എരണ്ടക്കെട്ടുമൂലം മരണമടുത്തു, പശുവിന് അപൂർവ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

cow-surgery-1
എരണ്ടക്കെട്ടു വന്ന പശു
SHARE

കൂത്താളി പഞ്ചായത്തിൽ കൊല്ലിയിൽ ബിജിലിയുടെ വീട്ടിലെ പശുവാണ് കഴിഞ്ഞ ഒരാഴ്ച ആയി തീറ്റയോ പുല്ലോ വെള്ളമോ കഴിക്കാതെ അവശനിലയിൽ ആയത്. വലിയ തുക മുടക്കി അടുത്തിടെ വാങ്ങിയ പശുവിന്റെ രോഗം നിർണ്ണയിക്കാൻ പല ഡോക്ടർമാരെയും ആശ്രയിക്കേണ്ടി വന്നു. ഇത്തരത്തിൽ ഒരാഴ്ച പിന്നിടുമ്പോഴേക്കും പശു തീർത്തും അവശനിലയിൽ എത്തിക്കഴിഞ്ഞിരുന്നു. ചാണകം ഇടാൻ ശ്രമിക്കുമ്പോൾ കട്ടച്ചോരയും കഫവും വരുന്ന അവസ്ഥയിലായിരുന്നു പശു. തുടർന്നായിരുന്നു ബിജിലി വിദഗ്ധ ചികിത്സ തേടി പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിൽ എത്തുന്നത്. ഡോ. എം.എസ്. ജിഷ്ണു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു. കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിലേക്ക് കയറി വയറ്റിലെ ദഹനപ്രക്രിയ തടസപ്പെട്ടതായിരുന്നു കാരണം (ആനകളിൽ എരണ്ടക്കെട്ട് എന്നറിയിപ്പെടുന്ന അവസ്ഥയും ഇതുതന്നെയാണ്). മലാശയത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും ചാണകവും വരാതെ തടസപ്പെട്ടതോടെ കുടൽ അസാമാന്യമായി ബലൂൺ കണക്കേ വികസിക്കുകയും ചെയ്തു.

അത്യപൂർവവും സങ്കീർണതകൾ ഏറെയുമുള്ള ഒരു ശസ്ത്രക്രിയ മാത്രമേ പ്രതിവിധി ആയിട്ടുള്ളൂ. ഈ അവസ്ഥയിൽ എന്തു ചെയ്താലും ചെയ്തില്ലെങ്കിലും പശു അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ 100 ശതമാനവും രക്ഷപ്പെടുത്താനാകില്ലെന്ന് തോന്നലിലും ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാം എന്ന ഡോ. ജിഷ്ണുവിന്റെ തീരുമാനമായിരുന്നു നിർണ്ണായകമായത്. പശുവിന്റെ ജീവനുതന്നെ ഏറെ ഭീഷണിയുള്ളതാണ് ഈ ശസ്ത്രക്രിയ. ഈ ദൗത്യം ഏറ്റെടുക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. കയ്യൊഴിയുകയോ ഏറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യുകയോ എന്ന ചോദ്യം മാത്രമായിരുന്നു ഡോ. ജിഷ്ണുവിനു മുന്നിൽ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തോടൊപ്പം സങ്കീർണമായതും എന്നാൽ അപൂർവമായതുമായ ആ ശസ്ത്രക്രിയയിൽ പങ്കെടുത്തത് ഡോ. വിജിത, ഡോ. മിഥുൻ, ഡോ. റിഷികേശ്, ഡോ. അഷ്ന, ഡോ. ആനന്ദ്, ഡോ. മുഹമ്മദ് സെയ്ഫ്, ഡോ. ശരണ്യ എന്നിവരായിരുന്നു.

cow-surgery-2
ശസ്ത്രക്രിയാ നിമിഷങ്ങൾ

പരിമിതമായ സാഹചര്യത്തിൽ ഉടമയുടെ തൊഴുത്തിൽ വച്ചായിരുന്നു അതിസങ്കീർണമായ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ പശുവിന്റെ ചലനങ്ങൾ പരിമിതപ്പെടുത്താൻ ഏണി കുറുകെവച്ചു. ഇടയ്ക്കു പെയ്ത കനത്ത മഴയിൽ ആകെ ഉണ്ടായിരുന്ന ബൾബ് കൂടി അണഞ്ഞു. മഴ പെയ്ത് ചോർന്നു നനഞ്ഞ തറയിൽ തെന്നിവീഴാതിരിക്കാൻ ഡോക്ടർമാർ നന്നേ കഷ്ടപ്പെട്ടു. ബൾബിനു പകരം ടോർച്ച് ലൈറ്റും എമർജൻസി ലാമ്പും വെളിച്ചമായി. തൊഴുത്തിനു മീതേ സമീപവാസികൾ ആരൊക്കെയോ ചേർന്ന് ടാർ പായ വിരിച്ചും , തെന്നിവീഴാൻ പോയ നിലത്ത് വൈക്കോൽ വിരിച്ചുമാണ് ആ ശസ്ത്രക്രിയ പൂർത്തീകരിക്കാൻ കഴിഞ്ഞത്.

ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ അഞ്ചു മണിക്കൂർ നീണ്ടു. ശസ്ത്രക്രിയയിലൂടെ കുടൽ പൂർവസ്ഥിതിയിലാക്കി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പശുവിനെ സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കാനുമായി.

cow-surgery
പശുവിന് അപൂർവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ

അങ്ങനെ പേരാമ്പ്രയിൽ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തിൽ ചരിത്രം കുറിക്കപ്പെട്ടു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സർജറി പശുക്കളിൽ ചെയ്യുന്നതും വിജയിക്കുന്നതും.

കച്ചവടക്കാരിൽനിന്നും വെറും 25 ദിവസം മുമ്പ് മാത്രം വാങ്ങിയ ആ പശുവിന് പേരിടാനുള്ള സാവകാശം ഒന്നും ബിജിലിക്ക് ലഭിച്ചിരുന്നില്ല. അവളുടെ അസുഖം മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

സ്വന്തം ജീവനെയും, തന്നെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതത്തെയും അതിജീവിച്ച ഈ പശുവിനെ അതിജീവിത എന്ന പേര് നൽകി വിളിക്കുകയാണീ ഈ ഡോക്ടർമാരും, ബിജിലിയും.

English summary: Dietary Abomasal Impaction in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}