ADVERTISEMENT

മുയൽകൃഷി സംരംഭങ്ങളിൽ ഏറ്റവും വെല്ലുവിളിയുയർത്തുന്ന മൂന്നു രോഗങ്ങളാണ് കോക്സീഡിയോസിസും പാസ്ചറിലോസിസും (കുരലടപ്പൻ)  മണ്ഡരിബാധയും. പ്രധാനമായും മുയലുകളുടെ കരളുകളെ ബാധിക്കുന്ന കോക്സീഡിയ രോഗത്തിന് കാരണമാകുന്നത് പ്രോട്ടോസോവ അണുക്കളാണെങ്കിൽ ബാക്റ്റീരിയകളാണ് ശ്വാസകോശത്തെ ബാധിക്കുന്ന കുരലടപ്പന് കാരണം. മുയലുകളുടെ മേനിയെ കാർന്നുതിന്ന് പടരുന്ന മേഞ്ച് എന്ന അണുക്കളാണ് മണ്ഡരിബാധയ്ക്ക് കാരണമാവുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ മുയൽവളർത്തൽ സംരംഭത്തിൽ വലിയ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കാൻ ഈ രോഗങ്ങൾക്ക് ശേഷിയുണ്ട്. കുരലടപ്പൻ, കോക്സീഡിയോസിസ് രോഗബാധകളിൽ പലപ്പോഴും കാര്യമായ ലക്ഷണങ്ങൾ പോലുമില്ലാതെയാണ് മുയലുകളുടെ അകാലമരണം സംഭവിക്കുക. പോസ്റ്റ്‌മോർട്ടം അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടില്ലെങ്കിൽ രോഗങ്ങൾ തിരിച്ചറിയാൻ പോലും കഴിയില്ല.

മുയലുകളുടെ കരൾ കാർന്നുതീർക്കും കോക്സീഡിയ

കോക്സീഡിയല്‍ രോഗാണു കുടുംബത്തിലെ ഐമീറിയ എന്നയിനം പ്രോട്ടോസോവല്‍ അണുക്കളാണ് രോഗമുണ്ടാക്കുന്നത്. വൃത്തിഹീനമായ കൂടും ഉയര്‍ന്ന ഈര്‍പ്പമുള്ള കാലാവസ്ഥയും മുയൽ കുഞ്ഞുങ്ങളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നതും രോഗസാധ്യത കൂട്ടും. ആറു മുതൽ എട്ടാഴ്ച വരെ പ്രായമെത്തിയ മുയൽക്കുഞ്ഞുങ്ങൾ തള്ളയിൽനിന്ന് വേർവിരിക്കൽ കഴിഞ്ഞാൽ ഉടൻ ചത്തുപോകുന്നതിന്റെ പ്രധാന കാരണം കോക്സീഡിയയാണ്. പോഷകാഹാരത്തിന്റെ കുറവ് , മുയലുകളെ പാർപ്പിച്ച കൂടിനുള്ളിലെ സ്ഥലദൗർലഭ്യം, മുയലുകളെ തിങ്ങിപാർപ്പിക്കൽ, മതിയായ വായുസഞ്ചാരത്തിന്റെ കുറവ്, അധിക ഈർപ്പം, തണുപ്പ്, കൂടെയുള്ള മുയലുകളിൽ നിന്നുള്ള ഉപദ്രവം തുടങ്ങിയവയെല്ലാം മുയലുകളെ ശരീരസമ്മർദ്ദത്തിലാക്കും. ഇതെല്ലാം കോക്സീഡിയ രോഗസാധ്യത കൂട്ടും. മുയലുകളുടെ ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന കോക്‌സീഡിയ രോഗാണുക്കൾ കുടൽഭിത്തിയിൽ മുറിവുകളുണ്ടാക്കുകയും കരളിൽ ചെറുമുഴകളുണ്ടാക്കി കരളിന്റെ പ്രവർത്തനം നശിപ്പിക്കുകയും ചെയ്യും. വയറിളക്കമാണ് പ്രധാന ലക്ഷണം. 

rabbit-disease-1
കോക്സീഡിയ ബാധിച്ച് ചത്ത മുയലിന്റെ കരളിൽ രൂപപ്പെട്ട മുഴകൾ

മുയൽ വളർത്തലിന്റെ സംപൂർണ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്വാസകോശത്തെ ശുഷ്കമാക്കും കുരലടപ്പൻ

പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ/പാസ്ചറിലോസിസ് രോഗമുണ്ടാക്കുന്നത്. സ്‌നഫിൾസ് എന്നും ഈ രോഗം അറിയപ്പെടുന്നു. മുയലുകളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല ബാക്ടീരിയ ശരീരസമ്മർദ്ദം ഉണ്ടാവുന്ന അനുകൂല അവസരത്തില്‍ പെരുകുന്നതാണ് പ്രധാനമായും രോഗത്തിനു കാരണമാവുന്നത്. ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റു ശരീരാവയങ്ങളിലെല്ലാം എത്തുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. തുമ്മൽ, തല ഇടയ്ക്കിടെ ഇരുവശങ്ങളിലേക്കും കുടയൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പുമാണ് പ്രധാന ലക്ഷണം. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവും മുൻപേ മുയൽ കുഞ്ഞുങ്ങൾ ചത്തുവീഴും.

rabbit-disease
മണ്ഡരിബാധ

മൃദുമേനിയെ തിന്നുപടരും മണ്ഡരിബാധ

മൈറ്റുകള്‍ അഥവാ മണ്ഡരികള്‍ എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ് ഈ ത്വക്ക് രോഗത്തിന്‍റെ കാരണം. സോറോപ്റ്റസ്, സാര്‍ക്കോപ്റ്റസ് തുടങ്ങിയ വിവിധയിനത്തില്‍പ്പെട്ട ബാഹ്യപരാദങ്ങള്‍ മുയലുകളില്‍ മേഞ്ച് രോഗത്തിന് കാരണമാകാറുണ്ട്. സോറോപ്റ്റസ് കുണിക്കുലി എന്നറിയപ്പെടുന്ന പരാദങ്ങളാണ് ചെവിപ്പുറത്തെ മേഞ്ച് ബാധയുടെ പ്രധാന കാരണം. ത്വക്കിനെ ബാധിക്കുന്ന പരാദങ്ങള്‍ ക്രമേണ ത്വക്കിലെ കോശപാളികളെ കാര്‍ന്നുതിന്നുകയും ആഴ്ന്ന് വളരുകയും ചെയ്യും. ഈ പരാദങ്ങളെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല. മുയലുകളുടെ ചര്‍മ്മം തിന്ന് വളരുന്ന മണ്ഡരികള്‍ ക്രമേണ ചര്‍മ്മപാളികളില്‍  തന്നെ മുട്ടയിട്ട് പെരുകും. മുട്ടകൾ വിരിഞ്ഞ്  മണ്ഡരിക്കുഞ്ഞുങ്ങള്‍  ഇറങ്ങുന്നതോടെ രോഗം ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. സമ്പർക്കം വഴി മറ്റു മുയലുകളിലേക്ക് പകരാനും കാരണമാകും. മുയലുകളുടെ രോമം കൊഴിയല്‍, ചൊറിച്ചില്‍ കാരണം ശരീരം കൂടിന്റെ കമ്പികളില്‍ ചേര്‍ത്തുരക്കല്‍, മേനിയില്‍ സ്വയം കടിക്കല്‍, ത്വക്കില്‍ വരണ്ട വ്രണങ്ങള്‍, ക്രമേണ വ്രണങ്ങള്‍ അര സെന്റിമീറ്റര്‍ വലുപ്പത്തില്‍ പൊറ്റകെട്ടല്‍, ചര്‍മ്മം പരുപരുക്കൽ, വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയൽ എന്നിവയെല്ലാമാണ് മണ്ഡരി രോഗത്തിന്റെ ലക്ഷണങ്ങൾ. ചെവികളിലെ രോഗബാധയിൽ തലയിടക്കിടെ വെട്ടിച്ചുകൊണ്ടിരിക്കൽ,തലതിരിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗം ചെവിക്കുള്ളിലേക്ക് വ്യാപിക്കാനും സാധ്യത ഏറെയാണ്. മണ്ഡരി രോഗം കാരണം ഉണ്ടാകുന്ന വ്രണങ്ങളിൽ കൂട്ടിൽ മതിയായ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ബാക്റ്റീരിയ, ഫങ്കസ് ബാധകൾക്കും സാധ്യത ഏറെയാണ്. രൂക്ഷമായി ബാധിക്കുന്ന മുയലുകളില്‍ മരണം സംഭവിക്കും. രോഗലക്ഷണങ്ങളിലൂടെയും, രോഗം ബാധിച്ച ചര്‍മ്മഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും എളുപ്പത്തില്‍  മണ്ഡരി രോഗം നിര്‍ണ്ണയിക്കാം.

rabbit-disease-3
മണ്ഡരിബാധ

എങ്ങനെ പ്രതിരോധിക്കാം

കൂടുകളിലെ ശുചിത്വമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം. മുയൽ ഷെഡ്ഡിന്റെ വാതിലിനു പുറത്ത് ഫൂട്ട് ഡിപ്പിങ് ടാങ്ക് പണികഴിപ്പിക്കുകയും പൊട്ടാസ്യം പെർമാംഗനേറ്റ് പോലുള്ള അണുനാശിനികൾ നിറയ്ക്കുകയും അതിൽ ചവിട്ടി മാത്രം അകത്തേക്ക് പ്രവേശിക്കുകയും വേണം. രോഗം ബാധിച്ച  മുയലുകളെ കൂട്ടത്തില്‍നിന്ന് മാറ്റി വേണം പരിചരിക്കാന്‍. പുതിയ മുയലുകളെ കൊണ്ടുവരുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ച പ്രത്യേകം മാറ്റി പാര്‍പ്പിച്ച്  രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം കൂട്ടത്തില്‍ ചേര്‍ക്കാന്‍. ഈ കാലയളവിൽ അവയെ ബ്രീഡിങ്ങിന് ഉപയോഗിക്കരുത്. വലിയ മുയലുകളെയും മുയൽ കുഞ്ഞുങ്ങളെയും ഒരുമിച്ച് ഒരു കൂട്ടിൽ പാർപ്പിക്കുന്നത് ഒഴിവാക്കണം.

മതിയായ വായുസഞ്ചാരം എപ്പോഴും ഉറപ്പാക്കണം. മുയൽ കുഞ്ഞുങ്ങളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം. കൂട് എപ്പോഴും വൃത്തിയോട് കൂടിയും തറ ഉണക്കമുള്ളതാക്കിയും സൂക്ഷിക്കണം. കൂടുകൾ വയർ മെഷ് കൊണ്ടാവുന്നതാണ് ഏറ്റവും നല്ലത്. വയർ മെഷിലൂടെ മാലിന്യം താഴേക്കു വീഴുന്നതിനാൽ കൂടുകൾ വൃത്തിയുള്ളതായിരിക്കും. വൃത്തിയുള്ള തീറ്റ പാത്രങ്ങളിൽ വേണം തീറ്റ നൽകാൻ, ബാക്കി വരുന്ന തീറ്റ അവശിഷ്ടങ്ങൾ യഥാസമയം കൂട്ടിൽ നിന്നും നീക്കുകയും വേണം. കാഷ്ഠവും മൂത്രവും കെട്ടികിടക്കാതെ കൃത്യമായ ഇടവേളകളിൽ കൂട്ടിൽനിന്ന് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം മുയൽ ഷെഡിൽ മുയലുകളുടെ മൂത്രവും കാഷ്ഠവും കെട്ടികിടന്ന് നനഞ്ഞാൽ  അതിൽ നിന്നും അമോണിയ വാതകം പുറന്തള്ളുന്നതിന് ഇടയാക്കും ഷെഡിനുള്ളിൽ തങ്ങി നിൽക്കുന്ന അമോണിയ വാതകം മുയലുകൾക്ക് കുരലടപ്പൻ അടക്കം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾക്ക് ഇടയാക്കും.

മുയൽ വളർത്തലിന്റെ സംപൂർണ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീനിങ് ചെയ്യുന്നതിനോടൊപ്പം മുയൽ കുഞ്ഞുങ്ങൾക്ക് കോക്‌സീഡിയ, കുരലടപ്പൻ രോഗാണുക്കളെ പ്രതിരോധിക്കാൻ മുൻകരുതൽ എന്ന നിലയിൽ കോക്സീഡിയസ്റ്റാറ്റുകളും കോകസീഡിയസിഡലുകളുമുൾപ്പടെ വീര്യം കൂടിയ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് പല കർഷകരുടെയും രീതിയാണ്. ഇത് ശരിയായ ഒരു പ്രവണതയല്ല. അനാവശ്യമായി മുയലുകളുടെ ദഹനവ്യൂഹത്തിൽ എത്തുന്ന ആന്റിബയോട്ടിക് മരുന്നുകൾ സീക്കം എന്ന വൻകുടൽ അറയിലെ മിത്രാണുക്കളായ ബാക്ടീരിയകളുടെ സാന്ദ്രത കുറയുന്നതിനും അവ നശിച്ച് പോകുന്നതിനും ഇടയാക്കും. ഇതോടെ ദഹനപ്രവർത്തനങ്ങൾ താളം തെറ്റും. മിത്രാണുക്കൾ നശിക്കുന്നതോടെ ഉപദ്രവകാരികളായ അണുക്കൾ പെരുകും. മുയൽകുഞ്ഞുങ്ങൾ കൂടുതൽ ശരീര സമ്മർദ്ദത്തിൽ ആവും. വീനിങ് ചെയ്യുന്നതിനൊപ്പം ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് തീർച്ചയായും ഒഴിവാക്കണം. ആന്റിബയോട്ടിക് നൽകുന്നതിനു പകരം മിത്രാണുമിശ്രിതമായ ഫീഡ് അപ്പ് യീസ്റ്റ് പോലുള്ള പ്രോബയോട്ടിക്ക് സപ്ലിമെന്റുകൾ മുയലുകൾക്ക് നൽകാവുന്നതാണ്.

കുഞ്ഞുങ്ങളിൽ വയറിളക്കം ഉൾപ്പെടെ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ കാഷ്‌ഠ പരിശോധന നടത്തി രോഗം നിർണയിക്കുകയും വേഗത്തിൽ ചികിത്സ ലഭ്യമാക്കുകയും വേണം. ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ മുയലുകൾ പെട്ടന്ന് ചത്തുപോവുന്ന സാഹചര്യങ്ങളിൽ നിസ്സാരമായി അവഗണിക്കാതെ ഡോക്ടറുമായി ബന്ധപ്പെട്ട് ജഡപരിശോധന തീർച്ചയായും നടത്തണം. രോഗം ബാധിച്ചവയെ മറ്റുമുള്ളവയിൽനിന്ന് മാറ്റി പാർപ്പിക്കണം. കോക്സീഡിയ രോഗം ആണെന്ന് കണ്ടെത്തിയാൽ ബി. കോപ്ലക്സ് ജീവകങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ മുയലുകൾക്ക് നൽകരുത്. കുടലിൽ പെരുകുന്ന കോക്സീഡിയ എന്ന പ്രോട്ടോസോവൽ രോഗാണുവിന്റെ വളർച്ചയെയും പെരുക്കത്തെയും ബി . കോംപ്ലക്സ് ജീവകങ്ങൾ കൂടുതൽ വേഗത്തിലാക്കും. ഒപ്പം ആന്റിബയോട്ടിക് നൽകുമ്പോൾ ഒരു പ്രോബയോട്ടിക് കൂടി നിർബന്ധമായും നൽകുക. ആന്റിബയോട്ടിക് കൊടുക്കുമ്പോൾ വൻകുടലിലെ ദഹനത്തെ സഹായിക്കുന്ന മിത്രാണുക്കൾ നശിച്ചുപോയാൽ മുയൽ കൂടുതൽ തളരും. ഇതൊഴിവാക്കാനാണ് പ്രോബയോട്ടിക്കുകൾ നൽകുന്നത്.

ഐവര്‍മെക്ടിന്‍ എന്ന പരാദനാശിനി മരുന്നാണ് മണ്ഡരികള്‍ക്കെതിരെ ഏറ്റവും ഫലപ്രദം. തൊലിക്കടിയില്‍ കുത്തിവെയ്പായി നല്‍കുന്ന ഐവര്‍മെക്ടിന്‍ മുയലുകളുടെ ശരീരതൂക്കം നിര്‍ണയിച്ച് കൃത്യമായ അളവില്‍ നല്‍കാന്‍ ഡോക്ടര്‍മാരുടെ സേവനം തേടാം. ആഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ നാലാഴ്ച വരെ കുത്തിവയ്പ്പ് നല്‍കുന്നതോടെ രോഗം ഭേദമാകും. രൂക്ഷമായ രോഗബാധയില്‍ ഐവര്‍മെക്ടിന്‍ ഗുളികകളും നല്‍കാം. 5% പോവിഡോണ്‍ അയഡിന്‍, യെല്ലോ സൾഫർ  അടങ്ങിയ ലേപനങ്ങള്‍ ത്വക്കില്‍ പുരട്ടുന്നതും ഫലപ്രദമാണ്. രോഗം ബാധിച്ച ചര്‍മ്മ ഭാഗത്ത് ബെന്‍സൈല്‍ ബെന്‍സോയേറ്റ് ( Benzyl benzoate)  അടങ്ങിയ ലേപനം പുരട്ടുന്നത്  മണ്ഡരികളെ  നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. അസ്കാബിയോള്‍, ഡെർമിൻ തുടങ്ങിയ ബ്രാൻഡ് പേരുകളിൽ ഇത് വിപണിയില്‍  ലഭ്യമാണ്. 10 മില്ലി വീതം വെളുത്തുള്ളി നീര് 90 മില്ലി വെളിച്ചെണ്ണയില്‍ ചേര്‍ന്ന മിശ്രിതം ഒരാഴ്ച രോഗം ബാധിച്ച ചര്‍മ്മ ഭാഗത്ത് പുരട്ടാവുന്നതാണ്. വെളുത്തുള്ളി നീരിന് മണ്ഡരികളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. രോഗം കണ്ടെത്തിയ മുയലുകളെ പാര്‍പ്പിച്ച ഷെഡും  കൂടും തീറ്റപ്പാത്രങ്ങളും  മുയലുകളെ എല്ലാം മാറ്റിയ ശേഷം  സൈപ്പര്‍മെത്രിന്‍, അമിട്രാസ്, ഡെല്‍റ്റമെത്രിന്‍ തുടങ്ങിയ പരാദനാശിനികള്‍ ചേര്‍ത്ത വെള്ളത്തില്‍  കഴുകി വൃത്തിയാക്കണം. സൈപ്പര്‍മെത്രിന്‍ 3 മില്ലീ ലിറ്റര്‍ ഒരു ലീറ്റര്‍  വെള്ളത്തില്‍ ചേർത്ത് കൂട് വൃത്തിയാക്കാൻ ഉപയോഗിക്കാം. കൂടുകളുടെ അഴികൾ ഫ്ളയിം ഗൺ ഉപയോഗിച്ച് ചൂടേൽപ്പിച്ചും   പരാദനശീകരണം നടത്താം.  

English summary: Common rabbit diseases

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com