ADVERTISEMENT

ഇന്നലെ ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇടുക്കി ജില്ല കെ9 സ്ക്വാഡിന്റെ കഡാവർ നായയായ ഏയ്ഞ്ചലായിരുന്നു മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ സഹായിച്ചത്. ഏയ്ഞ്ചലിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതുമുതൽ ഒട്ടേറെ ആളുകൾ ചോദിച്ചത് കഡാവർ നായകൾ എന്താണെന്നാണ്.

കഡാവർ നായ എന്നാൽ ഒരു ജനുസല്ല. നമ്മുടെ സേനകളിലെല്ലാം നായ്ക്കളെ പല കാര്യങ്ങൾക്കു വേണ്ടി പരിശീലിപ്പിച്ച് ഉപയോഗിക്കുന്നുണ്ട്. കൊലപാതകം, മോഷണം തുടങ്ങിയവ തെളിയിക്കാൻ ട്രാക്കർ നായ്ക്കൾ, സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കാൻ എക്സ്പ്ലോസീവ് സ്നിഫർ, കഞ്ചാവു പോലുള്ള ലഹരിയുൽപന്നങ്ങൾ കണ്ടുപിടിക്കാൻ നാർക്കോട്ടിക് സ്നിഫർ തുടങ്ങിയവ പോലെ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി പരിശീലിപ്പിച്ച് എടുക്കുന്നവയാണ് ഇവരും, ഘ്രാണശക്തിയിൽ ഏറെ മുന്നിലുള്ള എല്ലാ നായ്ക്കളെയും ഇതിനായി പരിശീലിപ്പിച്ചെടുക്കുന്നുണ്ട്.

‌പ്രധാനമായും ശവശരീരത്തിന്റെ ഭാഗങ്ങൾ, സംയുക്തകോശങ്ങൾ, രക്തം, എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു എന്നതാണ് കഡാവർ നായ്ക്കളുടെ പ്രധാന ദൗത്യം. ഒരു ശരീരം ജീർണിക്കുമ്പോൾ 400 തരത്തിലുള്ള രാസ സംയുക്തങ്ങൾ ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. വിദേശ രാജ്യങ്ങളിലെ മിക്ക കുറ്റകൃത്യങ്ങളിലും കൊലപാതങ്ങൾ നടത്തിയതിനു ശേഷം ശരീരം പല ഭാഗങ്ങളാക്കി ഒളിപ്പിക്കുക, കുഴിച്ചിടുക, കത്തിച്ച് ചാരമാക്കുക, വെള്ളത്തിനടിയിൽ ഒളിപ്പിക്കുക തുടങ്ങി മൂടി വയ്ക്കാൻ ധാരാളം ശ്രമമുണ്ടായപ്പോഴാണ് കഡാവർ നായ്ക്കളുടെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ ആദ്യമായി 1974ൽ അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിൽ ‘പേൾ’ എന്ന പേരുള്ള ഒരു ലാബ്രഡോർ നായ കഡാവർ ആയി പരിശീലനം നേടിയിറങ്ങി.

നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റിലെ സൈറാക്കസ് കോളജിലെ വിദ്യാർഥിയുടെ ശരീരം കണ്ടെടുത്ത് പേൾ കഡാവർ നായ്ക്കളുടെ സാന്നിധ്യം കുറ്റാന്വേഷണ രംഗത്ത് ഒഴിവാക്കാൻ കഴിയത്തതാണെന്ന് തെളിയിച്ചു. എന്നാൽ അതിന് ഒരു നൂറ്റാണിനുമപ്പുറം  പിന്നോട്ടു പോയാൽ കഡാവർ നായ്ക്കളെ കുറ്റാന്വേഷണരംഗത്ത് ഉപയോഗിക്കാൻ വഴിതെളിക്കുന്ന ഒരു കേസ് ജർമൻ കുറ്റാന്വേഷണ രംഗത്ത് നടക്കുകയുണ്ടായി.

1809ൽ ജർമൻ കുറ്റാന്വേഷണ രംഗത്ത് ഒരു പ്രമാദമായ കേസ് ഒരു കോടതി ക്ലാർക്ക് തന്റെ നായയെ ഉപയോഗിച്ച് കഡാവർ കുറ്റാന്വേഷണം നടത്തി തെളിയിച്ചു. ജർമനിയിൽ തുടർച്ചയായി കൊലപാതകങ്ങൾ നടത്തി കൊണ്ടിരുന്ന ബവാറിയൻ റിപ്പർ എന്നറിയപ്പെട്ടിരുന്ന ആൻഡ്രിയാസ് ബിച്ചർ എന്ന സൈക്കോ കുറ്റവാളിയെ പിടികൂടിയ കേസ്. 1806ലും 1808ലും ജർമനിയിലെ ബവാറിയയിൽനിന്ന് രണ്ട് പെൺകുട്ടികളെ സംശയാസ്പദമായ രീതിയിൽ കാണാതാകുന്നു. ഒരു പെൺകുട്ടി കാണാതാകുന്നതിന് മുൻപ് ആഡൻഡ്രിയാസ് ബിച്ചറിന്റെ വീട് സന്ദർശിച്ചതിന് തെളിവുകളുണ്ട് എന്നാൽ ബിച്ചറിനെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി തന്റെ വീട്ടിൽനിന്ന് മറ്റൊരാളുടെ കൂടെ പോയി എന്ന് ബിച്ചർ സമർഥിച്ചു. 1809 മേയിൽ ഈ പെൺകുട്ടികളിൽ ഒരാളുടെ സഹോദരി ഒരു തയ്യൽ കടയിൽ പോകുകയും അവടെ വച്ച് കാണാതായ തന്റെ സഹോദരിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കാണുകയും ചെയ്തു. അവർ പോലീസിൽ അറിയിച്ചതിൻ പ്രകാരം തുന്നൽക്കാരനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, ആൻഡ്രിയാസ് ബിച്ചർ കുപ്പായം തുന്നാൻ കൊടുത്ത തുണി ആണെന്നറിഞ്ഞു. ബിച്ചറിന്റെ വീട് പരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. 

cadaver-dogs

പരിശോധനയെ തുടർന്ന് മരിച്ച പെൺകുട്ടികളുടെയെല്ലാം വസ്ത്രങ്ങൾ അവിടെ നിന്ന് കണ്ടെത്തിയെങ്കിലും ശവശരീരങ്ങൾ ഒന്നും തന്നെ കണ്ടെടുക്കാൻ കഴിഞ്ഞില്ല. രണ്ടു ദിവസങ്ങൾക്ക് ശേഷം കോടതിയിലെ ക്ലാർക്ക് തന്റെ നായുമായി ബീച്ചറുടെ വീട് സന്ദർശിക്കുകയും തന്റെ നായയോട് വെറുതെ സ്മെൽ പറയുകയും ചെയ്തു. ആധുനിക ട്രാക്കിങ് കഡാവർ സാങ്കേതികത ഒന്നും അറിയില്ലാത്ത നായ ക്ലാർക്ക് പഠിപ്പിച്ച രീതിയിൽ ജോലി ആരംഭിച്ചു. നായ തന്റെ യജമാനനെ വീടിനു പിറകിലുള്ള തടി ഷെഡിലേക്ക് നയിക്കുകയും അവടെ ചെന്ന് നായ തറ കുഴിക്കുകയും കുരയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അവിടെ കുഴിച്ച് നോക്കിയപ്പോൾ കൊല ചെയ്യപ്പെട്ട എല്ലാ പെൺകുട്ടികളുടെയും ശരീരാവശിഷ്ടങ്ങൾ അവിടെ നിന്ന് കണ്ടെത്തി. ബിച്ചർ കേസാണ് നായ്ക്കളെ കഡാവർ ജോലിക്ക് ഉപയോഗിക്കാൻ പ്രചോദനം കൊടുത്തു കൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ട ആദ്യ കേസ്.

ആദ്യം സൂചിപ്പിച്ചതുപോലെ ഒരു ശവശരീരം ജീർണിക്കുമ്പോൾ 400ൽ കൂടുതൽ രാസസംയുക്തങ്ങൾ ഉണ്ടാകുന്നു. അതിൽ പ്യൂട്രിസ്റ്റിന്റെയും കെഡാവറെനിന്റെയും മണങ്ങൾ വർഷങ്ങളോളം ശവശരീരം മറവ് ചെയ്ത സ്ഥലങ്ങളിൽ തങ്ങി നിൽക്കുന്നു. അത് മണത്തെടുക്കുക എന്നത് നമ്മുടെ രാജമൂക്കന്മാർക്ക് അനായാസം ചെയ്യാൻ പറ്റുന്ന കാര്യമാണ്. ഇവരെ ഹ്യൂമൻ റിമെയ്ൻസ് ഡിറ്റക്ഷൻ നായ്ക്ക(HRD)ളെന്നും അറിയപ്പെടുന്നു.

ലീഷിലും ഓഫ് ലീഷിലും ജോലി ചെയ്യുന്ന ഇവർ ഇവരുടെ ജോലി തുടങ്ങിക്കഴിഞ്ഞാൽ വളരെയധികം ശ്രദ്ധയോടെ മണം പിടിച്ചുകൊണ്ട് ചുറ്റിത്തിരിയുകയും സംശയം തോന്നുന്ന സ്ഥലങ്ങളിൽ കാലുകൊണ്ട് കുഴിച്ച് കൂടുതൽ മണം എടുക്കുകയും ചെയ്യുന്നു. മനുഷ്യാവശിഷ്ടം ഉണ്ടെന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ ട്രാക്കർ നായ്ക്കൾ ചെയ്യുന്നതുപോലെ കുരച്ച് സൂചന തരികയൊ അല്ലെങ്കിൽ ആ സ്ഥലത്ത് ഇരുന്നോ കിടന്നോ സൂചന തരികയൊ ചെയ്യുന്നു. അപ്പോൾ ഒരാളെ കൊന്നിട്ട് കത്തിച്ചു ചാരമാക്കിയാൽ ഒരു കുഞ്ഞും അറിയില്ലെന്ന ധാരണയും അവർ തിരുത്തും. പൊതുവേയുള്ള ധാരണ അനുസരിച്ച് ശരീരം കത്തി ചാരമാകുന്നതോടെ ആ വ്യക്തിയെ സംബന്ധിച്ച എല്ലാ മണങ്ങളും അവസാനിക്കുന്നു എന്ന ധാരണയും അവരുടെ അസാമാന്യ ഘ്രാണശക്തിക്കു മുന്നിൽ അടിയറവു പറയുന്നു. കഡാവർ നായ്ക്കൾ ചാരത്തിൽനിന്നും തെളിവുകൾ നൽകുന്നു.

അങ്ങനാണെങ്കിൽ ശരീരം വെള്ളത്തിനടിയിൽ ഒളിപ്പിച്ചാൽ രക്ഷപെടും, അല്ലേ? ഒരിക്കലും രക്ഷപെടില്ല. വെള്ളത്തിനടിയിൽ ഒളിപ്പിക്കപ്പെടുന്ന ശരീരങ്ങളും കഡാവർ നായ്ക്കൾ വളരെ കൃത്യതയോടെ കണ്ടെടുക്കുന്നു എന്ന് ന്യൂ ജഴ്സി ആസ്ഥാനമായി ഇറങ്ങുന്ന പ്രശസ്ത ഫോറൻസിക് മാഗസിനിൽ വളരെ വലിയ ആർട്ടിക്കിൾ വിശദീകരിക്കുന്നു. അതുപോലെ കഡാവർ നായ്ക്കളെക്കുറിച്ച് CBC - Canadian broadcasting corporation റിപ്പോർട്ട് ചെയ്ത ഒരു വലിയ വാർത്തയുണ്ട്, കാനഡയിലെ ഏലിയട്ട് തടാകത്തിൽ കാണാതായ ഒരാളെ കണ്ടെത്താൻ ഡൈവിങ് ടീം 12 ദിവസം നടത്തിയ കഠിന പരിശ്രമം പരാജയപ്പെട്ടതിനുശേഷം ‘പൈപ്പർ’ എന്ന കഡാവർ നായയുമായി അവർ വീണ്ടും തിരച്ചിൽ നടത്തി. തടാകത്തിന്റെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ ഭയങ്കരമായി കുരച്ചതിനെ തുടർന്ന് ഡൈവർമാർ പൈപ്പർ കുരച്ചതിന് താഴെ ആഴങ്ങളിൽനിന്ന് ശരീരം കണ്ടെടുക്കുകയും ചെയ്തു.

ഈ മേഖലയിൽ നടന്ന എല്ലാ പഠനങ്ങളും കഡാവർ നായ്ക്കൾ എല്ലാ തരം കേസുകളിലും 95% കൃത്യത നൽകുന്നതാണെന്ന് ഇന്നലത്തെ കണ്ടെത്തലും അടിവരയിട്ടു സ്ഥാപിക്കുന്നു.

English summary: Human Remains Detection with Cadaver Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com