ADVERTISEMENT

വളർത്തുനായ്ക്കൾക്ക് ലൈസൻസ്, പേവിഷ പ്രതിരോധ വാക്സിനേഷൻ എന്നിവ നിർബന്ധമാക്കിയുള്ള സർക്കാർ സർക്കുലർ  പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ ദിവസമാണ്. രണ്ടാഴ്ചയ്ക്കകം പഞ്ചായത്ത് തലത്തിൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കണമെന്നും ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ഡയറക്ടർ നൽകിയ സർക്കുലറിലുണ്ട്. എത്ര തന്നെ ബോധവൽകരണം നൽകിയാലും വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ കൃത്യമായി എടുക്കുന്നതിലും വർഷാവർഷം ആവർത്തിക്കുന്നതിലും ലൈസൻസ് എടുക്കുന്നതിലും വലിയ അലംഭാവം ഉടമകൾക്കിടയിലുണ്ട്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റു മരിച്ച ഇരുപതിൽ അഞ്ചു പേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. ഈയൊരു സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെ പ്രതിരോധ വാക്സിനേഷനും ലൈസൻസിങ്ങിനും വലിയ പ്രാധാന്യമുണ്ട്.

നായ്ക്കളുടെ ലൈസൻസ് വാക്സിനേഷൻ ചട്ടങ്ങൾ പുത്തരിയല്ല, പക്ഷേ...

വീട്ടിൽ നായ്ക്കളെ വളർത്താൻ ലൈസൻസ് വേണമെന്ന നിർദേശം കേരളത്തെ സംബന്ധിച്ച് പുതുമയുള്ളതല്ല. വളർത്തുനായ്ക്കളുടെ ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കിയ ചട്ടങ്ങൾ രണ്ടു പതിറ്റാണ്ടുമുന്നേ സംസ്ഥാനത്ത് നിലവിൽ വന്നതാണ്. എന്നാൽ കൃത്യമായി നടപ്പിലാക്കുന്നതിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കാണിച്ച വലിയ ഉദാസീനതയാണ് ചട്ടങ്ങളെ ദുർബലമാക്കിയത്. എന്നാൽ മികച്ച രീതിയിൽ ഇതു നടപ്പിലാക്കിയ പ്രദേശങ്ങളുമുണ്ട്. സംസ്ഥാനത്ത് പേവിഷബാധയും തെരുവുനായശല്യവും വലിയൊരു വെല്ലുവിളിയായി മാറിയ ഈ സാഹചര്യത്തിലെങ്കിലും ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകുന്നത് ആശാവഹമാണ്. 

1998ൽ നിലവിൽ വന്ന പഞ്ചായത്ത് രാജ് ലൈസൻസ് (നായ, പന്നി ) ചട്ടങ്ങൾ (The Kerala Panchayat Raj (Licensing of Pigs and Dogs) Rules-1998 ) പ്രകാരം വീടുകളിൽ നായ്ക്കളെയും പന്നികളെയും വളർത്തുന്നവർ നിർബന്ധമായും അതാത് തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിൽനിന്നും ലൈസൻസ് നേടേണ്ടതുണ്ട്. കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ 437 അനുഛേദം പട്ടികള്‍ക്ക് ലൈസന്‍സ് നല്‍കലിനെ പറ്റി പരാമർശിക്കുന്നു. മുൻസിപ്പാലിറ്റി സെക്രട്ടറിയില്‍ നിന്നു ലഭിച്ച ലൈസന്‍സ് കൂടാതേയും പേപ്പട്ടി വിഷത്തിനെതിരെ തന്റെ പട്ടികളെ കുത്തി വയ്പ്പിക്കാതെയും ഏതെങ്കിലും പട്ടികളെ വളര്‍ത്താന്‍ പാടുള്ളതല്ല എന്ന് ഇതിൽ നിഷ്കർഷിച്ചിട്ടുണ്ട്. നായ, പന്നി എന്നിവ ഒരെണ്ണം മാത്രമാണെങ്കിലും വീടുകളിൽ വളർത്തുന്നതിന് ലൈസൻസ് വേണം. നായ്ക്കൾക്ക് ലൈസൻസ് വേണമെന്ന് നിഷ്കർഷിക്കുമ്പോഴും പൂച്ചകളെ വളർത്താൻ ലൈസൻസ് വേണമെന്ന് നിലവിലുള്ള നിയമങ്ങളിൽ പറയുന്നില്ല.

നായയെയും പന്നിയെയും വളര്‍ത്താൻ തുടങ്ങിയതിന് ഒരുമാസത്തിനകം പഞ്ചായത്ത് ഓഫീസില്‍ ലൈസൻസിനുള്ള അപേക്ഷ നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിനുള്ള പ്രത്യേക അപേക്ഷാപത്രിക പഞ്ചായത്ത് ഓഫീസിൽ നിന്നും കിട്ടും. നായ്ക്കൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നൽകിയതായി വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 

മൃഗങ്ങളുടെ പേവിഷവാക്സിന് പുറത്ത് നല്ല വിലയുണ്ട്. ഈ സാഹചര്യത്തിൽ പേവിഷ വാക്സിനായി സർക്കാർ മൃഗാശുപത്രികൾ വഴിയുള്ള സൗജന്യം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ഒന്നിലധികം നായ്ക്കൾ ഉണ്ടെങ്കിൽ അവയ്ക്ക് ഓരോന്നിനും ലൈസൻസ് ലഭിക്കാൻ പ്രത്യേകം വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം. അപേക്ഷ പൂരിപ്പിച്ച ശേഷം 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച്, വാക്സിനേഷന്‍ വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റിന്‍റെ പകർപ്പ് ചേര്‍ത്ത് പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കണം. പത്തു രൂപയാണ് ലൈസൻസ് ഫീ. 

സ്വന്തം സ്ഥലത്തിന്റെ അതിർത്തിക്കു പുറത്ത് അലഞ്ഞുതിരിയാന്‍ നായയെ വിടില്ലെന്ന ഉറപ്പ് ലൈസൻസ് അപേക്ഷയിൽ  ഉടമസ്ഥൻ നൽകണം. ലൈസൻസ് ഒരോ സാമ്പത്തികവർഷവും പുതുക്കുകയും വേണം. ലൈസൻസ് പുതുക്കുന്നതിന് മുൻപേ നായ്ക്കൾക്ക് വീണ്ടും പേവിഷ വാക്സീൻ നൽകണം. ലൈസൻസ് ഇല്ലാതെ നായയെ വളർത്തുകയോ, ലൈസൻസുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ആദ്യ ഘട്ടത്തിൽ 250 രൂപ പിഴയും, കുറ്റം ആവര്‍ത്തിക്കുന്ന തുടര്‍ന്നുള്ള ഓരോ ദിവസവും 50 രൂപ പിഴയുമാണ് ശിക്ഷ.  ചുരുക്കം ചില  നഗരസഭകളും കോർപ്പറേഷനുകളും തങ്ങളുടെ അധികാരം ഉപയോഗിച്ച് അരുമകളുടെ ലൈസൻസ് ഫീ കുത്തനെ വർധിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണന്ന് മാത്രമല്ല അരുമഉടമകളെ ലൈസൻസ് എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും കാരണമാവും. ഒരേ തദ്ദേശ സ്വയംഭരണ വകുപ്പിനും ഒരേ ലൈസൻസ് ചട്ടത്തിനും കീഴിൽ പലതരം ഫീ വ്യവസ്ഥകൾ തീർത്തും അനുചിതമാണ്.

pet-dog
ഉടമ തെരുവിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് വാഹനം ഇടിച്ചു ചത്ത സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ

തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുത്തിട്ടെന്തുകാര്യം എന്ന് ചോദിക്കുന്നവരോട് 

പ്രായമാവുകയോ രോഗങ്ങൾ പിടിപെടുകയോ ചെയ്യുന്ന വളർത്തുനായ്ക്കളെയും പൂച്ചകളെയുമെല്ലാം തെരുവിൽ തള്ളുന്ന പ്രവണത കൂടിവരുന്ന കാലമാണിത്. ഒരു പട്ടിക്കുഞ്ഞിനെയോ പൂച്ചക്കുഞ്ഞിനെയോ വാങ്ങുമ്പോൾ കളിപ്പാട്ടം വാങ്ങുന്ന ലാഘവവും കൗതുകവുമാണ് പലർക്കും ഇന്നുള്ളത്. കൗതുകം തീരുന്നതോടെ അവയെ പരിപാലിക്കാനും പരിചരിക്കാനുമുള്ള താൽപര്യവും ഇല്ലാതാകുന്നു. ജനുസ്സ്, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധ ശേഷി, ഭക്ഷണം, വാക്സിനേഷൻ, ചികിത്സ ഉൾപ്പെടെയുള്ള ശ്വാനപരിപാലന ചെലവ് തുടങ്ങിയ കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ അരുമകളെ വാങ്ങുന്നവരാണെങ്കിൽ ഒടുവിൽ പരിപാലനത്തിനുള്ള അധ്വാനവും ചെലവും താങ്ങാൻ കഴിയാതെ വരുന്നതോടെ ഉപേക്ഷിക്കാനുള്ള പ്രവണത കൂടും. 

കുട്ടികളുടെ താത്പര്യത്തിനും നിർബന്ധത്തിനും വഴങ്ങി അരുമകളെ വാങ്ങുന്നവർ കുട്ടികൾ പഠനത്തിരക്കിലേക്ക് പോകുമ്പോൾ അരുമകളെ ഉപേക്ഷിക്കുന്നു. കോവിഡ് ലോക്‌ഡൗൺ കാലത്ത് ഒറ്റപ്പെടലിന്റെ വിരസതയകറ്റാൻ അരുമകളെ വാങ്ങിയവരും ഏറെയുണ്ട്. എന്നാൽ ലോക്‌ഡൗൺ മാറി ജോലിയും മറ്റ് തിരക്കുകളുമാവുമ്പോൾ അരുമകൾക്കു വേണ്ടി ചെലവിടാനുള്ള സമയവും സന്ദർഭവും കുറയും. അടച്ചിടലിന്റെയും ഒറ്റപ്പെടലിന്റെയും കാലത്ത് കൂട്ടായിരുന്ന മിണ്ടാപ്രാണികൾ അതോടെ പലർക്കും അലോസരമായി അനുഭവപ്പെട്ട് തുടങ്ങും. ഒടുവിൽ  അരുമയെ തെരുവിൽ തള്ളാനുള്ള തീരുമാനത്തിൽ അവരെത്തും. ഇങ്ങനെ പലവിധ കാരണങ്ങളാൽ അരുമകളെ തെരുവിൽ തള്ളാനുള്ള പ്രവണത കൂടിവരുന്ന ഈ കാലത്ത് അരുമകളെ വാങ്ങുന്നവരെയും വളർത്തുന്നവരെയും അവരുടെ കടമകൾ ഓർമിപ്പിക്കുവാനും കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനും കർശനമായ രീതിയിൽ വളർത്തുമൃഗലൈസൻസ് നടപ്പിലാക്കുന്നത് സഹായിക്കും. 

വീടുകളിൽനിന്ന് പുറന്തള്ളുന്ന നായ്ക്കളാണ് ക്രമേണ തെരുവുനായ്ക്കളായി മാറുന്നതും പെറ്റുപെരുകുന്നതും.

ഇന്ത്യയിൽ  പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് നഗരമേഖലകളിൽ വളരെ ഫലപ്രദമായ രീതിയിൽ അരുമകളുടെ ലൈസൻസിങ് ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഉദാഹരണത്തിന് ഹരിയാനയിൽ 2005ൽ നിലവിൽ വന്ന മുനിസിപ്പാലിറ്റി ചട്ടങ്ങൾ  പ്രകാരം ഒരു നായയെ വളർത്തുന്നതിന് ലൈസൻസ് നേടാൻ 500 രൂപയാണ് ഫീ, ഓരോ സാമ്പത്തികവർഷവും ലൈസൻസ് പുതുക്കാൻ 250 രൂപയും നൽകണം.

മൃഗപരിപാലനം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല അരുമകൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലൈസൻസിങ്ങ് സമ്പ്രദായം തുണയാവും.  വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സാമൂഹികമായും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾക്ക് നിയമപരിരക്ഷ നൽകാനും നിയമപരമായ രീതിയിൽ പരിഹാരം കണ്ടെത്താനും ലൈസൻസിംഗ് സഹായിക്കും. പേവിഷബാധനിയന്ത്രണം, അരുമ മൃഗങ്ങളുടെ പ്രജനന നിയന്ത്രണവുമായി (അനിമൽ ബർത്ത് കൺട്രോൾ) ബന്ധപ്പെട്ട വന്ധീകരണപദ്ധതികൾ തുടങ്ങിയവ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായുള്ള ചുവടുവെപ്പുകൂടിയാണ് ലൈസൻസിങ്ങ്.

 ലൈസൻസ് നൽകുന്നതിന്റെ അടുത്ത പടിയായി അരുമകളുടെ ഉടമകളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന മൈക്രോചിപ്പിങ് അടക്കമുള്ള നൂതന രീതികളും നടപ്പിൽ വരുത്തുന്നത് തദ്ദേശസ്ഥാപനങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ലൈസൻസ് ചട്ടങ്ങൾ കർശനമാക്കുന്ന അതേ മാതൃകയിൽ പെറ്റ് ബ്രീഡിങുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളും നടപ്പിലാക്കാനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുണ്ടാവേണ്ടതുണ്ട്.

അരുമനായ്ക്കൾക്ക് പേവിഷപ്രതിരോധ വാക്സിനേഷൻ: ക്രമമെങ്ങനെ

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം  (12  ആഴ്ച / 90-100 ദിവസം) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്കു ശേഷം ( 16 ആഴ്ച) ഒരു ബൂസ്റ്റര്‍ കുത്തിവെയ്പ്പ് കൂടി നല്‍കുന്നത് അഭികാമ്യമാണ്. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. വാക്സീൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ അരുമകൾക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ് ആന്തര പരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടുപോകരുത്. വാക്സീൻ എടുത്തതിനു ശേഷം വെറ്ററിനറി ഡോക്ടർ നൽകുന്ന  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി സൂക്ഷിക്കണം. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും.

വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോടു ചേർന്നും വ്യാപാരകേന്ദ്രങ്ങളോട് ചേർന്നും വാഹന സ്റ്റാന്റുകളോടെ ചേർന്നുമെല്ലാം ഒരുപാട് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽ പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധ വാക്സീൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

English summary: Importance of Vaccinations for Pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com