ അത് തീർന്നു പോയിരുന്നു. ഞാൻ കാൽ ഭാഗത്തോളം തിന്ന മുട്ടയുടെ ബാക്കി ഭാഗവും ചപ്പാത്തി കീറിയിട്ടതും കൂടി കുഴച്ച് അവൾക്ക് വെച്ചു കൊടുത്തു. അവളത് മുഴുവനും വെപ്രാളത്തിൽ തിന്നു തീർത്തു. ഞാൻ കൈ കഴുകാൻ പോയപ്പോൾ പിന്നാലെ ഓടി വന്നു. കൈ കഴുകാനുള്ള വലിയ പാത്രത്തിലെ വെള്ളത്തിൽ കൈ കഴുകാനിട്ടിരുന്ന ധാരാളം ചിരട്ടകളിൽ നിന്ന് ഒരെണ്ണമെടുത്തതിൽ വെള്ളം നിറച്ച് അവൾക്ക് പിടിച്ച് കൊടുത്തു. അവളത് മുഴുവനും കുടിച്ചു. ആ ചിരട്ട ആരുമെടുത്ത് വീണ്ടുമുപയോഗിക്കാതിരിക്കാൻ ഞാൻ കാട്ടിലെറിഞ്ഞു കളഞ്ഞു.

എല്ലാവരും ഡ്യൂട്ടിക്കു പോകാൻ തയാറാകാനായി അറിയിപ്പ് കിട്ടിയതിനെ തുടർന്ന് ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി സാധനങ്ങൾ എടുക്കാനായി പോയി. കുവി എന്റെ പിറകെ ഓടി വന്നു വണ്ടിയുടെ വാതിലിൽ വന്ന് ഉള്ളിലേക്കു നോക്കി നിന്നു. അവളുടെ അനക്കം മനസ്സിലാക്കിയ ബസ്സിനുള്ളിലെ പൊലീസ് നായ്ക്കൾ ഉറക്കെ കുരച്ചു. പ്രതിസന്ധികളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുതതിനാൽ ആ കുരകളൊന്നും അവളെ തെല്ലും ഭയപ്പെടുത്തിയില്ല. അവൾ തന്റെ മുതുകിലെ രോമമെല്ലാമുയർത്തി അതിലും ഉച്ചത്തിൽ തിരിച്ച് കുരച്ചു.

അപ്പോൾ രതീഷ് പറഞ്ഞു.

‘അമ്പടി... ഇവളാള് കൊള്ളാമല്ലൊ...’

അപ്പോൾ ഒരാൾ പൊലീസ് വണ്ടിയുടെ പിന്നിലെ ടയറിൽ ചവിട്ടി പൊങ്ങി സൈഡിലെ ഗ്രില്ലിൽ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നോക്കി കൊണ്ട് ഞങ്ങളോട് പറഞ്ഞു.

‘സാറന്മാരെ ലീച്ച് സോക്സ് കെട്ടിയിട്ടേ ഇറങ്ങാവു, ഭയങ്കര അട്ട ശല്യമാണ്. നാട്ടിലൊക്കെ കാണുന്നതുപോലുള്ള സാധാരണ അട്ടയല്ല സാർ. ഇത് വലിയ അട്ടയാണ്. ടൈഗർ ലീച്ചെന്ന് പറയുന്ന സാധനം. കടിച്ചാൽ പനി പിടിക്കും.’

എന്തും ഗൂഗിൾ പറഞ്ഞങ്കിലെ വിശ്വസിക്കുള്ളുന്ന് പ്രകൃതമുള്ള കൂട്ടത്തിലെ ജൂനിയറായ എബിൻ ഉടനെ ഫോൺകൊണ്ട് ഞങ്ങളെ കാണിച്ചിട്ട് പറഞ്ഞു.

‘അങ്ങേര് തള്ളിയതാണെന്ന് തോന്നുന്നു. ടൈഗർ ലീച്ച് അങ്ങ് ബോർണിയ, ആമസോൺ കാടുകളിലൊക്കെ ഉള്ളൂന്നാ ഗൂഗിൾ പറയുന്നത്....’

ലീച്ച് സോക്സ് കെട്ടിക്കൊണ്ടിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ കാർക്കശ്യക്കാരനായ രതീഷ് പറഞ്ഞു.

‘വൈകിട്ട് അത് കടിച്ചിട്ട് ഇവിടെ കിടന്ന് പനി കിനിന്നെങ്ങാനും പറഞ്ഞാൽ ഒരു തൊഴീം കൂടി വച്ചു തരും. മര്യാദക്കെടുത്ത് കെട്ടടാ അങ്ങോട്ട്... എന്തേലും പറ്റിക്കഴിഞ്ഞാൽ വേഗം കൊണ്ട് പോകാൻ പോലും അടുത്തൊരു സ്ഥലമില്ല...’

ഞങ്ങൾ ലീച്ച് സോക്സ് കെട്ടി. അതിനു മുകളിൽ മുട്ടൊപ്പമുള്ള ഗംബൂട്ടുകളും, ശരീരത്ത് കയറാതിരിക്കാൻ കോട്ടും ഇട്ട് റെഡിയായി. പുറത്തിറങ്ങിയപ്പോൾ ഒരു ജാക്കറ്റണിഞ്ഞ ഒരാൾ വന്നു ഷേക്ക്ഹാൻഡ് തന്നു പരിചപ്പെട്ടു.

‘എന്റെ പേര് സാനു. ഞാൻ മൂന്നാർ അഡ്വഞ്ചർ ക്ലബ്ബിലുള്ളതാണ്. സാറന്മാരെ സഹായിക്കാൻ വേണ്ടി ഞങ്ങളോട് പറഞ്ഞിരിക്കുകയാണ്‌. ഞാനാണ് വണ്ടിയുടെ ജനലിൽകൂടി അട്ടയുണ്ടെന്ന് പറഞ്ഞത്.’

ചെറിയ തമിഴ് ചുവയോടെ നല്ല പോലെ അയാൾ മലയാളം പറഞ്ഞു. ഞങ്ങൾ കെ9ൽ ഉള്ള പലരേയും പല സ്ഥലത്തേക്ക് ഡ്യൂട്ടി ഡീറ്റൈയ്ൽ ചെയ്തു. എന്നെയും സാബു സാറിനെയും ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്തെക്ക് ഡീറ്റെയ്ൽ ചെയ്തു. ഞങ്ങൾക്ക് പോകാനുള്ള ഫോർവീൽ ജീപ്പ് വന്നു. അതിന്റെ മുൻ സീറ്റിൽ ഞാൻ സ്റ്റെഫിയെയും കൊണ്ട് കയറി. പുറകിൽ സാബു സാറും ജെനിയും കയറി. വണ്ടി നീങ്ങി തുടങ്ങിയപ്പോഴാണ് കുവി ദൂരെയാ ചെളിപ്പാടത്തൂടെ ജീപ്പിനൊപ്പം വരാൻ ഓടുന്നത് കണ്ടത്.

തുടരും.

കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com