ADVERTISEMENT

ഇടിവണ്ടി കുറച്ച് മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ ഡോർ തുറന്ന് നോക്കിയപ്പോൾ അവളെ കണ്ടില്ല. പെട്ടന്നൊരു കുര കേട്ട് ഞാൻ മുകളിലേക്കു നോക്കിയപ്പോൾ റോഡിന് മുകളിലെ തേയിലക്കാടുകളിൽ കൂടി എന്നെയും നോക്കിക്കൊണ്ട് അവൾ വണ്ടിക്കൊപ്പം ഭ്രാന്തമായി ഓടുന്നു. അവൾ ഓടാതിരിക്കാൻ പോക്കറ്റിൽ കിടന്ന ബിസ്ക്കറ്റ് കഷ്ണം എറിഞ്ഞു കൊടുത്തു. കണ്ണുകളിൽ നിറഞ്ഞ കണ്ണീർ ആരും കാണാതെ തുടച്ചുകൊണ്ട് ഞാനവളെ നോക്കി. മലമുകളിൽനിന്നു വന്ന കോടമഞ്ഞ് ഞങ്ങളുടെ ഇടയിലേക്കു പതഞ്ഞു കയറി. അവളുടെ കുരയുടെ ശബ്ദം നേർത്തു വന്നു. കയ്യിലിരുന്ന ബിസ്ക്കറ്റ് പൊടി മഞ്ഞിൽ കുതിർന്ന് എന്റെ കൈകളിൽ ഒട്ടിയിരുന്നു. എന്റെ നെഞ്ചിനു ഭാരം കൂടി ശ്വാസം മുട്ടുന്നതായി എനിക്ക് തോന്നി. പെട്ടിമുട്ടിയും കുവിയും മഞ്ഞിനുള്ളിൽ ആണ്ടു മറഞ്ഞു പോയി. പക്ഷേ എന്റെ മനസ്സിൽ അതെല്ലാം കറ പോലെ പോകാതെ പറ്റിപ്പിടിച്ചിരുന്നു.

വണ്ടിയിൽ എല്ലാവരും തിരിച്ചു പോകുന്ന സന്തോഷത്തിൽ തമാശകൾ പറയുന്നതും പരസ്പരം കളിയാക്കുന്നതും അവ്യക്തമായി എന്റെ കാതിൽ തട്ടി പൊയ്ക്കൊണ്ടിരുന്നു. എന്റെ മനസ്സിപ്പോഴും അവിടുന്ന് അടർന്ന് വന്നിട്ടില്ല. മഴ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഞങ്ങളുടെ ഇടിവണ്ടി കുലുങ്ങി പൊയ്ക്കൊണ്ടിരുന്നു. വണ്ടിക്കുള്ളിലെ തമാശകൾ നിന്നു പലരും പതിയെ ഉറക്കത്തിലേക്ക് വീണു. ശരീരത്തിന് നല്ല ക്ഷീണമുണ്ടെങ്കിലും ഓർമ്മകളെന്നെ ഉറങ്ങാൻ സമതിക്കുന്നില്ല. വണ്ടി കുലുങ്ങി കുലുങ്ങി ഇരവികുളം നാഷണൽ പാർക്കിന്റെ ഗേറ്റിലെത്തി. കോട്ടിൽ പൊതിഞ്ഞ് നിന്നിരുന്ന തമിഴൻ വാച്ചർ ഓടി വന്നു ഒരു നീണ്ട സല്യൂട്ട് നൽകി യാത്രയാക്കി. അത്ര നേരം കുലുങ്ങി സഞ്ചരിച്ച ബസ് നല്ല റോഡ് കണ്ടയാവേശത്തിൽ മൂളിക്കൊണ്ട് യാത്ര വേഗത്തിലാക്കി. കണ്ണിൽ കുത്തിയാലും കാണാൻ പറ്റാത്ത കോടമഞ്ഞ് മൂടിയ റോഡിലൂടെ ഞങ്ങളുടെ ഡ്രൈവർ വണ്ടി വളരെ ശ്രദ്ധയോടെ ഓടിച്ചു കൊണ്ടിരുന്നു. തിങ്ങി നിന്ന മഞ്ഞിൽ മൂന്നാർ ടൗണിൽ വണ്ടി നിർത്തി. ഡ്രൈവർ തലതിരിച്ച് ചോദിച്ചു

"ഒരു ചായ കുടിച്ചാലോ "

ശരിയെന്ന് പറഞ്ഞു എല്ലാവരും ഇറങ്ങി. ഇട്ടിരിക്കുന്ന സ്വെറ്ററിന് തടുക്കാൻ പറ്റാത്ത രീതിൽ തണുപ്പ് വർധിച്ചിരിക്കുന്നു. എല്ലാവരും കക്ഷത്തിനുള്ളിൽ കൈകൾ ഇറുക്കി കെട്ടി ചായ സമോവറിന്റെ ചുറ്റിലും കൂടി നിന്നു. തമിഴൻ കടക്കാരൻ പതയുടെ മുകളിൽ തേയിലക്കറ ഇറ്റിച്ച് വീഴ്തി, കാണാൻ നല്ല ഭംഗിയുള്ള ഒരു ചായ നീട്ടി. വാങ്ങി ചുണ്ടോടടുപ്പിച്ചു ഭംഗി മാത്രമല്ല രുചിയും മണവുമുണ്ടായിരുന്നു. ചായയും വാങ്ങി ഞാൻ ഒറ്റയ്ക്കു മാറി നിന്നു. ഇഷ്ടപ്പെട്ടതൊക്കെ കഷ്ടപ്പെട്ട് നേടാൻ ശ്രമിക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അവളെ സ്വന്തമാക്കാനുള്ള പല വഴികളും മനസ്സിലാലോചിച്ചുകൊണ്ടിരുന്നു. എല്ലാവരും ചായ കുടി കഴിഞ്ഞ് വണ്ടിയിൽ കയറി. കഴിക്കാനിറങ്ങിയാൽ മറക്കാതെ സ്റ്റെഫിക്ക് ഒരു പങ്കുമായെ ഞാൻ തിരിച്ച് വണ്ടിയിൽ കയറാറുള്ളു. ആലോചനകളിൽ അതൊക്കെ മറന്ന് ഞാൻ തിരിച്ച് വണ്ടിയിൽ കയറി. പരിഭവത്തിന്റെ ചുവയുള്ള ഒരു കനത്ത കുര കേട്ടു ഞാൻ നോക്കിയപ്പോൾ സ്റ്റെഫി എന്റെ രണ്ട് കൈളിലേക്കും മാറി മാറി നോക്കി കുരക്കുകയാണ്. ഞാൻ അവളോട് പറഞ്ഞു

"മറന്ന് പോയതാടാ ഇപ്പോൾ വാങ്ങി കൊണ്ട് വരാം "

ഇപ്പോൾ വരാന്ന് ഡ്രൈവറോടു പറഞ്ഞ് ഓടിപ്പോയി നേരത്തെ ചായ കുടിച്ച കടയിൽനിന്ന് മൂന്ന് വെട്ട് കേക്ക് വാങ്ങിക്കൊണ്ടു വന്നു തിരികെ വണ്ടിയിൽ കയറി. കൈയ്യിൽ പൊതി കണ്ടപ്പോൾ സ്റ്റെഫി തുള്ളിച്ചാട്ടം തുടങ്ങി. എല്ലാവർക്കും കൂടി കേക്ക് വീതിച്ചു കൊടുത്തു. ആദ്യം തിന്ന സ്റ്റെഫി വീണ്ടും എന്റെ കൈയ്യിലേക്ക് നോക്കി നിന്നു. 

"തീർന്നു ഇനി സ്ക്വാഡിൽ ചെന്നിട്ട് തരാം" എന്ന് അവളോട് ഞാൻ പറഞ്ഞു. ഒന്നു മുറുമുറുത്തിട്ട് വീണ്ടും സ്റ്റെഫി കിടന്നു. ഞാൻ അവളുടെ അരികിലുള്ള സീറ്റിലിരുന്ന് ഇടത്തെ കൈ കൊണ്ട് സ്റ്റെഫിയുടെ തലയിൽ തടവി കൊണ്ടിരുന്നു. കുവിയുടെ ഓർമകൾക്കു മേൽ ഉറക്കം വന്നു മൂടി. ബോധംകെട്ടു ഞാനുറങ്ങി പോയി. കുരകൾ കേട്ടു കണ്ണു തുറന്നപ്പോൾ വണ്ടി ഓഫീസിനു മുന്നിലെത്തിയിരിക്കുന്നു. എല്ലാവരും നല്ല ക്ഷീണിതരായിരുന്നു. കൊണ്ടുപോയ സാധനങ്ങളെല്ലാം ചെളിയിൽ പൊതിഞ്ഞിരുന്നു. അവശതയോടെ എല്ലാവരും അതെല്ലാം ചുമന്ന് വെളിയിൽ വച്ചു. നായ്ക്കളെയെല്ലാം തുടച്ച് അതാത് കെന്നലിൽ കയറ്റി. സമയം ഒന്നേമുക്കാലായി എല്ലാവരും അവരവരുടെ കട്ടിലുകളിൽ ചെന്നു വീഴുകയായിരുന്നു.

രാവിലെ എഴുന്നേറ്റ് സ്ഥിരം ചായ കുടിക്കാൻ പോകാറുള്ള സലീമിക്കാന്റെ ചായക്കടയിൽ പോയിരുന്നു. എന്റെ ചായശീലമറിയാവുന്ന സലീമിക്ക ചൂടുള്ള ഇത്തിരി കടുപ്പമുള്ള ലേശം മധുരം കൂടുതലുള്ള അരക്കപ്പ് ചായ കൊണ്ട് മേശയിലടിച്ച് വച്ചു. സലീമിക്ക എന്തൊക്കെയൊ ചോദിക്കുന്നുണ്ട്‌. ഞാനതിനൊക്കെ മൂളലിൽ കൂടിയായിരുന്നു മറുപടി പറഞ്ഞത്. അപ്പോൾ സലീമിക്കയുടെ മകനായ മുബീനങ്ങോട്ട് കയറി വന്നു. ഇടുക്കിയിലെ ഒരു പ്രാദേശിക വാർത്താവിതരണ ഏജൻസിയാണവൻ. അവൻ ചോദിച്ചു

"എന്ത് പറ്റി ഒരു മ്ലാനത? ചായയെടുത്ത് കുടിക്ക് ആറിപോകും"

പകുതിയാറിയ ചായ കുടിക്കുന്നതിനിടയിൽ കാര്യങ്ങളെല്ലാം പറഞ്ഞു. തിരികെ ഓഫീസിൽ കയറി വെറുതെ മൊബൈൽ പരതുന്നതിനിടെ ഫേസ്ബുക്കിൽ മുബീന്റെ പോസ്റ്റ് കിടക്കുന്നു.

"കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഡോഗ് സ്ക്വാഡ് ട്രൈയിനർ" എന്ന ഹെഡിങ്ങിൽ. അന്ന് ഉച്ചയായപ്പോൾ മുതൽ പത്രങ്ങളിൽനിന്ന് ഫോൺ വിളികൾ വന്നു. പല ചോദ്യങ്ങൾ, മറുപടികൾ അങ്ങനെ അടുത്ത ദിവസത്തെ പത്രങ്ങളിൽ വാർത്ത വന്നു. കുവിയെ ഏറ്റെടുക്കുന്ന കാര്യത്തിൽ പിന്നീടങ്ങോട്ട് ആവിശ്യമുള്ളതുമല്ലാത്തതുമായ നൂലാമാലകളായി  അതോടൊപ്പം അവളെ വീണ്ടും കാണണമെന്ന ആഗ്രഹവും കൂടി വന്നു. എങ്ങിനെയെന്ന് പല വഴികൾ ആലോചിച്ചപ്പോഴാണ് അഡ്വഞ്ചർ ക്ലബിലെ സാനു എന്റെ മൊബൈൽ പിടിച്ച് വാങ്ങിച്ച് ‘എന്നെങ്കിലും ആവിശ്യം വരുമ്പോൾ വിളിക്ക് സാറെ’ന്നും പറഞ്ഞ് അതിൽ നമ്പർ സേവ് ചെയ്ത് തന്നത് ഞാനോർത്തു. പെട്ടെന്ന് മൊബൈൽ എടുത്ത് സാനുവിനെ വിളിച്ചു, സാനു റെയിഞ്ചില്ലാത്ത സ്ഥലത്തായിരുന്നതിനാൽ ഒന്നും വ്യക്തമായിരുന്നില്ല. കുറെ പ്രാവിശ്യം വിളിച്ചിട്ടും ഇത് തന്നെയായിരുന്നു സ്ഥിതി. വേറെ വഴികൾ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ സാനുവിന്റെ വിളി വന്നു.

"എന്താണ് സാറെ വിളിച്ചത്? റെയിഞ്ചില്ലാത്തത് കൊണ്ട് ഒന്നും കേൾക്കുന്നില്ലായിരുന്നു. ഇപ്പോൾ ഞാൻ മൂന്നാറെത്തി അതാ റെയിഞ്ച് വന്നത്. സാറെന്തിനാ വിളിച്ചത്"

ഞാൻ മറുപടി പറയുകയായിരുന്നില്ല ചോദിക്കുകയായിരുന്നു.

സാനു കുവി സുഖമായിരിക്കുന്നൊ? അവളെ കണ്ടായിരുന്നോ?....

ചോദിച്ചപ്പോൾ എന്റെ തൊണ്ട വരളുന്നത് പോലെ

അവിടെ അമ്പലത്തിണ്ണയിൽ കിടക്കുന്നത് കണ്ടു സാർ.......

സാറുണ്ടായിരുന്നപ്പോൾ ഉള്ള തുള്ളിക്കളി ഒന്നുമില്ല. ഒരു വിഷമം പോലെയാണ് ആള്......

ചെറിയ തമിഴ് ചുവയിൽ സാനു പറഞ്ഞതിന് മറുപടിയായി ഞാൻ ചോദിച്ചു,

"സാനു ഞാൻ തീർച്ചയായും അവളെ കൊണ്ടുപോകാൻ വരും. നാളെ സാനു പോകുമ്പോൾ അവൾക്കൊരു ബിസ്ക്കറ്റ് വാങ്ങി കൊണ്ട് പോകാമോ, ഞാൻ പൈസ അയച്ച് തരാം. എനിക്ക് അവളുടെ ഒരു വീഡിയോ അയച്ച് തരാമോ "

സാർ പൈസയൊന്നും വേണ്ട ഞാൻ വാങ്ങി കൊടുത്തോളാം......

വീഡിയോ അയച്ച് തരാം......

സാറ് വിഷമിക്കണ്ട ഞാൻ നോക്കി കൊള്ളാം.....

എന്ന് സാനു പറഞ്ഞു.

അടുത്ത ദിവസം രാവിലെ തന്നെ ഫോൺ തുറന്ന് നോക്കിയപ്പോൾ സാനുവിന്റെ  വാട്സാപ് മെസേജ് കിടക്കുന്നു. തുറന്ന് നോക്കിയപ്പോൾ സാനു കുവിയേയും ചേർത്തുപിടിച്ച് കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ കൂടെ ഒരു മെസേജും

''സാറ് വിഷമിക്കണ്ട വരുന്നത് വരെ കുവിയെ ഞാൻ നോക്കിക്കൊള്ളാം"

വലിയൊരാശ്വാസമായിരുന്നു ആ വാക്കുകൾ. 

തുടരും

കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം അഞ്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം ആറ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം ഏഴ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Lifestory of Pettimudi Dog Kuvi- Part 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT