ADVERTISEMENT

ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് മലയാള മനോരമ ദിനപത്രത്തിന്റെ എഡിറ്റോറിയൽ തലക്കെട്ട് 'പേപ്പട്ടിപ്പല്ലിൽ കേരളം' എന്നായിരുന്നു. ഇന്ന് കേരളം നേരിടുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നിനെ ശക്തമായ ഭാഷയിൽ ചൂണ്ടിക്കാണിക്കുകയാണ് പ്രസ്തുത എഡിറ്റോറിയൽ. തെരുവുനായ്ക്കളുടെ അനിയന്ത്രിതപെരുപ്പം സാമൂഹ്യവിപത്തായി മാറിയ കാലത്തെയാണ് കേരളം ഇപ്പോൾ അതിജീവിക്കുന്നത്. തെരുവുനായ്ക്കളിൽനിന്ന് പേവിഷബാധയേറ്റുള്ള തുടർച്ചയായ മരണങ്ങൾ കേരളത്തിന്റെ ആരോഗ്യ മാതൃകയ്ക്കേൽപ്പിച്ച പ്രഹരം ചെറുതല്ല.

തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളുടെ താളുകളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പല തെരുവുകളും രാത്രിയാൽ പൂർണമായും നായ്ക്കൾ കീഴടക്കുന്നു. തെരുവുനായ്ക്കളെ ഭയന്ന് പ്രഭാതനടത്തം പോലും ഉപേക്ഷിച്ച് വീട്ടിലിരിപ്പാണ് മലയാളികളിൽ പലരും. 

മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകൾ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവുനായ്ക്കളുടെ ഏകദേശ എണ്ണം.

തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ നായ്ക്കളുടെ എണ്ണം കൂടി വരുന്നു. അനധികൃത നായ് ബ്രീഡിങ് കേന്ദ്രങ്ങളിൽനിന്ന് പുറന്തള്ളുന്ന നായ്ക്കുഞ്ഞുങ്ങളും വീടുകളിൽനിന്ന് തെരുവിൽ തള്ളുന്ന നായ്ക്കളും ക്രമേണ തെരുവ് നായ്ക്കളായി മാറുന്നു.

കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണും തെരുവുനായ്ക്കൾ അപകടമുണ്ടാക്കുന്നു. കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ടു ലക്ഷത്തിൽ അധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷ ബാധ മരണങ്ങൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയരും. തെരുവുനായ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ അടക്കം ജീവനോപാധികൾ നഷ്ടമായവരും അനവധി.

നിലവിൽ പ്രതിമാസം ശരാശരി കാൽ ലക്ഷത്തോളം ആളുകളാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെയ്പുകൾ നൽകുന്നതിന് മാത്രമായി പ്രതിവർഷം ഇരുപത് കോടിയോളം രൂപയാണ് സംസ്ഥാനം ചിലവിടുന്നത്. കേരളത്തിൽ ഈ വർഷം ഇതുവരെ 19 മരണങ്ങളാണ് പേവിഷ ബാധ കാരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻ വർഷം പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം പതിനാറായിരുന്നു.

stray-dog-2

തെരുവുനായ്ക്കളുടെ വന്ധ്യംകരണം അടിയന്തരപരിഹാരമല്ല; എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഫലമുറപ്പ് 

നായ്ക്കൾ വഴിയുള്ള പേവിഷബാധ 2030 ആകുമ്പോഴേക്ക് തുടച്ചുനീക്കാൻ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സമയമാണിത്. തെരുവുനായ്ക്കളും പേവിഷബാധയും ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളാണ്. തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവയ്പും പേവിഷബാധ നിർമാർജനത്തിന്റെ ആദ്യ പടിയാണ്. തെരുവുനായ്ക്കളെ കൂട്ടമായി കൊന്നുതള്ളുന്നതുപോലുള്ള കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളിലൂടെ അവയുടെ നിയന്ത്രണം സാധ്യമാവില്ല. 

ഏതെങ്കിലും പ്രദേശങ്ങളോടു ചേർന്ന് ഷെൽട്ടറുകളും പാർപ്പിടങ്ങളും നിർമിച്ച് തെരുവുനായ്ക്കളെ പുനരധിവസിപ്പിച്ച് അവയുടെ നിയന്ത്രണം പ്രായോഗികമല്ല. മാത്രമല്ല ഈ രീതി മൃഗക്ഷേമവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഉചിതവുമല്ല. കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത്  ഇത്തരം കേന്ദ്രീകൃത തെരുവുനായ പുനരധിവാസകേന്ദ്രങ്ങൾക്ക് പ്രായോഗിക പരിമിതികൾ ഏറെയുണ്ട്. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പുകളുണ്ടാവും. എങ്കിലും ഈ കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ ഇപ്പോഴും ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ ചില തദ്ദേശസ്ഥാപനങ്ങൾ നായ്ക്കൾക്ക് പൊതു പാർപ്പിടമൊരുക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നതാണ് പരിഹാസ്യമായ വസ്തുത. 

നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ അവയുടെ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാകൂ.  അനിമൽ വെൽഫയർ ബോർഡ്‌ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന വന്ധ്യംകരണ- വംശനിയന്ത്രണ പ്രവർത്തനങ്ങളായ എബിസി പ്രോഗ്രാം ( അനിമൽ ബർത്ത് കൺട്രോൾ ), എഎൻഡി പ്രോഗ്രാം ( ഏർലി ന്യൂട്ടറിങ് ഓഫ് ഡോഗ്സ് ) എന്നീ പദ്ധതികളാണ് വേണ്ടത്.

തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഗുണപരമായ മാറ്റം കണ്ടുതുടങ്ങും എന്നത് ഉറപ്പാണ്. 70 ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ സാധിക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വന്ധ്യംകരണം നടത്തുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്പും നൽകണം.

stray-dog

തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ പേവിഷ ബാധയെ വിജയകരമായി പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 

ഈയിടെ സമ്പൂർണ്ണ പേവിഷവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഗോവയുടെ പ്രതിരോധമാതൃകയിൽ ഇത് വ്യക്തമാണ്.

നായ്ക്കളെ അരുമകളായി പരിപാലിക്കുന്നവർക്ക് അവയുടെ പ്രജനനത്തിൽ താൽപര്യം ഇല്ലെങ്കിൽ അരുമകൾക്ക് ആറു മാസം പ്രായമെത്തുമ്പോൾ അവയുടെ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കണം. പലപ്പോഴും ഉടമകൾക്ക് താൽപര്യമില്ലാതെ ജനിക്കുന്ന നായ്ക്കുഞ്ഞുങ്ങളാണ് പിന്നീട് തെരുവുനായ്ക്കളായി മാറുന്നത്. പെറ്റ് ആനിമൽ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്രനിയമങ്ങൾ കർശനമായ രീതിയിൽ സംസ്ഥാനത്ത് നടപ്പിലാക്കണം.

പക്ഷേ ഈ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെയും മുടക്കമില്ലാതെയും നടപ്പിലാക്കണമെങ്കിൽ കൃത്യമായ സംവിധാനങ്ങളും സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വേണം.  ഒരു ജില്ലയിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രങ്ങളല്ല മറിച്ച് തെരുവുനായ ശല്യം ഒരു പ്രാദേശിക പ്രശ്നം ആയത്കൊണ്ടു തന്നെ പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത വന്ധ്യംകരണ കേന്ദ്രങ്ങളാണ് വേണ്ടത്. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കാൻ സർക്കാർ എടുത്ത തീരുമാനം ഈ അവസരത്തിൽ സ്വാഗതാർഹമാണ്. 

പിഴവുകളും പാളിച്ചകളുമില്ലാതെ വന്ധ്യംകരണ പരിപാടി നടപ്പിലാക്കാനുള്ള ശ്രമമാണ് ഇനി വേണ്ടത്. നായ്ക്കളെ പിടികൂടുന്നതും, ശസ്ത്രക്രിയാനന്തരമുള്ള പരിചരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേണ്ടത്ര പരിശീലനമില്ലാത്തവരെ ഏൽപ്പിച്ചത് വലിയ വിമർശനങ്ങൾക്കും ഹൈക്കോടതിയുടെ ഇടപെടലിന് വരെ കാരണമായതും നമ്മൾ കണ്ടതാണ്. തെരുവുനായ്ക്കൾ പെരുകി നമ്മുടെ തെരുവുകൾ അധീനപ്പെടുത്തുന്നതിന്റെയും സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നതിന്റെയും കാരണവും നമ്മുടെ ഈ ഉദാസീനത തന്നെയാണ്.

വന്ധ്യംകരണ പദ്ധതി  തുടങ്ങിയ പല മേഖലകളിലും പല കാരണങ്ങളാൽ പദ്ധതികൾ പാതി വഴിയിൽ മുടങ്ങുന്നത് പതിവാണ്. പദ്ധതികൾ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാലപദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത്. ഒരു നായയെ പിടികൂടി വിദഗ്ധഡോക്ടറുടെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തി മൂന്നു ദിവസം ശസ്ത്രക്രിയനാന്തര പരിചരണം നൽകിയ ശേഷം വാക്സീനും നൽകി പുറത്തുവിടാൻ ഏകദേശം 2,100 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ തെരുവ് നായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള മതിയായ ഫണ്ട് പലപ്പോഴും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നീക്കിവയ്ക്കാത്തതിനാൽ പദ്ധതി സാമ്പത്തികപ്രതിസന്ധി കാരണം മുടങ്ങുന്ന സാഹചര്യവുമുണ്ട്. പദ്ധതി മുടങ്ങുന്നതോടെ വന്ധ്യംകരണം നടത്താൻ ബാക്കിയുള്ള നായ്ക്കൾ ഈ ഇടവേളയിൽ പെരുകുന്നു, അതോടെ നായ്ക്കളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇത് അതുവരെ ചെയ്ത പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്നു. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയിൽ മുൻ കാലങ്ങളിൽ വന്നിട്ടുള്ള ഇത്തരം പിഴവുകൾ തിരുത്താനുള്ള ജാഗ്രത വേണം. 

ഇടവേളകൾ ഇല്ലാതെ നടത്തിയാൽ മാത്രമേ നായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി പ്രതീക്ഷിക്കുന്ന ലക്ഷ്യം കാണുകയുള്ളു എന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം. 

പെട്ടെന്ന് ഒരു സുപ്രഭാതത്തിലുണ്ടാവുന്ന മാറ്റമല്ല, മറിച്ച് രണ്ടോ മൂന്നോ വർഷം കഴിഞ്ഞുണ്ടാവുന്ന ഗുണകരമായ മാറ്റം മുന്നിൽ കണ്ടുള്ള ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. 

English summary: Rabies Prevention and Stray Dog Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com