ഒന്നര മാസത്തിൽ താഴെ മാത്രം ജീവിക്കുന്ന ഇറച്ചിക്കോഴിയും ഒരു വർഷം മുട്ടയുൽപാദനമുള്ള മുട്ടക്കോഴികളെയുമായിരിക്കും ഇക്കാലത്ത് അധികം പേർക്കും അറിയാവൂ. സാധാരണ ഒരു കോഴിയുടെ ആയുസ് 5–10 വർഷമാണ്. എന്നാൽ, 16 വയസുവരെ ജീവിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഒരു കോഴിയുണ്ട്, മെറ്റിൽഡ. 16 വർഷത്തോളമാണ് കക്ഷി ഈ ലോകത്തു ജീവിച്ചത്.
1990ൽ ജനിച്ച് 2006 ഫെബ്രുവരി 11നാണ് മെറ്റിൽഡ ലോകത്തോട് വിടപറഞ്ഞത്. വെറും 400 ഗ്രാം മാത്രമായിരുന്നു ഈ കോഴിയുടെ തൂക്കം എന്നത് മറ്റൊരു കൗതുകം. കൗതുകങ്ങൾ തീരുന്നില്ല, ലോകത്തിൽ ഏറ്റവും കാലം ജീവിച്ചിരുന്ന കോഴി എന്ന റെക്കോർഡ് നേടിയ ആദ്യത്തെ കോഴിയാണ് മെറ്റിൽഡ. വിളറിയ ചുവപ്പു നിറമുള്ള തൂവലുകളുള്ള അവൾ ഓൾഡ് ഇംഗ്ലീഷ് ഗെയിം ഇനത്തിൽപ്പെട്ടതായിരുന്നു. അമേരിക്കക്കാരായ കെയ്ത്തും ഡോണയുമായിരുന്നു ഉടമകൾ.
ഓസ്ട്രേലിയൻ നാടോടി ഗാനമായ വാട്സിങ് മെറ്റിൽഡയിൽനിന്നാണ് കെയ്ത്തും ഡോണയും തങ്ങളുടെ കോഴിക്ക് മെറ്റിൽഡ എന്ന പേര് നൽകിയത്. മറ്റു കോഴികളിൽനിന്ന് വ്യത്യസ്തമായി മെറ്റിൽഡ മുട്ടയിടില്ലായിരുന്നു. അതായിരിക്കാം കക്ഷിയുടെ ദീർഘായുസിന് കാരണമെന്നാണ് ഡോക്ടർമാർ കരുതുന്നത്.
കൗതുകങ്ങൾ ഇനിയുമുണ്ട്, പ്രഫഷനൽ മജീഷ്യന്മാരായ കെയ്ത്തും ഡോണയും മാജിക് ഷോയുടെ ഭാഗമാക്കാൻവേണ്ടിയായിരുന്നു മെറ്റിൽഡയെ സ്വന്തമാക്കിയത്. 1991 ജൂൺ 5ന് മെറ്റിൽഡ ആദ്യമായി മാജിക് ഷോയിൽ പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് ഒരു പതിറ്റാണ്ടോളം മാജിക് ഷോയുടെ ഭാഗമായിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായമുള്ള കോഴി
സാധാരണ ഒരു കോഴിയുടെ ശരാശരി ആയുർദൈർഘ്യം 7 വർഷമാണ്. മെറ്റിൽഡയ്ക്ക് 11 വയസായിരിക്കെ, 2001ൽ കെയ്ത്തും ഡോണയും ഗിന്നസ് വേൾഡ് റെക്കോർഡ്സിനെ സമീപിച്ചു. പിന്നീടുള്ള പരിശോധനകൾക്കെല്ലാംശേഷം 14 വയസുള്ളപ്പോൾ 2004 ഏപ്രിൽ 27ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള കോഴി എന്ന പദവി ചാർത്തി നൽകി. പിന്നീട് ജയിംസ് ഡഗ്ലസ് ലെനോ അവതാരകനായ ദ ടുനൈറ്റ് ഷോ എന്ന പരിപാടിയിലും മെറ്റിൽഡയും ഉടമകളും എത്തി. അതിനു പിന്നാലെ ഒട്ടേറെ പുരസ്കാരങ്ങളും മെറ്റിൽഡയെ തേടിയെത്തി.
പ്രായമേറിയതുമൂലമുള്ള പ്രശ്നങ്ങൾ കാരണം 2005 ഒക്ടോബർ 17ന് എല്ലാവിധ ഷോകളിൽനിന്നും മെറ്റിൽഡ പിന്മാറി. 16–ാം വയസിൽ 2006 ഫെബ്രുവരി 11ന് ജീവൻ വെടിയുകയും ചെയ്തു. ഏറ്റവും പ്രായമുള്ള കോഴി എന്ന ബഹുമതി നേടിയതിനുശേഷം ഒന്നേമുക്കാൽ വർഷത്തോളം അവൾ ഈ ലോകത്ത് ജീവിച്ചു.
English summary: The World's Oldest Chicken